Sunday, March 30, 2008

വീട് - ഒരു റേഡിയോ നാടകം

കഥാപാത്രങ്ങള്‍
ഗോപി
അമ്മ
രഘു (അനിയന്‍)
അശ്വതി (അനിയത്തി)
ശ്രീദേവി (ഭാര്യ)
ശോഭ (പൂര്‍‌വ്വ കാമുകി)



രംഗം 1

(കാര്‍ വന്ന് നിറുത്തുന്നു. ഡോറും ഡിക്കിയും മറ്റും തുറക്കുന്ന ശബ്ദങ്ങള്‍.)

ഗോപി: (വിളിക്കുന്നു) അമ്മേ... അമ്മേ.
അമ്മ: (അകത്തുനിന്നുള്ള ശബ്ദം) ആരാ... ഗോപ്യാണോ?

(വാതില്‍ തുറക്കുന്ന ശബ്ദം.)

അമ്മ: നിന്നെ ഇത്ര നേരായിട്ടും കാണാതായപ്പോള്‍ ഊണുകഴിച്ച് ഞാനൊന്നു മയങ്ങാന്‍ നോക്കുവാരുന്നു. വരുന്ന ദിവസം കൂടി വച്ച് എഴുതാമായിരുന്നല്ലോ മോനെ. എന്നാല്‍ രഘൂന് വിമാനത്താവളത്തിലെങ്കിലും വന്ന് നില്‍ക്കായിരുന്നു. ഇപ്പൊ, ഈ പെട്ടീം ഭാണ്ഡോം ഒക്കെ നീ തന്നെ കെട്ടി പൊക്കേണ്ടി വന്നില്ലേ? രഘു ഇപ്പൊ പൊറത്തേക്ക് പോയതേയുള്ളൂ.

ഗോപി: അതിനല്ലേ അമ്മേ ഞാന്‍ കാറ് വിളിച്ചത്. എനിക്ക് ബോംബെയില്‍ ഇറങ്ങിയിട്ട് ഒരു കാര്യമുണ്ടായിരുന്നു. അവിടെ നിന്ന് എന്ന് തിരിക്കാനാവിമെന്നും നിശ്ചയമില്ലായിരുന്നു. അതാണ് ഇവിടെ എത്തുന്ന ദിവസം കൃത്യമായി അറിയിക്കാനാവാഞ്ഞത്. ഞാനിപ്പൊ വരാം. ഈ കാറുകാരനെ ഒന്നു പറഞ്ഞു വിട്ടോട്ടെ.

അമ്മ: അശ്വതീ.. നീയവിടെ എന്തെടുക്കാ? ഗോപ്യേട്ടന്‍ എത്തി.

(കാര്‍ വിട്ടുപോകുന്നു. അകത്തുനിന്നും ഓടിവരുന്നതിന്റെ ശബ്ദം.)

അശ്വതി: എന്റെ ഗോപ്യേട്ടാ, കാത്തിരുന്നു മടുത്തു. ഗോപ്യേട്ടന്‍ വരുന്നുണ്ടെന്നറിഞ്ഞേപ്പിന്നെ എനിക്കെന്തായിരിക്കും കൊണ്ടുവരുന്നതെന്ന് ആലോചിച്ച് തല പുണ്ണാക്കായിരുന്നു.

ഗോപി: ദാ, ആ പെട്ടിയില്‍ നിനക്കൊരു ചെറുക്കനെ കൊണ്ടുവന്നിട്ടുണ്ട്.

അശ്വതി: പോ, ഗോപ്യേട്ടാ. ഇത്രേം നാള്‍ കളിയാക്കാന്‍ വേറെ ആരെ കിട്ട്യേ?

ഗോപി: ഞാന്‍ ഇവിടെ നിന്ന് പോയതിനു ശേഷം ഒരു മാറ്റവും വന്നില്ലല്ലോ നിനക്ക്.

അശ്വതി: അതു ശരി. ഗോപ്യേട്ടന്‍ പോകുമ്പോള്‍ ഞാന്‍ ഫുള്‍ടൈം പാവാടക്കാരി അല്ലായിരുന്നോ? ഇപ്പോള്‍ ഞാന്‍ വീട്ടില്‍പ്പോലും സാരിയാണ് ഉടുക്കുന്നത്.

ഗോപി: ഉം, കമ്പില്‍ തുണി ചുറ്റിയ പോലുണ്ട്.

അശ്വതി: ഗോപ്യേട്ടന് വിവരമില്ലാഞ്ഞിട്ടാ. എന്നെപ്പോലെ സ്ലിം ആകാന്‍ എത്രപേര്‍ ആഹാരമുപേക്ഷിച്ച് വയറും‌പുകച്ച് നടക്കുന്നുണ്ടെന്ന് അറിയാമോ?

അമ്മ: നീയൊന്ന് മാറുന്നുണ്ടോ അശ്വതി? അവനകത്തേക്ക് കയറി ഒന്ന് ഇരുന്നോട്ടെ. നീയാ പെട്ടിയൊക്കെ എടുത്ത് വയ്ക്ക്.

ഗോപി: അമ്മേ,ശ്രീദേവിയെവിടെ? അവള്‍ ഇവിടെയുള്ള യാതൊരു ലക്ഷണവുമില്ലല്ലോ.

അമ്മ: അവളെ മിണ്ടാനും പറയാനുമൊക്കെ വളരെ കുറച്ചേ കിട്ടാറുള്ളൂ. അശ്വതി കൊണ്ടുവരുന്ന പുസ്തകങ്ങളുമെടുത്ത് ആ പറമ്പില്‍ എവിടെയെങ്കിലും പോയി ഇരിക്കുന്നതു കാണാം. വായന തന്നെ ശരണം.

ഗോപി: ഞാനിതൊക്കെ ഒന്ന് അഴിച്ചിടട്ടെ. ഭരങ്കര ചൂട്.

രംഗം 2

ഗോപി: ശ്രീദേവി, നീയെന്തായിങ്ങനെ ഒന്നും മിണ്ടാതെയിരിക്കുന്നത്. ഗള്‍ഫ് വിശേഷങ്ങള്‍ കേട്ട് ബോറടിച്ചു കാണും. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന് നിനക്കറിയില്ലേ. ആ ഏഴു ദിവസത്തെ ദാമ്പത്യജീവിതത്തിനിടയില്‍ നമുക്കൊന്നും ഓര്‍ക്കാനുണ്ടായില്ല. തികച്ചും അപരിചിതര്‍. അതിനിടയില്‍ എന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകളുടെ തിരക്ക്. ഇനിയതൊന്നും ഉണ്ടാവില്ല മോളെ, ഞാനിനി എങ്ങും പോകുന്നില്ല. നമ്മുടെ ഈ കൊച്ചുവീട്. അതിനുള്ളില്‍ നമ്മുടെ കൊച്ചുസ്വപ്നങ്ങളുമായി ശേഷിക്കുന്ന കാലം.

ശ്രീദേവി: എനിക്ക് ഉണര്‍ത്താനാവുന്നതിലധികം മരവിച്ചുപോയി ഗോപ്യേട്ടാ എന്റെ മനസ്സ്. മൂന്നു വര്‍ഷക്കാലം എനിക്കുകൂട്ടായി ഞാന്‍ മാത്രമേ ഇവിടെ ഉണ്ടായുള്ളൂ; പിന്നെ കഥകളിലെ കുറെ കഥാപാത്രങ്ങളും. മറ്റൊരു കഥയ്ക്കിടയിലൂടെ കടന്നുപോകുന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. ആ അപരിചിതത്വത്തിന്റെ ദൈര്‍ഘ്യം ഗോപ്യേട്ടന്റെ അടുത്തേക്ക് ഇപ്പോഴുമുള്ളതുപോലെ.

ഗോപി: നീ നല്ലൊരു വായനക്കാരിയല്ലേ. നല്ലൊരു കഥ വായിക്കുകയാണെന്ന് വിചാരിച്ചാല്‍ മതി. നമ്മുടെ മനസ്സിലേക്ക് ചൂഴ്ന്നു കയറുന്ന ചില കഥകളില്ലേ; അവയെപ്പോലെ ഒന്ന്. പിന്നെ നമുക്ക് കഥാപാത്രങ്ങളുടെ രീതിയില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും പറ്റും. ഒരു കണക്കിന് അതുതന്നെയല്ലേ ദേവി നമ്മുടെ ജീവിതവും.

ശ്രീദേവി: ഐ ഷാള്‍ ട്രൈ മൈ ബെസ്റ്റ് ഉണ്ണ്യെട്ടാ. (ചിരിക്കുന്നു.) ഈ രാത്രി തത്വചിന്ത പറഞ്ഞ് കളയാനുള്ളതല്ല. പക്ഷേ, ഭയങ്കര ചൂട്, അല്ലേ ഉണ്ണ്യേട്ടാ?

ഗോപി: ശരിയാണ്. ഞാനും നല്ലവണ്ണം വിയര്‍ക്കുന്നുണ്ട്. ദേവി ആ ഫാനൊന്നിടൂ.

(അല്പസമയം കഴിഞ്ഞ്)

ശ്രീദേവി: ഗള്‍ഫിലെ കുറെ വിശേഷങ്ങള്‍ പറഞ്ഞിട്ടും എനിക്കറിയാനാഗ്രഹമുള്ള ഒരു കാര്യം ഗോപ്യേട്ടന്‍ പറഞ്ഞില്ല.

ഗോപി: എന്താ‍ അത്? നില്ക്ക്, ഞാനൊന്ന് ആലോചിച്ചോട്ടെ. ഉം...ഉം... ഇല്ല. പറയാന്‍ പ്രത്യേകിച്ച് ഇനിയൊന്നുമില്ല. ഓര്‍മയുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.

ശ്രീദേവി: എല്ലാം പറഞ്ഞോ?

ഗോപി: പറഞ്ഞു. പറഞ്ഞില്ലെങ്കില്‍ എന്താത്? കേള്‍ക്കട്ടെ.

ശ്രീദേവി: ഉണ്ണ്യേട്ടന്‍ സുഖായിരുന്നോ?

ഗോപി: ഹ...ഹ...ഹ... (ഉറക്കെ ചിരിക്കുന്നു.) പരമാന്ദസുഖം. എ.സി. റൂം; പ്രതീക്ഷിച്ചതിലധികം ശമ്പളം; നല്ല ഭക്ഷണം. (പതുക്കെ) പക്ഷേ, സന്തോഷം മാത്രമില്ലായിരുന്നു, മാസത്തിലൊരു ദിവസമൊഴിച്ച്.

ശ്രീദേവി: എന്നാണത്?

ഗോപി: ദേവിക്കറിയില്ലേ? ദേവിയുടെ കത്തുകിട്ടുമ്പോള്‍.

ശ്രീദേവി: അതിനു നമ്മള്‍ പെന്‍ ഫ്രെണ്ട്സ് പോലെയല്ലായിരുന്നോ; ലോകത്തിന്റെ രണ്ടുഭാഗത്തിരുന്ന് കത്തുകള്‍ എഴുതിക്കൂട്ടുക. കുറച്ചുദിവസം നേരില്‍ കണ്ടിട്ടുണ്ടെന്നു മാത്രം.

ഗോപി: (പെട്ടന്ന് സ്വരമുയര്‍ത്തി) ദേവീ ?!

ശ്രീദേവി: ഓ,എന്താ ഗോപ്യേട്ടാ? ഞാനൊരു തമാശ പറഞ്ഞതല്ലേ.

ഗോപി: (ഉറക്കെ ചിരിച്ചുകൊണ്ട്) തമാശ, ഉഗ്രന്‍ തമാശ. (വീണ്ടും വീണ്ടും ചിരിക്കുന്നു.)

ശ്രീദേവി: ഗോപ്യേട്ടാ, എന്താത്? തലക്ക് സ്ഥിരതയില്ലാത്തവരെപ്പോലെ; എന്തോ കേട്ടതിന് ചിരി തന്നെ ചിരി.

ഗോപി: (ചിരി നിറുത്തി ഇടറുന്ന കണ്ഠത്തോടെ) ഞാന്‍ ചിരിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ എല്ലാം ഓര്‍ത്തുപോയാലോ ദേവീ ?

ശ്രീദേവി: നമുക്കിനി വേറെയെന്തെങ്കിലും പറയാം ഗോപ്യേട്ടാ. അതൊക്കെപ്പോട്ടേ. ങ്ഹാ... പിന്നെ ഗോപ്യേട്ടാ, രഘു എന്നെ ഒരു കാര്യം പറയാന്‍ ഏല്‍പ്പിച്ചിരുന്നു.

ഗോപി: ഉം, എന്താ? പണത്തിന്റെ വല്ല കാര്യവുമായിരിക്കും.

ശ്രീദേവി: ചെറുപ്പക്കാരെല്ലേ ഗോപ്യേട്ടാ, മനസ്സില്‍ പല ആശയങ്ങളും കാണും. വേറെ രണ്ടുപേരുമായി ചേര്‍ന്ന് കട തുടങ്ങാനെന്നാ പറഞ്ഞത്. ചേട്ടനെ നേരിടാന്‍ വലിയ പേട്യാ. അതിനുമുമ്പ് എന്നോടൊന്ന് പറഞ്ഞുവച്ചേക്കാന്‍ പറഞ്ഞു.

ഗോപി: കാശ്...കാശ്...കാശ്. അവനെപ്പോഴും കാശിന്റെ വിചാരമേയുള്ളൂ. എന്നെ നേരിടാനും പേടികാണും. അന്ന്‌ എഴുതി വരുത്തിയ പണമൊക്കെ അവനെന്താ ചെയ്തേ?

ശ്രീദേവി: തന്റെ കൈയിലുണ്ടായിരുന്ന പണം വരെ നമ്മുടെയീ വീടിനുവേണ്ടി ചിലവാക്കിയെന്നാ രഘു പറയുന്നത്. പാവം! വീടുപണിക്കു വേണ്ടി വളരെ ബുദ്ധിമുട്ടി.

ഗോപി: ബുദ്ധിമുട്ടിയെങ്കിലെന്താ? അതിനുതക്ക പ്രതിഫലവും അവന്‍ ഈടാക്കിയിട്ടുണ്ടാവും. ഒരന്യനെ ഏല്പിച്ചിരുന്നെങ്കില്‍ ഇത്രയധികം പണം ഈ വീടിനുവേണ്ടി ചിലവാകുമായിരുന്നില്ല.

ശ്രീദേവി: അങ്ങനെ പറയരുത് ഗോപ്യേട്ടാ. ഗോപ്യേട്ടന്‍ പോയതിനുശേഷം വീട്ടുകാര്യങ്ങള്‍ നോക്കിനടത്തേണ്ടിയിരുന്നതുകൊണ്ട് സ്വന്തം കാര്യം പോലും രഘുവിന് നോക്കാനായോ?

ഗോപി: അവനെന്തിന് കഷ്ടപ്പെടാന്‍ പോണം ദേവി. എന്റെ വിയര്‍പ്പിന് അവിടെ പൊന്നിന്റെ വിലയല്ലേ കിട്ടിക്കൊണ്ടിരുന്നത്. ഇവിടെയുള്ള അവന്റെ കൂട്ടുകെട്ടും പണം‌പോകുന്ന വഴിയുമെല്ലാം എനിക്കറിയാം. എന്റെ ഓരോ ചില്ലിപ്പൈസക്കും എനിക്ക് കണക്കുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് ഇത്രപ്പെരുത്ത് പണം ചിലവാക്വോ? ദേവിക്കറിയാമോ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് അവനെനിക്ക് രണ്ടേരണ്ട് കത്താണ് വിട്ടത്. അതുരണ്ടും പണമാവശ്യപ്പെട്ടുകൊണ്ടുള്ളതും. അതിനിവിടെ എന്തടിയന്തിരമാണ് അവന്‍ നടത്തിക്കൊണ്ടിരുന്നത്. ഇനിയിപ്പൊ കടയ്ക്ക് കാശുവേണം പോലും, ഇങ്ങുവരട്ടെ.

ശ്രീദേവി: അതൊക്കെ നിങ്ങള്‍ ചേട്ടനനിയന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കിയേക്കൂ.

ഗോപി: ദേവി ഓര്‍പ്പിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞുപോയെന്നേയുള്ളൂ. എന്റെ മനസ്സിലുള്ളതൊക്കെയൊന്ന് പറഞ്ഞുതീര്‍ക്കണമായിരുന്നു. പുറത്തുള്ളവരോട് പറഞ്ഞാല്‍ അവരെന്തോര്‍ക്കും.

ശ്രീദേവി: (കുറച്ച് കൃത്രിമത്വത്തോടെ) എന്തോ, എനിക്കിതിലൊന്നും തീരെ താല്പര്യം തോന്നുന്നില്ല.

(അല്പനേരം നിശബ്ദത. ഫാന്‍ കറങ്ങുന്ന ശബ്ദം തുടങ്ങിയവ.)

ഗോപി: (പ്രേമപൂര്‍വ്വം) ദേവീ...

ശ്രീദേവി: ഗോപ്യേട്ടന്റെ മുഖം ഇപ്പോള്‍ ഒരു കുട്ടിയുടേതാണ്; മനസ്സിലെ വികാരങ്ങള്‍ മുഴുവന്‍ മുഖത്ത്‌കൊണ്ടുനടക്കുന്ന ഒരു ആണ്‍കുട്ടിയുടെ.

ഗോപി: ദേവി, നമുക്കീ രാവി സ്വന്തമാക്കേണ്ടേ? നമ്മുടെയോര്‍മള്‍ക്ക് വേണ്ടി സൂക്ഷിക്കാന്‍.

ശ്രീദേവി: (ഈര്‍ഷ്യയോടെ) ഇങ്ങനെ പിടിച്ചമര്‍ത്താതെ ഗോപ്യേട്ടാ. ഭയങ്കര ഉഷ്ണം. നമുക്ക് പുറത്തേക്കിരിക്കാം. നല്ല നിലാവുണ്ട്, തണുത്തകാറ്റും.

ഗോപി: (ഉല്‍ക്കണ്ഠയോടെ) ദേവീ...

രംഗം 3

ഗോപി: ഉം, എന്താ?

രഘു: ഏട്ടനോട് ഏടത്തിയമ്മയെന്തെങ്കിലും പറഞ്ഞോ?

ഗോപി: എന്നോട് അവള്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരുക്കുന്നു. ഇപ്പോള്‍ ഏതു കാര്യമാണെന്നാണ് ഞാന്‍ ഊഹിക്കുക?

രഘു: എന്നെക്കുറിച്ചെന്തെങ്കിലും...?

ഗോപി: നിന്നെക്കുറിച്ച് നീയല്ലേ പറയേണ്ടത്, ഏടത്തിയമ്മയല്ലല്ലോ.

രഘു: ഏട്ടനെന്താ മനുഷ്യനെ കാണാത്തതുപോലെ.

ഗോപി: നീ മനുഷ്യനല്ലാത്തതുകൊണ്ടു തന്നെ. നിനക്ക് നാണമുണ്ടോ എന്നോട് പണം ചോദിക്കാന്‍? നിനക്ക് തന്ന പണമൊക്കെ നീയെന്തു ചെയ്തു?

രഘു: അപ്പോള്‍ ഏട്ടനെല്ലാം മനസ്സിലാക്കിക്കൊണ്ടാണ്. പിന്നെയീ നാടകത്തിന്റെ അര്‍ത്ഥം?

ഗോപി: ഞാന്‍ നിന്റെ വളച്ചുകെട്ടലുകളെങ്ങനെയെന്നു നോക്കുകയായിരുന്നു. മന:സാക്ഷിക്കുത്തുകൊണ്ടല്ലേ നീയെന്റെ നേരെ വന്ന് പണം ആവശ്യപ്പെടാത്തത്? മറ്റുള്ളവരുടെ ഒത്താശ തേടുന്നത്? പിന്നെ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഞാനയച്ചുതന്ന പണമൊക്കെ നീയെന്തുചെയ്തെന്ന് എനിക്കറിയണം.

രഘു: (സ്വരമുയര്‍ത്തി) പണമെന്തു ചെയ്തെന്നോ? മൂന്നുകൊല്ലം വീടുനടത്തി. പിന്നെയൊരു വീട് പണിതു തന്നില്ലേ?

ഗോപി: ഉവ്വാടാ, അതിനൊക്കെ എത്ര ചിലവു വരുമെന്ന് നീയെന്നെ പഠിപ്പിക്കണ്ട. നിന്റെ കൂട്ടുകെട്ടും പണം പോകുന്ന വഴിയും എനിക്കറിയാം.

രഘു: (സ്വരമുയര്‍ത്തിക്കൊണ്ടു തന്നെ) അങ്ങനെയാണെങ്കിത്തന്നെ ഏട്ടനെന്തായിത്ര കോപിക്കാന്‍? എനിക്കുകൂടി അവകാശപ്പെട്ട സ്വത്തുകൊണ്ടല്ലേ പഠിച്ചതും വലിയ ആളായതുമൊക്കെ. ഞാനതിന്റെ പലിശ ചിലവാക്കിയെന്ന് കരുതിയാല്‍ മതി. പിന്നെയൊരു കാര്യം. എനിക്കെന്റെ ന്യായമായ അവകാശം കിട്ടണം. എനിക്കെന്റെ വഴി; ഏട്ടന് ഏട്ടന്റെ വഴി. ഞാന്‍ പോകുന്നു.

ശ്രീദേവി: എന്നാലും രഘൂനോട് ഇങ്ങനെയൊന്നും പറയേണ്ടായിരുന്നു, ഇത്ര കടിച്ചുപിടിച്ച്.

ഗോപി: ദേവി അകത്തു പോ. ആരെ എങ്ങനെയൊക്കെ നേരിടണമെന്ന് എനിക്കറിയാം.

രംഗം 4

ഗോപി: (വാതിലില്‍ മുട്ടിക്കൊണ്ട് വിളിക്കുന്നു) ദേവീ...ദേവീ

(അകത്ത് തിടുക്കത്തില്‍ പെരുമാറുന്നതിന്റെ സൂചനകള്‍. കുശുകുശുക്കലുകള്‍. പിന്നെ വാതില്‍ തുറക്കുന്ന ശബ്ദം.)

ഗോപി: ദേവീ, യു ആര്‍ നോട്ട് സോ കെയര്‍ഫുള്‍. ബ്ലൌസിന്റെ ഹുക്കിടാന്‍ പോലും നീ മറന്നിരിക്കുന്നു.

ശ്രീദേവി: അത്...അത്...

ഗോപി: (ഉറക്കെ) ഈ സമയത്തെന്നെ പ്രതീക്ഷിച്ചില്ല അല്ലേ? ഇത് വ്യഭിചാരശാലയാക്കിയത് ഞാനറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ വരില്ലായിരുന്നു.

(അകത്തുനിന്ന് ആരോ നടന്നടുക്കുന്ന ശബ്ദം.)

ഗോപി: ഓഹോ, ഇതെന്റെ പൊന്നനുജന്‍ തന്നെയാണല്ലോ. (മുഖത്തടിക്കുന്ന ശബ്ദം.) ആരുപറഞ്ഞെടാ പട്ടീ നിന്നോടിവിടെ വരാന്‍? (നിശബ്ദത) എന്താടാ മുനിഞ്ഞു നില്‍ക്കുന്നത്? (വീണ്ടും അടിക്കുന്ന ശബ്ദം.) നിന്റെ നാക്കിറങ്ങിപ്പോയോ?

ശ്രീദേവി: ഗോപ്യേട്ടാ, ഇനി രഘുവിനെ അടിക്കരുത്, ഞാന്‍ പറഞ്ഞിട്ടാ അവന്‍ വന്നത്.

ഗോപി: (അവിശ്വസിനീയഭാവം സ്വരത്തില്‍) അപ്പോള്‍ നീ...

ശ്രീദേവി: ഉം, സംശയിക്കേണ്ട. ഞാന്‍ തന്നെ ശ്രീദേവി. മൂന്നുവര്‍ഷം മുമ്പ് നിങ്ങള്‍ ഇവിടെ കെട്ടിയിട്ടിട്ട് പോയില്ലേ, അവള്‍ തന്നെ.

രഘു: ശ്രീദേവി, ഞാന്‍ പോകുന്നു.

ഗോപി: അപ്പോള്‍ നീ ഒരുമ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ശ്രീദേവി: കുറെ കനലുകള്‍ വിതറിയിട്ടല്ലേ ഗോപ്യേട്ടന്‍ പോയത്. ഈ വേനലില്‍ അതാളിപ്പടര്‍ന്നെങ്കില്‍ എന്താണിത്ര അത്ഭുതം?

ഗോപി: ഛീ, വേദം പ്രസംഗിക്കുന്നോ? കടക്കെടീ പടിക്കുപുറത്ത്.

ശ്രീദേവി: ഗോപ്യേട്ടന്‍ ആരുടെ വീട്ടില്‍ നിന്നാണീ പറയുന്നതെന്ന് അറിയാമോ?

ഗോപി: ഉവ്വാടീ, നിന്റെ തന്തേടെ വകയല്ലേ ഇത്.

ശ്രീദേവി: എന്റെ അച്ഛന്റെ വകയല്ല, എന്റെയാണ്. എനിക്ക് എഴുതിതന്നിരിക്കുന്ന പുരയിടത്തില്‍ വയ്ക്കുന്ന വീടും നിയമപരമായി എന്റേതാണ്. പിന്നെ ഞാന്‍ വെറും കൈയോടെയൊന്നുമല്ലല്ലോ ഇങ്ങോട്ടു വന്നത്. അതും കൊണ്ടല്ലേ എല്ലായിടത്തും പോയതും സമ്പാദിച്ചതുമൊക്കെ.

ഗോപി: അപ്പോള്‍ ഞാന്‍ കണ്ടത് ആകസ്മികമല്ല.

ശ്രീദേവി: കരുതിക്കൂട്ടിയാണെന്ന് വിചാരിച്ചോളൂ. പുറത്തുള്ളവര്‍ക്കും അറിയാം കുറേശ്ശെ. പക്ഷേ, കൃഷ്ണമേനോന്റെ മകളെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ആരറിഞ്ഞാലെന്ത്? തക്കം കിട്ടിയാല്‍ ഇതിലും വലുത് കാട്ടിക്കൂട്ടാന്‍ മടിക്കാത്തവരാണ് എല്ലാവരും. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ?

ഗോപി: അപ്പോള്‍ ഞാന്‍ പലരില്‍ ഒരാള്‍ മാത്രം. എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ.

ശ്രീദേവി: ഗുഡ് ലക്ക്.

(പുറത്ത് ഇടിവെട്ടിന്റെയും മഴ പെയ്യുന്നതിന്റെയും ശബ്ദങ്ങള്‍.)

രംഗം 5

(മഴ തിമര്‍ത്ത് പെയ്യുന്ന ശബ്ദം. ഇടയ്ക്കിടെ ഇടിവെട്ടുന്നുമുണ്ട് ഈ രംഗത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവനും.)

(കതകില്‍ മുട്ടുന്ന ശബ്ദം.)

അകത്തുനിന്നും സ്ത്രീശബ്ദം: ആരാത്?

ഗോപി: (സ്വരം താഴ്ത്തി) ഞാനാ ശോഭേ, പെരിഞ്ചേരിയിലെ ഗോപി.

(കതകു തുറക്കുന്ന ശബ്ദം.)

ശോഭ: ഗോപ്യേട്ടാ, വാതില്‍പ്പടിയില്‍ കാലുതട്ടാതെ സൂക്ഷിക്കണം. വിളക്കിന് തീരെ വെട്ടം കിട്ടണില്ല. ദാ,ഇവിടെ തുണിയുണ്ട്, തല തുവര്‍ത്തിക്കൊള്ളൂ.

(നീണ്ടുനില്ക്കുന്ന വലിയൊരു ഇടിവെട്ടിന്റെ ശബ്ദം.)

ശോഭ: ഗോപ്യേട്ടന്‍ മഴ കൊള്ളാതിരിക്കാന്‍ ഇങ്ങോട്ട് കയറിയതാണോ?

ഗോപി: അല്ല, ഞാന്‍ ഇങ്ങോട്ടു തന്നെ പോന്നതാണ്.

ശോഭ: വന്നെന്നു കേട്ടപ്പോള്‍ ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ചിതലെടുക്കുന്ന താളുകള്‍ എന്തിന് തട്ടിക്കുടഞ്ഞ് എടുക്കണമെന്നു തോന്നി. അവ തന്നെ ഭക്ഷിച്ചു തീര്‍ക്കുന്നതല്ലേ ഭംഗി.

ഗോപി: (വെപ്രാളത്തോടെ) ഹൊ... ഉവ്വ്... മുത്തശ്ശിയെവിടെ ശോഭേ?

ശോഭ: അടുത്ത മുറിയിലുണ്ട്. ആദ്യമൊക്കെ പുറത്തുള്ളവരുടെ ശബ്ദം കേട്ടാല്‍ ആരാണെന്നു വിളിച്ചു ചോദിക്കുമായിരുന്നു. പിന്നെ അതു പരിചയായി. വയസ്സേറെ ആയിട്ടും ബുദ്ധിക്കു യാതൊരു ക്ഷതവുമില്ല. തന്റെ പൊടിയരിക്കഞ്ഞിക്കാണെങ്കിലും വേറെ വഴിയൊന്നുമില്ലെന്ന് അവര്‍ക്കറിയാം. വലിയമംഗലത്തെ നാറാണന്‍ നായരുടെ കൊച്ചുമകള്‍ക്ക് പുറത്ത് കൂലിപ്പണിക്ക് പോകാനൊക്ക്വോ?

ഗോപി: അപ്പോള്‍ ഞാന്‍ കേട്ടത്...?

ശോഭ: മിക്കവാറും തെറ്റാന്‍ സാധ്യതയില്ല.

ഗോപി: ഞാന്‍ ചിലത് ആലോചിച്ചുറപ്പിച്ചാണ് വന്നിരിക്കുന്നത്. (ദൃഢമായ ശബ്ദത്തില്‍) അവരുടെയൊക്കെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ എനിക്ക് നിന്റെ തുണ വേണം.

ശോഭ: ഞാനത് എത്രവട്ടം കേട്ടിരിക്കുന്നു ഗോപ്യേട്ടാ. (തേങ്ങുന്നു) മുത്തശ്ശിയുടെ മുമ്പില്‍ വച്ചുപോലും എത്രയോ വാഗ്ദാനങ്ങള്‍ നല്‍കി. ഇനിയിപ്പോള്‍ ഗോപ്യേട്ടനൊരു കുടുംബമായി, ചുറ്റുപാടായി. പിന്നെ എന്തിനെന്നെ അങ്ങോട്ട് വലിച്ചിഴക്കുന്നു?

ഗോപി: അരുതാത്തതു പലതും സംഭവിച്ചു കഴിഞ്ഞു...

ശോഭ: അപ്പോള്‍ ഗോപ്യേട്ടന്‍ ഇത്ര പെട്ടന്ന് എല്ലാം അറിഞ്ഞു കഴിഞ്ഞോ?

ഗോപി: ശോഭയ്ക്ക് നേരത്തേ അറിയാമായിരുന്നോ?

ശോഭ: അതിവിടത്തെ വെറുമൊരു നാട്ടുവിശേഷം മാത്രമാണ്. പക്ഷേ, ഗോപ്യേട്ടാ എന്നെ ആ അരക്കുകൂടാരത്തിലേക്ക് വലിച്ചിഴക്കരുത്.

ഗോപി: (ദീര്‍ഘനിശ്വാസം വിടുന്നു) ഹൊ, ശോഭ ആ വിളക്കൊന്നു നീക്കി വക്കൂ. ഈ സിഗരറ്റൊന്നു ചൂടാക്കട്ടെ. എല്ലാം തണുത്തുമരവിച്ചിരിക്കുന്നു.

ശോഭ: ഗള്‍ഫ് ജീവിതം സുഖമായിരുന്നോ?

ഗോപി: സുഖം. ഒരു കാര്യം ചോദിക്കുന്നതില്‍ വിഷമം തോന്നരുത്. ഇതിനിടയില്‍ ശോഭയ്ക്ക് ആലോചനകളൊന്നും വന്നില്ലേ?

ശോഭ: അതു ശരി. (പരുക്കനായി) പെരിഞ്ചേരിയിലെ ഗോപിയുടെ വെപ്പാട്ടിയായിരുന്നവള്‍ക്ക് ആരാ കല്യാണാലോചന കൊണ്ടു വരുന്നത്?

ഗോപി: നീയെന്നോട് പൊറുക്കണം. ഞാന്‍ പ്രായശ്ചിത്വം ചെയ്യാനാണ് എത്തിയിട്ടുള്ളത്. നമുക്കിനി ഒത്തു നീങ്ങാം.

ശോഭ: വേണ്ട ഗോപ്യേട്ടാ. എനിക്കെന്റെ മനസ്സ് ആര്‍ക്കും കൊടുക്കാനാവില്ല. ഞാനത്രത്തോളം സ്വാര്‍ത്ഥമതിയായി കഴിഞ്ഞു.

ഗോപി: ശോഭ അങ്ങനെ പറയരുത്. നമ്മുടെയൊക്കെ മനസ്സുകള്‍ മെഴുകുപോലെയല്ലേ, ഏതു രീതിയിലും രൂപപ്പെടുത്തിയെടുക്കാവുന്നവ.

ശോഭ: ഗോപ്യേട്ടാ എന്നെ നിര്‍ബന്ധിക്കരുത്. ഇന്നെനിക്ക് ഒരഭിസാരികയുടെ പേരേയുള്ളൂ. നാളെയതൊരു കുടുംബം തകര്‍ത്തവളുടേതാകാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

ഗോപി: ഞാനൊരിക്കല്‍ കൂടി നിന്നോട് ക്ഷമ ചോദിക്കുന്നു. നിനക്കറിയാലോ; ഒരു കുടുംബം പുനരുദ്ധരിക്കാന്‍ വേണ്ടിയാണ് എനിക്ക് നിന്നെ ത്യജിക്കേണ്ടി വന്നത്.

ശോഭ: (പെട്ടന്ന്) പക്ഷേ, അത് മറ്റൊന്ന് തകര്‍ത്തുകൊണ്ട് വേണ്ടിയിരുന്നില്ല. അന്ന് പണത്തിന്റെ കുറവേ നമുക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. ഇന്നോ?

ഗോപി: ങ്ഹാ (ദീര്‍ഘനിശ്വാസത്തോടെ)... കഴിഞ്ഞകാലം.

ശോഭ: അത് ഗോപ്യേട്ടനെ വേട്ടയാടുന്നുണ്ടോ?

ഗോപി: ഉവ്വ് ശോഭാ, (പാതി കരച്ചിലോടെ) കൂര്‍ത്തുമൂര്‍ത്ത കുന്തം കൊണ്ടാണ് എന്നെയത് ഓടിക്കുന്നത്; ഇടയ്ക്കിടെ കുത്തിക്കുത്തി നോവിച്ച്. അവസാനം ഞാന്‍ ഇവിടെയെത്തി. നീയും എനിക്കഭയം തരുന്നില്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേക്കും ശോഭാ (തൊണ്ട ഇടറുന്നു).

ശോഭ: എനിക്കതിന് സാധിക്കില്ല ഗോപ്യേട്ടാ, എന്നെ വെറുതെ വിട്ടേക്കൂ. ഗോപ്യേട്ടനെന്നെ ആവശ്യമുള്ളപ്പോഴൊക്കെ ഈ കതകിലൊന്ന് മുട്ടിയാല്‍ മതി. ഞാനേതു സമയത്തും തുറന്നു തരാം.

ഗോപി: (വികാരധീനനായി) ശോഭാ...

ശോഭ: മനസ്സിന്റെ ശാപമാണെന്നു വിചാരിച്ചോളൂ. അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. (തേങ്ങലോടെ) അവിടെ മിന്നുകെട്ടുമ്പോള്‍ ഈ മനസ്സെരിയുകയായിരുന്നു, ഒപ്പം ഗോപ്യേട്ടന്‍ തന്ന കുറെ ആശകളും.

ഗോപി: ശോഭ, എനിക്കിവിടവും ചുടുകാടാവുകയാണ്. ഞാന്‍ പോകട്ടെ.

ശോഭ: മഴ ഇനിയും തോര്‍ന്നിട്ടില്ല; കൂരിരുട്ടും.

ഗോപി: പുറത്ത് കൊള്ളിയാന്‍ മിന്നുന്നുണ്ട് ശോഭാ. ഈ പാപിക്കതിന്റെ വെട്ടം ധാരാളമാണ്. (കുറച്ചുനേരത്തെ നിശബ്ദത) പോട്ടെ.

(ശുഭം)

5 comments:

t.k. formerly known as thomman said...

ഇത് ആകാശവാണി തൃശ്ശൂര്‍ നിലയം പണ്ട് പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പ്രതിഫലമായി അന്ന് കിട്ടിയ 125 രൂപ വാങ്ങാനും മറ്റുമായി ഇതുമായി ബന്ധപ്പെട്ട കഥകള്‍ പിന്നെയൊരിക്കല്‍.

ഗുരുജി said...

വളരെ രസകരം.
കഥ പഴയത്... എഴുത്ത്‌ രസകരം. നല്ല ചിട്ടവട്ടം.

ശ്രീ said...

കൊള്ളാം മാഷേ. അഭിനന്ദനങ്ങള്‍!

ഹരിയണ്ണന്‍@Hariyannan said...

നന്നായിരുന്നു.
ഇടക്ക് വീട്ടിലുണ്ടാക്കിയ അച്ചാറിന്റെയോ സാമ്പാറിന്റെയോ ഒരടിപൊളി പരസ്യം കൂടിയാകാമായിരുന്നു!
:)

confucius said...

Very nice story Shaji chetta...