മഴ തൊടിയില് നില്ക്കുന്ന വാഴകളുടെ ഇലകളില് വന്നിരുന്ന് നിര്ത്താതെ വര്ത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴാണ് കറമ്പനച്ചന് പെട്ടന്ന് മയക്കത്തില് നിന്നുണര്ന്നത്. മേലാകെ കുളിരുകോരിയപ്പോള് പുതപ്പ് കാല്പ്പാദം മൂടുന്നതുവരെ വലിച്ചിട്ടു. എന്നിട്ട് വരാന്തയില് ഇട്ടിരുന്ന കട്ടിലില് കിടന്ന് കറമ്പനച്ചന് പുറത്തേക്കു നോക്കി. പടിയും കമ്പിക്കാലും മാത്രമേ ഒരു പാടല് പോലെയെങ്കിലും ആ വൃദ്ധനേത്രങ്ങളില് പെടുന്നുള്ളൂ. എങ്കിലും കുമാരന് ഇങ്ങോട്ട് വരുന്നുണ്ടോ എന്നാണ് ആ നോട്ടം. അവന് വന്നിട്ടേ എന്തെങ്കിലും കഴിക്കാന് കിട്ടുകയുള്ളൂ. വിശപ്പുണ്ടായിട്ടല്ല; ഈ തണുപ്പത്ത് ഇത്തിരി ചൂടുള്ള കഞ്ഞിവെള്ളം കിട്ടിയാല് മതിയായിരുന്നു. കുമാരന്റെ പെണ്ണിനെ പേറ്റിന് കൂട്ടിക്കൊണ്ടു പോയതു മുതല് ആഹാരത്തിന് സമയവും സന്ദര്ഭവും ഒന്നും ഇല്ലാതായി. അവനെ കുറ്റം പറയാന് പറ്റ്വോ; ഇടയ്ക്കൊക്കെ ബന്ധുവീട്ടില് ചെന്നില്ലെങ്കില് നാട്ടുകാരെന്തു പറയും.
കറമ്പനച്ചന് ഒന്നുകൂടി ചുരുണ്ടു കിടന്നു. ഇനിയിപ്പോള് പെട്ടന്നൊന്നും ഉറക്കം വരില്ല. ഉറക്കം തെളിഞ്ഞാല് പിന്നെ കണ്ണടഞ്ഞു കിട്ടാന് വലിയ പ്രയാസമാണ്. ചിലപ്പോള് ആ കിടപ്പ് നേരം വെളുക്കുന്നതു വരെ തുടരും. ഈ തണുപ്പൊന്നും കറമ്പനച്ചന് ഒരു പ്രശ്നമേയല്ല. കിടപ്പിലായപ്പോള് മകന് പറഞ്ഞു: “അച്ഛനെന്തിനാ വയ്യാത്തകാലത്തും ഈ ഇറയത്തു കിടക്കണേ? അകത്ത് കിടന്നൂടേ?” കറമ്പനച്ചന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മകന്റെ മുഖത്തടിച്ചപോലെ പറഞ്ഞു: “നിന്റെയീ വീടും കുടീം ഒക്കെ എന്നാ ഇണ്ടായേ? എണീറ്റ് നടക്കാന് പാങ്ങുണ്ടായിരുന്ന കാലത്ത് മഴേത്തും കാറ്റത്തും അല്ലാര്ന്നോ എന്റെ ജീവിതം. ഇനീപ്പോ അങ്ങോട്ട് ഇറങ്ങിച്ചെല്ലാന് പറ്റീലെങ്കിലും അതൊക്കെ കണ്ട്വ്ടെ കെടക്കാലോ.”
മകനും അവന്റെ ഭാര്യയും അകത്ത് കിടക്കും. താന് ഒറ്റക്ക് എന്തിനാ ആ സുഖമൊക്കെ അനുഭവിക്കണെ. ഒരു പച്ചപിടിക്കണതിനുമുമ്പ് അവള് പോയി. ഏത് മഴയില് നിന്ന് കേറി വന്നാലും ഇത്തിരി ചൂടുവെള്ളം തിളപ്പിച്ചതും കൊണ്ട് അവള് കാത്തിരിപ്പുണ്ടാകുമായിരുന്നു. പാവം, താനെന്തൊക്കെ ചെയ്തിട്ടും മൂന്നുനേരം അടുപ്പിച്ച് കഞ്ഞികുടിക്കാന് അവള്ക്കായിട്ടില്ല... ഇടയ്ക്കിടെ അതാലോചിക്കുമ്പോള് കറമ്പനച്ചന്റെ കണ്കുഴികളിലെ ഉറവകള് തെളിയും.
കറമ്പനച്ചന് ആ കിടപ്പ് കുറെനേരം കിടന്നു, ഒന്നുമാലോചിക്കാനാവാതെ. പിന്നെ തിരിഞ്ഞുകിടന്ന് തൊടിക്കപ്പുറത്തുള്ള വയലിനെ മൂടിയിരിക്കുന്ന ഇരുട്ടിലേക്ക് കണ്ണുകള് പായിച്ചു. പെട്രോമാക്സിന്റെ വെളിച്ചമല്ലേ ആ കാണുന്നത്? കറമ്പനച്ചന്റെ ഹൃദയം ദ്രുതഗതിയില് ഇടിക്കാന് തുടങ്ങി. വയല്വരമ്പിലൂടെ പെട്രോമാക്സുകൊണ്ട് ആള് നീങ്ങുന്നതനുസരിച്ച്, ഒരു ചലച്ചിത്രത്തിലെന്നപോലെ ചെടികളുടെ നിഴലുകള് ചുമരില് മാറിമാറി പതിഞ്ഞു.
മഴവെള്ളത്തില് കളിച്ചുനടക്കുന്ന മത്സ്യങ്ങളെയും നോക്കി വയലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ വെളിച്ചം എത്ര പഴയ കാര്യങ്ങളെയാണ് കറമ്പനച്ചനെയിപ്പോള് കാണിച്ചുകൊടുക്കുന്നത്. ഇതുപോലെ മഴയുള്ള ദിവസങ്ങളില് രാത്രിയാകുമ്പോള് പാനീസ് വിളക്കും പിടിച്ച് കണ്ണന് വീടിന്റെ പടിക്കല് വന്നുനിന്ന് വിളിക്കും: “കര്മ്പനച്ചോ, ഇന്നെറങ്ങണില്ലേ? കണ്ടത്തിലിപ്പോ മീന് പെയ്യാരിക്കും.” താന് വെറുതേ അവന്റെകൂടെ ചെന്നാല് മതി. തന്നേക്കാള് പ്രായക്കുറവും ആരോഗ്യവുമൊക്കെ ഉണ്ടെങ്കിലും കണ്ണന് ഒറ്റയ്ക്ക് പാടത്ത് പോകാന് വലിയ പേടിയായിരുന്നു. അവനാ പേടി പറ്റിയ കാര്യം എപ്പോഴും പറയും. ചാലയ്ക്കലെ വലിയ തോട്ടില്ക്കൂടി അവനൊറ്റക്ക് മീന് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. അര്ദ്ധരാത്രി കഴിഞ്ഞുകാണും. ചാറ്റല്മഴയിലൂടെ പെയ്തിറങ്ങിയപോലെയാണ് മീന് കാണുന്നത്. അവന്റെ കൈയിലെ വാളിന് ഒഴിവില്ലാതെ വെട്ടോടുതന്നെ വെട്ട്. മീന്കൂട കെട്ടിയിരുന്ന കയറ് മീനിന്റെ ഭാരംകൊണ്ട് അവന്റെ അരക്കെട്ടില് വരിഞ്ഞുമുറുങ്ങി വേദനിച്ചു തുടങ്ങി. ചാക്കുണ്ണി മാപ്ലയുടെ മോട്ടര്പ്പെരയും കഴിഞ്ഞ് കുറച്ചിട ചെന്നപ്പോഴാണ് എതിരേനിന്നും ഓരോളം വരുന്നത് കണ്ണന് കണ്ടത്. വലിയ മത്സ്യങ്ങള് ആ ഓളത്തിനൊപ്പം പുളച്ചുവരുന്നുണ്ടായിരുന്നു. പക്ഷേ, ഒരുതരം മൂടല്മഞ്ഞുമൂലം കണ്ണന് വ്യക്തമായി ഒന്നും കാണാന് കഴിഞ്ഞില്ല. പെട്ടന്ന് ആ മൂടല് അവന്റെ മുമ്പില് വച്ച് ആകാശം മുട്ടോളം വളര്ന്നു; എന്നിട്ട് വലിയ ശബ്ദത്തില് വെള്ളത്തിലേക്കൊരു വീഴ്ച. പേടിച്ച് വിറങ്ങലിച്ച്, എന്തുചെയ്യണമെന്നറിയാതെ നിന്ന നില്പ്പില് തന്നെ കണ്ണന് കുറെനേരം അവിടെ നിന്നു. പിന്നെ ഒരുവിധത്തില് തപ്പിത്തടഞ്ഞ് പുരയിലെത്തിയതേ ഓര്മയുള്ളൂ; ഒരാഴ്ചയോളം പനിച്ചുവിറച്ച് അവര് കിടന്നു.
കണ്ണന് കഥ പറഞ്ഞപ്പോള് തന്നെ കറമ്പനച്ചന് മനസ്സിലായി അതാരാണെന്ന്. തെണ്ടനാണത്. അവനാണ് അങ്ങനെ പേടിപ്പിക്കാറുള്ളത്. തെണ്ടന് മീന് മാത്രമേ തിന്നുകയുള്ളൂ. മീനുകളെ ഓടിച്ചുകൊണ്ടുവരുന്ന അവന്റെ വഴിയിലായിരിക്കും കണ്ണന് ചെന്നുപെട്ടത്. തെണ്ടന് ഓരോ വിദ്യകള് കാട്ടി പേടിപ്പിക്കുകയേയുള്ളൂ. പക്ഷേ, മനസ്സിനുറപ്പില്ലാത്തവര് ആണെങ്കില് ചിലപ്പോള് ചങ്ങാട്ടം നിന്നു പോയെന്നിരിക്കും. ഏതായാലും ആ സംഭവത്തിന്നു ശേഷം രാത്രികളില് കണ്ണന് ഒറ്റയ്ക്ക് പാടത്തേക്ക് പോയിട്ടില്ല.
കണ്ണന് മീനുകളെ വെട്ടിപ്പിടിക്കുമ്പോള് കറമ്പനച്ചന് മീന്കൂടയും പിടിച്ച് കൂടെ നില്ക്കുകയേ ഉള്ളൂ. എങ്കിലും മീന് പങ്കിടുമ്പോള് കണ്ണന് കൃത്യം രണ്ടായി ഭാഗിക്കും. ഏതുവേണമെങ്കിലും കറമ്പനച്ചന് എടുക്കാം. പക്ഷേ, തന്റെ പങ്കില് നിന്ന് രണ്ടോ മൂന്നോ വലിയ വരാലുകളെ കണ്ണനിട്ട് കൊടുത്തിട്ട് ബാക്കിയുള്ളതേ കറമ്പനച്ചന് എടുക്കുകയുള്ളൂ.
ആകാശത്തു നിന്നും മഴക്കാറു നീങ്ങി വെയിലിന് ചൂടുപിടിച്ചാല് തോടുകള് വറ്റിത്തുടങ്ങും. ചിറയിലെയും കുളങ്ങളിലെയും വെള്ളം വയലിലേക്ക് കയറാനാവാത്തവണ്ണം താഴും. പിന്നെ രാത്രി എങ്ങും മീന് പിടിക്കാന് പോകാന് പറ്റില്ല. അപ്പോള് കറമ്പനച്ചന്റെ കാലമായി. കുളം കലക്കി, അള തപ്പി വലിയ വരാലുകളെ പിടിക്കുന്നതിനും ചൂണ്ടയിടുന്നതിനും വെട്ടിടുന്നതിനും കറമ്പനച്ചനെക്കഴിഞ്ഞേ ഒരാള് ആ നാട്ടില് ഉണ്ടായിരുന്നുള്ളൂ. കണ്ണനും കറമ്പനച്ചനും തേവാനൊത്തുകൂടിയാല്പ്പിന്നെ ഒഴിവുസമയങ്ങളില് മീന്പിടുത്തമാണവരുടെ വിനോദം.
തെളിഞ്ഞ നീരുറവകളില് കൂട്ടമായി നില്ക്കുന്ന മുണ്ടിപ്പരലുകളെ കൊട്ടകൊണ്ട് കോരിയെടുക്കും. അവയെ വെട്ടില് കൊളുത്തി ഇരട്ടക്കുളത്തിലും തുമ്പിച്ചാലിലുമിട്ടാല് നോക്കി നില്ക്കുമ്പോള് കാണാം വരാലുകള് വെട്ടും വലിച്ചുകൊണ്ട് നെട്ടോട്ടമോടുന്നത്. വെട്ടിന്റെ പനങ്കയ്യ് ഏതെങ്കിലും കരയിലടുക്കുമ്പോഴേക്കും മീന് ക്ഷീണിച്ചിട്ടുണ്ടാകും. അങ്ങനെ പത്തും ഇരുപതും വരാലുകളെ കിട്ടിയ ദിവസങ്ങളുണ്ട്. പുളിയിട്ട് വറ്റിച്ചാല് വരാല് നുറുക്ക് കല്ലുപോലെയിരിക്കും. പുഴുങ്ങിയ കപ്പ അതിന്റെ കുറുകിയ ചാറില് മുക്കി തിന്നുന്ന രസമോര്ക്കുമ്പോള് ഇപ്പോഴും വായില് വെള്ളമൂറുന്നു.
കറമ്പനച്ചന് ഒന്നുകൂടി തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു. അപ്പോഴാണ് മുറ്റത്ത് എന്തോ അനങ്ങുന്നത് കണ്ടത്. കറമ്പനച്ചന് സൂക്ഷിച്ചു നോക്കി. ഉയരം കൊണ്ട് ഒരു പട്ടിയെപ്പോലെയുണ്ട് ആ ജന്തു. ഇരുട്ടിന്റെ നിറമാണതിന്. അതുകൊണ്ട് ഒന്നും ശരിക്ക് വ്യക്തമാകുന്നില്ല. എങ്കിലും അത് വരാന്തയിലേക്ക് നോക്കി നില്ക്കുന്നതുപോലെ കറമ്പനച്ചന് തോന്നി. ഈ മഴകൊണ്ട് എന്തിനാണത് പുറത്ത് നില്ക്കുന്നത്; ആ കോലായിലേക്ക് കേറി നിന്നുകൂടെ?
കറമ്പനച്ചന് ടിപ്പുവിനെ ഓര്മ വന്നു. അവനും തന്നെപ്പോലെയായിരുന്നു; ഏതു മഴയും വെയിലും കൊള്ളും. മീന് വെട്ടാന് വേണ്ടി താന് പുറത്തു കടന്നാല് അവനും കൂടെ വരും. കണ്ണന് ഓടിക്കാന് എത്ര ശ്രമിച്ചാലും തിരിച്ചു പോകില്ല. നിശബ്ദനായി ഏറ്റവും പിന്നിലവന് നടക്കും. വിളക്കിന്റെ വെട്ടമേറ്റ് വയല് വരമ്പിനുള്ളിലെ ഏതെങ്കിലും മാളത്തില് നിന്ന് ഒരു പെരുച്ചാഴി പുറത്തിറങ്ങാതിരിക്കില്ലെന്ന് അവന് അറിയാം. അവന്റെ കണ്മുമ്പില് പെട്ടാല് അതിന്റെ കഥ കഴിഞ്ഞതു തന്നെ. പിന്നെ അതിനെയും കടിച്ചെടുത്തുകൊണ്ട് അവന് വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോള്ളും. ആള് മഹാശൂരനായിരുന്നു; സന്ധ്യ മയങ്ങിയാല് ഒരാളെ ആ പരിസരത്തുകൂടി അവന് വിടുമായിരുന്നില്ല. അവസാനം ശല്യം സഹിക്ക വയ്യാതെ ഏത്തക്കുലയും കപ്പയും മോഷ്ടിക്കാന് നടക്കുന്ന ആരോ അവന് ചോറില് വിഷം വച്ചുകൊടുത്തു കൊന്നു. കറമ്പനച്ചന് പിന്നെ പട്ടിയെ വളര്ത്തിയിട്ടില്ല; മിണ്ടാപ്രാണികള് കണ്മുമ്പില് കിടന്ന് ചാകുന്നത് കാണാന് വയ്യ.
വീണ്ടും വീണ്ടും കണ്ണന്റെ ഓര്മകളാണ് മനസ്സില് തികട്ടി വരുന്നത്. മഴത്തുള്ളികളുടെ കിരുകിരുപ്പ് ശബ്ദം അവന് ‘കര്മ്പനച്ചോ, കര്മ്പനച്ചോ’ എന്ന് തുടരെ വിളിക്കുമ്പോള് ഉരുത്തിരിയുന്നതാണെന്ന് തോന്നി. അവനെ എങ്ങനെയാണ് മറക്കാനാവുക. എവിടെയായാലും ഒരു താങ്ങും തണലുമായിരുന്നു. വരമ്പു കിളയ്ക്കാനും വയ്ക്കാനും രണ്ടുപേരും ചേര്ന്ന് കരാറെടുക്കും. താന് ഉച്ചച്ചൂടില് നിന്ന് കിളച്ച് അവശനാകുമ്പോള് അവന് മുഖം കണ്ടാല് മനസ്സിലാകും. ഉടനെ പറയും: “കര്മ്പനച്ചന് ആ തണലത്ത് കേറി ഇര്ന്നോ. വെയില് ചാഞ്ഞിട്ട് ഇങ്ങോട്ടെറങ്ങ്യാ മതി.” ഒരു മകനേക്കാല് സ്നേഹം അവന് തന്നോട് പ്രകടിപ്പിച്ചിരുന്നു. കുമാരന് അപ്പോള് പള്ളിക്കൂടത്തിലോ കവലയില് അവന്റെ കൂട്ടുകാരുടെ കൂടെയോ ആയിരിക്കും. അവന് പണിക്ക് വരാന് സമ്മതിച്ചാല് തന്നെ താന് കൊണ്ടുവരികയില്ലായിരുന്നു. പഠിക്കാന് നടക്കുന്നവരുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിഞ്ഞുപോകരുത്. പക്ഷേ, ഒരിക്കല് പോലും മകന് തന്റെ അരികത്തുവന്നുനിന്ന് കണ്ണന് പറയുന്നതുപോലെ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
കണ്ണന് താനുമായിട്ട് നല്ല വയസ്സിന് ഇളപ്പമുണ്ടായിരുന്നെങ്കിലും ആ ചങ്ങാത്തം സുദൃഢമായിരുന്നു. പണിക്ക് വിളിക്കാന് വരുന്നവര്ക്ക് പോലും അതറിയാം. അവര് പറയും: “കറമ്പനെ മാത്രം പണിക്കു വിളിച്ചാല് പോരല്ലോ. വരുമ്പോള് കണ്ണനേം കൂട്ടിക്കൊള്ളൂ.” ദേവകി പോയശേഷം ഉള്ളുതുറന്നൊന്നു സംസാരിക്കാന് അവന് മാത്രമേ അവശേഷിച്ചുള്ളൂ. കുമാരന് താന് പറയുന്നതൊന്നും അത്ര പിടിക്കില്ല. എന്തെങ്കിലും പഴയ കാര്യങ്ങള് പറഞ്ഞുതുടങ്ങിയാല് അവര് ഈര്ഷ്യയോടെ എഴുന്നേറ്റ് പോകും. സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇപ്പോഴാര്ക്കാ ഈ പഴങ്കഥകളൊക്കെ കേട്ടിരിക്കാനിഷ്ടം.
അവന് കൂടി പോയപ്പോള് ഇവിടെപ്പിന്നെ ജീവിക്കണമെന്ന ആശ കൂടി നഷ്ടപ്പെട്ടു. ആരും അടുത്തില്ലാതാകുമ്പോള് കൂട്ടിനിരിക്കുന്ന ഓര്മകളെ ഇടയ്ക്കൊന്ന് തട്ടിക്കുടഞ്ഞു വയ്ക്കാന് പോലും ആളില്ലാതാകുന്ന അവസ്ഥ.
കറമ്പനച്ചന് പുറത്തേക്ക് നോക്കിയപ്പോള് വീണ്ടും ആ കറുത്ത പട്ടിയെ കണ്ടു. അതിങ്ങനെ മഴയും കൊണ്ട് അവിടത്തന്നെ ചുറ്റിപ്പറ്റി നില്ക്കുമ്പോള് ആര്ക്കാണ് ഒരു സംശയം തോന്നാത്തത്? കറമ്പനച്ചന്റെ മനസ്സിലൂടെ കുറെ അരുതാത്ത ചിന്തകള് കടന്നുപോയി. ആ കരച്ചിലും വിഷമവുമൊക്കെ ഇപ്പോഴും മായാതെ ഉള്ളിലുണ്ട്. മീനച്ചൂട് കത്തിനില്ക്കുമ്പോഴാണ് കൊരളിക്കാവിലെ ഉത്സവം. കാവടിയാട്ടവും കണ്ട് കണ്ണനുമൊരുമിച്ച് തിരിച്ചുപോരുകയായിരുന്നു. വൈദ്യരുടെ വീടിനടുത്തുള്ള വേലിപ്പടര്പ്പിനടുത്ത് വന്നപ്പോഴാണ് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കണ്ണന് റോഡരുകിലേക്ക് മാറിയത്. പെട്ടന്ന് ‘കര്മ്പനച്ചോ, ഓടിവായോ’ എന്നവന് നിലവിളിക്കുന്നതു കേട്ടു. അടുത്തുചെന്നപ്പോള് അവന് നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. താങ്ങിയെടുക്കുമ്പോള് അവന് പേടിച്ച് വിറച്ചുകൊണ്ട് പറഞ്ഞു: “കര്മ്പനച്ചാ, എന്നെ പാമ്പ് കടിച്ച് മറച്ചിട്ടു; എന്നെ ഏതെങ്കിലും ആശുത്രിയില് കൊണ്ടുപോകൂ. ഇല്ലെങ്കില് ഞാന്...” ഉടനെ വൈദ്യരുടെ വീട്ടിലേക്കാണ് അവനെ എത്തിച്ചത്. വെളിച്ചത്തില് കടിയേറ്റ കാലുകണ്ടു. മൂന്നോ നാലോ മുറിവുകള്. അവ കണ്ടപ്പോള് തന്നെ വൈദ്യര് പറഞ്ഞു: “ചേനത്തണ്ടനാണ്, അവനേ ഇങ്ങനെ പട്ടിയെപ്പോലെ കടിക്കുകയുള്ളൂ. ഉടനെ ആശുപത്രിയിലെത്തിച്ചോളൂ. ഇവിടെ ഇരുത്തി ഭാഗ്യം പരീക്ഷിക്കേണ്ട.” ഇന്നത്തെപ്പോലെയാണോ, പട്ടണത്തില് നിന്ന് ഒരു വണ്ടിയെത്താന് അന്ന് എത്ര നേരം പിടിക്കും. അവസാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ അനക്കമറ്റിരുന്നു; ഓരോ രോമകൂപത്തിലും ചോരപ്പാടും.
അവന്റെ നിലവിളിയുടെയും സംഭ്രമത്തിന്റെയും മുഴക്കമിപ്പോഴും ചെവിയില് കിടന്ന് വട്ടം തിരിയുകയാണ്. ഇവിടെ ഭൂമിപ്പുറത്ത് കുറെ ജീവിക്കണമെന്നായിരുന്നു അവന്റെ ആശ; അതിനുള്ള കരുത്തും അവനുണ്ടായിരുന്നു. എഴുന്നേറ്റ് നടക്കാന് ത്രാണിയില്ലാത്തതിനെ ഏതെങ്കിലും ഒരിടത്ത് കെട്ടിയിടും; അവിടെക്കിടന്ന് നരകിച്ചോട്ടെ. ആര്ക്കും വേണ്ടല്ലോ. എത്ര നാളായി ഇത്?
ഒരു വിമ്മിട്ടത്തോടെ കറമ്പനച്ചന് ഇരുളിലേക്ക് നോക്കി. കണ്ണിലുരുണ്ടുകൂടിയ ജലകണത്തിനുള്ളിലൂടെ കല്ത്തൂണും ചെടികളും മറ്റും കറമ്പനച്ചന് രണ്ടായി കണ്ടു.
പുതപ്പിന്റെയറ്റം കൊണ്ട് കണ്ണ് തുടച്ചിട്ട് ആ കറുത്ത പട്ടി അവിടെത്തന്നെയുണ്ടോയെന്ന് കറമ്പനച്ചന് വീണ്ടും നോക്കി. ഉവ്വ്, ഏതാണ്ടൊരേ നില്പുതന്നെയാണത്. കറമ്പനച്ചന് ‘ശ്’ എന്ന് ശബ്ദമുണ്ടാക്കി ഒരു കൈ കൊണ്ട് പട്ടിയെ ആട്ടി നോക്കി. കുറച്ചിട അത് മുന്നോട്ട് നടന്നിട്ട് വീണ്ടും പഴയ സ്ഥാനത്ത് വന്ന് നോക്കി നിന്നു തുടങ്ങി. തന്നെയാണോ അതിങ്ങനെ നോക്കുന്നത്, കറമ്പനച്ചന് സംശയമായി. കറമ്പനച്ചന് ഒന്നുകൂടി പട്ടിയെ ആട്ടിനോക്കി. അത് നടന്നപ്പോള് കറമ്പനച്ചന് ഒരു കാര്യം ശ്രദ്ധിച്ചു: അതിന് വാല് കാണുന്നില്ല.
തന്റെ സംശയങ്ങള് എല്ലാം ശരിയാവുകയാണോ? അതെ. ആ കറുത്ത പട്ടി വീണ്ടും വന്ന് തന്നെ ഉറ്റുനോക്കി നില്ക്കുന്നു. കറമ്പനച്ചന്റെ മനസ്സില് കുളിരു പെയ്യുകയായി. ജ്വരബാധക്കടിമപ്പെട്ടപോലെ കറമ്പനച്ചന് പറഞ്ഞു തുടങ്ങി: “നീ അവസാനം വന്നു, അല്ലേ? നീയെന്താ ഇത്രയും വൈകിയത്? ഏതെങ്കിലും ഒരു ദിവസം നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇതുപോലെ എത്രയോ മഴകള് നാമൊന്നിച്ചു കൊണ്ടു. എന്നു മഴ പെയ്താലും ഞാന് നിന്നെക്കുറിച്ചോര്ക്കാറുണ്ട്. ഈ വരാന്തയിലേക്ക് കേറി നില്ക്കൂ; വെറുതേ മഴ കൊള്ളണ്ട.” കറമ്പനച്ചന് വരാന്ത കൈകൊണ്ട് ചൂണ്ടിക്കാണിച്ചു. പട്ടിയപ്പോള് ഒന്നിളകിയിട്ട് അതേ നില്പു തുടര്ന്നു.
“നീ ആരെയാണ് പേടിക്കുന്നത്? ഇവിടെ ആരുമില്ല. ആരുമില്ലാത്ത തക്കം നോക്കിയല്ലേ നീ വന്നിരിക്കുന്നത്. അതോ, നിനക്കറപ്പ് തോന്നിയിട്ടോ? മഴവെള്ളത്തില് തറ കുതിരുമ്പോഴുയരുന്ന ചാണകത്തിന്റെ ഗന്ധവും ശ്വസിച്ച് എത്രയോ ദിവസങ്ങള് നാം ഈ ഇറയത്ത് കിടന്നിരിക്കുന്നു. നീ അതൊക്കെ മറന്നു കാണും, അല്ലേ? കാലമെത്ര കഴിഞ്ഞു. പക്ഷേ, അതിന്നിടയില് നാമൊന്നും മറന്നുകൂട. നിന്നെ കാണുമ്പോള് എനിക്കെല്ലാം ഓര്മ വരുന്നുണ്ട്. ഓരോ ചെറിയ സംഭവങ്ങള് വരെ. എന്നാലും നീയിത്ര വൈകേണ്ട കാര്യമില്ലായിരുന്നു. ങും, ഈ തെരക്കൊക്കെ ഒന്ന് ഒഴിയട്ടേ എന്ന് കര്തി ഇരുന്നതാവും, അല്ലേ? പക്ഷേ, അതിനിടക്ക് ഞാനെത്ര നരകിച്ചൂന്ന് അറിയാമോ നിനക്ക്? നീ പോയ ഒടനെ തൊടങ്ങീതാ ഈ കെടപ്പ്. കട്ടിലിന്റെ അടീന്ന് വരുന്ന മലത്തിന്റേം മൂത്രത്തിന്റേം മണം ശ്വസിച്ച് എത്രനേരം കെടന്നേക്കണു. അവരാരെങ്കിലും വരണ്ടേ എടുത്തു കളയാന്. ഞാനെന്തിനാ ഇതൊക്കെ പറയണെ. എല്ലാം നിനക്കറിയാലോ.”
“നീ ഇപ്പോഴും അവിടെത്തന്നെ നില്ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാവണില്ല.” എന്തു ചെയ്യണമെന്നറിയാതെ വന്നപ്പോള് കറമ്പനച്ചന് സങ്കടം വന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു: “ഉവ്വ്, ഇപ്പോള് മനസ്സിലാകുന്നുണ്ട്. നിന്നെ ഞാന് വെറും പട്ടിയെ വിളിക്കണപോലെ കൈകാട്ടി വിളിച്ചു, അല്ലേ? എനിക്ക് അബദ്ധം പറ്റിയതാണ്. എല്ലാം അറിഞ്ഞു ചെയ്യാനൊന്നും ഇപ്പോള് ആവുന്നില്ല. അങ്ങനെ പറ്റുന്ന ഒരു കാലമുണ്ടായിരുന്നപ്പോള് നീ വന്നില്ലല്ലോ.”
“എന്റെ കണ്ണാ, നീ വാ.” കറമ്പനച്ചന് പട്ടിയെ പേര് ചൊല്ലി വിളിച്ചു. “ദേ, ആ നടക്കല്ലിലൂടെ ഇങ്ങോട്ട് കേറി വന്ന്, എന്നെയുമെടുത്തിട്ട് നിനക്കങ്ങ് പോകാലോ.” അത്രയും പറഞ്ഞുതീരുമ്പോഴേക്കും കറമ്പനച്ചന് കരഞ്ഞുപോയി.
മഴ വീണ്ടും കനത്തു പെയ്തു തുടങ്ങി. കറുത്ത പട്ടി നടന്നുവന്ന് ഒരു നിമിഷം നടക്കല്ലില് നിന്നു. പിന്നെ ഉടല് വിറപ്പിച്ച് അത് പതുക്കെ വരാന്തയിലേക്ക് കയറി.
(1987-88 സമയത്ത് ഈ കഥ ആദ്യം ‘കഥ ദ്വൈവാരിക’ യില് പ്രസിദ്ധീകരിക്കപ്പെട്ടു.)
Friday, February 06, 2009
ഇരുളില് ഒരു കറുത്ത പട്ടി (കഥ)
Posted by
t.k. formerly known as thomman
at
Friday, February 06, 2009
12
comments
Labels: കഥ
Sunday, March 30, 2008
വീട് - ഒരു റേഡിയോ നാടകം
കഥാപാത്രങ്ങള്
ഗോപി
അമ്മ
രഘു (അനിയന്)
അശ്വതി (അനിയത്തി)
ശ്രീദേവി (ഭാര്യ)
ശോഭ (പൂര്വ്വ കാമുകി)
രംഗം 1
(കാര് വന്ന് നിറുത്തുന്നു. ഡോറും ഡിക്കിയും മറ്റും തുറക്കുന്ന ശബ്ദങ്ങള്.)
ഗോപി: (വിളിക്കുന്നു) അമ്മേ... അമ്മേ.
അമ്മ: (അകത്തുനിന്നുള്ള ശബ്ദം) ആരാ... ഗോപ്യാണോ?
(വാതില് തുറക്കുന്ന ശബ്ദം.)
അമ്മ: നിന്നെ ഇത്ര നേരായിട്ടും കാണാതായപ്പോള് ഊണുകഴിച്ച് ഞാനൊന്നു മയങ്ങാന് നോക്കുവാരുന്നു. വരുന്ന ദിവസം കൂടി വച്ച് എഴുതാമായിരുന്നല്ലോ മോനെ. എന്നാല് രഘൂന് വിമാനത്താവളത്തിലെങ്കിലും വന്ന് നില്ക്കായിരുന്നു. ഇപ്പൊ, ഈ പെട്ടീം ഭാണ്ഡോം ഒക്കെ നീ തന്നെ കെട്ടി പൊക്കേണ്ടി വന്നില്ലേ? രഘു ഇപ്പൊ പൊറത്തേക്ക് പോയതേയുള്ളൂ.
ഗോപി: അതിനല്ലേ അമ്മേ ഞാന് കാറ് വിളിച്ചത്. എനിക്ക് ബോംബെയില് ഇറങ്ങിയിട്ട് ഒരു കാര്യമുണ്ടായിരുന്നു. അവിടെ നിന്ന് എന്ന് തിരിക്കാനാവിമെന്നും നിശ്ചയമില്ലായിരുന്നു. അതാണ് ഇവിടെ എത്തുന്ന ദിവസം കൃത്യമായി അറിയിക്കാനാവാഞ്ഞത്. ഞാനിപ്പൊ വരാം. ഈ കാറുകാരനെ ഒന്നു പറഞ്ഞു വിട്ടോട്ടെ.
അമ്മ: അശ്വതീ.. നീയവിടെ എന്തെടുക്കാ? ഗോപ്യേട്ടന് എത്തി.
(കാര് വിട്ടുപോകുന്നു. അകത്തുനിന്നും ഓടിവരുന്നതിന്റെ ശബ്ദം.)
അശ്വതി: എന്റെ ഗോപ്യേട്ടാ, കാത്തിരുന്നു മടുത്തു. ഗോപ്യേട്ടന് വരുന്നുണ്ടെന്നറിഞ്ഞേപ്പിന്നെ എനിക്കെന്തായിരിക്കും കൊണ്ടുവരുന്നതെന്ന് ആലോചിച്ച് തല പുണ്ണാക്കായിരുന്നു.
ഗോപി: ദാ, ആ പെട്ടിയില് നിനക്കൊരു ചെറുക്കനെ കൊണ്ടുവന്നിട്ടുണ്ട്.
അശ്വതി: പോ, ഗോപ്യേട്ടാ. ഇത്രേം നാള് കളിയാക്കാന് വേറെ ആരെ കിട്ട്യേ?
ഗോപി: ഞാന് ഇവിടെ നിന്ന് പോയതിനു ശേഷം ഒരു മാറ്റവും വന്നില്ലല്ലോ നിനക്ക്.
അശ്വതി: അതു ശരി. ഗോപ്യേട്ടന് പോകുമ്പോള് ഞാന് ഫുള്ടൈം പാവാടക്കാരി അല്ലായിരുന്നോ? ഇപ്പോള് ഞാന് വീട്ടില്പ്പോലും സാരിയാണ് ഉടുക്കുന്നത്.
ഗോപി: ഉം, കമ്പില് തുണി ചുറ്റിയ പോലുണ്ട്.
അശ്വതി: ഗോപ്യേട്ടന് വിവരമില്ലാഞ്ഞിട്ടാ. എന്നെപ്പോലെ സ്ലിം ആകാന് എത്രപേര് ആഹാരമുപേക്ഷിച്ച് വയറുംപുകച്ച് നടക്കുന്നുണ്ടെന്ന് അറിയാമോ?
അമ്മ: നീയൊന്ന് മാറുന്നുണ്ടോ അശ്വതി? അവനകത്തേക്ക് കയറി ഒന്ന് ഇരുന്നോട്ടെ. നീയാ പെട്ടിയൊക്കെ എടുത്ത് വയ്ക്ക്.
ഗോപി: അമ്മേ,ശ്രീദേവിയെവിടെ? അവള് ഇവിടെയുള്ള യാതൊരു ലക്ഷണവുമില്ലല്ലോ.
അമ്മ: അവളെ മിണ്ടാനും പറയാനുമൊക്കെ വളരെ കുറച്ചേ കിട്ടാറുള്ളൂ. അശ്വതി കൊണ്ടുവരുന്ന പുസ്തകങ്ങളുമെടുത്ത് ആ പറമ്പില് എവിടെയെങ്കിലും പോയി ഇരിക്കുന്നതു കാണാം. വായന തന്നെ ശരണം.
ഗോപി: ഞാനിതൊക്കെ ഒന്ന് അഴിച്ചിടട്ടെ. ഭരങ്കര ചൂട്.
രംഗം 2
ഗോപി: ശ്രീദേവി, നീയെന്തായിങ്ങനെ ഒന്നും മിണ്ടാതെയിരിക്കുന്നത്. ഗള്ഫ് വിശേഷങ്ങള് കേട്ട് ബോറടിച്ചു കാണും. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന് നിനക്കറിയില്ലേ. ആ ഏഴു ദിവസത്തെ ദാമ്പത്യജീവിതത്തിനിടയില് നമുക്കൊന്നും ഓര്ക്കാനുണ്ടായില്ല. തികച്ചും അപരിചിതര്. അതിനിടയില് എന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകളുടെ തിരക്ക്. ഇനിയതൊന്നും ഉണ്ടാവില്ല മോളെ, ഞാനിനി എങ്ങും പോകുന്നില്ല. നമ്മുടെ ഈ കൊച്ചുവീട്. അതിനുള്ളില് നമ്മുടെ കൊച്ചുസ്വപ്നങ്ങളുമായി ശേഷിക്കുന്ന കാലം.
ശ്രീദേവി: എനിക്ക് ഉണര്ത്താനാവുന്നതിലധികം മരവിച്ചുപോയി ഗോപ്യേട്ടാ എന്റെ മനസ്സ്. മൂന്നു വര്ഷക്കാലം എനിക്കുകൂട്ടായി ഞാന് മാത്രമേ ഇവിടെ ഉണ്ടായുള്ളൂ; പിന്നെ കഥകളിലെ കുറെ കഥാപാത്രങ്ങളും. മറ്റൊരു കഥയ്ക്കിടയിലൂടെ കടന്നുപോകുന്ന അവസ്ഥയിലാണ് ഞാനിപ്പോള്. ആ അപരിചിതത്വത്തിന്റെ ദൈര്ഘ്യം ഗോപ്യേട്ടന്റെ അടുത്തേക്ക് ഇപ്പോഴുമുള്ളതുപോലെ.
ഗോപി: നീ നല്ലൊരു വായനക്കാരിയല്ലേ. നല്ലൊരു കഥ വായിക്കുകയാണെന്ന് വിചാരിച്ചാല് മതി. നമ്മുടെ മനസ്സിലേക്ക് ചൂഴ്ന്നു കയറുന്ന ചില കഥകളില്ലേ; അവയെപ്പോലെ ഒന്ന്. പിന്നെ നമുക്ക് കഥാപാത്രങ്ങളുടെ രീതിയില് സംസാരിക്കാനും പ്രവര്ത്തിക്കാനും പറ്റും. ഒരു കണക്കിന് അതുതന്നെയല്ലേ ദേവി നമ്മുടെ ജീവിതവും.
ശ്രീദേവി: ഐ ഷാള് ട്രൈ മൈ ബെസ്റ്റ് ഉണ്ണ്യെട്ടാ. (ചിരിക്കുന്നു.) ഈ രാത്രി തത്വചിന്ത പറഞ്ഞ് കളയാനുള്ളതല്ല. പക്ഷേ, ഭയങ്കര ചൂട്, അല്ലേ ഉണ്ണ്യേട്ടാ?
ഗോപി: ശരിയാണ്. ഞാനും നല്ലവണ്ണം വിയര്ക്കുന്നുണ്ട്. ദേവി ആ ഫാനൊന്നിടൂ.
(അല്പസമയം കഴിഞ്ഞ്)
ശ്രീദേവി: ഗള്ഫിലെ കുറെ വിശേഷങ്ങള് പറഞ്ഞിട്ടും എനിക്കറിയാനാഗ്രഹമുള്ള ഒരു കാര്യം ഗോപ്യേട്ടന് പറഞ്ഞില്ല.
ഗോപി: എന്താ അത്? നില്ക്ക്, ഞാനൊന്ന് ആലോചിച്ചോട്ടെ. ഉം...ഉം... ഇല്ല. പറയാന് പ്രത്യേകിച്ച് ഇനിയൊന്നുമില്ല. ഓര്മയുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.
ശ്രീദേവി: എല്ലാം പറഞ്ഞോ?
ഗോപി: പറഞ്ഞു. പറഞ്ഞില്ലെങ്കില് എന്താത്? കേള്ക്കട്ടെ.
ശ്രീദേവി: ഉണ്ണ്യേട്ടന് സുഖായിരുന്നോ?
ഗോപി: ഹ...ഹ...ഹ... (ഉറക്കെ ചിരിക്കുന്നു.) പരമാന്ദസുഖം. എ.സി. റൂം; പ്രതീക്ഷിച്ചതിലധികം ശമ്പളം; നല്ല ഭക്ഷണം. (പതുക്കെ) പക്ഷേ, സന്തോഷം മാത്രമില്ലായിരുന്നു, മാസത്തിലൊരു ദിവസമൊഴിച്ച്.
ശ്രീദേവി: എന്നാണത്?
ഗോപി: ദേവിക്കറിയില്ലേ? ദേവിയുടെ കത്തുകിട്ടുമ്പോള്.
ശ്രീദേവി: അതിനു നമ്മള് പെന് ഫ്രെണ്ട്സ് പോലെയല്ലായിരുന്നോ; ലോകത്തിന്റെ രണ്ടുഭാഗത്തിരുന്ന് കത്തുകള് എഴുതിക്കൂട്ടുക. കുറച്ചുദിവസം നേരില് കണ്ടിട്ടുണ്ടെന്നു മാത്രം.
ഗോപി: (പെട്ടന്ന് സ്വരമുയര്ത്തി) ദേവീ ?!
ശ്രീദേവി: ഓ,എന്താ ഗോപ്യേട്ടാ? ഞാനൊരു തമാശ പറഞ്ഞതല്ലേ.
ഗോപി: (ഉറക്കെ ചിരിച്ചുകൊണ്ട്) തമാശ, ഉഗ്രന് തമാശ. (വീണ്ടും വീണ്ടും ചിരിക്കുന്നു.)
ശ്രീദേവി: ഗോപ്യേട്ടാ, എന്താത്? തലക്ക് സ്ഥിരതയില്ലാത്തവരെപ്പോലെ; എന്തോ കേട്ടതിന് ചിരി തന്നെ ചിരി.
ഗോപി: (ചിരി നിറുത്തി ഇടറുന്ന കണ്ഠത്തോടെ) ഞാന് ചിരിച്ചുകൊണ്ടിരുന്നില്ലെങ്കില് എല്ലാം ഓര്ത്തുപോയാലോ ദേവീ ?
ശ്രീദേവി: നമുക്കിനി വേറെയെന്തെങ്കിലും പറയാം ഗോപ്യേട്ടാ. അതൊക്കെപ്പോട്ടേ. ങ്ഹാ... പിന്നെ ഗോപ്യേട്ടാ, രഘു എന്നെ ഒരു കാര്യം പറയാന് ഏല്പ്പിച്ചിരുന്നു.
ഗോപി: ഉം, എന്താ? പണത്തിന്റെ വല്ല കാര്യവുമായിരിക്കും.
ശ്രീദേവി: ചെറുപ്പക്കാരെല്ലേ ഗോപ്യേട്ടാ, മനസ്സില് പല ആശയങ്ങളും കാണും. വേറെ രണ്ടുപേരുമായി ചേര്ന്ന് കട തുടങ്ങാനെന്നാ പറഞ്ഞത്. ചേട്ടനെ നേരിടാന് വലിയ പേട്യാ. അതിനുമുമ്പ് എന്നോടൊന്ന് പറഞ്ഞുവച്ചേക്കാന് പറഞ്ഞു.
ഗോപി: കാശ്...കാശ്...കാശ്. അവനെപ്പോഴും കാശിന്റെ വിചാരമേയുള്ളൂ. എന്നെ നേരിടാനും പേടികാണും. അന്ന് എഴുതി വരുത്തിയ പണമൊക്കെ അവനെന്താ ചെയ്തേ?
ശ്രീദേവി: തന്റെ കൈയിലുണ്ടായിരുന്ന പണം വരെ നമ്മുടെയീ വീടിനുവേണ്ടി ചിലവാക്കിയെന്നാ രഘു പറയുന്നത്. പാവം! വീടുപണിക്കു വേണ്ടി വളരെ ബുദ്ധിമുട്ടി.
ഗോപി: ബുദ്ധിമുട്ടിയെങ്കിലെന്താ? അതിനുതക്ക പ്രതിഫലവും അവന് ഈടാക്കിയിട്ടുണ്ടാവും. ഒരന്യനെ ഏല്പിച്ചിരുന്നെങ്കില് ഇത്രയധികം പണം ഈ വീടിനുവേണ്ടി ചിലവാകുമായിരുന്നില്ല.
ശ്രീദേവി: അങ്ങനെ പറയരുത് ഗോപ്യേട്ടാ. ഗോപ്യേട്ടന് പോയതിനുശേഷം വീട്ടുകാര്യങ്ങള് നോക്കിനടത്തേണ്ടിയിരുന്നതുകൊണ്ട് സ്വന്തം കാര്യം പോലും രഘുവിന് നോക്കാനായോ?
ഗോപി: അവനെന്തിന് കഷ്ടപ്പെടാന് പോണം ദേവി. എന്റെ വിയര്പ്പിന് അവിടെ പൊന്നിന്റെ വിലയല്ലേ കിട്ടിക്കൊണ്ടിരുന്നത്. ഇവിടെയുള്ള അവന്റെ കൂട്ടുകെട്ടും പണംപോകുന്ന വഴിയുമെല്ലാം എനിക്കറിയാം. എന്റെ ഓരോ ചില്ലിപ്പൈസക്കും എനിക്ക് കണക്കുണ്ട്. വീട്ടുകാര്യങ്ങള്ക്ക് ഇത്രപ്പെരുത്ത് പണം ചിലവാക്വോ? ദേവിക്കറിയാമോ, കഴിഞ്ഞ മൂന്ന് വര്ഷത്തിനിടക്ക് അവനെനിക്ക് രണ്ടേരണ്ട് കത്താണ് വിട്ടത്. അതുരണ്ടും പണമാവശ്യപ്പെട്ടുകൊണ്ടുള്ളതും. അതിനിവിടെ എന്തടിയന്തിരമാണ് അവന് നടത്തിക്കൊണ്ടിരുന്നത്. ഇനിയിപ്പൊ കടയ്ക്ക് കാശുവേണം പോലും, ഇങ്ങുവരട്ടെ.
ശ്രീദേവി: അതൊക്കെ നിങ്ങള് ചേട്ടനനിയന്മാര് തമ്മിലുള്ള പ്രശ്നങ്ങള്. എന്നെ ഇതില് നിന്ന് ഒഴിവാക്കിയേക്കൂ.
ഗോപി: ദേവി ഓര്പ്പിച്ചപ്പോള് ഞാന് അങ്ങനെ പറഞ്ഞുപോയെന്നേയുള്ളൂ. എന്റെ മനസ്സിലുള്ളതൊക്കെയൊന്ന് പറഞ്ഞുതീര്ക്കണമായിരുന്നു. പുറത്തുള്ളവരോട് പറഞ്ഞാല് അവരെന്തോര്ക്കും.
ശ്രീദേവി: (കുറച്ച് കൃത്രിമത്വത്തോടെ) എന്തോ, എനിക്കിതിലൊന്നും തീരെ താല്പര്യം തോന്നുന്നില്ല.
(അല്പനേരം നിശബ്ദത. ഫാന് കറങ്ങുന്ന ശബ്ദം തുടങ്ങിയവ.)
ഗോപി: (പ്രേമപൂര്വ്വം) ദേവീ...
ശ്രീദേവി: ഗോപ്യേട്ടന്റെ മുഖം ഇപ്പോള് ഒരു കുട്ടിയുടേതാണ്; മനസ്സിലെ വികാരങ്ങള് മുഴുവന് മുഖത്ത്കൊണ്ടുനടക്കുന്ന ഒരു ആണ്കുട്ടിയുടെ.
ഗോപി: ദേവി, നമുക്കീ രാവി സ്വന്തമാക്കേണ്ടേ? നമ്മുടെയോര്മള്ക്ക് വേണ്ടി സൂക്ഷിക്കാന്.
ശ്രീദേവി: (ഈര്ഷ്യയോടെ) ഇങ്ങനെ പിടിച്ചമര്ത്താതെ ഗോപ്യേട്ടാ. ഭയങ്കര ഉഷ്ണം. നമുക്ക് പുറത്തേക്കിരിക്കാം. നല്ല നിലാവുണ്ട്, തണുത്തകാറ്റും.
ഗോപി: (ഉല്ക്കണ്ഠയോടെ) ദേവീ...
രംഗം 3
ഗോപി: ഉം, എന്താ?
രഘു: ഏട്ടനോട് ഏടത്തിയമ്മയെന്തെങ്കിലും പറഞ്ഞോ?
ഗോപി: എന്നോട് അവള് എന്തെല്ലാം കാര്യങ്ങള് പറഞ്ഞിരുക്കുന്നു. ഇപ്പോള് ഏതു കാര്യമാണെന്നാണ് ഞാന് ഊഹിക്കുക?
രഘു: എന്നെക്കുറിച്ചെന്തെങ്കിലും...?
ഗോപി: നിന്നെക്കുറിച്ച് നീയല്ലേ പറയേണ്ടത്, ഏടത്തിയമ്മയല്ലല്ലോ.
രഘു: ഏട്ടനെന്താ മനുഷ്യനെ കാണാത്തതുപോലെ.
ഗോപി: നീ മനുഷ്യനല്ലാത്തതുകൊണ്ടു തന്നെ. നിനക്ക് നാണമുണ്ടോ എന്നോട് പണം ചോദിക്കാന്? നിനക്ക് തന്ന പണമൊക്കെ നീയെന്തു ചെയ്തു?
രഘു: അപ്പോള് ഏട്ടനെല്ലാം മനസ്സിലാക്കിക്കൊണ്ടാണ്. പിന്നെയീ നാടകത്തിന്റെ അര്ത്ഥം?
ഗോപി: ഞാന് നിന്റെ വളച്ചുകെട്ടലുകളെങ്ങനെയെന്നു നോക്കുകയായിരുന്നു. മന:സാക്ഷിക്കുത്തുകൊണ്ടല്ലേ നീയെന്റെ നേരെ വന്ന് പണം ആവശ്യപ്പെടാത്തത്? മറ്റുള്ളവരുടെ ഒത്താശ തേടുന്നത്? പിന്നെ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഞാനയച്ചുതന്ന പണമൊക്കെ നീയെന്തുചെയ്തെന്ന് എനിക്കറിയണം.
രഘു: (സ്വരമുയര്ത്തി) പണമെന്തു ചെയ്തെന്നോ? മൂന്നുകൊല്ലം വീടുനടത്തി. പിന്നെയൊരു വീട് പണിതു തന്നില്ലേ?
ഗോപി: ഉവ്വാടാ, അതിനൊക്കെ എത്ര ചിലവു വരുമെന്ന് നീയെന്നെ പഠിപ്പിക്കണ്ട. നിന്റെ കൂട്ടുകെട്ടും പണം പോകുന്ന വഴിയും എനിക്കറിയാം.
രഘു: (സ്വരമുയര്ത്തിക്കൊണ്ടു തന്നെ) അങ്ങനെയാണെങ്കിത്തന്നെ ഏട്ടനെന്തായിത്ര കോപിക്കാന്? എനിക്കുകൂടി അവകാശപ്പെട്ട സ്വത്തുകൊണ്ടല്ലേ പഠിച്ചതും വലിയ ആളായതുമൊക്കെ. ഞാനതിന്റെ പലിശ ചിലവാക്കിയെന്ന് കരുതിയാല് മതി. പിന്നെയൊരു കാര്യം. എനിക്കെന്റെ ന്യായമായ അവകാശം കിട്ടണം. എനിക്കെന്റെ വഴി; ഏട്ടന് ഏട്ടന്റെ വഴി. ഞാന് പോകുന്നു.
ശ്രീദേവി: എന്നാലും രഘൂനോട് ഇങ്ങനെയൊന്നും പറയേണ്ടായിരുന്നു, ഇത്ര കടിച്ചുപിടിച്ച്.
ഗോപി: ദേവി അകത്തു പോ. ആരെ എങ്ങനെയൊക്കെ നേരിടണമെന്ന് എനിക്കറിയാം.
രംഗം 4
ഗോപി: (വാതിലില് മുട്ടിക്കൊണ്ട് വിളിക്കുന്നു) ദേവീ...ദേവീ
(അകത്ത് തിടുക്കത്തില് പെരുമാറുന്നതിന്റെ സൂചനകള്. കുശുകുശുക്കലുകള്. പിന്നെ വാതില് തുറക്കുന്ന ശബ്ദം.)
ഗോപി: ദേവീ, യു ആര് നോട്ട് സോ കെയര്ഫുള്. ബ്ലൌസിന്റെ ഹുക്കിടാന് പോലും നീ മറന്നിരിക്കുന്നു.
ശ്രീദേവി: അത്...അത്...
ഗോപി: (ഉറക്കെ) ഈ സമയത്തെന്നെ പ്രതീക്ഷിച്ചില്ല അല്ലേ? ഇത് വ്യഭിചാരശാലയാക്കിയത് ഞാനറിഞ്ഞിരുന്നെങ്കില് ഇപ്പോള് വരില്ലായിരുന്നു.
(അകത്തുനിന്ന് ആരോ നടന്നടുക്കുന്ന ശബ്ദം.)
ഗോപി: ഓഹോ, ഇതെന്റെ പൊന്നനുജന് തന്നെയാണല്ലോ. (മുഖത്തടിക്കുന്ന ശബ്ദം.) ആരുപറഞ്ഞെടാ പട്ടീ നിന്നോടിവിടെ വരാന്? (നിശബ്ദത) എന്താടാ മുനിഞ്ഞു നില്ക്കുന്നത്? (വീണ്ടും അടിക്കുന്ന ശബ്ദം.) നിന്റെ നാക്കിറങ്ങിപ്പോയോ?
ശ്രീദേവി: ഗോപ്യേട്ടാ, ഇനി രഘുവിനെ അടിക്കരുത്, ഞാന് പറഞ്ഞിട്ടാ അവന് വന്നത്.
ഗോപി: (അവിശ്വസിനീയഭാവം സ്വരത്തില്) അപ്പോള് നീ...
ശ്രീദേവി: ഉം, സംശയിക്കേണ്ട. ഞാന് തന്നെ ശ്രീദേവി. മൂന്നുവര്ഷം മുമ്പ് നിങ്ങള് ഇവിടെ കെട്ടിയിട്ടിട്ട് പോയില്ലേ, അവള് തന്നെ.
രഘു: ശ്രീദേവി, ഞാന് പോകുന്നു.
ഗോപി: അപ്പോള് നീ ഒരുമ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ശ്രീദേവി: കുറെ കനലുകള് വിതറിയിട്ടല്ലേ ഗോപ്യേട്ടന് പോയത്. ഈ വേനലില് അതാളിപ്പടര്ന്നെങ്കില് എന്താണിത്ര അത്ഭുതം?
ഗോപി: ഛീ, വേദം പ്രസംഗിക്കുന്നോ? കടക്കെടീ പടിക്കുപുറത്ത്.
ശ്രീദേവി: ഗോപ്യേട്ടന് ആരുടെ വീട്ടില് നിന്നാണീ പറയുന്നതെന്ന് അറിയാമോ?
ഗോപി: ഉവ്വാടീ, നിന്റെ തന്തേടെ വകയല്ലേ ഇത്.
ശ്രീദേവി: എന്റെ അച്ഛന്റെ വകയല്ല, എന്റെയാണ്. എനിക്ക് എഴുതിതന്നിരിക്കുന്ന പുരയിടത്തില് വയ്ക്കുന്ന വീടും നിയമപരമായി എന്റേതാണ്. പിന്നെ ഞാന് വെറും കൈയോടെയൊന്നുമല്ലല്ലോ ഇങ്ങോട്ടു വന്നത്. അതും കൊണ്ടല്ലേ എല്ലായിടത്തും പോയതും സമ്പാദിച്ചതുമൊക്കെ.
ഗോപി: അപ്പോള് ഞാന് കണ്ടത് ആകസ്മികമല്ല.
ശ്രീദേവി: കരുതിക്കൂട്ടിയാണെന്ന് വിചാരിച്ചോളൂ. പുറത്തുള്ളവര്ക്കും അറിയാം കുറേശ്ശെ. പക്ഷേ, കൃഷ്ണമേനോന്റെ മകളെ ആര്ക്കും ഒന്നും ചെയ്യാനാവില്ല. ആരറിഞ്ഞാലെന്ത്? തക്കം കിട്ടിയാല് ഇതിലും വലുത് കാട്ടിക്കൂട്ടാന് മടിക്കാത്തവരാണ് എല്ലാവരും. എന്താ ഞാന് പറഞ്ഞത് ശരിയല്ലേ?
ഗോപി: അപ്പോള് ഞാന് പലരില് ഒരാള് മാത്രം. എനിക്കെന്തെങ്കിലും ചെയ്യാന് പറ്റുമോയെന്ന് ഞാന് നോക്കട്ടെ.
ശ്രീദേവി: ഗുഡ് ലക്ക്.
(പുറത്ത് ഇടിവെട്ടിന്റെയും മഴ പെയ്യുന്നതിന്റെയും ശബ്ദങ്ങള്.)
രംഗം 5
(മഴ തിമര്ത്ത് പെയ്യുന്ന ശബ്ദം. ഇടയ്ക്കിടെ ഇടിവെട്ടുന്നുമുണ്ട് ഈ രംഗത്തിന്റെ പശ്ചാത്തലത്തില് മുഴുവനും.)
(കതകില് മുട്ടുന്ന ശബ്ദം.)
അകത്തുനിന്നും സ്ത്രീശബ്ദം: ആരാത്?
ഗോപി: (സ്വരം താഴ്ത്തി) ഞാനാ ശോഭേ, പെരിഞ്ചേരിയിലെ ഗോപി.
(കതകു തുറക്കുന്ന ശബ്ദം.)
ശോഭ: ഗോപ്യേട്ടാ, വാതില്പ്പടിയില് കാലുതട്ടാതെ സൂക്ഷിക്കണം. വിളക്കിന് തീരെ വെട്ടം കിട്ടണില്ല. ദാ,ഇവിടെ തുണിയുണ്ട്, തല തുവര്ത്തിക്കൊള്ളൂ.
(നീണ്ടുനില്ക്കുന്ന വലിയൊരു ഇടിവെട്ടിന്റെ ശബ്ദം.)
ശോഭ: ഗോപ്യേട്ടന് മഴ കൊള്ളാതിരിക്കാന് ഇങ്ങോട്ട് കയറിയതാണോ?
ഗോപി: അല്ല, ഞാന് ഇങ്ങോട്ടു തന്നെ പോന്നതാണ്.
ശോഭ: വന്നെന്നു കേട്ടപ്പോള് ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ചിതലെടുക്കുന്ന താളുകള് എന്തിന് തട്ടിക്കുടഞ്ഞ് എടുക്കണമെന്നു തോന്നി. അവ തന്നെ ഭക്ഷിച്ചു തീര്ക്കുന്നതല്ലേ ഭംഗി.
ഗോപി: (വെപ്രാളത്തോടെ) ഹൊ... ഉവ്വ്... മുത്തശ്ശിയെവിടെ ശോഭേ?
ശോഭ: അടുത്ത മുറിയിലുണ്ട്. ആദ്യമൊക്കെ പുറത്തുള്ളവരുടെ ശബ്ദം കേട്ടാല് ആരാണെന്നു വിളിച്ചു ചോദിക്കുമായിരുന്നു. പിന്നെ അതു പരിചയായി. വയസ്സേറെ ആയിട്ടും ബുദ്ധിക്കു യാതൊരു ക്ഷതവുമില്ല. തന്റെ പൊടിയരിക്കഞ്ഞിക്കാണെങ്കിലും വേറെ വഴിയൊന്നുമില്ലെന്ന് അവര്ക്കറിയാം. വലിയമംഗലത്തെ നാറാണന് നായരുടെ കൊച്ചുമകള്ക്ക് പുറത്ത് കൂലിപ്പണിക്ക് പോകാനൊക്ക്വോ?
ഗോപി: അപ്പോള് ഞാന് കേട്ടത്...?
ശോഭ: മിക്കവാറും തെറ്റാന് സാധ്യതയില്ല.
ഗോപി: ഞാന് ചിലത് ആലോചിച്ചുറപ്പിച്ചാണ് വന്നിരിക്കുന്നത്. (ദൃഢമായ ശബ്ദത്തില്) അവരുടെയൊക്കെ മുഖത്ത് കാര്ക്കിച്ചു തുപ്പാന് എനിക്ക് നിന്റെ തുണ വേണം.
ശോഭ: ഞാനത് എത്രവട്ടം കേട്ടിരിക്കുന്നു ഗോപ്യേട്ടാ. (തേങ്ങുന്നു) മുത്തശ്ശിയുടെ മുമ്പില് വച്ചുപോലും എത്രയോ വാഗ്ദാനങ്ങള് നല്കി. ഇനിയിപ്പോള് ഗോപ്യേട്ടനൊരു കുടുംബമായി, ചുറ്റുപാടായി. പിന്നെ എന്തിനെന്നെ അങ്ങോട്ട് വലിച്ചിഴക്കുന്നു?
ഗോപി: അരുതാത്തതു പലതും സംഭവിച്ചു കഴിഞ്ഞു...
ശോഭ: അപ്പോള് ഗോപ്യേട്ടന് ഇത്ര പെട്ടന്ന് എല്ലാം അറിഞ്ഞു കഴിഞ്ഞോ?
ഗോപി: ശോഭയ്ക്ക് നേരത്തേ അറിയാമായിരുന്നോ?
ശോഭ: അതിവിടത്തെ വെറുമൊരു നാട്ടുവിശേഷം മാത്രമാണ്. പക്ഷേ, ഗോപ്യേട്ടാ എന്നെ ആ അരക്കുകൂടാരത്തിലേക്ക് വലിച്ചിഴക്കരുത്.
ഗോപി: (ദീര്ഘനിശ്വാസം വിടുന്നു) ഹൊ, ശോഭ ആ വിളക്കൊന്നു നീക്കി വക്കൂ. ഈ സിഗരറ്റൊന്നു ചൂടാക്കട്ടെ. എല്ലാം തണുത്തുമരവിച്ചിരിക്കുന്നു.
ശോഭ: ഗള്ഫ് ജീവിതം സുഖമായിരുന്നോ?
ഗോപി: സുഖം. ഒരു കാര്യം ചോദിക്കുന്നതില് വിഷമം തോന്നരുത്. ഇതിനിടയില് ശോഭയ്ക്ക് ആലോചനകളൊന്നും വന്നില്ലേ?
ശോഭ: അതു ശരി. (പരുക്കനായി) പെരിഞ്ചേരിയിലെ ഗോപിയുടെ വെപ്പാട്ടിയായിരുന്നവള്ക്ക് ആരാ കല്യാണാലോചന കൊണ്ടു വരുന്നത്?
ഗോപി: നീയെന്നോട് പൊറുക്കണം. ഞാന് പ്രായശ്ചിത്വം ചെയ്യാനാണ് എത്തിയിട്ടുള്ളത്. നമുക്കിനി ഒത്തു നീങ്ങാം.
ശോഭ: വേണ്ട ഗോപ്യേട്ടാ. എനിക്കെന്റെ മനസ്സ് ആര്ക്കും കൊടുക്കാനാവില്ല. ഞാനത്രത്തോളം സ്വാര്ത്ഥമതിയായി കഴിഞ്ഞു.
ഗോപി: ശോഭ അങ്ങനെ പറയരുത്. നമ്മുടെയൊക്കെ മനസ്സുകള് മെഴുകുപോലെയല്ലേ, ഏതു രീതിയിലും രൂപപ്പെടുത്തിയെടുക്കാവുന്നവ.
ശോഭ: ഗോപ്യേട്ടാ എന്നെ നിര്ബന്ധിക്കരുത്. ഇന്നെനിക്ക് ഒരഭിസാരികയുടെ പേരേയുള്ളൂ. നാളെയതൊരു കുടുംബം തകര്ത്തവളുടേതാകാന് ഞാനിഷ്ടപ്പെടുന്നില്ല.
ഗോപി: ഞാനൊരിക്കല് കൂടി നിന്നോട് ക്ഷമ ചോദിക്കുന്നു. നിനക്കറിയാലോ; ഒരു കുടുംബം പുനരുദ്ധരിക്കാന് വേണ്ടിയാണ് എനിക്ക് നിന്നെ ത്യജിക്കേണ്ടി വന്നത്.
ശോഭ: (പെട്ടന്ന്) പക്ഷേ, അത് മറ്റൊന്ന് തകര്ത്തുകൊണ്ട് വേണ്ടിയിരുന്നില്ല. അന്ന് പണത്തിന്റെ കുറവേ നമുക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. ഇന്നോ?
ഗോപി: ങ്ഹാ (ദീര്ഘനിശ്വാസത്തോടെ)... കഴിഞ്ഞകാലം.
ശോഭ: അത് ഗോപ്യേട്ടനെ വേട്ടയാടുന്നുണ്ടോ?
ഗോപി: ഉവ്വ് ശോഭാ, (പാതി കരച്ചിലോടെ) കൂര്ത്തുമൂര്ത്ത കുന്തം കൊണ്ടാണ് എന്നെയത് ഓടിക്കുന്നത്; ഇടയ്ക്കിടെ കുത്തിക്കുത്തി നോവിച്ച്. അവസാനം ഞാന് ഇവിടെയെത്തി. നീയും എനിക്കഭയം തരുന്നില്ലെങ്കില് ഞാന് തകര്ന്നുപോയേക്കും ശോഭാ (തൊണ്ട ഇടറുന്നു).
ശോഭ: എനിക്കതിന് സാധിക്കില്ല ഗോപ്യേട്ടാ, എന്നെ വെറുതെ വിട്ടേക്കൂ. ഗോപ്യേട്ടനെന്നെ ആവശ്യമുള്ളപ്പോഴൊക്കെ ഈ കതകിലൊന്ന് മുട്ടിയാല് മതി. ഞാനേതു സമയത്തും തുറന്നു തരാം.
ഗോപി: (വികാരധീനനായി) ശോഭാ...
ശോഭ: മനസ്സിന്റെ ശാപമാണെന്നു വിചാരിച്ചോളൂ. അതിനെ തടുക്കാന് ആര്ക്കും കഴിയില്ല. (തേങ്ങലോടെ) അവിടെ മിന്നുകെട്ടുമ്പോള് ഈ മനസ്സെരിയുകയായിരുന്നു, ഒപ്പം ഗോപ്യേട്ടന് തന്ന കുറെ ആശകളും.
ഗോപി: ശോഭ, എനിക്കിവിടവും ചുടുകാടാവുകയാണ്. ഞാന് പോകട്ടെ.
ശോഭ: മഴ ഇനിയും തോര്ന്നിട്ടില്ല; കൂരിരുട്ടും.
ഗോപി: പുറത്ത് കൊള്ളിയാന് മിന്നുന്നുണ്ട് ശോഭാ. ഈ പാപിക്കതിന്റെ വെട്ടം ധാരാളമാണ്. (കുറച്ചുനേരത്തെ നിശബ്ദത) പോട്ടെ.
(ശുഭം)
Posted by
t.k. formerly known as thomman
at
Sunday, March 30, 2008
5
comments
Labels: കഥ
Sunday, December 09, 2007
ആ യുവകഥാകാരന് കരയുന്നത്...
അയാള് പത്രം വായനയില് മുഴുകി ഇരിക്കുകയാണ്. രാഷ്ട്രീയകാര്യങ്ങള് മുതല് കായികരംഗം വരെയുള്ള പരസ്പരബന്ധമില്ലാത്ത നിരവധി വിഷയങ്ങളില് അയാള് തല്പരനായിരുന്നതിനാല് ഓരോ പേജും വായിച്ചു തീര്ക്കാന് വളരെ സമയമെടുക്കുന്നു. ആഹ്ലാദവും അഭിമാനവും ഉള്ളില് നിറഞ്ഞുകവിയുന്ന ഒരു പ്രത്യേക അവസരം കൂടിയാണ് ഈ ദിവസം അയാളുടെ ജീവിതത്തില്. ഇന്ന്, കഴിഞ്ഞ രണ്ടുമൂന്ന് ഞായറാഴ്ചകളിലെപ്പോലെ അതിരാവിലെ മുതല് പത്രക്കാരനെ കാത്തിരിക്കുകയായിരുന്നു അയാള്. വാരാന്തപ്പതിപ്പിലേക്ക് കഥ അയച്ചതു മുതല് തുടങ്ങിയതാണ് ഞായറാഴ്ചകളിലെ ആ കാത്തിരിപ്പ്; കാരണം അയാള്ക്കെന്തോ ഉറപ്പുണ്ടായിരുന്നു ആ കഥ പ്രസിദ്ധീകരിക്കപ്പെടുമെന്നതിന്. അയാള് ഇന്ന് വാരാന്തപ്പതിപ്പ് തുറന്നു നോക്കിയത് തന്റെ കഥയിലേക്ക് തന്നെയായിരുന്നു. അതിന്റെ പല ഭാഗങ്ങളും മന:പാഠമാണെങ്കിലും ഒരാവര്ത്തികൂടി അയാള് തന്റെ സൃഷ്ടി വായിച്ചു. പിന്നെ അതിന്നോടൊപ്പമുള്ള ചിത്രത്തിന്റെ ഭംഗി കുറെ നേരമങ്ങനെ നോക്കിയിരുന്നു.
വികാരങ്ങളുടെ വേലിയേറ്റത്തില് ഉയര്ന്നുകിടക്കുന്ന ഹൃദയവുമായി, തിളങ്ങുന്ന കണ്ണുകളോടെയാണ് അയാള് പത്രം വായന തുടരുന്നത്. ഓരോരോ വാര്ത്തകളിലൂടെ കണ്ണുകള് തെന്നിനീങ്ങുമ്പോഴും പ്രസിദ്ധീകൃതമായ തന്റെ കൃതിയുമായി ബന്ധപ്പെടുത്തിയുള്ള ആലോചനകളായിരുന്നു അയാളുടെ മനസ്സു നിറയെ.
തീരെ പ്രാധാന്യം കൊടുക്കാതെ ചരമങ്ങളുടെ കോളത്തില് കൊടുത്തിരിക്കുന്ന ആ വാര്ത്തയില് ദൃഷ്ടികള് ഉടക്കിയപ്പോള് വായിക്കുന്തോറും അയാളുടെ കണ്ണുകള് കൂടുതല് വികസിച്ചു. അല്പ്പസമയം കൊണ്ട് നാലോഅഞ്ചോ വരികളിലൊതുങ്ങുന്ന ആ ചരമക്കുറിപ്പ് എത്ര വട്ടമാണ് അയാള് വായിക്കുന്നത്. പത്രത്തിലെ അക്ഷരങ്ങള് തന്നില് നിന്ന് വളരെ അകലെയായിപ്പോകുന്നതു പോലെ തോന്നി; അവയ്ക്ക് തീരെ വലിപ്പമില്ലാതാവുകയും. പിന്നെ മിഴിയിലെ ചൂടുറവിനാല് ആ അവ്യക്തമായ കാഴ്ചയും ഇല്ലാതാവുകയായിരുന്നു. ആ ശുഭ്രമായ തിരശ്ശീലയുടെ മറവിലൂടെ അയാള് ഏകനായി എങ്ങോട്ടോ പോവുകയാണ്.
പബ്ലിക് ലൈബ്രറിയിലെ പുല്ത്തകിടിയും അവിടത്തെ മരത്തണലിലുള്ള സിമന്റ് ബഞ്ചുകളുമാണ് അയാളുടെ കണ്മുമ്പിലിപ്പോള്. അവിടെ കൂടാറുള്ള സഹൃദയസംഘത്തിലേക്ക് സാഹിത്യതല്പ്പരനായ ഒരു സുഹൃത്താണ് അയാളെ ആദ്യമായി കൂട്ടിക്കൊണ്ടു പോയത്. നല്ല പുസ്തകശേഖരവും വായനക്കാരുമുള്ള ആ പട്ടണത്തിലെ ലൈബ്രറിയുടെ അന്തരീക്ഷം അത്തരമാളുകളെ അവിടെ ഒരുമിപ്പിച്ചത് സ്വഭാവികമായിരുന്നു. ആ കൂട്ടായ്മയിലെ അംഗങ്ങള് എല്ലാവരും തന്നെ ജോലിക്കാരായതിനാല് ഞായറാഴ്ചകളില് മാത്രമേ അവര്ക്ക് ഒത്തുചേരാന് പറ്റിയിരുന്നുള്ളൂ. എഴുതുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ പുതിയ സൃഷ്ടികള് അവിടെ ചര്ച്ചചെയ്യപ്പെടും. ഒരു വിഷയത്തില് തുടങ്ങി മറ്റു പലതിലേക്കും ചര്ച്ചകള് തെന്നിനീങ്ങും.
സാധാരണ ചര്ച്ചകളുടെ ഗതി നിയന്ത്രിക്കാറുള്ള ആ റിട്ടയേര്ഡ് പ്രഫസറുടെ വാക്കുകള് ശ്രദ്ധിക്കുന്നതിലായിരുന്നു ചെറുപ്പക്കാരന് ഏറ്റവും താല്പര്യം. പ്രഫസറെന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചു. പലരും സ്വയംപുകഴ്ത്തലുകളിലേക്ക് സംസാരത്തിനിടെ മുങ്ങിപ്പോകുമായിരുന്നു. കാര്യമായി ഒന്നും എഴുതാത്തവര്ക്കും എഴുത്തുകാരനെന്നറിയപ്പെടാനാണ് ഇഷ്ടം. അതിനാല് എന്തെങ്കിലുമൊക്കെ പടച്ച് കൊണ്ടുവന്നു അവര് അവിടെ വായിക്കും; സൃഷ്ടിയില് പറയാന് ശ്രമിക്കുന്ന കാര്യത്തെപ്പറ്റി പറഞ്ഞുതുടങ്ങി സ്വന്തം കൃതികളെ വാഴ്ത്തുന്നതിലേക്ക് ചിലപ്പോള് കാര്യങ്ങള് നീങ്ങും. പക്ഷേ, പ്രഫസര് ന്യായമല്ലാത്ത അവകാശവാദങ്ങളൊന്നും വകവച്ചുകൊടുക്കില്ലായിരുന്നു. തീരെ ശോഷിച്ച്, സാവധാനം മാത്രം നടക്കുന്ന പ്രഫസറുടെ ഗാംഭീര്യമുള്ള ശബ്ദം ആ ചെറുപ്പക്കാരനില് വളരെ അത്ഭുതമുളവാക്കിയിട്ടുണ്ട്.
അയാള് ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്നതുകൊണ്ട് ചര്ച്ചകളില് വരാറുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും ആ ചെറുപ്പക്കാരന് സ്വന്തം അഭിപ്രായങ്ങള് ഉണ്ടായിരുന്നു. ശാസ്ത്രവിദ്യാര്ത്ഥിയായിരുന്നിട്ടും അതിന്റെ കോട്ടം തീര്ക്കാന് സാഹിത്യവും ആശയങ്ങളും മറ്റും ചര്ച്ചചെയ്യപ്പെടുന്ന ധാരാളം പുസ്തകങ്ങള് അയാള് വായിക്കാറുണ്ട്. പക്ഷേ, തന്നേക്കാള് മുതിര്ന്നവരുടെ കൂട്ടത്തിലിരുന്ന് എന്തെങ്കിലും പറയാന് അയാള്ക്ക് ഒരു വല്ലായ്കയാണ്. അവിടെ ഒത്തുചേരാറുള്ള എല്ലാവരെയും പരിചയപ്പെട്ടിട്ടുണ്ടെങ്കിലും അയാള് ചര്ച്ചകളില് അധികമൊന്നും സംസാരിക്കാറില്ല. അയാള് പുസ്തകങ്ങള് തിരഞ്ഞെടുത്തേ വായിക്കാറുള്ളൂ. അതുകൊണ്ട് പ്രഫസറുടെ നാവില് നിന്ന് വീഴുന്ന കൃതികളുടെ പേരുകള്ക്കായി എപ്പോഴും ശ്രദ്ധിച്ചിരിക്കും. പിന്നെ ലൈബ്രറിയുടെ റാക്കുകളില് നിന്ന് അവ തപ്പിയെടുത്ത് വായിച്ചു തീര്ത്താലെ അയാള്ക്ക് സമാധാനമാവുകയുള്ളൂ.
എങ്കിലും അയാളുടെ ഉള്ളില് ഒരാഗ്രഹം പതിഞ്ഞു കിടപ്പുണ്ടായിരുന്നു- അച്ചടിമഷി പുരണ്ട തന്റെയൊരു കഥ ആ സദസ്സില് ചര്ച്ച ചെയ്യപ്പെടണം; പ്രഫസര് അതേക്കുറിച്ച് എന്താണ് പറയുന്നതെന്നറിയണം. അയാള്ക്ക് ആ കൂട്ടത്തില് പ്രഫസറോടു മാത്രമേ ബഹുമാനമുണ്ടായിരുന്നുള്ളൂ. പ്രഫസറുടെ ആര്ജ്ജവമുള്ള വാക്കുകള് അയാളെ ആ സംഘത്തില് പിടിച്ചുനിര്ത്തി.
കഥ അച്ചടിച്ചുവന്നാല് ഉടനെയുള്ള ചര്ച്ചയില് തന്നെ തന്റെ അരങ്ങേറ്റം കുറിക്കണമെന്ന് അയാള് തീരുമാനിച്ചിരിക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന് അയച്ചിരുന്ന കഥ അത്ര മോശമില്ലെന്ന ചിന്ത അയാള്ക്ക് ആത്മവിശ്വാസവും കൊടുത്തു.
എല്ലാം അങ്ങനെ ആ ചെറുപ്പക്കാരന് ആഗ്രഹിച്ചതുപോലെ നടന്നുവരുമ്പോഴാണല്ലോ അയാളെ നഷ്ടബോധത്തിന്റെ ഗര്ത്തത്തിലേക്ക് തള്ളിയിട്ട ആ ചരമവാര്ത്ത എത്തുന്നത്. പ്രഫസര് അയാള്ക്ക് ആരുമല്ലായിരുന്നു. അവര് തമ്മില് അധികനേരം സംസാരിച്ചിരുന്നിട്ടു പോലുമില്ല. എങ്കിലും ആ വിയോഗം അയാള്ക്ക് സങ്കടകരമായിരിക്കുന്നു.
അയാള് അത്ര മൃദുലമനസ്ക്കനൊന്നുമല്ല എന്തിനുമുമ്പിലും കരഞ്ഞുപിഴിഞ്ഞു നില്ക്കാന്. അയാള്ക്കത് അറിയുകയും ചെയ്യാം. ഹൈസ്ക്കൂളിലായതിന്നു ശേഷം രണ്ടേരണ്ടു തവണയാണ് ഇതിന്നുമുമ്പ് അയാള് കരഞ്ഞിട്ടുള്ളത്. അയാള് എല്ലാം വ്യക്തമായി ഓര്ക്കുന്നുമുണ്ട്.
പത്താം തരത്തില് പഠിക്കുമ്പോഴാണ് അമ്മായിയുടെ വീട്ടില് കിടന്ന് അച്ചാമ്മ മരിച്ചത്. അവസാനനാളുകളില് ആകെ തളര്ന്നുപോയതിനാല് മുറിയില് ഒരു കക്കൂസിലാണ് അച്ചാമ്മയെ കിടത്തിയിരുന്നത്. എന്നിട്ടും അച്ചാമ്മ മരിച്ചുകിടക്കുമ്പോള് അയാളുടെ അമ്മ വീട്ടിലിരുന്നു പറഞ്ഞു, “ഇത്രയൊന്നും നരകിച്ചാല് പോരായിരുന്നു, ബാക്കിയൊള്ളോനെ എന്തോരം കണ്ണീര് കുടിപ്പിച്ചതാ.”
അച്ചാമ്മയുടെ ചെയ്തികളെപ്പറ്റി അമ്മ ഓരോന്ന് എപ്പോഴും പറയുമായിരുന്നു. അമ്മായിയുടെ മകനെക്കാള് മുതിര്ന്നതാണ് അയാള്. ഒരിക്കല് അച്ചാമ്മയുടെ മടിയിലിരുന്ന് അമ്മായിയുടെ മകന് ബിസ്ക്കറ്റ് തിന്നുകയായിരുന്നു. അയാളുടെ അച്ഛന് തന്റെ കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങിക്കൊടുക്കാനുള്ള വരുമാനമൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അമ്മായിയുടെ മകന് ബിസ്ക്കറ്റ് തിന്നുന്നതും നോക്കി ആ മൂന്നു വയസ്സുകാരന് മുറ്റത്തു നിന്നു. അച്ചാമ്മ അയാള്ക്ക് ഒരു കഷ്ണം ബിസ്ക്കറ്റു പോലും കൊടുത്തതുമില്ല. എന്തോ കാര്യത്തിന് കുട്ടിയെ അവിടെയിരുത്തി അച്ചാമ്മ അകത്തേക്കു പോയപ്പോഴും അയാള് ഉമിനീരിറക്കിക്കൊണ്ട് അതേ നില്പു തുടര്ന്നു. തിന്നുമതിയായിട്ട് അമ്മായിയുടെ മകന് ബിസ്ക്കറ്റ് തട്ടിക്കളിക്കാന് തുടങ്ങി; ഒരു വലിയ കഷ്ണം പുറത്തേക്കെറിയുകയും ചെയ്തു. എച്ചില് പോലെ പുറത്തേക്കുവീണ ആ ബിസ്ക്കറ്റ് തുണ്ട് എടുത്തു തിന്നുന്നതില് അയാളപ്പോള് യാതൊരു തെറ്റും കണ്ടില്ലായിരുന്നു. വരാന്തയിലെ തിണ്ണയിലൊരു കൈയൂന്നി മറുകൈയില് ബിസ്ക്കറ്റും പിടിച്ച് തിന്നാനൊരുങ്ങി നില്ക്കുമ്പോഴാണ് അച്ചാമ്മ പുറത്തേക്ക് വന്നത്. ആ ബിസ്ക്കറ്റ് കക്ഷണം പിടിച്ചുവാങ്ങി, അയാളുടെ കൈകള് രണ്ടും കൂട്ടിപ്പിടിച്ച് അച്ചാമ്മ ഒച്ചയിട്ടു, “നീയെന്റെ കൊച്ചിന്റെ കൈയീന്ന് ബിസ്ക്കറ്റ് തട്ടിപ്പറിക്കാണല്ലേടാ. നിന്റച്ചനോട് വാങ്ങിത്തരാന് പറ, ഇതെന്റെ പിള്ളക്ക് തിന്നാനാ.” പിന്നെ അയാളെ അവരുടെ നനഞ്ഞ കൈകൊണ്ട് തുടയില് ഒരുപാട് അടിക്കുകയും ചെയ്തു. അച്ചാമ്മ ബിസ്ക്കറ്റ് പിടിച്ചുപറിച്ചപ്പോള് തന്നെ അയാള് കരഞ്ഞു തുടങ്ങിയിരുന്നു. കരച്ചില് കേട്ട് അമ്മ വന്നാണ് അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ‘വേണ്ടാത്തതിന് പോകുന്നതിന് എന്തിനാടാ’ എന്ന് ചോദിച്ച് വഴിയില് വച്ച് അമ്മയും അയാളെ അടിച്ചു; അവരും കരയുന്നുണ്ടായിരുന്നു.
അതിന്നുമൊക്കെ വളരെ മുമ്പ് ഒരിക്കല് അയാള് അച്ചാമ്മയുടെ കൈകൊണ്ട് മരിച്ചു പോകേണ്ടതായിരുന്നല്ലോ. അന്നയാള്ക്ക് ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല. അമ്മ കന്നുക്കള്ക്ക് പുല്ലരിയാന് പാടത്തു പോയി. അന്ന് എല്ലാവരും തറവാട്ടില് ഒന്നിച്ചാണ് താമസിച്ചിരുന്നത്. അയാള് കരച്ചില് തുടങ്ങിയിട്ട് നിര്ത്താതെ വന്നിട്ടും ആരും അയാളുടെ അമ്മയെ വിളിച്ചുകൊണ്ടു വന്നില്ല. അച്ചാമ്മക്ക് കറുപ്പു കഴിക്കുന്ന ശീലമുണ്ടായിരുന്നു. അവര് അതില് നിന്ന് കുറച്ചെടുത്ത് അയാള്ക്ക് കൊടുത്തു. അതിന്റെ ലഹരിയില് മയക്കംകൊണ്ട് അയാള് ഉറങ്ങിപ്പോയി. അമ്മ തിരിച്ചുവരുമ്പോഴും അയാള് നിദ്രയിലായിരുന്നു. കുറെനേരം കഴിഞ്ഞിട്ടും എഴുന്നേല്ക്കാതായപ്പോഴാണ് അയാള് അബോധാവസ്ഥയിലാണെന്ന് അമ്മ അറിയുന്നത്. എന്നിട്ടും അച്ചാമ്മ ഒന്നും മിണ്ടിയില്ല; വൈദ്യന് വന്നപ്പോഴാണ് അവര് കറുപ്പുകൊടുത്ത കാര്യം പുറത്തു പറഞ്ഞത്.
അച്ചാമ്മയുടെ എന്തെല്ലാം ചെയ്തികളെപ്പറ്റി അയാളുടെ അമ്മ പറഞ്ഞു കേള്പ്പിച്ചിരിക്കുന്നു; അവരെ വിവാഹം ചെയ്തു കൊണ്ടുവന്നതു മുതല് വേറെ മാറുന്നതുവരെയുള്ള കാര്യങ്ങള്. എങ്കിലും അച്ചാമ്മയുടെ ജഢം ചിതയിലേക്കെടുക്കുമ്പോള് അയാള് വിങ്ങിപ്പൊട്ടുകയായിരുന്നു. മുഖത്തെ മാംസപേശികള് വലിഞ്ഞുമുറുകുന്നത് അയാള്ക്ക് തീരെ നിയന്ത്രിക്കാന് കഴിഞ്ഞില്ല. എന്തിന്റെയോ ഒരു ബാക്കിപത്രം പോലെ അന്ന് അയാളെ ആശ്വസിപ്പിക്കാന് എത്തിയത് അമ്മായിയുടെ മകനായിരുന്നു.
അതിന്നുശേഷം അയാള് എത്രയോ സന്ദര്ഭങ്ങളില് തീര്ത്തും നിര്വ്വികാരനായിരുന്നു. ഡിഗ്രിയുടെ അവസാനവര്ഷം അയാളുടെ ആത്മസുഹൃത്ത് വിനയന് പെരിയാറ്റില് മുങ്ങിമരിച്ചത്; പോസ്റ്റ് ഗ്രാജ്വേഷന് ചേര്ന്ന കൊല്ലം അച്ഛന്... ആ ദിവസങ്ങളിലൊക്കെ അയാളുടെ ബുദ്ധിയും മനസ്സും ശീതീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. വിചാരത്തിന്റെ ചൂട് അവിടെക്കെത്തുമ്പോള് മനസ്സ് വികാസംകൊണ്ട് വിങ്ങിപ്പൊട്ടും; കരയുന്നതിനേക്കാള് എത്രയോ ഭയങ്കരമാണ് ആ അവസ്ഥ.
പിന്നെ അയാള് കരഞ്ഞത് വെറുമൊരു കഥ വായിച്ചിട്ടായിരുന്നു. വളരെ പ്രസിദ്ധനൊന്നുമല്ലാത്ത ഒരാള് എഴുതിയതായിരുന്നു ആ കഥ. കഥാപാത്രത്തിന്റെ അച്ഛനെക്കുറിച്ചുള്ള ഓര്മകള് തീരെ അലംകൃതങ്ങളല്ലാത്ത കൊച്ചുവാക്കുകളിലാണ് എഴുതപ്പെട്ടിരുന്നത്. എങ്കിലും അതിലെ ഓരോ വാക്കുകളും വായിക്കുന്ന മുറയില്, അവ അയാളുടെ ഹൃദയത്തില് പതിഞ്ഞുകിടക്കാന് തുടങ്ങി. ഒരു സാമ്യവുമുണ്ടായിരുന്നില്ല ആ കഥയിലെ അച്ഛനും അയാളുടെ അച്ഛനും തമ്മില്. എങ്കിലും, ‘പിന്നെ സ്വയം അറിയാതെ അച്ഛന്റെ ശുഷ്ക്കിച്ച നെഞ്ചില് തടവാന് തുടങ്ങി. തന്റെ കുട്ടിക്കാലത്ത് അച്ഛന് തന്നെ എടുത്തുകൊണ്ട് നടന്നപ്പോള് താന് കെട്ടിപ്പിടിച്ച് തല അണച്ചു ചേര്ത്തു വച്ചിരുന്ന നെഞ്ച്’ എന്നീ വാചകങ്ങള് വായിച്ചപ്പോല് അയാളുടെ ഹൃദയഭാരം ഏറി വിസ്ഫോടകാത്മകമായിരുന്നു. അയാള് കിടക്കയില് കമിഴ്ന്നുകിടന്ന് വായിക്കുകയായിരുന്നു അപ്പോള്. വായന നിറുത്തി അയാള് തലയണയിലേക്ക് ശിരസ്സ് ചായ്ചു. പഴങ്കഞ്ഞിപോലും കഴിക്കാനില്ലാതെ ഒരു ദിവസം രാവിലെ തളര്ന്ന് സ്ക്കൂളിലേക്ക് പോകുമ്പോള് തന്നെ കെട്ടിപ്പിടിച്ച് ‘എന്റെ മോന്റെ വിശപ്പ് മാറ്റാന് എനിക്കെന്നെങ്കിലും പറ്റുമോ’ എന്ന് മെല്ലെ പറഞ്ഞ് കരഞ്ഞ സ്വന്തം അച്ഛനെ; കോളേജിലേക്ക് പോകാന് വണ്ടി കാത്ത് നില്ക്കുമ്പോള് കവലയിലെ ചായക്കടയിലിരുന്ന് അഭിമാനത്തോടെ ‘ചായ വേണോടാ’ എന്ന് വിളിച്ചു ചോദിച്ചിരുന്ന അച്ഛനെ അയാള് ഓര്മിക്കുകയായി. അയാളുടെ മനസ്സില് ഉരുണ്ടുകൂടിയ മേഘങ്ങള് പെയ്തിറങ്ങുമ്പോള് ആ തലയണ കുതിര്ന്നിരുന്നു.
പിന്നെ അയാളുടെ കണ്ണില് ജലകണങ്ങള് നിറയുന്നത് ഇന്നാണ്; തീര്ത്തും പ്രാധാന്യം കൊടുക്കാതെ അച്ചടിച്ചിരിക്കുന്ന പ്രഫസ്സറുടെ ആ ചരമവാര്ത്ത വീണ്ടും വീണ്ടും വായിക്കുമ്പോള്.
മറ്റാരെങ്കിലും കണ്ടാല് എന്തു വിചാരിക്കും എന്ന് കരുതി, നിവര്ത്തിപ്പിടിച്ച പത്രം കൊണ്ട് മുഖവും മറച്ച് അയാള് തന്റെ മുറിയില് കയറി വാതിലടച്ചു. മറ്റു വാര്ത്തകളിലൂടെ കടന്നുപോകാന് ശ്രമിച്ചിട്ട് അതില് അയാള് ഒട്ടും വിജയിക്കുന്നില്ല. അച്ചാമ്മയും അച്ഛനും പ്രഫസ്സറുമൊക്കെ അടങ്ങുന്ന വെറും മനുഷ്യബന്ധങ്ങളുടെ അമിതഭാരത്താല് അയാള് തേങ്ങുകയാണ്.
Posted by
t.k. formerly known as thomman
at
Sunday, December 09, 2007
1 comments
Labels: കഥ
Thursday, December 06, 2007
മഞ്ഞുതുള്ളിയിലെ നിലാവ്
കരോള് ഗാനങ്ങള്ക്കൊത്ത് ഗിത്താര് മീട്ടുമ്പോള് വിരല്ത്തുമ്പുകളില് പുതിയൊരാവേശം പതഞ്ഞുയരുകയായിരുന്നു. ബിയര് ബോട്ടില് കുലുക്കി പൊട്ടിച്ചാലെന്നപോലെ. ഇനി ഏതാനും മണിക്കൂറുകള് - വിത്സണ് മനസ്സില് നിമിഷങ്ങള് എണ്ണുകയാണ്. കരോള്സംഘത്തിന്റെ അവസാനത്തെ റിഹേഴ്സലാണ്. “വിത്സണ്, നിന്റെ ആദ്യത്തെ പ്രോഗ്രാമാണിത്. ഇതിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഇനിയുള്ള നിന്റെ വളര്ച്ച. ഇപ്പോള് കരോള് സംഘം; പിന്നെ പള്ളിയിലെ ഗാനസംഘം; അവസാനം പള്ളിയുടെ കീഴിലുള്ള നഗരത്തിലെ പ്രസിദ്ധമായ ഓര്ക്കെസ്ട്രാ ടീം.” തയ്യാറെടുക്കലിന്നിടയില് ആരൊക്കെയോ അങ്ങനെ ഓര്പ്പിച്ചു.
പക്ഷേ, തന്റെ മനസ്സിലുള്ള ആ കൊച്ചുരഹസ്യം ആര്ക്കുമറിയില്ല. ആരുമാരും തൊട്ടശുദ്ധമാക്കാത്ത ഒരു മയില്പ്പീലിത്തണ്ട്. അത് തനിക്കുമാത്രം ഏകാന്തതയിലിരുന്ന് തൊട്ടുതലോടാനുള്ളതാണ്.
സെന്റ് സ്റ്റീഫന്സ് തെരുവിലെ രണ്ടാമത്തെ വീട്. അതൊരിക്കലും മനസ്സില് നിന്ന് മായുന്നില്ല. പൂമുഖത്തെ, ഒലീവ് നിറത്തില് ചായമടിച്ച മര അഴികള് ആ വീടിനെ മനോഹരമാക്കിയിരുന്നു. അതിന്റെ മുകളില് ഒരു കിളിക്കൂടുപോലെ രണ്ടാം നില. വളരെ പാടുപെട്ടാണ് ഒരു ദിവസം അവളുടെ വീട് കണ്ടുപിടിച്ചത്. കുര്ബാന കഴിഞ്ഞുപോകുമ്പോള് പിന്തുടര്ന്നു ചെന്നു. സെന്റ് സ്റ്റീഫന്സ് തെരുവ് നഗരാതിര്ത്തിയിലാണ്; പള്ളിയില് നിന്ന് രണ്ടു കിലോമീറ്ററോളം ദൂരം വരും. വഴിയില് അന്ന് ധാരാളം പേരുണ്ടായിരുന്നു. എങ്കിലും അവളെ താന് പിഞ്ചെല്ലുന്നുണ്ടോയെന്ന് അവള് അറിഞ്ഞു കാണുമോ? ഒന്നുരണ്ടു തവണ അവള് അടുപ്പിച്ച് തിരിഞ്ഞുനോക്കിയപ്പോള് അങ്ങനെ സംശയിച്ചുപോയി. അപ്പോള് മറ്റെവിടെയോ ശ്രദ്ധിച്ചുകൊണ്ട് താന് നടന്നു; ഒന്നുമറിയാത്ത പോലെ. അവസാനം അവള് ആ വീട്ടിലേക്ക് കയറിപ്പോകുന്നതു കണ്ടു. അടുത്തുള്ള ഒരു മുറുക്കാന് കടയില് സര്ബത്തും കുടിച്ചു നിന്നുകൊണ്ട് അവള് അവിടെ നിന്നും ഇറങ്ങിവരുന്നില്ല എന്ന് ഉറപ്പുവരുത്തി. തിരിച്ചു നടക്കുമ്പോള് വഴിയുടെ ദൂരം മനസ്സിനെ അലട്ടി. ഒരു കാര്യവുമില്ലാതെയാണല്ലോ താന് ഇത്ര ദൂരം നടന്നതെന്നോര്ത്ത് അയാള് ഉള്ളില് ചിരിച്ചു. തനിക്ക് പള്ളിയില് വച്ച് അവളുടെ പേരും വീടുമൊക്കെ അന്വേഷിക്കാമായിരുന്നില്ലേ? പക്ഷേ,അവള് എന്തോര്ക്കും? ചിലപ്പോള് അവള് ഒന്നും തിരിച്ച് പറഞ്ഞില്ലങ്കിലോ? ഒരു കാര്യവുമില്ലാതെ കേറി പരിചയപ്പെടുന്നത് അവള്ക്ക് ഇഷ്ടപ്പെടാതിരിക്കാനും മതി.
കൂട്ടുകാരുടെ ഇടയില് അവള് ഒരിക്കലും ചര്ച്ചാവിഷയമാകാറില്ലായിരുന്നു. വെളുത്തു മെലിഞ്ഞുനീണ്ട, പ്രായമെത്തുന്നതിനു മുമ്പ് സാരിയുടുത്തു തുടങ്ങിയ, പക്വത നിഴലിക്കുന്ന മുഖമുള്ള ഒരു പെണ്കുട്ടി അവരുടെ സംഭാഷണങ്ങളുടെ ഇടയില് കടന്നുവന്നെങ്കിലേ അത്ഭുതമുള്ളൂ. അവര്ക്ക് ആരെയും കിട്ടാതെ ഇരിക്കുമ്പോള് അവള് അടുത്തുകൂടെയെങ്ങാനും കടന്നുപോവുകയാണെങ്കില് എല്ലാവരും കൂടി ഒച്ചവയ്ക്കും:
“പല്ലീ, പല്ലീ, വെള്ളപ്പല്ലീ
നിനക്കൊരു വെള്ളക്കാരന് വെളുമ്പന് വരും.”
അവളതുകേട്ട് ഒരു കൂസലൊന്നുമില്ലാതെ, തിരിഞ്ഞുപോലും നോക്കാതെ കടന്നു പോകും.
ഒരു ദിവസം രണ്ടും കല്പ്പിച്ച് അയാള് കൂട്ടുകാരോട് അവളുടെ പേരന്വേഷിച്ചു.
“അന്നാ മോളി. ഉം എന്താ, നോട്ടമുണ്ടോ?”
അയാള് വിളറി വെളുത്ത് ചിരിച്ചു; അവരുടെ പാട്ടിലെ വെളുമ്പന് വെള്ളക്കാരനെപ്പോലെ.
കരോള് സംഘത്തിന്റെ തയ്യാറെടുപ്പുകള് പൂര്ത്തിയായി. പുറപ്പെടുന്നതിന് മുമ്പ് വിത്സണ് വീട്ടില് പോയി വസ്ത്രം മാറി വന്നു. ക്രിസ്മസിന് കറുത്ത പാന്റ്സും വെളുത്ത ഷര്ട്ടുമാണ് ഇത്തവണ എടുത്തത്. കരോളിന് പോകുമ്പോള് വയ്ക്കാന് ഒരു വെളുത്ത ക്യാന്വാസ് തൊപ്പിയും വാങ്ങി.
പുറത്ത് നല്ല നിലാവാണ്. രണ്ടു ലാര്ജ്ജ് വിസ്കിയുമടിച്ച് ഇതുപോലുള്ള നിലാവെട്ടത്ത് കിടന്നാല് സ്വര്ഗ്ഗം കാണാമെന്ന് ബ്രിട്ടോ അങ്കിള് പറയുമായിരുന്നു. വിസ്കി കഴിച്ചാണ് അങ്കിള് മരിച്ചത്. അവസാന നിമിഷങ്ങളില് പോലും അങ്കിള് അതാവശ്യപ്പെട്ടപ്പോള് മേരി ആന്റി കൊടുക്കാന് മടിച്ചു. അപ്പോള് അപ്പാപ്പന് പറഞ്ഞു, “അവന്റെ ആഗ്രഹമല്ലേ, കൊടുക്കൂ” എന്ന്. അതു കഴിച്ചുകഴിഞ്ഞപ്പോള് അങ്കിളിന്റെ കണ്ണുകള് മെല്ലെ അടയുന്നതു കണ്ടു. വേദനയ്ക്ക് ശമനം കിട്ടി, ഉറങ്ങാന് തുടങ്ങുന്നതെന്നേ എല്ലാവരും വിചാരിച്ചുള്ളൂ.
കരോള്സംഘം വീടുകള് കയറി ഇറങ്ങുമ്പോള് അവര് സെന്റ് സ്റ്റീഫന്സ് തെരുവില് എപ്പോഴെത്തുമെന്ന് വിത്സണ് മനസ്സില് കണക്കുകൂട്ടുകയായിരുന്നു. മരത്തിന്റെ അഴികളിട്ട ആ വീട്. പുതിയ ഗിത്താറിസ്റ്റിനെ കാണുമ്പോള് അവിടെയുള്ളവര് ശ്രദ്ധിക്കും. അതിരൂപതയില് തന്നെ ഗിത്താറിസ്റ്റുകളുടെ കാര്യത്തില് മുമ്പിലാണ് ആ പള്ളി. അതുകൊണ്ട് പുതിയ ഒരാളുടെ നേര്ക്ക് എല്ലാവരുടെയും ദൃഷ്ടികള് നീളും; പാരമ്പര്യം നിലനിര്ത്താന് കഴിവുള്ളവനാണോ എന്ന് അവര് പിന്നെ ചര്ച്ച ചെയ്യും.
സെന്റ് സ്റ്റീഫന്സ് തെരുവില് നിന്ന് മരഅഴികളിട്ട ആ വീട്ടിലേക്ക് കരോള്സംഘം കയറി. ഒരു നക്ഷത്രവിളക്കു മാത്രമേ മുന്വശത്ത് ഉണ്ടായിരുന്നുള്ളൂ. പുല്ക്കൂടോ ക്രിസ്മസ് ട്രീയോ ഒന്നും ഉണ്ടായിരുന്നില്ല.
‘ഹാപ്പി, ക്രിസ്മസ്‘ ആശംസിച്ചപ്പോള് വാതില് തുറക്കപ്പെടുന്നതു കണ്ടു. വിത്സന്റെ കണ്ണുകള് അപ്പോള് അന്നയെ തിരയുകയായിരുന്നു. അയാള്ക്ക് അവളെ കാണുവാന് സാധിച്ചില്ല. കരോള്സംഘം പാടുവാനാരംഭിച്ചു:
“ബത്ലഹേമില് കാലിത്തൊഴുത്തില്
വന്നു പിറന്നവനേശു നാഥാ.
താരകള് തെളിക്കുമീ പാതയിലൂടെ
പാപികള് ഞങ്ങള് വന്നിടുന്നൂ.”
അയാള് ഗിത്താറില് കൈകള് വച്ചപ്പോള്, ഈ നിമിഷത്തിനു വേണ്ടിയാണല്ലോ താന് കാത്തിരുന്നതെന്നോര്ത്തപ്പോള് മറ്റുള്ളവരെല്ലാം വെറും നിഴലുകളായി. വിത്സന്റെ ചുറ്റും ലോകം ചുരുങ്ങിച്ചുരുങ്ങി അവനും ഗിത്താറും മാത്രമായി. അയാളുടെ ആ സമയത്തെ പ്രകടനം കണ്ടാല് ഗിത്താറ് പടിക്കാന് തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെന്ന് ആരും പറയില്ല. പാട്ടു നിലച്ചപ്പോഴും അയാള് അവിടെ ചുറ്റിപ്പറ്റി നിന്നു. അവളെ അപ്പോഴും പുറത്തു കാണാനുണ്ടായിരുന്നില്ല. തെരുവിലേക്കിറങ്ങിയ ശേഷം അയാള് പലതവണ തിരിഞ്ഞുനോക്കി; വീട്ടുകാര് ഇപ്പോഴും മുറ്റത്തു തന്നെ നില്ക്കുന്നുണ്ട്. എവിടെ അന്ന?
പിന്നെ പലയിടത്തു വച്ചും വിത്സന്റെ താളം തെറ്റി. ആരോ അവന്റെ ചുമലില് തട്ടിക്കൊണ്ടു പറഞ്ഞു: “വിത്സണ്, എല്ലാത്തിലും വലുത് ഇടവകക്കാരുടെ അഭിപ്രായമാണ്. കുറച്ചുകൂടി ശ്രദ്ധിക്കണം.”
ക്രിസ്മസ് ഒരു വെള്ളിയാഴ്ച ആയിരുന്നു. ഒരു ദിവസം കൂടി കാത്തിരുന്നാല് അന്നയെ പള്ളിയില് വച്ചു കാണാം. കുരിശിന്റെ വഴിയിലെ ആറാം സ്ഥലത്തിന്റെ ചിത്രം തൂക്കിയിരിക്കുന്നതിന്റെ നേരെ അടിയിലാണ് അവളെ സാധാരണ കാണുക. വേറോനിക്ക പങ്കപ്പാടുകള്ക്ക് വിധേയനായ ഈശോയുടെ തിരുമുഖം തന്റെ തൂവാലകൊണ്ട് തുടക്കുന്ന സന്ദര്ഭമാണത്. സാരിത്തലപ്പുകൊണ്ട് ശിരസ്സുമൂടി പള്ളിയില് നില്ക്കുമ്പോള് അന്ന ചിത്രത്തിലെ വേറോനിക്കയെപ്പോലെ തോന്നിക്കും.
ഞായറാഴ്ച കുര്ബാന നടക്കുമ്പോള് ആറാം സ്ഥലത്തേക്ക് വിത്സന്റെ കണ്ണുകള് ഇടക്കിടെ നീണ്ടുചെന്നു. അന്നയെ അവിടെ കാണാതാവുമ്പോള് മുകളില് വച്ചിരിക്കുന്ന ചിത്രത്തില് നോക്കി അയാള് ദൃഷ്ടികള് പിന്വലിക്കും. ഇപ്പോള് അവിടെ ഒരു വൃദ്ധയാണ് നില്ക്കുന്നത്. അവള് ഇന്ന് വരില്ല. മുമ്പൊരിക്കലും അവള് പള്ളിയില് വൈകിവരുന്നത് അയാള് കണ്ടിട്ടില്ല.
പിറ്റെ ഞായറാഴ്ചയും നെല്ലിന്പൂവുപോലെ മെലിഞ്ഞുനീണ്ട അവളുടെ രൂപം വിത്സന്റെ കണ്ണുകളില് വന്നു വീണില്ല.
അവള്ക്കെന്തു പറ്റി? അതിന്ന് എന്തായാലും അറിയണം- വിത്സന് തീരുമാനിച്ചു. പക്ഷേ, ആരോട് ചോദിക്കാന്?
വിന്സന്റ് ഡി പോളിന്റെ മാസപ്പിരിവിന്റെ ദിവസമായിരുന്നു അന്ന്. ഒരു വാര്ഡിലെ പിരിവ് താന് ചെയ്യാമെന്ന് വിത്സന് ഏറ്റു. ദൂരേക്ക് പോകാന് ആര്ക്കും താല്പര്യമില്ലാത്തതിനാല് അന്നയുടെ വീടിരിക്കുന്ന ഭാഗത്തെ പിരിവ് വിത്സന് എളുപ്പം കിട്ടി.
നേരിയ ഭയത്തോടെയാണ് അയാള് അവളുടെ വീട്ടിലെ പടി തുറന്നത്. അതുവരെ മനസ്സില് കരുതിക്കൊണ്ടുവന്നതെല്ലാം ചോര്ന്നൊലിച്ചു പോകുന്നതു പോലെ.
“ഇന്ന് പുതിയ ആളാണല്ലോ. കരോള്സംഘത്തിലെ ഗിത്താറിസ്റ്റല്ലേ?” അന്നയുടെ അമ്മയാണെന്നു തോന്നുന്നു.
അയാള് ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു.
പോരാനൊരുങ്ങുമ്പോള് ധൈര്യം സംഭരിച്ച് ചോദിച്ചു, “അന്നയിപ്പോള് എവിടെ?”
“അന്നയുടെ ക്ലാസ്സ്മേറ്റായിരുന്നോ?”
“അല്ല, പരിചയമുണ്ട്.” അവര് വേറെയൊന്നും ചോദിക്കാഞ്ഞത് ഭാഗ്യം.
“അവള് ക്രിസ്മസ്സിന് രണ്ടു ദിവസം മുമ്പ് രാജസ്ഥാനിലേക്ക് പോയി; അവിടെ ഒരു മടത്തില് ചേരാന്. ഉണ്ണിയേശുവിന് വേണ്ടി അവള് ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങള് പോലും ഉപേക്ഷിക്കാന് തീരുമാനിച്ചു. ക്രിസ്മസ് കഴിഞ്ഞു പോയാല് മതിയെന്ന് ഞങ്ങള് കുറെ പറഞ്ഞു നോക്കി. പക്ഷേ, അവളുടെ തീരുമാനത്തില് മാറ്റമൊന്നു ഉണ്ടായില്ല. ക്രിസ്മസ് ദിനത്തിന്റെ അന്ന് മുഴുവന് അവള് ട്രെയിനില് ആയിരുന്നു. അപ്പോള് തനിച്ചിരുന്ന് ഉണ്ണീശോയെ മാത്രം മനസ്സില് ധ്യാനിക്കാമല്ലോ എന്നാണ് അവള് പറഞ്ഞത്. ഞങ്ങള് പിന്നെ തടഞ്ഞില്ല. ഒരു നല്ല കാര്യത്തിന് ഇറങ്ങിത്തിരിച്ചതല്ലേ.”
വിത്സന് എല്ലാം കേട്ടു നിന്നു. അയാള്ക്കൊന്നും പറയാനില്ല. അവരുടെ കാരുണ്യം നിറഞ്ഞ നോട്ടത്തില് നിന്ന് കണ്ണുകള് വലിച്ച്, പുറത്തേക്കിറങ്ങുമ്പോള് തെരുവ് വെയിലില് ചുട്ടുപഴുത്ത് കിടക്കുന്നതായി അയാള് അറിഞ്ഞു.
Posted by
t.k. formerly known as thomman
at
Thursday, December 06, 2007
6
comments
Labels: കഥ
Monday, September 18, 2006
ചിലന്തി വല
ഇനിയൊരു കഥയാണ്. ഇത് എന്റെ ആദ്യത്തെ പ്രസിദ്ധീകരിക്കപ്പെട്ട, സീരിയസ്സ് സ്ര്ഷ്ടിയാണിത്. അതിന്നു മുമ്പ് ചില പൊടിക്കവിതകള് പല മാസികകളിലും വന്നിട്ടുണ്ടെന്നല്ലാതെ. പ്രീ-ഡിഗ്രി ഒന്നാം വര്ഷം കളമശ്ശേരി സെയ്ന്റ് പോള്സില് പഠിക്കുമ്പോഴാണ് ഇതെഴുന്നത്, 1983-ല്. പിറ്റെ കൊല്ലത്തെ "The Paulist '84" - ല് പ്രകാശം കണ്ടു.
ഞാന് ഈ കഥയെഴുതുന്നതിന് മുമ്പ് കടമ്മനിട്ടയും സക്കറിയയുടെ ഒരിടത്തും ഒക്കെ വായിച്ചിട്ടുണ്ടെന്നു മനസ്സിലാകും അതു വായിക്കുമ്പോള്. (ഞങ്ങളുടെ ഗ്രാമീണ വായനശാലയിലെ കീറിയ പുസ്തകങ്ങളുടെ അലമാരിയില് നിന്ന് ഒരിടത്ത് കണ്ടെത്തിയത് ഞാന് ഇന്നും ഓര്ക്കുന്നു. സക്കറിയ അന്ന് അത്ര വലിയ പുള്ളിയൊന്നുമായിരുന്നില്ല എന്നു തോന്നുന്നു. കാരണം ഞാന് അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ചു അതിന്നുമുമ്പ് കേട്ടിട്ടില്ലായിരുന്നു.)
മനസ്സിനെ കടലാസ്സിലേക്കു പകര്ത്താനുള്ള ശ്രമത്തില് ‘എ’ പേന ഒന്നു കൂടി കുടഞ്ഞു. മഷി തീരെയില്ല. മഷിക്കുപ്പിയിലെ അവസാനതുള്ളിയും ഉപയോഗിക്കുവാനുള്ള ശ്രമത്തില് ചേര്ത്തിരുന്ന കുറച്ചു വെള്ളത്തിന്റെ മങ്ങല് കൂടിക്കൂടി അവസാനം ഒന്നും കാണാനാവാതെയായിരിക്കുന്നു.
കടലാസ്സിലെ ഒരു ബിന്ദുവില് ‘എ’ സൂക്ഷിച്ചുനോക്കി, അടിയിലേക്ക്... അടിയിലേക്ക്. നീല വര്ണ്ണത്തിന്റെ ലാഞ്ചന. ബിന്ദു മുകളിലേക്ക് തുളച്ചുകയറിക്കയറി നെറ്റിയിലെങ്ങോ വേദന ഉളവാക്കിയപ്പോള് ചുമരിലേക്ക് നോക്കി. വര്ഷങ്ങള്ക്കു മുമ്പ് ആരോ ഇട്ടിരുന്ന കലണ്ടറില് ഒരു വിടരാറായ പുഷ്പം. അതിനിയും വിടര്ന്നിട്ടില്ല! കലണ്ടറിന്നു മുകളില് ഒരു ചിലന്തി വല. അതിലെ അന്തേവാസിയുടെ കാലുകള് ധ്ര്തഗതിയില് ചലിക്കുന്നുണ്ട്. വീണ്ടും സൂക്ഷിച്ചു നോക്കി. വലയിലൊരു ഇരപെടുവാന് പോകുന്നു. പക്ഷേ, ശക്തനായിരുന്ന ആ വണ്ട് വല പൊളിച്ച് സ്വതന്ത്രനായി.
ഇന്നലെ ചിലന്തി ഉപയോഗിച്ച ഏഴു പ്രാണികളുടെ ഗോളാകാര മ്ര്തദേഹങ്ങള് മേശക്കടിയില് കിടപ്പുണ്ട്. ഇന്നത്തെ ആദ്യത്തെ ശ്രമമാണ് പരാജയപ്പെട്ടത്. അടുത്ത ഇര ഒരു പക്ഷെ ബലഹീനനായിരിക്കും. ഏകപക്ഷീയമായ ഇര പിടുത്തം ദുസ്സഹമാകുന്നു.
വണ്ട് പൊളിച്ച വല നന്നാക്കുവാന് ചിലന്തി ശ്രമിക്കുകയാണ്. വലപ്പശകൊണ്ട് ചുമരിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കു ചാടുവാന് ശ്രമിക്കുമ്പോള് അത് താഴെ വീണു, ‘എ’-യുടെ കൈയില്. നഷ്ടബോധം പ്രശ്നമാക്കാത്ത ആ പോരളിയെ ‘എ’ അനക്കാതെ ചുമരിലേക്കാക്കി. കുറച്ചു സമയത്തിനുള്ളില് ചിലന്തി വല പൂര്ത്തിയാക്കി ഇരയെ കാത്തിരിക്കുവാന് തുടങ്ങി.
ബ്രൂസ് രാജാവിന്റെയും പടയാളികളുടെയും ഞരക്കം; പിന്നെ ഹുറേ വിളികളുടെ ആരവം. ബ്രൂസ് രാജാവ് ത്ന്റെ പ്രതിയോഗികളെ ആഞ്ഞു വെട്ടി. ഇളം കാറ്റിന്റെ മര്മ്മരവും പറമ്പില് കെട്ടിയിട്ടിരുന്ന പശുക്കുട്ടിയുടെ ഞരക്കവും കുടി കുഴഞ്ഞ് യുദ്ധപ്രതീതി ജനിപ്പിച്ചു. പരിസരബോധം വന്നപ്പോള് കീറിപ്പൊളിഞ്ഞ കടലാസും മുനയൊടിഞ്ഞ പേനയും ‘എ’ മാറ്റിവച്ചു. മുകളില് ചിലന്തിയുടെ ചെകുത്താന് കണ്ണുകള്. താഴെ കടലാസിലെ കറുത്ത ഗര്ത്തങ്ങളുടെ വിളി.
ജ്വരബാധയില് ലയിച്ചുപോയ ‘എ’-യുടെ കൈകാലുകള് സാവധാനത്തില് കുറുകി ശോഷിച്ച് ശുഷ്ക്കിച്ച് ചിലന്തിയുടെ കാലുകളായി മാറി. ശിരസ്സും പ്ര്ഷ്ഠവും നെഞ്ഞിലേക്ക് വലിഞ്ഞ് വലിഞ്ഞ് അവസാനം ശരീരം ഒരു ചിലന്തിയുടേതുപോലെയായി. കൈകാലുകള്ക്കിടയില് ഓരോ കാലുകള്ക്കുകൂടി മുള വന്നപ്പോള് ‘എ’ ഒരു പൂര്ണ്ണനായ എട്ടുകാലിയായി. അത് ചുമരിന്റെ മറ്റേ മൂലയിലേക്ക് ഓടിക്കയറി. ഒരു പക്ഷെ ‘എ’-യുടെ ഇരിപ്പിടത്തില് പിന്നീട് ഇരുന്നേക്കാവുന്ന ഏതൊരള്ക്കും മാത്ര്ക കാട്ടുന്നതിന്നു വേണ്ടി ചിലന്തി തന്റെ വല കെട്ടാനാരംഭിച്ചു.
വേറൊരു ബ്രൂസ് രാജാവ് അവിടെ വരുന്നതിന്നുമുമ്പുതന്നെ ചിലന്തി നിര്ഭാഗ്യവശാല് തന്റെ പണിതീരാത്ത വലയില് കുടുങ്ങി മരിച്ചു. അത് സ്രവിപ്പിച്ച വെളുത്ത വലപ്പശ അതിന്റെ ദേഹത്ത് ഒട്ടിപ്പിടിച്ച് ഒരു ശവക്കച്ചപോലെ കാണപ്പെട്ടു. പറമ്പില് കെട്ടിയിരുന്ന പശുക്കുട്ടിയും ഏതാണ്ടിതേ സമയത്തുതന്നെ ചത്തുപോയി. പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളിരുന്ന് ഏതോ ഒരു തവള വിലപിച്ചതുപോലെ, “സ്വന്തം കയറില് കുരുങ്ങി, സ്വന്തം മലമൂത്രങ്ങളില് കുഴഞ്ഞ് ....”.
---
കുറിപ്പ്:
1. ബ്രൂസ് രാജാവ് - സ്ഥിരോത്സാഹത്തിന്റെ പ്രതീകമെന്ന നിലയില് കരുതപ്പെടുന്ന ഒരാളാണ് ബ്രൂസ് രാജാവ്.
Posted by
t.k. formerly known as thomman
at
Monday, September 18, 2006
3
comments
Labels: കഥ
