Thursday, December 06, 2007

മഞ്ഞുതുള്ളിയിലെ നിലാവ്

കരോള്‍ ഗാനങ്ങള്‍ക്കൊത്ത് ഗിത്താര്‍ മീട്ടുമ്പോള്‍ വിരല്‍ത്തുമ്പുകളില്‍ പുതിയൊരാവേശം പതഞ്ഞുയരുകയായിരുന്നു. ബിയര്‍ ബോട്ടില്‍ കുലുക്കി പൊട്ടിച്ചാലെന്നപോലെ. ഇനി ഏതാനും മണിക്കൂറുകള്‍ - വിത്സണ്‍ മനസ്സില്‍ നിമിഷങ്ങള്‍ എണ്ണുകയാണ്. കരോള്‍സംഘത്തിന്റെ അവസാനത്തെ റിഹേഴ്സലാണ്. “വിത്സണ്‍, നിന്റെ ആദ്യത്തെ പ്രോഗ്രാമാണിത്. ഇതിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഇനിയുള്ള നിന്റെ വളര്‍ച്ച. ഇപ്പോള്‍ കരോള്‍ സംഘം; പിന്നെ പള്ളിയിലെ ഗാനസംഘം; അവസാനം പള്ളിയുടെ കീഴിലുള്ള നഗരത്തിലെ പ്രസിദ്ധമായ ഓര്‍ക്കെസ്ട്രാ ടീം.” തയ്യാറെടുക്കലിന്നിടയില്‍ ആരൊക്കെയോ അങ്ങനെ ഓര്‍പ്പിച്ചു.

പക്ഷേ, തന്റെ മനസ്സിലുള്ള ആ കൊച്ചുരഹസ്യം ആര്‍ക്കുമറിയില്ല. ആരുമാരും തൊട്ടശുദ്ധമാക്കാത്ത ഒരു മയില്‍പ്പീലിത്തണ്ട്. അത് തനിക്കുമാത്രം ഏകാന്തതയിലിരുന്ന് തൊട്ടുതലോടാനുള്ളതാണ്.

സെന്റ് സ്റ്റീഫന്‍സ് തെരുവിലെ രണ്ടാമത്തെ വീട്. അതൊരിക്കലും മനസ്സില്‍ നിന്ന് മായുന്നില്ല. പൂമുഖത്തെ, ഒലീവ് നിറത്തില്‍ ചായമടിച്ച മര അഴികള്‍ ആ വീടിനെ മനോഹരമാക്കിയിരുന്നു. അതിന്റെ മുകളില്‍ ഒരു കിളിക്കൂടുപോലെ രണ്ടാം നില. വളരെ പാടുപെട്ടാണ് ഒരു ദിവസം അവളുടെ വീട് കണ്ടുപിടിച്ചത്. കുര്‍ബാന കഴിഞ്ഞുപോകുമ്പോള്‍ പിന്തുടര്‍ന്നു ചെന്നു. സെന്റ് സ്റ്റീഫന്‍സ് തെരുവ് നഗരാതിര്‍ത്തിയിലാണ്; പള്ളിയില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം വരും. വഴിയില്‍ അന്ന് ധാരാളം പേരുണ്ടായിരുന്നു. എങ്കിലും അവളെ താന്‍ പിഞ്ചെല്ലുന്നുണ്ടോയെന്ന് അവള്‍ അറിഞ്ഞു കാണുമോ? ഒന്നുരണ്ടു തവണ അവള്‍ അടുപ്പിച്ച് തിരിഞ്ഞുനോക്കിയപ്പോള്‍ അങ്ങനെ സംശയിച്ചുപോയി. അപ്പോള്‍ മറ്റെവിടെയോ ശ്രദ്ധിച്ചുകൊണ്ട് താന്‍ നടന്നു; ഒന്നുമറിയാത്ത പോലെ. അവസാനം അവള്‍ ആ വീട്ടിലേക്ക് കയറിപ്പോകുന്നതു കണ്ടു. അടുത്തുള്ള ഒരു മുറുക്കാന്‍ കടയില്‍ സര്‍ബത്തും കുടിച്ചു നിന്നുകൊണ്ട് അവള്‍ അവിടെ നിന്നും ഇറങ്ങിവരുന്നില്ല എന്ന് ഉറപ്പുവരുത്തി. തിരിച്ചു നടക്കുമ്പോള്‍ വഴിയുടെ ദൂരം മനസ്സിനെ അലട്ടി. ഒരു കാര്യവുമില്ലാതെയാണല്ലോ താന്‍ ഇത്ര ദൂരം നടന്നതെന്നോര്‍ത്ത് അയാള്‍ ഉള്ളില്‍ ചിരിച്ചു. തനിക്ക് പള്ളിയില്‍ വച്ച് അവളുടെ പേരും വീടുമൊക്കെ അന്വേഷിക്കാമായിരുന്നില്ലേ? പക്ഷേ,അവള്‍ എന്തോര്‍ക്കും? ചിലപ്പോള്‍ അവള്‍ ഒന്നും തിരിച്ച് പറഞ്ഞില്ലങ്കിലോ? ഒരു കാര്യവുമില്ലാതെ കേറി പരിചയപ്പെടുന്നത് അവള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനും മതി.

കൂട്ടുകാരുടെ ഇടയില്‍ അവള്‍ ഒരിക്കലും ചര്‍ച്ചാവിഷയമാകാറില്ലായിരുന്നു. വെളുത്തു മെലിഞ്ഞുനീണ്ട, പ്രായമെത്തുന്നതിനു മുമ്പ് സാരിയുടുത്തു തുടങ്ങിയ, പക്വത നിഴലിക്കുന്ന മുഖമുള്ള ഒരു പെണ്‍കുട്ടി അവരുടെ സംഭാഷണങ്ങളുടെ ഇടയില്‍ കടന്നുവന്നെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ക്ക് ആരെയും കിട്ടാതെ ഇരിക്കുമ്പോള്‍ അവള്‍ അടുത്തുകൂടെയെങ്ങാനും കടന്നുപോവുകയാണെങ്കില്‍ എല്ലാവരും കൂടി ഒച്ചവയ്ക്കും:

“പല്ലീ, പല്ലീ, വെള്ളപ്പല്ലീ
നിനക്കൊരു വെള്ളക്കാരന്‍ വെളുമ്പന്‍ വരും.”

അവളതുകേട്ട് ഒരു കൂസലൊന്നുമില്ലാതെ, തിരിഞ്ഞുപോലും നോക്കാതെ കടന്നു പോകും.

ഒരു ദിവസം രണ്ടും കല്‍പ്പിച്ച് അയാള്‍ കൂട്ടുകാരോട് അവളുടെ പേരന്വേഷിച്ചു.

“അന്നാ മോളി. ഉം എന്താ, നോട്ടമുണ്ടോ?”

അയാള്‍ വിളറി വെളുത്ത് ചിരിച്ചു; അവരുടെ പാട്ടിലെ വെളുമ്പന്‍ വെള്ളക്കാരനെപ്പോലെ.

കരോള്‍ സംഘത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പുറപ്പെടുന്നതിന് മുമ്പ് വിത്സണ്‍ വീട്ടില്‍ പോയി വസ്ത്രം മാറി വന്നു. ക്രിസ്മസിന് കറുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടുമാണ് ഇത്തവണ എടുത്തത്. കരോളിന് പോകുമ്പോള്‍ വയ്ക്കാന്‍ ഒരു വെളുത്ത ക്യാന്‍‌വാസ് തൊപ്പിയും വാങ്ങി.

പുറത്ത് നല്ല നിലാവാണ്. രണ്ടു ലാര്‍ജ്ജ് വിസ്കിയുമടിച്ച് ഇതുപോലുള്ള നിലാവെട്ടത്ത് കിടന്നാല്‍ സ്വര്‍ഗ്ഗം കാണാമെന്ന് ബ്രിട്ടോ അങ്കിള്‍ പറയുമായിരുന്നു. വിസ്കി കഴിച്ചാണ് അങ്കിള്‍ മരിച്ചത്. അവസാന നിമിഷങ്ങളില്‍ പോലും അങ്കിള്‍ അതാവശ്യപ്പെട്ടപ്പോള്‍ മേരി ആന്റി കൊടുക്കാന്‍ മടിച്ചു. അപ്പോള്‍ അപ്പാപ്പന്‍ പറഞ്ഞു, “അവന്റെ ആഗ്രഹമല്ലേ, കൊടുക്കൂ” എന്ന്. അതു കഴിച്ചുകഴിഞ്ഞപ്പോള്‍ അങ്കിളിന്റെ കണ്ണുകള്‍ മെല്ലെ അടയുന്നതു കണ്ടു. വേദനയ്ക്ക് ശമനം കിട്ടി, ഉറങ്ങാന്‍ തുടങ്ങുന്നതെന്നേ എല്ലാവരും വിചാരിച്ചുള്ളൂ.

കരോള്‍സംഘം വീടുകള്‍ കയറി‌ ഇറങ്ങുമ്പോള്‍ അവര്‍ സെന്റ് സ്റ്റീഫന്‍സ് തെരുവില്‍ എപ്പോഴെത്തുമെന്ന് വിത്സണ്‍ മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു. മരത്തിന്റെ അഴികളിട്ട ആ വീട്. പുതിയ ഗിത്താറിസ്റ്റിനെ കാണുമ്പോള്‍ അവിടെയുള്ളവര്‍ ശ്രദ്ധിക്കും. അതിരൂപതയില്‍ തന്നെ ഗിത്താറിസ്റ്റുകളുടെ കാര്യത്തില്‍ മുമ്പിലാണ് ആ പള്ളി. അതുകൊണ്ട് പുതിയ ഒരാളുടെ നേര്‍ക്ക് എല്ലാവരുടെയും ദൃഷ്ടികള്‍ നീളും; പാരമ്പര്യം നിലനിര്‍‌ത്താന്‍ കഴിവുള്ളവനാണോ എന്ന് അവര്‍ പിന്നെ ചര്‍ച്ച ചെയ്യും.

സെന്റ് സ്റ്റീഫന്‍സ് തെരുവില്‍ നിന്ന് മരഅഴികളിട്ട ആ വീട്ടിലേക്ക് കരോള്‍സംഘം കയറി. ഒരു നക്ഷത്രവിളക്കു മാത്രമേ മുന്‍‌വശത്ത് ഉണ്ടായിരുന്നുള്ളൂ. പുല്‍ക്കൂടോ ക്രിസ്മസ് ട്രീയോ ഒന്നും ഉണ്ടായിരുന്നില്ല.

‘ഹാപ്പി, ക്രിസ്മസ്‘ ആശംസിച്ചപ്പോള്‍ വാതില്‍ തുറക്കപ്പെടുന്നതു കണ്ടു. വിത്സന്റെ കണ്ണുകള്‍ അപ്പോള്‍ അന്നയെ തിരയുകയായിരുന്നു. അയാള്‍ക്ക് അവളെ കാണുവാന്‍ സാധിച്ചില്ല. കരോള്‍സംഘം പാടുവാനാരംഭിച്ചു:

“ബത്‌ലഹേമില്‍ കാലിത്തൊഴുത്തില്‍
വന്നു പിറന്നവനേശു നാഥാ.
താരകള്‍ തെളിക്കുമീ പാതയിലൂടെ
പാപികള്‍ ഞങ്ങള്‍ വന്നിടുന്നൂ.”

അയാള്‍ ഗിത്താറില്‍ കൈകള്‍ വച്ചപ്പോള്‍, ഈ നിമിഷത്തിനു വേണ്ടിയാണല്ലോ താന്‍ കാത്തിരുന്നതെന്നോര്‍ത്തപ്പോള്‍ മറ്റുള്ളവരെല്ലാം വെറും നിഴലുകളായി. വിത്സന്റെ ചുറ്റും ലോകം ചുരുങ്ങിച്ചുരുങ്ങി അവനും ഗിത്താറും മാത്രമായി. അയാളുടെ ആ സമയത്തെ പ്രകടനം കണ്ടാല്‍ ഗിത്താറ് പടിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെന്ന് ആരും പറയില്ല. പാട്ടു നിലച്ചപ്പോഴും അയാള്‍ അവിടെ ചുറ്റിപ്പറ്റി നിന്നു. അവളെ അപ്പോഴും പുറത്തു കാണാനുണ്ടായിരുന്നില്ല. തെരുവിലേക്കിറങ്ങിയ ശേഷം അയാള്‍ പലതവണ തിരിഞ്ഞുനോക്കി; വീട്ടുകാര്‍ ഇപ്പോഴും മുറ്റത്തു തന്നെ നില്‍ക്കുന്നുണ്ട്. എവിടെ അന്ന?

പിന്നെ പലയിടത്തു വച്ചും വിത്സന്റെ താളം തെറ്റി. ആരോ അവന്റെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു: “വിത്സണ്‍, എല്ലാത്തിലും വലുത് ഇടവകക്കാരുടെ അഭിപ്രായമാണ്. കുറച്ചുകൂടി ശ്രദ്ധിക്കണം.”

ക്രിസ്മസ് ഒരു വെള്ളിയാഴ്ച ആയിരുന്നു. ഒരു ദിവസം കൂടി കാത്തിരുന്നാല്‍ അന്നയെ പള്ളിയില്‍ വച്ചു കാണാം. കുരിശിന്റെ വഴിയിലെ ആറാം സ്ഥലത്തിന്റെ ചിത്രം തൂക്കിയിരിക്കുന്നതിന്റെ നേരെ അടിയിലാണ് അവളെ സാധാരണ കാണുക. വേറോനിക്ക പങ്കപ്പാടുകള്‍ക്ക് വിധേയനായ ഈശോയുടെ തിരുമുഖം തന്റെ തൂവാലകൊണ്ട് തുടക്കുന്ന സന്ദര്‍‌ഭമാണത്. സാരിത്തലപ്പുകൊണ്ട് ശിരസ്സുമൂടി പള്ളിയില്‍ നില്‍ക്കുമ്പോള്‍ അന്ന ചിത്രത്തിലെ വേറോനിക്കയെപ്പോലെ തോന്നിക്കും.

ഞായറാഴ്ച കുര്‍ബാന നടക്കുമ്പോള്‍ ആറാം സ്ഥലത്തേക്ക് വിത്സന്റെ കണ്ണുകള്‍ ഇടക്കിടെ നീണ്ടുചെന്നു. അന്നയെ അവിടെ കാണാതാവുമ്പോള്‍ മുകളില്‍ വച്ചിരിക്കുന്ന ചിത്രത്തില്‍ നോക്കി അയാള്‍ ദൃഷ്ടികള്‍ പിന്‍‌വലിക്കും. ഇപ്പോള്‍ അവിടെ ഒരു വൃദ്ധയാണ് നില്‍ക്കുന്നത്. അവള്‍ ഇന്ന് വരില്ല. മുമ്പൊരിക്കലും അവള്‍ പള്ളിയില്‍ വൈകിവരുന്നത് അയാള്‍ കണ്ടിട്ടില്ല.

പിറ്റെ ഞായറാഴ്ചയും നെല്ലിന്‍പൂവുപോലെ മെലിഞ്ഞുനീണ്ട അവളുടെ രൂപം വിത്സന്റെ കണ്ണുകളില്‍ വന്നു വീണില്ല.

അവള്‍ക്കെന്തു പറ്റി? അതിന്ന് എന്തായാലും അറിയണം- വിത്സന്‍ തീരുമാനിച്ചു. പക്ഷേ, ആരോട് ചോദിക്കാന്‍?

വിന്‍സ‌ന്റ് ഡി പോളിന്റെ മാസപ്പിരിവിന്റെ ദിവസമായിരുന്നു അന്ന്. ഒരു വാര്‍ഡിലെ പിരിവ് താന്‍ ചെയ്യാമെന്ന് വിത്സന്‍ ഏറ്റു. ദൂരേക്ക് പോകാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതിനാല്‍ അന്നയുടെ വീടിരിക്കുന്ന ഭാഗത്തെ പിരിവ് വിത്സന് എളുപ്പം കിട്ടി.

നേരിയ ഭയത്തോടെയാണ് അയാള്‍ അവളുടെ വീട്ടിലെ പടി തുറന്നത്. അതുവരെ മനസ്സില്‍ കരുതിക്കൊണ്ടുവന്നതെല്ലാം ചോര്‍ന്നൊലിച്ചു പോകുന്നതു പോലെ.

“ഇന്ന് പുതിയ ആളാണല്ലോ. കരോള്‍സംഘത്തിലെ ഗിത്താറിസ്റ്റല്ലേ?” അന്നയുടെ അമ്മയാണെന്നു തോന്നുന്നു.

അയാള്‍ ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.

പോരാനൊരുങ്ങുമ്പോള്‍ ധൈര്യം സംഭരിച്ച് ചോദിച്ചു, “അന്നയിപ്പോള്‍ എവിടെ?”

“അന്നയുടെ ക്ലാസ്സ്മേറ്റായിരുന്നോ?”

“അല്ല, പരിചയമുണ്ട്.” അവര്‍ വേറെയൊന്നും ചോദിക്കാഞ്ഞത് ഭാഗ്യം.

“അവള്‍ ക്രിസ്മസ്സിന് രണ്ടു ദിവസം മുമ്പ് രാജസ്ഥാനിലേക്ക് പോയി; അവിടെ ഒരു മടത്തില്‍ ചേരാന്‍. ഉണ്ണിയേശുവിന് വേണ്ടി അവള്‍ ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ക്രിസ്മസ് കഴിഞ്ഞു പോയാല്‍ മതിയെന്ന് ഞങ്ങള്‍ കുറെ പറഞ്ഞു നോക്കി. പക്ഷേ, അവളുടെ തീരുമാനത്തില്‍ മാറ്റമൊന്നു ഉണ്ടായില്ല. ക്രിസ്മസ് ദിനത്തിന്റെ അന്ന് മുഴുവന്‍ അവള്‍ ട്രെയിനില്‍ ആയിരുന്നു. അപ്പോള്‍ തനിച്ചിരുന്ന് ഉണ്ണീശോയെ മാത്രം മനസ്സില്‍ ധ്യാനിക്കാമല്ലോ എന്നാണ് അവള്‍ പറഞ്ഞത്. ഞങ്ങള്‍ പിന്നെ തടഞ്ഞില്ല. ഒരു നല്ല കാര്യത്തിന് ഇറങ്ങിത്തിരിച്ചതല്ലേ.”

വിത്സന്‍ എല്ലാം കേട്ടു നിന്നു. അയാള്‍ക്കൊന്നും പറയാനില്ല. അവരുടെ കാരുണ്യം നിറഞ്ഞ നോട്ടത്തില്‍ നിന്ന് കണ്ണുകള്‍ ‍‌വലിച്ച്, പുറത്തേക്കിറങ്ങുമ്പോള്‍ തെരുവ് വെയിലില്‍ ചുട്ടുപഴുത്ത് കിടക്കുന്നതായി അയാള്‍ അറിഞ്ഞു.

6 comments:

t.k. formerly known as thomman said...

ക്രിസ്മസ് കാലത്തേക്ക് ഒരു കഥ കൂടി. 1986-90 സമയത്ത് എഴുതിയതാണ്‍. എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല; ആദ്യമായി വെബ്ബില്‍ വെളിച്ചം കാണുന്നു.

ഞാനെഴുതിയ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്രിസ്മസ് കഥ, “സാന്താക്ലോസ്” ആണ്‍. മുകളില്‍ പറഞ്ഞ കാലയിളവില്‍ അത് സഖി വാരികയില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. വാരികയും ഒറിജിനലും എല്ലാം കളഞ്ഞുപോയി. ഓര്‍മയില്‍ നിന്ന് ആ കഥ വീണ്ടും എഴുതണമെന്നുണ്ട്. പക്ഷേ, അക്കാലത്തെ നിഷ്ക്കളങ്കത ഇനിയും സൃഷ്ടിക്കാന്‍ സാധിക്കുമോയെന്ന് സംശയമാണ്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ കഥയായാലും, അതൊരുപാടു ഇഷ്ടമായി.

oru blogger said...

നോര്‍ത്-പോളില്‍ പോയി ‍സാന്താക്ലോസിനെ ഒന്നു കണ്ടുവരൂ മാഷെ. എല്ലാം വീണ്ടും ഓര്‍മ്മയില്‍ തെളിയും..

Sherlock said...

തൊമ്മന്‍ കൊള്ളാട്ടോ...പിന്നെ സാന്താക്ലോസ് ഓര്‍മ്മയില്‍ നിന്നും ഒന്നു ചികഞ്ഞെടുത്തോളൂ...:)

kuttappan said...

Good story.

t.k. formerly known as thomman said...

പ്രിയ,തമ്പി അളിയന്‍, ജിഹേഷ്, കുട്ടപ്പന്‍:
കഥ വായിച്ചതിനും നല്ല വാക്കുകള്‍ക്കും നന്ദി.

ജിഹേഷ്:
‘സാന്താക്ലോസ്’ ക്രിസ്മസിന്‍ മുമ്പ് പോസ്റ്റണമെന്ന് ആഗ്രഹമുണ്ട്. writers block-ന്റെ കാഠിന്യം എത്രയുണ്ടെന്ന് നോക്കട്ടെ. എഴുതി തീര്‍ക്കാന്‍ പറ്റുകയാണെങ്കില്‍‍ അറിയിക്കാം.