Sunday, December 09, 2007

ആ യുവകഥാകാരന്‍ കരയുന്നത്...

അയാള്‍ പത്രം വായനയില്‍ മുഴുകി ഇരിക്കുകയാണ്‍. രാഷ്ട്രീയകാര്യങ്ങള്‍ മുതല്‍ കായികരംഗം വരെയുള്ള പരസ്പരബന്ധമില്ലാത്ത നിരവധി വിഷയങ്ങളില്‍ അയാള്‍ തല്പരനായിരുന്നതിനാല്‍ ഓരോ പേജും വായിച്ചു തീര്‍ക്കാന്‍ വളരെ സമയമെടുക്കുന്നു. ആഹ്ലാദവും അഭിമാനവും ഉള്ളില്‍ നിറഞ്ഞുകവിയുന്ന ഒരു പ്രത്യേക അവസരം കൂടിയാണ്‍ ഈ ദിവസം അയാളുടെ ജീവിതത്തില്‍. ഇന്ന്, കഴിഞ്ഞ രണ്ടുമൂന്ന് ഞായറാഴ്ചകളിലെപ്പോലെ അതിരാവിലെ മുതല്‍ പത്രക്കാരനെ കാത്തിരിക്കുകയായിരുന്നു അയാള്‍. വാരാന്തപ്പതിപ്പിലേക്ക് കഥ അയച്ചതു മുതല്‍ തുടങ്ങിയതാണ്‍ ഞായറാഴ്ചകളിലെ ആ കാത്തിരിപ്പ്; കാരണം അയാള്‍ക്കെന്തോ ഉറപ്പുണ്ടായിരുന്നു ആ കഥ പ്രസിദ്ധീകരിക്കപ്പെടുമെന്നതിന്‍. അയാള്‍ ഇന്ന് വാരാന്തപ്പതിപ്പ് തുറന്നു നോക്കിയത് തന്റെ കഥയിലേക്ക് തന്നെയായിരുന്നു. അതിന്റെ പല ഭാഗങ്ങളും മന:പാഠമാണെങ്കിലും ഒരാവര്‍ത്തികൂടി അയാള്‍ തന്റെ സൃഷ്ടി വായിച്ചു. പിന്നെ അതിന്നോടൊപ്പമുള്ള ചിത്രത്തിന്റെ ഭംഗി കുറെ നേരമങ്ങനെ നോക്കിയിരുന്നു.

വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നുകിടക്കുന്ന ഹൃദയവുമായി, തിളങ്ങുന്ന കണ്ണുകളോടെയാണ്‍ അയാള്‍ പത്രം വായന‍ തുടരുന്നത്. ഓരോരോ വാര്‍ത്തകളിലൂടെ കണ്ണുകള്‍ തെന്നിനീങ്ങുമ്പോഴും പ്രസിദ്ധീകൃതമായ തന്റെ കൃതിയുമായി ബന്ധപ്പെടുത്തിയുള്ള ആലോചനകളായിരുന്നു അയാളുടെ മനസ്സു നിറയെ.

തീരെ പ്രാധാന്യം കൊടുക്കാതെ ചരമങ്ങളുടെ കോളത്തില്‍ കൊടുത്തിരിക്കുന്ന ആ വാര്‍ത്തയില്‍ ദൃഷ്ടികള്‍ ഉടക്കിയപ്പോള്‍ വായിക്കുന്തോറും അയാളുടെ കണ്ണുകള്‍ കൂടുതല്‍ വികസിച്ചു. അല്‍പ്പസമയം കൊണ്ട് നാലോഅഞ്ചോ വരികളിലൊതുങ്ങുന്ന ആ ചരമക്കുറിപ്പ് എത്ര വട്ടമാണ്‍ അയാള്‍ വായിക്കുന്നത്. പത്രത്തിലെ അക്ഷരങ്ങള്‍ തന്നില്‍ നിന്ന് വളരെ അകലെയായിപ്പോകുന്നതു പോലെ തോന്നി; അവയ്ക്ക് തീരെ വലിപ്പമില്ലാതാവുകയും. പിന്നെ മിഴിയിലെ ചൂടുറവിനാല്‍ ആ അവ്യക്തമായ കാഴ്ചയും ഇല്ലാതാവുകയായിരുന്നു. ആ ശുഭ്രമായ തിരശ്ശീലയുടെ മറവിലൂടെ അയാള്‍ ഏകനായി എങ്ങോട്ടോ പോവുകയാണ്‍.

പബ്ലിക് ലൈബ്രറിയിലെ പുല്‍ത്തകിടിയും അവിടത്തെ മരത്തണലിലുള്ള സിമന്റ് ബഞ്ചുകളുമാണ്‍ അയാളുടെ കണ്മുമ്പിലിപ്പോള്‍. അവിടെ കൂടാറുള്ള സഹൃദയസംഘത്തിലേക്ക് സാഹിത്യതല്‍പ്പരനായ ഒരു സുഹൃത്താണ്‍ അയാളെ ആദ്യമായി കൂട്ടിക്കൊണ്ടു പോയത്. നല്ല പുസ്തകശേഖരവും വായനക്കാരുമുള്ള ആ പട്ടണത്തിലെ ലൈബ്രറിയുടെ അന്തരീക്ഷം അത്തരമാളുകളെ അവിടെ ഒരുമിപ്പിച്ചത് സ്വഭാവികമായിരുന്നു. ആ കൂട്ടായ്മയിലെ അംഗങ്ങള്‍‍ എല്ലാവരും തന്നെ ജോലിക്കാരായതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമേ അവര്‍ക്ക് ഒത്തുചേരാന്‍ പറ്റിയിരുന്നുള്ളൂ. എഴുതുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ പുതിയ സൃഷ്ടികള്‍ അവിടെ ചര്‍ച്ചചെയ്യപ്പെടും. ഒരു വിഷയത്തില്‍ തുടങ്ങി മറ്റു പലതിലേക്കും ചര്‍ച്ചകള്‍ തെന്നിനീങ്ങും.

സാധാരണ ചര്‍ച്ചകളുടെ ഗതി നിയന്ത്രിക്കാറുള്ള ആ റിട്ടയേര്‍ഡ് പ്രഫസറുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിലായിരുന്നു ചെറുപ്പക്കാരന്‍ ഏറ്റവും താല്‍പര്യം. പ്രഫസറെന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചു. പലരും സ്വയം‌പുകഴ്ത്തലുകളിലേക്ക് സംസാരത്തിനിടെ മുങ്ങിപ്പോകുമായിരുന്നു. കാര്യമായി ഒന്നും എഴുതാത്തവര്‍ക്കും എഴുത്തുകാരനെന്നറിയപ്പെടാനാണ്‍ ഇഷ്ടം. അതിനാല്‍ എന്തെങ്കിലുമൊക്കെ പടച്ച് കൊണ്ടുവന്നു അവര്‍ അവിടെ വായിക്കും; സൃഷ്ടിയില്‍ പറയാന്‍ ശ്രമിക്കുന്ന കാര്യത്തെപ്പറ്റി പറഞ്ഞുതുടങ്ങി സ്വന്തം കൃതികളെ വാഴ്ത്തുന്നതിലേക്ക് ചിലപ്പോള്‍ കാര്യങ്ങള്‍ നീങ്ങും. പക്ഷേ, പ്രഫസര്‍ ന്യായമല്ലാത്ത അവകാശവാദങ്ങളൊന്നും വകവച്ചുകൊടുക്കില്ലായിരുന്നു. തീരെ ശോഷിച്ച്, സാവധാനം മാത്രം നടക്കുന്ന പ്രഫസറുടെ ഗാംഭീര്യമുള്ള ശബ്ദം ആ ചെറുപ്പക്കാരനില്‍ വളരെ അത്ഭുതമുളവാക്കിയിട്ടുണ്ട്.

അയാള്‍ ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്നതുകൊണ്ട് ചര്‍ച്ചകളില്‍ വരാറുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ആ ചെറുപ്പക്കാരന്‍ സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ശാസ്ത്രവിദ്യാര്‍ത്ഥിയായിരുന്നിട്ടും അതിന്റെ കോട്ടം തീര്‍ക്കാന്‍ സാഹിത്യവും ആശയങ്ങളും മറ്റും ചര്‍ച്ചചെയ്യപ്പെടുന്ന ധാരാളം പുസ്തകങ്ങള്‍ അയാള്‍ വായിക്കാറുണ്ട്. പക്ഷേ, തന്നേക്കാള്‍ മുതിര്‍ന്നവരുടെ കൂട്ടത്തിലിരുന്ന് എന്തെങ്കിലും പറയാന്‍ അയാള്‍ക്ക് ഒരു വല്ലായ്കയാണ്‍. അവിടെ ഒത്തുചേരാറുള്ള എല്ലാവരെയും പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അയാള്‍ ചര്‍ച്ചകളില്‍ അധികമൊന്നും സംസാരിക്കാറില്ല. അയാള്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തേ വായിക്കാറുള്ളൂ. അതുകൊണ്ട് പ്രഫസറുടെ നാവില്‍ നിന്ന് വീഴുന്ന കൃതികളുടെ പേരുകള്‍ക്കായി എപ്പോഴും ശ്രദ്ധിച്ചിരിക്കും. പിന്നെ ലൈബ്രറിയുടെ റാക്കുകളില്‍ നിന്ന് അവ തപ്പിയെടുത്ത് വായിച്ചു തീര്‍ത്താലെ അയാള്‍ക്ക് സമാധാനമാവുകയുള്ളൂ.

എങ്കിലും അയാളുടെ ഉള്ളില്‍ ഒരാഗ്രഹം പതിഞ്ഞു കിടപ്പുണ്ടായിരുന്നു- അച്ചടിമഷി പുരണ്ട തന്റെയൊരു കഥ ആ സദസ്സില്‍ ചര്‍ച്ച ചെയ്യപ്പെടണം; പ്രഫസര്‍ അതേക്കുറിച്ച് എന്താണ്‍ പറയുന്നതെന്നറിയണം. അയാള്‍ക്ക് ആ കൂട്ടത്തില്‍ പ്രഫസറോടു മാത്രമേ ബഹുമാനമുണ്ടായിരുന്നുള്ളൂ. പ്രഫസറുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍ അയാളെ ആ സംഘത്തില്‍ പിടിച്ചുനിര്‍ത്തി.

കഥ അച്ചടിച്ചുവന്നാല്‍ ഉടനെയുള്ള ചര്‍ച്ചയില്‍ തന്നെ തന്റെ അരങ്ങേറ്റം കുറിക്കണമെന്ന് അയാള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന്‍ അയച്ചിരുന്ന കഥ അത്ര മോശമില്ലെന്ന ചിന്ത അയാള്‍ക്ക് ആത്മവിശ്വാസവും കൊടുത്തു.

എല്ലാം അങ്ങനെ ആ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചതുപോലെ നടന്നുവരുമ്പോഴാണല്ലോ അയാളെ നഷ്ടബോധത്തിന്റെ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ട ആ ചരമവാര്‍ത്ത എത്തുന്നത്. പ്രഫസര്‍ അയാള്‍ക്ക് ആരുമല്ലായിരുന്നു. അവര്‍ തമ്മില്‍ അധികനേരം സംസാരിച്ചിരുന്നിട്ടു പോലുമില്ല. എങ്കിലും ആ വിയോഗം അയാള്‍ക്ക് സങ്കടകരമായിരിക്കുന്നു.

അയാള്‍ അത്ര മൃദുലമനസ്ക്കനൊന്നുമല്ല എന്തിനുമുമ്പിലും കരഞ്ഞുപിഴിഞ്ഞു നില്‍ക്കാന്‍. അയാള്‍ക്കത് അറിയുകയും ചെയ്യാം. ഹൈസ്ക്കൂളിലായതിന്നു ശേഷം രണ്ടേരണ്ടു തവണയാണ്‍ ഇതിന്നുമുമ്പ് അയാള്‍ കരഞ്ഞിട്ടുള്ളത്. അയാള്‍ എല്ലാം വ്യക്തമായി ഓര്‍ക്കുന്നുമുണ്ട്.

പത്താം തരത്തില്‍ പഠിക്കുമ്പോഴാണ്‍ അമ്മായിയുടെ വീട്ടില്‍ കിടന്ന് അച്ചാമ്മ മരിച്ചത്. അവസാനനാളുകളില്‍ ആകെ തളര്‍ന്നുപോയതിനാല്‍ മുറിയില്‍ ഒരു കക്കൂസിലാണ്‍ അച്ചാമ്മയെ കിടത്തിയിരുന്നത്. എന്നിട്ടും അച്ചാമ്മ മരിച്ചുകിടക്കുമ്പോള്‍ അയാളുടെ അമ്മ വീട്ടിലിരുന്നു പറഞ്ഞു, “ഇത്രയൊന്നും നരകിച്ചാല്‍ പോരായിരുന്നു, ബാക്കിയൊള്ളോനെ എന്തോരം കണ്ണീര് കുടിപ്പിച്ചതാ.”

അച്ചാമ്മയുടെ ചെയ്തികളെപ്പറ്റി അമ്മ ഓരോന്ന് എപ്പോഴും പറയുമായിരുന്നു. അമ്മായിയുടെ മകനെക്കാള്‍ മുതിര്‍ന്നതാണ്‍ അയാള്‍. ഒരിക്കല്‍ അച്ചാമ്മയുടെ മടിയിലിരുന്ന് അമ്മായിയുടെ മകന്‍ ബിസ്ക്കറ്റ് തിന്നുകയായിരുന്നു. അയാളുടെ അച്ഛന്‍ തന്റെ കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങിക്കൊടുക്കാനുള്ള വരുമാനമൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അമ്മായിയുടെ മകന്‍ ബിസ്ക്കറ്റ് തിന്നുന്നതും നോക്കി ആ മൂന്നു വയസ്സുകാരന്‍ മുറ്റത്തു നിന്നു. അച്ചാമ്മ അയാള്‍ക്ക് ഒരു കഷ്ണം ബിസ്ക്കറ്റു പോലും കൊടുത്തതുമില്ല. എന്തോ കാര്യത്തിന് കുട്ടിയെ അവിടെയിരുത്തി അച്ചാമ്മ അകത്തേക്കു പോയപ്പോഴും അയാള്‍ ഉമിനീരിറക്കിക്കൊണ്ട് അതേ നില്പു തുടര്‍ന്നു. തിന്നുമതിയായിട്ട് അമ്മായിയുടെ മകന്‍ ബിസ്ക്കറ്റ് തട്ടിക്കളിക്കാന്‍ തുടങ്ങി; ഒരു വലിയ കഷ്ണം പുറത്തേക്കെറിയുകയും ചെയ്തു. എച്ചില്‍ പോലെ പുറത്തേക്കുവീണ ആ ബിസ്ക്കറ്റ് തുണ്ട് എടുത്തു തിന്നുന്നതില്‍ അയാളപ്പോള്‍ യാതൊരു തെറ്റും കണ്ടില്ലായിരുന്നു. വരാന്തയിലെ തിണ്ണയിലൊരു കൈയൂന്നി മറുകൈയില്‍ ബിസ്ക്കറ്റും പിടിച്ച് തിന്നാനൊരുങ്ങി നില്‍ക്കുമ്പോഴാണ് അച്ചാമ്മ പുറത്തേക്ക് വന്നത്. ആ ബിസ്ക്കറ്റ് കക്ഷണം പിടിച്ചുവാങ്ങി, അയാളുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് അച്ചാമ്മ ഒച്ചയിട്ടു, “നീയെന്റെ കൊച്ചിന്റെ കൈയീന്ന് ബിസ്ക്കറ്റ് തട്ടിപ്പറിക്കാണല്ലേടാ. നിന്റച്ചനോട് വാങ്ങിത്തരാന്‍ പറ, ഇതെന്റെ പിള്ളക്ക് തിന്നാനാ.” പിന്നെ അയാളെ അവരുടെ നനഞ്ഞ കൈകൊണ്ട് തുടയില്‍ ഒരുപാട് അടിക്കുകയും ചെയ്തു. അച്ചാമ്മ ബിസ്ക്കറ്റ് പിടിച്ചുപറിച്ചപ്പോള്‍ തന്നെ അയാള്‍ കരഞ്ഞു തുടങ്ങിയിരുന്നു. കരച്ചില്‍ കേട്ട് അമ്മ വന്നാണ്‍ അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ‘വേണ്ടാത്തതിന് പോകുന്നതിന്‍ എന്തിനാടാ’ എന്ന് ചോദിച്ച് വഴിയില്‍ വച്ച് അമ്മയും അയാളെ അടിച്ചു; അവരും കരയുന്നുണ്ടായിരുന്നു.

അതിന്നുമൊക്കെ വളരെ മുമ്പ് ഒരിക്കല്‍ അയാള്‍ അച്ചാമ്മയുടെ കൈകൊണ്ട് മരിച്ചു പോകേണ്ടതായിരുന്നല്ലോ. അന്നയാള്‍ക്ക് ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല. അമ്മ കന്നുക്കള്‍ക്ക് പുല്ലരിയാന്‍ പാടത്തു പോയി. അന്ന് എല്ലാവരും തറവാട്ടില്‍ ഒന്നിച്ചാണ്‍ താമസിച്ചിരുന്നത്. അയാള്‍ കരച്ചില്‍ തുടങ്ങിയിട്ട് നിര്‍ത്താതെ വന്നിട്ടും ആരും അയാളുടെ അമ്മയെ വിളിച്ചുകൊണ്ടു വന്നില്ല. അച്ചാമ്മക്ക് കറുപ്പു കഴിക്കുന്ന ശീലമുണ്ടായിരുന്നു. അവര്‍ അതില്‍ നിന്ന് കുറച്ചെടുത്ത് അയാള്‍ക്ക് കൊടുത്തു. അതിന്റെ ലഹരിയില്‍ മയക്കംകൊണ്ട് അയാള്‍ ഉറങ്ങിപ്പോയി. അമ്മ തിരിച്ചുവരുമ്പോഴും അയാള്‍ നിദ്രയിലായിരുന്നു. കുറെനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതായപ്പോഴാണ്‍ അയാള്‍ അബോധാവസ്ഥയിലാണെന്ന് അമ്മ അറിയുന്നത്. എന്നിട്ടും അച്ചാമ്മ ഒന്നും മിണ്ടിയില്ല; വൈദ്യന്‍ വന്നപ്പോഴാണ് അവര്‍ കറുപ്പുകൊടുത്ത കാര്യം പുറത്തു പറഞ്ഞത്.

അച്ചാമ്മയുടെ എന്തെല്ലാം ചെയ്തികളെപ്പറ്റി അയാളുടെ അമ്മ പറഞ്ഞു കേള്‍പ്പിച്ചിരിക്കുന്നു; അവരെ വിവാഹം ചെയ്തു കൊണ്ടുവന്നതു മുതല്‍ വേറെ മാറുന്നതുവരെയുള്ള കാര്യങ്ങള്‍. എങ്കിലും അച്ചാമ്മയുടെ ജഢം ചിതയിലേക്കെടുക്കുമ്പോള്‍ അയാള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുന്നത് അയാള്‍ക്ക് തീരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്തിന്റെയോ ഒരു ബാക്കിപത്രം പോലെ അന്ന് അയാളെ ആശ്വസിപ്പിക്കാന്‍ എത്തിയത് അമ്മായിയുടെ മകനായിരുന്നു.

അതിന്നുശേഷം അയാള്‍ എത്രയോ സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും നിര്‍വ്വികാരനായിരുന്നു. ഡിഗ്രിയുടെ അവസാനവര്‍ഷം അയാളുടെ ആത്മസുഹൃത്ത് വിനയന്‍ പെരിയാറ്റില്‍ മുങ്ങിമരിച്ചത്; പോസ്റ്റ് ഗ്രാജ്വേഷന്‍ ചേര്‍ന്ന കൊല്ലം അച്ഛന്‍... ആ ദിവസങ്ങളിലൊക്കെ അയാളുടെ ബുദ്ധിയും മനസ്സും ശീതീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. വിചാരത്തിന്റെ ചൂട് അവിടെക്കെത്തുമ്പോള്‍ മനസ്സ് വികാസംകൊണ്ട് വിങ്ങിപ്പൊട്ടും; കരയുന്നതിനേക്കാള്‍ എത്രയോ ഭയങ്കരമാണ്‍ ആ അവസ്ഥ.

പിന്നെ അയാള്‍ കരഞ്ഞത് വെറുമൊരു കഥ വായിച്ചിട്ടായിരുന്നു. വളരെ പ്രസിദ്ധനൊന്നുമല്ലാത്ത ഒരാള്‍ എഴുതിയതായിരുന്നു ആ കഥ. കഥാപാത്രത്തിന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ തീരെ അലംകൃതങ്ങളല്ലാത്ത കൊച്ചുവാക്കുകളിലാണ്‍ എഴുതപ്പെട്ടിരുന്നത്. എങ്കിലും അതിലെ ഓരോ വാക്കുകളും വായിക്കുന്ന മുറയില്‍, അവ അയാളുടെ ഹൃദയത്തില്‍ പതിഞ്ഞുകിടക്കാന്‍ തുടങ്ങി. ഒരു സാമ്യവുമുണ്ടായിരുന്നില്ല ആ കഥയിലെ അച്ഛനും അയാളുടെ അച്ഛനും തമ്മില്‍. എങ്കിലും, ‘പിന്നെ സ്വയം അറിയാതെ അച്ഛന്റെ ശുഷ്ക്കിച്ച നെഞ്ചില്‍ തടവാന്‍ തുടങ്ങി. തന്റെ കുട്ടിക്കാലത്ത് അച്ഛന്‍ തന്നെ എടുത്തുകൊണ്ട് നടന്നപ്പോള്‍ താന്‍ കെട്ടിപ്പിടിച്ച് തല അണച്ചു ചേര്‍ത്തു വച്ചിരുന്ന നെഞ്ച്’ എന്നീ വാചകങ്ങള്‍ വായിച്ചപ്പോല്‍ അയാളുടെ ഹൃദയഭാരം ഏറി വിസ്ഫോടകാത്മകമായിരുന്നു. അയാള്‍ കിടക്കയില്‍ കമിഴ്ന്നുകിടന്ന് വായിക്കുകയായിരുന്നു അപ്പോള്‍. വായന നിറുത്തി അയാള്‍ തലയണയിലേക്ക് ശിരസ്സ് ചായ്ചു. പഴങ്കഞ്ഞിപോലും കഴിക്കാനില്ലാതെ ഒരു ദിവസം രാവിലെ തളര്‍ന്ന് സ്ക്കൂളിലേക്ക് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് ‘എന്റെ മോന്റെ വിശപ്പ് മാറ്റാന്‍ എനിക്കെന്നെങ്കിലും പറ്റുമോ’ എന്ന് മെല്ലെ പറഞ്ഞ് കരഞ്ഞ സ്വന്തം അച്ഛനെ; കോളേജിലേക്ക് പോകാന്‍ വണ്ടി കാത്ത് നില്‍ക്കുമ്പോള്‍‍ കവലയിലെ ചായക്കടയിലിരുന്ന് അഭിമാനത്തോടെ ‘ചായ വേണോടാ’ എന്ന് വിളിച്ചു ചോദിച്ചിരുന്ന അച്ഛനെ അയാള്‍ ഓര്‍മിക്കുകയായി. അയാളുടെ മനസ്സില്‍ ഉരുണ്ടുകൂടിയ മേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ ആ തലയണ കുതിര്‍ന്നിരുന്നു.

പിന്നെ അയാളുടെ കണ്ണില്‍ ജലകണങ്ങള്‍ നിറയുന്നത് ഇന്നാണ്‍; തീര്‍ത്തും പ്രാധാന്യം കൊടുക്കാതെ അച്ചടിച്ചിരിക്കുന്ന പ്രഫസ്സറുടെ ആ ചരമവാര്‍ത്ത വീണ്ടും വീണ്ടും വായിക്കുമ്പോള്‍.

മറ്റാരെങ്കിലും കണ്ടാല്‍ എന്തു വിചാരിക്കും എന്ന് കരുതി, നിവര്‍ത്തിപ്പിടിച്ച പത്രം കൊണ്ട് മുഖവും മറച്ച് അയാള്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു. മറ്റു വാര്‍ത്തകളിലൂടെ കടന്നുപോകാന്‍ ശ്രമിച്ചിട്ട് അതില്‍ അയാള്‍ ഒട്ടും വിജയിക്കുന്നില്ല. അച്ചാമ്മയും അച്ഛനും പ്രഫസ്സറുമൊക്കെ അടങ്ങുന്ന വെറും മനുഷ്യബന്ധങ്ങളുടെ അമിതഭാരത്താല്‍ അയാള്‍ തേങ്ങുകയാണ്‍.

1 comment:

t.k. formerly known as thomman said...

1986-89 സമയത്ത് ‘കഥ’ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച എന്റെയൊരു കഥയാണിത്. ‘കഥ’യുടെ കോപ്പിയെല്ലാം കളഞ്ഞുപോയെങ്കിലും ഒരു നോട്ടുബുക്കില്‍ നിന്ന് അതിന്റെ first draft കിട്ടി. ഒന്നു മിനുക്കി പോസ്റ്റാക്കി ഇടുന്നതാണ്‍. പ്രസിദ്ധീകരിച്ചതും അല്ലാതെയുമായി എന്റെ മറ്റു കുറച്ചു കൃതികളും കണ്ടുകിട്ടിയിട്ടുണ്ട്; ഓരൊന്നായി സൌകര്യം കിട്ടുമ്പോള്‍ ഇവിടെ ഇടാമെന്നു കരുന്നു.

ഈ കഥ എന്റെ തന്നെ ഒരു സ്വകാര്യസ്വപ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്‍. മാസികകളിലൊക്കെ ഞാന്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു തുടങ്ങുന്ന സമയം. എം.കൃഷണന്‍ നായരുടെ ‘സാഹിത്യവാരഫല’ത്തില്‍ എന്റെയൊരു സൃഷ്ടി പരാമര്‍ശിച്ചുകാണണമെന്നു എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ സൃഷ്ടികള്‍ അദ്ദേഹത്തിന്റെ നോട്ടമെത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പോ കലകൌമുദി ആഴ്ചപ്പതിപ്പോ പോലെ മുന്നിരയിലുള്ള മാഗസിനുകളില്‍ വന്നിരുന്നില്ല. അതിലൊക്കെ വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു താനും.

അങ്ങനെയിരിക്കുമ്പോള്‍ നിര്‍ഭാഗ്യകരമായ ഒരു ചിന്ത എന്നെ പിടികൂടി: എന്റെ കഥ കാ‍ണുന്നതിന്‍ കൃഷ്ണന്‍ നായര്‍ മരിച്ചാലോ? ഈ കഥ അവിടെ നിന്നാണ്‍ തുടങ്ങുന്നത്. ടീനേജിലോ ഇരുപതിന്റെ തുടക്കത്തിലോ ആയിരുന്ന ഞാന്‍ ജീവിതത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ഊഹിച്ചാണ്‍ എഴുതിയത്. വര്‍ഷങ്ങള്‍ക്കുശേഷം എന്റെ അപ്പന്‍ മരിച്ചതിന്റെ യഥാര്‍ത്ഥ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നു. വളരെക്കാലം കാണാതിരുന്നതിനു ശേഷം അപ്പന്റെ മരണവിവരമറിഞ്ഞാണ്‍ ഞാന്‍ നാട്ടിലെത്തുന്നത്. അപ്പനെ ‍ മരിക്കുന്നതിന്‍ മുമ്പ് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം എന്റെ മനസ്സില്‍ നിന്ന് ഒരിക്കലും പോകുമെന്ന് തോന്നുന്നില്ല. അതുപോലെ എം. കൃഷ്ണന്‍ നായരും മരിച്ചു; അദ്ദേഹം എന്റെ കഥ ഒരിക്കലും വായിച്ചിട്ടുണ്ടാവാന്‍ വഴിയില്ല. (ഞാന്‍ സാഹിത്യപരിശ്രമങ്ങളില്‍ നിന്ന് 1990-ഓടെ വിരമിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്ക് എടുത്തുചാടിയിരുന്നു.) ജീവിതത്തിലെ അത്തരം ഇച്ഛാംഭംഗങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ കഥയാണ്‍ എന്റെ മനസ്സിലേക്ക് തികട്ടിവരിക. അതെനിക്ക് നഷ്ടമായില്ലല്ലോ എന്ന സന്തോഷവുമുണ്ട്. ആ സന്തോഷം ഇപ്പോഴിവിടെ പങ്കുവയ്ക്കാനായല്ലോ എന്നതിലും.