Friday, December 07, 2007

കളിയരങ്ങൊഴിഞ്ഞപ്പോള്‍

കവിളില്‍ കണ്ണീരില്‍ കുതിരാത്ത മിനുക്കും
കണ്ണിലൊരശ്രുകണത്തിന്‍ തിളക്കവുമായ്
കളിയരങ്ങൊഴിഞ്ഞൊരാ നേരം പ്രഭാതം
അരികെ കല്‍പ്പടവിലിരിപ്പൂ ദമയന്തി.

വിറകൊള്ളുമാക്കണ്ഠം, ആടിക്കഴിഞ്ഞൊരാ
സുദിനങ്ങളിനിയും വരുമെന്നയാശ.
നടനത്തിനന്ത്യം വിയോഗം നടുക്കമായ്
വിങ്ങലായിനിയും കരളിലൊതുങ്ങുന്നു.
മതിമറന്നാടിയ ക്ഷീണവും നിദ്രയും
കളിത്തട്ടിലെങ്ങും പുണര്‍ന്നു കിടക്കുന്നു.
കല്ലിന്‍ പ്രതിമപോല്‍ നിശ്ചലയായവള്‍
ദമയന്തി, ഇനിയുമിരിപ്പു തുടരുന്നു.

അകലെയാത്തൊടിയില്‍ ധൂമവലയങ്ങള്‍
ഇനിയും ധരിത്രിയെപ്പിരിയുവാനാവാതെ
ഉയര്‍ന്നും, പിന്നെ താഴ്‌ന്നു-
മവളുടെയംഗങ്ങളെപ്പൊതിഞ്ഞു നില്‍ക്കുന്നുവോ?

ചിതലിട്ട വാക്കുകള്‍ സാന്ദ്രമാം മൌനത്തിന്‍
വല്‍മീകം പൂകി തപസ്സു തുടരുന്നു.
ഇനിയുമരങ്ങത്ത് ദീപങ്ങള്‍ തെളിയും,
പകല്‍ വന്നറുതി വരുത്തിയ ചരിതവും
മേളങ്ങളുമിഴ ചേര്‍ന്നൊരു താളത്തിന്‍
പുതിയ ഭാവം കേളികൊട്ടും.

ഇരുളു പോയേരം ചിതിയില്‍ ചെക്കേറിയ
മിന്നാമ്മിനുങ്ങുമായ്, ഇരിപ്പൂ ദമയന്തി.
കണ്ണിലൊരശ്രുബിന്ദുതന്‍ തിളക്കവുമായ്
അരങ്ങിന്നരികത്തിരിപ്പൂ ദമയന്തി.

2 comments:

t.k. formerly known as thomman said...

ഞാന്‍ ഇതുവരെ കഥകളി കണ്ടിട്ടില്ല. എന്നാലും ആ കലാരൂപവുമായി ബന്ധപ്പെട്ട ചില പ്രതീകങ്ങള്‍ ഉപയോഗിച്ച് ഒരു ജീവിതാവസ്ഥയെ ചിത്രീകരിക്കാന്‍ ഞാന്‍ നടത്തിയ ഒരു എളിയ പരിശ്രമം.

1986-89 കാലത്തെന്നോ എഴുതിയത്. മാസികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടാകും. പക്ഷേ, ആരും പ്രസിദ്ധീകരിച്ചതായി ഓര്‍ക്കുന്നില്ല. blogspot കീ ജെയ്!

ഫസല്‍ ബിനാലി.. said...

nannaayirikkunnallo

munpu pathramaasikakal prasiddeekarikkathirunnath avarude nashtam