എല്ലാ ഇനം മുന്തിരികള്‍കൊണ്ട് വീഞ്ഞുണ്ടാക്കാന്‍ പറ്റില്ല. വീഞ്ഞുണ്ടാക്കാന്‍ പറ്റിയ മുന്തിരി ഇനങ്ങള്‍ തന്നെ ഉണ്ട്. പഴമായി കഴിക്കുന്ന മുന്തിരി ഇനങ്ങളെ ടേബിള്‍ ഗ്രേപ്പ് എന്നാണ് പറയുക. കൂടുതല്‍ വലിപ്പമുള്ളവയും മാംസമുള്ളവയുമായിരിക്കും അവ. ചിലത് കുരു ഇല്ലാത്തതുമാകും. പഴമായി കഴിക്കുന്ന അമേരിക്കയിലെ ഒരു പ്രധാന ഇനം മുന്തിരി തോംസണ്‍ ഗ്രേപ്പ് ആണ്. വീഞ്ഞുണ്ടാക്കുന്ന മുന്തിരി ഇനങ്ങള്‍ (ഞാന്‍ കണ്ടിട്ടുള്ളവയില്‍) വലിപ്പം കുറഞ്ഞതായിട്ടാണ് കണ്ടിട്ടുള്ളത്; അവയില്‍ കുരുവും കാണും.
നേരത്തേ പറഞ്ഞതുപോലെ, വൈറ്റ്-റെഡ് വൈനുകളുടെ ഉപവിഭാഗങ്ങള്‍ മിക്കവാറും അവ ഉണ്ടാക്കുന്ന മുന്തിരി ഇനത്തെ, വെറൈയറ്റലിനെ(varietel), സൂചിപ്പിക്കുന്നതായിരിക്കും. താഴെ കൊടുക്കുന്നവയാണ് അമേരിക്കയില്‍ സാധാരണയായി കാണുന്ന മുന്തിരി വെറൈയറ്റലുകള്‍:
റെഡ് - കാബര്‍നേ സോവിന്‍യോണ്‍ (Cabernet Sauvignon),മെര്‍ലോ(Merlot),സിന്‍ഫാന്‍ഡല്‍(Zinfandel),പീനോ ന്വാര്‍(Pinot Noir),ഷിറാസ്/സിറാ/സിറാ(Shiraz/Sirah/Syrah)
വൈറ്റ് - ഷാര്‍ഡണെ(Chardonnay), സോവിന്‍യോണ്‍ ബ്ലോങ്ക്(Sauvignon Blanc), റീസ്‌ലിംഗ്(Riesling), ഗുവര്‍ട്ട്‌സ്ട്രാമിനര്‍(Gewurztraminer).
റോസ് - വൈറ്റ് സിന്‍ഫാന്‍ഡല്‍(White Zinfandel)
ഡിസേര്‍ട്ട് - മസ്‌കാറ്റ്/മസ്‌കാറ്റോ(Muscat/Muscato)
കാബര്‍നേ സോവിന്‍യോണ്‍ - ഇതാണ് റെഡ് വൈനുകളുടെ രാജാവ്. ഇത്തരം മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയ വൈന്‍ നല്ല ‘കട്ടി’യുള്ളതും ചവര്‍പ്പ് കൂടിയതുമാണ്. തണുപ്പിക്കാതെയാണ് ഇത് സാധാരണ കുടിക്കുക. കൂടെ കഴിക്കുവാന്‍ റോസ്റ്റോ ഗ്രില്ലോ ചെയ്ത റെഡ് മീറ്റ് വിഭവങ്ങള്‍ ഇതിനൊപ്പം നന്നായി ചേരും. എന്നാല്‍ അധികം ഉപ്പും മസാലയുമുള്ളവ ഭക്ഷണങ്ങള്‍ ചേരുകയുമില്ല. സാല്‍മണ്‍ അധികം മസാല ചേര്‍ക്കാതെ ബാര്‍ബിക്യൂ ചെയ്തത് എനിക്ക് ഇതിന്റെ കൂടെ കഴിക്കുന്നത് ഇഷ്ടമാണ്.
മെര്‍ലോ - വളരെയധികം വിളവ് ഉണ്ടാകുന്ന ഒരു മുന്തിരി ഇനമായതുകൊണ്ട് ഇതില്‍ നിന്നുണ്ടാക്കുന്ന വൈനുകള്‍ പൊതുവേ വിലക്കുറവാണ്. (Sideways-എന്ന പ്രസിദ്ധമായ തെക്കന്‍ കാലിഫോര്‍ണിയ വൈന്‍ സിനിമയില്‍ ഇതിനെ താറടിക്കുകയും, പീനോ ന്വാറിനെ പൊക്കുകയും ചെയ്യുന്നത് ഓര്‍ക്കുക.) ഗ്രില്ല്/ബ്രോയില്‍/ബേക്ക് ചെയ്ത മത്സ്യം, കോഴി എന്നിവയുടെ കൂടെ ഇത് നന്നായി ചേരും. ഇതും കട്ടന്‍ ചായയും ഒരേ അളവില്‍ ചേര്‍ത്ത്, പാകത്തിന് മധുരവുമിട്ട കോക്ക്ടെയില്‍ എനിക്ക് ഭഷണത്തിനു ശേഷം കുടിക്കാന്‍ വളരെ ഇഷ്ടമുള്ള ഒരു ഡ്രിങ്കാണ്.
സിന്‍ഫാന്‍ഡല്‍ - ഇത് ഏകദേശം മെര്‍ലോ പോലെ തന്നെയാണ്. കാലിഫോര്‍ണിയയില്‍ മാത്രം പ്രധാനമായി കൃഷി ചെയ്യുന്ന ഒരു മുന്തിരി ഇനം എന്ന പ്രത്യേകത ഇതിനുണ്ട്.
പീനോ ന്വാര്‍ - കനം കുറഞ്ഞതും പൊതുവേ വില കൂടിയതുമായ വൈനുകളാണ് ഈ ഇനതില്‍ നിന്ന് ഉണ്ടാക്കുന്നത്. വില കൂടുവാനുള്ള പ്രധാനകാരണം ഈ മുന്തിരി കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടാണ്. ചില ഏഷ്യന്‍ ഭക്ഷണങ്ങളുടെ കൂടെ ഇത് യോജിച്ചുപോകും. പൊതുവേ, ഗ്രില്ല് ചെയ്ത പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസങ്ങള്‍ എന്നിവയുടെ കൂടെയാണ് ഇത് കുടിക്കാന്‍ നല്ലത്.
ഷിറാസ്/സിറാ - ഗുണങ്ങളില്‍ ഇത് കാബര്‍നേ സോവിന്‍യോണ്‍ പോലെയാണ്. പൊതുവേ ഓസ്ട്രേലിയയില്‍ നിന്ന് വരുന്ന ഷിറാസ് വൈനുകളാണ് എനിക്കിഷ്ടം; അവയ്ക്ക് നേരിയ മധുരവും കാണും.
ഷാര്‍ഡണെ - ഏറ്റവും പ്രധാനപ്പെട്ട വൈറ്റ് വൈന്‍ വെറൈയറ്റല്‍. പൊതുവേ മധുരമില്ലാത്ത(dry) ഈ വൈന്‍, പോര്‍ക്ക്,പോള്‍ട്രി എന്നിവയുടെ കൂടെ നല്ലതാണ്. ബട്ടറോ ക്രീമോ ചേര്‍ത്ത് ഉണ്ടാക്കിയ ഭക്ഷണസാധനങ്ങളും യോജിക്കും. ഇന്ത്യന്‍ ഭക്ഷണങ്ങള്‍, അധികം ഉപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ ഇതിന്റെയൊപ്പം ഒട്ടും ചേരില്ല.
സോവിന്‍യോണ്‍ ബ്ലോങ്ക് - ഷാര്‍ഡണെ പോലെ തന്നെ. പക്ഷേ,കുറച്ചുകൂടി അമ്ലാംശം കൂടുതല്‍ ഇത്തരം വൈനുകളില്‍ ഉള്ളതായി തോന്നിയിട്ടുണ്ട്.
റീസ്‌ലിംഗ് - കനം കുറഞ്ഞ, നേരിയ മധുരമുള്ള ഈയിനം വൈനുകള്‍ ഇന്ത്യന്‍ ഭക്ഷണത്തിന്റെ കൂടെ യോജിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. (എരിവുള്ളവ മാത്രം; പൊതുവേ പുളിയുള്ള ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വൈനുകള്‍ക്കൊപ്പം യോജിക്കില്ല.) ഗ്രില്ല് ചെയ്ത മീന്‍, ചിക്കന്‍ കബാബ്, ബാര്‍ബിക്യൂ ചെയ്ത പച്ചക്കറികള്‍ തുടങ്ങിയവ ഇത്തരം വൈനുകള്‍ക്കൊപ്പം കഴിക്കാം. നല്ലവണ്ണം തണുപ്പിച്ച് വെറുതെ കുടിക്കാനും ഇത് നല്ലതാണ്.
ഗുവര്‍ട്ട്‌സ്ട്രാമിനര്‍ - നല്ല മണവും മധുരവുമുള്ള ഈയിനത്തില്‍ പെട്ട വൈന്‍ ഇന്ത്യന്‍ അടക്കമുള്ള ഏഷ്യന്‍ ഭക്ഷണങ്ങളുടെ കൂടെ യോജിച്ചുപോകുന്നതാണ്.
മസ്‌കാറ്റ്/മസ്‌കാറ്റോ - ഗുവര്‍ട്ട്‌സ്ട്രാമിനര്‍ പോലെയാണ് ഈ വൈന്‍ വെറൈയറ്റലും; കുറച്ചുകൂടി നല്ല സുഗന്ധം ഇതിന് ഉണ്ടെന്ന് തോന്നുന്നു. പക്ഷേ, അതിമധുരമുള്ള ഡിസേര്‍ട്ട് വൈന്‍ ആയിട്ടാണ് ഇത് അധികവും ഞാന്‍ ഇവിടെ മാര്‍ക്കറ്റില്‍ കണ്ടിട്ടുള്ളത്.
വൈറ്റ് സിന്‍ഫാന്‍ഡല്‍ - ഇത് യഥാര്‍ഥത്തില്‍ ഒരു മുന്തിരി വെറൈയറ്റല്‍ അല്ല. സിന്‍ഫാന്‍ഡല്‍ മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന റോസ് വൈനിനെ ആണ് ഈ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സിന്‍ഫാന്‍ഡലിന്റെ ചുവപ്പ് നിറം അധികം വരാതെ നോക്കി ഉണ്ടാക്കുന്ന റോസ് വൈന്‍, നേരിയ മധുരമുള്ളതും ആള്‍ക്കഹോളിന്റെ അംശം കുറഞ്ഞതുമാണ്. പൊതുവേയുള്ള വീഞ്ഞിന്റെ ഉപയോഗത്തില്‍ നിന്ന് വ്യത്യസ്തമായി, തണുപ്പിച്ച് വെറുതെ കുടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയിലാണ് ഇത് ആദ്യമായി നിര്‍മിച്ചത്.
കുറച്ചുകൂടി സങ്കീര്‍ണമായ തരംതിരിവാണ് യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ച് ഫ്രാന്‍സ്‌സില്‍ നിന്ന്, വരുന്ന വൈനുകളില്‍ കാണുന്നത്. മുന്തിരി വളരുന്ന ബോര്‍ഡോ(Bordeaux), ബര്‍ഗണ്ടി(Burgundy) തൂടങ്ങിയ പ്രസിദ്ധമായ പ്രദേശങ്ങളും, അവിടങ്ങളിലെ കാലാവസ്ഥയും മണ്ണും മറ്റും വ്യത്യാസപ്പെടുന്നതനുസരിച്ചുള്ള വ്യത്യസ്ത അപ്പലേഷനുകളും(appellations) -- ഒരു തരം ഉപജില്ലകള്‍ -- ഉപയോഗിച്ചാണ് വൈനുകള്‍ തരം തിരിക്കുന്നത്. ഓരോ അപലേഷനും ഒരു പ്രത്യേകതരം മുന്തിരിയിനം വളര്‍ത്താന്‍ പറ്റിയ ഇടമാണെന്നതാണ് ഇത്തരത്തിലുള്ള തരംതിരിവിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ ഒരു പ്രത്യേക അപലേഷനില്‍ നിന്ന് വരുന്ന വൈനിന്റെ വെറൈയറ്റല്‍ സാധാരണ കൊടുക്കാറില്ല- റെഡ് എന്നോ വൈറ്റെന്നോ ഉള്ള തരംതിരിവേ വൈനില്‍ കാണൂ. (യൂറോപ്പില്‍ നിന്നുള്ള വൈന്‍ എനിക്ക് അധികം പരീചയമില്ല; അതുകൊണ്ട് പ്രധാനമായും അവയെപ്പറ്റി വായിച്ചുള്ള വിവരമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.)
പൊതുവേ വീഞ്ഞുണ്ടാക്കിയ വര്‍ഷം (വിന്റേജ്), ഉല്‍പ്പാദകര്‍ (ലേബല്‍), മുന്തിരി വെറൈയറ്റല്‍(varietel), മുന്തിരി ഉണ്ടായ പ്രദേശം എന്നീ കാര്യങ്ങളാണ് വൈന്‍ കുപ്പിയില്‍ കാണാറ്. ഉദാഹരണത്തിന് 2006 Roberto Mondavi Chardonney Napa Valley എന്ന് കുപ്പിയില്‍ കണ്ടാല്‍ അത്, റോബര്‍ട്ടോ മൊണ്ടാവി നാപ്പ വാലിയില്‍ ഉണ്ടായ ഷാര്‍ഡോണെ മുന്തിരി ഉപയോഗിച്ച് 2006-ല്‍ ഉണ്ടാക്കിയ വൈനാണെന്ന് അര്‍ത്ഥം. മൊത്തം മുന്തിരിയും നാപ്പ വാലിയില്‍ തന്നെ ഉണ്ടായതാകണമെന്നില്ല. ഒരു പ്രദേശത്തിന്റെ പേര് വൈന്‍ ലേബലില്‍ ഉപയോഗിക്കണമെങ്കില്‍ കുറഞ്ഞത് എത്ര ശതമാനം മുന്തിരി ആ പ്രദേശത്തുനിന്ന് ഉപയോഗിക്കണമെന്നതിന്ന് നിയമങ്ങള്‍ ഉണ്ട്. അതുപോലെ വൈന്‍ ഉല്‍പ്പാദകര്‍ മുന്തിരി വളര്‍ത്തണമെന്നും നിര്‍ബന്ധമില്ല. വൈനറികള്‍ മുന്തിരി കൃഷിക്കാരില്‍ നിന്ന് പഴം വാങ്ങി അവര്‍ക്ക് വേണ്ട പോലെ വൈനുകള്‍ നിര്‍മ്മിക്കാറുണ്ട്.
വൈന്‍ ലേബലില്‍ കാണുന്ന മറ്റൊരു വാക്ക് Reserve ആണ്. പ്രത്യേക ശ്രദ്ധയെടുത്ത് ഉണ്ടാക്കിയതാണെന്ന പൊതുവായ അര്‍ത്ഥം അതിനുണ്ടെങ്കിലും, ആ വൈന്‍ എപ്പോഴും ഗുണമേന്മയുള്ളത് ആയിക്കൊള്ളണമെന്നില്ല. ചില രാജ്യങ്ങളില്‍ ഈ വാക്ക് ഉപയോഗിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
വീഞ്ഞിന്റെ തരംതിരിവിനെപ്പറ്റി വളരെ ചെറിയ ഒരു മുഖവുരയാണ് ഇത്. പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത് മുന്തിരിയുടെ വെറൈയറ്റലുകളും, പിന്നെ അവ കൃഷി ചെയ്യുന്ന അപലേഷനുകളും ഉപയോഗിച്ചുള്ള രണ്ടുംതരം ക്ലാസിഫിക്കേഷന്‍ നിലവില്‍ ഉണ്ടെന്നുള്ളതാണ്. പൊതുവേ വീഞ്ഞിന്റെ പുതിയ ലോകത്ത് (അമേരിക്കകള്‍, ഓസ്ട്രേലിയ) ആദ്യത്തേതും യൂറോപ്പില്‍ രണ്ടാമത്തെ രീതിയുമാണ് ഉപയോഗീക്കുന്നത്. പക്ഷേ, പലപ്പോഴും രണ്ടു രീതികള്‍ കൂട്ടിക്കുഴക്കുന്നതും ഓരോരോ രാജ്യങ്ങളിലെ നിയമങ്ങളും വൈന്‍ ക്ലാസിഫിക്കേഷന്‍ വളരെ സങ്കീര്‍ണമാക്കാം.
അടുത്ത ഭാഗം എന്റെ മുന്തിരി കൃഷിയെയും വൈനുണ്ടാക്കലിനെയും പറ്റിയാണ്.
Thursday, February 19, 2009
മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും - 2
Posted by
t.k. formerly known as thomman
at
Thursday, February 19, 2009
11
comments
Labels: വൈന്‍
Monday, February 16, 2009
മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും - 1
സാധാരണ അച്ചന്‍ മൊത്തം വീഞ്ഞും കുടിച്ചിട്ട് ഓസ്തി മാത്രമാണ് എന്റെ ചെറുപ്പകാലത്ത് പള്ളിയില്‍ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. ചില നല്ല അച്ചന്മാര്‍ ഓസ്തിയുടെ അറ്റം വീഞ്ഞില്‍ ചെറുതായൊന്നു നനച്ച് തരും. തിരുശരീരം തൊണ്ടയില്‍ ഒട്ടാതെ ഇറങ്ങിപ്പോകാന്‍ അത് വളരെ സഹായിച്ചിരുന്നു. വീഞ്ഞിന്റെ ഒരു രുചി അങ്ങനെയാണ് ആദ്യം അറിഞ്ഞതെന്നു തോന്നുന്നു. പിന്നെ ക്രിസ്മസിന് വീടിന്നടുത്തുള്ള കോണ്‍വെന്റില്‍ പാതിരാകുര്‍ബാനയ്ക്ക് പോവുകയാണെങ്കില്‍ ചടങ്ങിന്റെ അവസാനം ഒരു ചെറിയ ഗ്ലാസില്‍ വൈനും കേക്കും കിട്ടുമായിരുന്നു. ബാല്യകാലത്തുനിന്ന് വൈനിനെക്കുറീച്ചുള്ള ഓര്‍മകള്‍ അവ മാത്രമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടുത്ത ചുവപ്പു നിറത്തിലുള്ള ഒരു പാനീയം എന്നാണ് അക്കാലത്ത് ഞാന്‍ വീഞ്ഞീനെപ്പറ്റി ധരിച്ചിരുന്നത്.
വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിന്നെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയ മലയാളസാഹിത്യകാരന്മാരുടെ വിജ്ഞാനം ധാരാളം സ്കൂളില്‍ പഠിക്കുമ്പോള്‍ അകത്താക്കിയത് എന്റെ മുന്‍കൂര്‍ ധാരണകളെ മാറ്റാന്‍ വൈകിക്കുകയും ചെയ്തു.
വീഞ്ഞ് കുപ്പികണക്കിന് അകത്താക്കുന്നത് ഗോവയില്‍ ഒരു സ്റ്റഡിടൂറിന്ന് പോയപ്പോഴാണ്. വിലക്കുറഞ്ഞ, അതിമധുരമുള്ള പോര്‍ട്ട് വൈന്‍ കുടിച്ചശേഷം തൊട്ടടുത്തുകാണുന്ന ഷാക്കില്‍ നിന്ന് 5 രൂപയുടെ ചോറും അണ്‍ലിമിറ്റഡ് ഫിഷ്ഫ്രൈയും മൂക്കുമുട്ടെ തിന്ന് ബീച്ചിലൂടെ കുറെദിവസങ്ങള്‍ തെണ്ടിനടന്നു. കോളജ് ഹോസ്റ്റലില്‍ പൊതുവേയുള്ള അര്‍ദ്ധപട്ടിണിയില്‍ നിന്ന് ഗോവയിലെ സമ്പല്‍സമൃദ്ധിയും ആസ്വദിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ഞാന്‍ സുന്ദരക്കുട്ടപ്പനായിട്ടുണ്ടെന്ന് പറഞ്ഞു. വീഞ്ഞിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ അങ്ങനെ ആദ്യമേ എന്റെ ജീവിതത്തില്‍ തെളിയിക്കപ്പെട്ടു :-)
അമേരിക്കയില്‍ എത്തിയശേഷം മധുരമുള്ള വീഞ്ഞ് നോക്കി പല കടകളിലും പോയിട്ടുണ്ട്. ചിലപ്പോള്‍ കിട്ടിയത് കടുത്ത ചവര്‍പ്പുള്ള ചില സാധനങ്ങള്‍. വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരിയെടുക്കാന്‍ പ്രത്യേക ഉപകരണം തന്നെയുണ്ടെന്ന് കുറച്ചുകാലം പിടിച്ചു മനസ്സിലാക്കാന്‍. (കോര്‍ക്ക് ഊരാന്‍ മാത്രമല്ല, അതിന്റെ ഫോയില്‍ മുറിക്കാന്‍ പോലും പ്രത്യേക ഉപകരണം ഉണ്ടെന്നുള്ളത് വേറെ കാര്യം.) ചവര്‍പ്പുള്ള വൈന്‍ കുടി രസകരമാകുന്നത് കുറെ പരിശീലിച്ചാല്‍ മാത്രമാണ്. മധുരമുണ്ടെന്ന് തീര്‍ച്ചയുള്ളതുകൊണ്ട് മിക്കവാറും പോര്‍ട്ടില്‍ അന്നൊക്കെ എന്റെ വീഞ്ഞ് കുടി അവസാനിച്ചിരുന്നു. ഒരു കുപ്പി വൈന്‍ എടുക്കുന്നതിന്നു പകരം ഒരു സിക്സ്-പാക്ക് ബീയറാണ് അന്നൊക്കെ പാര്‍ട്ടികളിലേക്ക് എടുത്തിരുന്നത്.
പക്ഷേ, ഇപ്പറഞ്ഞ വീഞ്ഞുകളെല്ലാം വീഞ്ഞിന്റെ മഹാലോകത്തെ പാര്‍ശ്വവര്‍ത്തികളാണെന്നും, യഥാര്‍ഥ വീഞ്ഞ് അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത് കാലിഫോര്‍ണിയയില്‍ എത്തിയശേഷമാണ്. പള്ളിയില്‍ കൊടുക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന വകുപ്പീല്‍ പെട്ടതാണ്. അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഗോവയില്‍ വച്ച് കൂടിച്ചത് പോര്‍ട്ട് വൈന്‍ ആണ്; പലപ്പോഴും വീഞ്ഞിന്റെ കൂട്ടത്തില്‍ പോലും പെടുത്താത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഒന്നാണ്, പോര്‍ച്ചുഗീസ് സംസ്ക്കാരത്തിന്റെ ഭാഗമായ പോര്‍ട്ട്. സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍ അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അവിടങ്ങളില്‍ പിന്നെ വീഞ്ഞ് വ്യവസായത്തിന് അത് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗം തന്നെ. കാലിഫോര്‍ണിയയും ചിലെയും പോലുള്ള വൈനിന്റെ പുതിയ ലോകങ്ങള്‍ക്ക് തുടക്കമിട്ടത് സ്പാനിഷ് മിഷനറിമാരാണ്.
വീഞ്ഞ് എന്ന് പറയുമ്പോള്‍ പൊതുവേ ചുവപ്പിന്റെ വകഭേദങ്ങളാണ് അതിന്റെ നിറമായി ആദ്യം മനസ്സിലേക്ക് വരിക. പക്ഷേ, വൈറ്റ് വൈന്‍ (യഥാര്‍ഥത്തില്‍ ഇളംപച്ച നിറം) വീഞ്ഞുകളിലെ ഒരു പ്രധാന വിഭാഗമാണ്. പൊതുവേ, തുടക്കക്കാര്‍ വീഞ്ഞിനെ രണ്ടു വിഭാഗത്തിലാണ് പെടുത്തുക: റെഡ് വൈനും വൈറ്റ് വൈനും. ഈ രണ്ട് ഇനങ്ങളിലും അനേകം ഉപവിഭാഗങ്ങള്‍ ഉണ്ട്. പ്രധാനമായും വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച മുന്തിരിയുടെ ഇനം നോക്കിയാണ് ഉപവിഭാഗം നിശ്ചയിക്കുക. ഫ്രാന്‍സ് പോലെ പഴയലോകത്തുനിന്നുള്ള വീഞ്ഞുകള്‍, മുന്തിരി ഏത് സ്ഥലത്ത് ഉണ്ടായി എന്നതിനെ നോക്കിയും തിരിക്കാറുണ്ട്.
നിറം നോക്കിയുള്ള ഈ രണ്ട് തരംതിരിവിന്നൊപ്പം ഇപ്പോള്‍ റോസും ചേര്‍ക്കാമെന്നു തോന്നുന്നു. പൊതുവേ, ആള്‍ക്കഹോള്‍ കുറഞ്ഞ, റോസ് നിറത്തിലുള്ള, നേരിയ മധുരമുള്ള വീഞ്ഞുകളാണവ. സാധാരണ വീഞ്ഞിന് മധുരം ഇല്ല എന്നു തന്നെ പറയാം; ഇളം മധുരമുള്ള ചില ഇനങ്ങള്‍ ഉണ്ടെങ്കിലും അത്ര ജനപ്രീതിയുള്ളവയല്ല അവ. നല്ല മധുരമുള്ള, ഭക്ഷണത്തിനുശേഷം കഴിക്കുന്ന വീഞ്ഞുകളെയാണ് ഡിസേര്‍ട്ട് വൈനുകള്‍ എന്ന് പറയുന്നത്. ഇവയില്‍ വെള്ളയും ചുവപ്പും കാണും. പോര്‍ട്ട് ഈ വകുപ്പില്‍ പെട്ടതാണെങ്കിലും അത് പലപ്പോഴും ഒരു പ്രത്യേക മദ്യമായി തന്നെയാണ് തരം തിരിക്കുക. കാരണം,മറ്റുള്ള വീഞ്ഞുകളുടെ നിര്‍മാണത്തില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ആള്‍ക്കഹോള്‍ ചേര്‍ക്കുന്നതുകൊണ്ടാണ് പോര്‍ട്ടിനെ കൂട്ടത്തില്‍ കൂട്ടാതെ ചിലപ്പോള്‍ പുറത്തു നിറുത്തുന്നത്. വൈറ്റ് വൈനില്‍ ഗാസ് നിറഞ്ഞാല്‍ സ്പാര്‍ക്ക്ലിംഗ് വൈന്‍ ആയി; ഷാമ്പേന്‍ അതേ പേരിലുള്ള ഫ്രാന്‍സിലെ ഒരു സ്ഥലത്തുനിന്ന് വരുന്ന സ്പാര്‍ക്ക്ലിംഗ് വൈന്‍ ആണ്.
പ്രധാനപ്പെട്ട വിഭാഗങ്ങളെപ്പറ്റി കുറെ പറഞ്ഞു കഴിഞ്ഞു: സാക്രമെന്റല്‍ വൈന്‍,റെഡ്,വൈറ്റ്,റോസ്,ഡിസേര്‍ട്ട്,പോര്‍ട്ട്, സ്പാര്‍ക്ക്ലിംഗ്. ഇനി അവ കഴിക്കുന്നതിന്റെ ഒരു രീതി രസകരമായി അവതരിപ്പിക്കാം: പള്ളിയില്‍ നിന്ന് സാക്രമെന്റല്‍ വൈന്‍ കഴിച്ചുവരിക; വീട്ടില്‍ വന്ന് ഒരു സ്പാര്‍ക്ക്ലിംഗ് വൈന്‍ പൊട്ടിച്ച് ആഘോഷം തുടങ്ങുക; സീ ഫുഡ് സാലഡും ചെറുതായി തണുപ്പിച്ച വൈറ്റ് വൈനും ആദ്യം; അപ്പോള്‍ സ്ത്രീകള്‍ ചില്‍ഡ് റോസ് അടിക്കട്ടേ; നല്ല മാട്ടിറച്ചിയൂടെ കൂടെ റൂം ടെമ്പറേച്ചറില്‍ റെഡ് അടിക്കുക; അവസാനം ഒരു ചെറിയ കഷ്ണം കേക്കും ചെറിയ ഒരു ഗ്ലാസ് പോര്‍ട്ടോ ഡിസേര്‍ട്ട് വൈനോ അടിച്ച് അവസാനിപ്പിക്കുക.
അവസാനത്തെ ഖണ്ഡിക മനസ്സിലായെങ്കില്‍ നിങ്ങള്‍ക്ക് വീഞ്ഞിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം.
വൈന്‍ പൊതുവേ ഭക്ഷണത്തിന് ഒപ്പമാണ് കഴിക്കുന്നത്. (ചാരായമടിച്ചശേഷം നൂലുകൊണ്ട് പുഴുങ്ങിയ മുട്ട മുറിച്ച് മുളകുപൊടിയിലും പിന്നെ ഒന്ന് ഉപ്പിലും മുക്കി തിന്ന് വായിലെ അരുചി മാറ്റുന്നതുപോലെയുള്ള കാര്യമല്ല ഉദ്ദേശിച്ചത്.) 14% വരെ ആള്‍ക്കഹോള്‍ വൈനില്‍ കാണും; അതുകൊണ്ട് വെറുതേ പൂസാവാനും അതു കുടിച്ചാല്‍ മതി. പക്ഷേ, ചേരുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം കഴിച്ചാലെ വീഞ്ഞുപാനത്തിന്റെ യഥാര്‍ഥസുഖം അനുഭവിക്കാന്‍ പറ്റൂ.
വീഞ്ഞിനെക്കുറിച്ചുള്ള ഈ പരമ്പര ഇവിടെ അവസാനിക്കുന്നില്ല. അടുത്ത പോസ്റ്റില്‍ വീഞ്ഞിന്റെയും മുന്തിരിയുടെയും പല ഉപവിഭാഗങ്ങളെക്കുറിച്ച് പറയാം. അതിനടുത്ത പോസ്റ്റില്‍ എന്റെ മുന്തിരി വളര്‍ത്തലിനെയും വീഞ്ഞുണ്ടാക്കലിലെപ്പറ്റിയും എഴുതുന്നതായിരിക്കും.
ഭാഗം 2
Posted by
t.k. formerly known as thomman
at
Monday, February 16, 2009
7
comments
Labels: വൈന്‍