Monday, July 31, 2006

മെംഫിസിലെ കാഴ്‌ചകള്‍

ഞാന്‍ കുറച്ചുനാളുകള്‍ക്കു മുമ്പ്‌ എഴുതിയ ഒരു കവിതയാണ്‌ ആദ്യമായി മലയാളത്തില്‍ ബ്ളോഗു ചെയ്യുന്നത്‌. മൂന്നു കൊല്ലത്തോളം ഞാന്‍ മെംഫിസില്‍ ജോലി ചെയ്തിരുന്നു. 2000-ല്‍ ആണ്‌ സിലിക്കണ്‍ വാലിയിലേക്ക്‌ ഞാന്‍ താമസം മാറ്റുന്നത്‌.

മെംഫിസിനെക്കുറിച്ച്‌ ഒരു കവിത. എല്ലാവര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല, ആ നഗരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ കവിതയില്‍ പറയുന്നതുകൊണ്ട്‌. ഇത്‌ എന്റെ വ്യക്തിപരമായ ഒരു മെംഫിസ്‌ സ്തുതി മാത്രമാണ്‌.


മെംഫിസിലെ കാഴ്‌ചകള്‍ലോറെയ്‌ന്‍ മോട്ടലിനടുത്തെ വിജനമായ തെരുവില്‍
വഴിതെറ്റിയെത്തിയ ഒരു യാത്രക്കാരന്‍
ട്യൂണിക്കയിലെ ചൂതാട്ടകേന്ദ്രത്തിലേക്കു പണിക്കുപോകാന്‍
വണ്ടി കാത്തുനില്‌ക്കുന്ന വെസ്‌റ്റാഫ്രിക്കനഭയാര്‍ത്ഥിയോട്‌
വഴി ചോദിക്കുന്നു.
ശതാബ്ദങ്ങള്‍ക്കുമുമ്പ്‌ അയാളുടെ നാട്ടുകാര്‍
ലേലത്തട്ടുകളില്‍ നിന്നിറങ്ങി
കൈകാലുകളില്‍ ചങ്ങലയുമണിഞ്ഞ്‌, ശിരസ്‌സുകള്‍ താഴ്‌ത്തി
മിസ്‌സിസിപ്പിയിലെ പരുത്തി പ്ലാന്റേഷനുകളിലേക്ക്‌
ആ വഴികളിലൂടെ കടന്നു പോകുമായിരുന്നു.
മെംഫിസ്‌ തുറമുഖത്ത്‌ ഇപ്പോള്‍ അടിമക്കപ്പലുകള്‍ അടുക്കാറില്ല.
മിസ്‌സിസിപ്പി നദിയുടെ തീരത്ത്‌ ഉല്ലാസ്‌സക്കപ്പലുകളും
ബാര്‍ബിക്യൂ ഉത്സവത്തിനു കെട്ടിയ കൂടാരങ്ങളും മാത്രം.

ബീല്‍ സ്‌ട്രീറ്റിലെ ബിയറിന്റെയും മരിയുവാനയുടെയും മണത്തിനൊപ്പം
തന്റെ വിറയ്‌ക്കുന്ന കൈവിരലുകളില്‍ കുടുങ്ങിയ ബ്ലൂസിന്റെ താളത്തെ
ഗിത്താറിന്റെ കമ്പികളിലൂടെ ഒരു കറുത്ത വൃദ്ധന്‍
പുറത്തേക്കു തുറന്നു വിടുന്നു.
റൂഫസ്‌ തോമസ്‌ ഒരു വീഥിയായി
നദീതീരത്തിന്റെ പ്രശാന്തതയില്‍ മയങ്ങുന്നു.
മാര്‍ക്ക്‌ ട്വയിന്‍ കൊടുത്ത ചങ്ങാടത്തില്‍
പുഴയുടെയൊഴുക്കിനൊപ്പം തുഴഞ്ഞെത്തുന്നത്‌
ഹക്കിള്‍ബെറി ഫിന്നും ജിമ്മും.ഉറക്കച്ചടവോടെ എല്‍വിസ്‌ പ്രസ്‌ലി ബുളിവാഡ്‌
മുറിച്ചുകടന്നു വരുന്നതൊരു നിശാനൃത്തക്കാരി.
അവളുടെ അര്‍ദ്ധനഗ്നതയെ ചൂണ്ടി ശപിക്കുന്നത്‌
സൗത്ത്‌ ഹേവനില്‍ നിന്ന്‌ തോക്ക്‌ പണയം വെയ്‌ക്കാനെത്തിയ
ഒരു വെള്ള കൂലിപ്പണിക്കാരന്‍.
തോളത്തിരിക്കുന്ന ബാലികയ്‌ക്കൊരാള്‍
ഗ്രേസ്‌ലാന്റിനെ കാണിച്ചുകൊടുത്ത്‌
തന്റെ ചെറുപ്പം മുഴുവന്‍ വിസ്തരിക്കുന്നു.
മെയ്‌ മാസത്തിലെ ചൂടില്‍ വരണ്ട ത്വക്കുമായി
അരികെനിന്ന്‌ കണ്ണീര്‍ പൊഴിക്കുന്നു അവളുടെ അമ്മ.
കുറച്ചകലെ മോട്ടോര്‍ സൈക്കിളില്‍ പിന്നിലൊരു യുവതിയെയും വച്ച്‌
സിഗ്നലിനായി കാത്തുനില്‌ക്കുന്നത്‌
പീനട്ട്‌ ബട്ടര്‍ ആന്റ്‌ ബനാന സാന്റ്‌വിച്ച്‌ തേടിപ്പോകുന്ന നിത്യകൗമാരക്കാരന്‍,
കറുത്ത സംഗീതത്തെ വെളുത്ത മേലങ്കിയണിയിച്ച ഗായകരാജന്‍.
അതോ വെറുമൊരാള്‍മാറാട്ടക്കാരനോ?

കറുപ്പിനെ പേടിയാണെങ്കില്‍ ഈ നഗരത്തിലേക്കു പോരൂഃ
രക്ഷകനൊരു കാപ്പിരിയായി കുരിശ്‌ശിലേറിയതു കാണാം;
സംഗീതവും സൗന്ദര്യവും ഇരുട്ടും വെളിച്ചവും
പഴമയുടെ പേക്കിനാവുകളും പുതുമയുടെ ചടുലതയും
വിലാപങ്ങള്‍ പോലെ ഹൃദയത്തെ തകര്‍ക്കുന്ന ആദിമതാളങ്ങളും
ഈ തെരുവീഥികളില്‍ ചിതറിക്കിടക്കുന്നതും കാണാം.

അലച്ചിലിന്റെ അവസാനം ശേഷിക്കുന്നത്‌
കറതീര്‍ന്നൊരു മനുഷ്യഹൃദയം.

--------------
കുറിപ്പുകള്‍ഃ
1. ലോറെയ്‌ന്‍ മോട്ടല്‍ - ഇതിന്റെ ബാല്‍ക്കണിയില്‍ നില്‌ക്കുമ്പോഴാണ്‌ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‌ വെടിയേറ്റത്‌.
2. ബീല്‍ സ്‌ട്രീറ്റ്‌ - ബ്ലൂസ്‌ സംഗീതം വളര്‍ന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധം.
3. റൂഫസ്‌ തോമസ്‌ - ബ്ലൂസ്‌, സോള്‍ സംഗീതത്തിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസം.
മെംഫിസില്‍, മിസ്‌സിസിപ്പി നദിക്കടുത്തൊരു വഴിക്ക്‌ ഇദ്ദേഹത്തിന്റെ പേരാണ്‌ ഇട്ടിരിക്കുന്നത്‌.
4. ഹക്കിള്‍ബെറി ഫിന്നും ജിമ്മും - മാര്‍ക്ക്‌ ട്വയിനിന്റെ നോവലിലെ കേ(ന്ദകഥാപാത്രങ്ങള്‍. മിസ്‌സിസിപ്പി നദിയിലൂടെ സ്വാതന്ത്ര്യം തേടിയുള്ള അവരുടെ യാത്രയാണ്‌ കഥയുടെ കാതല്‍.
5. ഗ്രേസ്‌ലാന്റ്‌ - എല്‍വിസ്‌ പ്രസ്‌ലിയുടെ വീട്‌. ഇപ്പോള്‍ മ്യൂസിയം. ഇതിന്റെ മുമ്പിലൂടെ കടന്നു പോകുന്ന വഴിയാണ്‌ എല്‍വിസ്‌ പ്രസ്‌ലി ബുളിവാഡ്‌.
6. പീനട്ട്‌ ബട്ടര്‍ ആന്റ്‌ ബനാന സാന്റ്‌വിച്ച്‌ - എല്‍വിസ്‌ പ്രസ്‌ലിക്ക്‌ ഇതിനോടുള്ള കമ്പം സുപ്രസിദ്ധമാണ്‌.

6 comments:

കണ്ണൂസ്‌ said...

മാര്‍ക്ക്‌ കൊയ്‌ന്റെ ഗ്രാമി കിട്ടിയ Walking in Memphis എന്ന ഗാനവും ഓര്‍മ്മ വന്നു. വരികള്‍ താഴെ.

നല്ല തുടക്കം, തൊമ്മാ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.


Put on my blue suede shoes
And I boarded the plane
Touched down in the land of the Delta Blues
In the middle of the pouring rain
W.C. Handy -- won't you look down over me
Yeah I got a first class ticket
But I'm as blue as a boy can be

Then I'm walking in Memphis
Walking with my feet ten feet off of Beale
Walking in Memphis
But do I really feel the way I feel

Saw the ghost of Elvis
On Union Avenue
Followed him up to the gates of Graceland
Then I watched him walk right through
Now security they did not see him
They just hovered 'round his tomb
But there's a pretty little thing
Waiting for the King
Down in the Jungle Room

They've got catfish on the table
They've got gospel in the air
And Reverend Green be glad to see you
When you haven't got a prayer
But boy you've got a prayer in Memphis

Now Muriel plays piano
Every Friday at the Hollywood
And they brought me down to see her
And they asked me if I would --
Do a little number
And I sang with all my might
And she said --
"Tell me are you a Christian child?"
And I said "Ma'am I am tonight"

Sani said...

Hai

t.k. formerly known as തൊമ്മന്‍ said...

നന്ദി കണ്ണൂസ്‌. മെംഫിസിനെക്കുറിച്ചുള്ള ഈ ഗാനത്തെപ്പറ്റി അറിഞ്ഞതില്‍ വളരെ സന്തോഷം.

പെരിങ്ങോടന്‍ said...

എന്താ ത്ര ന്ദ്ര എന്നൊക്കെ എഴുതാന്‍ ( ഉപയോഗിച്ചിരിക്കുന്നതു്? താങ്കള്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വയറിനു് അപ്രകാരമൊന്നും എഴുതുവാന്‍ കഴിയുന്നില്ലേ?

t.k. formerly known as തൊമ്മന്‍ said...

പെരിങ്ങോടന്‍,
എനിക്ക് പ്രായം ഏറെ ഉണ്ടെങ്കിലും ബ്ലോഗിങ്ങില്‍ ശിശുവാണ് -:) എല്ലാം പഠിച്ചു വരുന്നതേയുള്ളു. നിങ്ങളെക്കുറിച്ച് വളരെ കേട്ടിരിക്കുന്നു. എന്റെ ബ്ലോഗു വായിച്ചതിന് നന്ദിയുണ്ട്.

സിബുവിന്റെ വരമൊഴി ഉപയോഗിച്ചാണ് ഞാന്‍ മലയാളം എഴുതുന്നത്. വരമൊഴിയില്‍ നിന്ന് യുണികോഡായി export ചെയ്ത് പോസ്റ്റ് ചെയ്യുമ്പോഴാണ് നിങ്ങള്‍ കണ്ടുപിടിച്ച് പ്രശ്നം ഉള്ളത്. കീമാന്‍ ഉപയോഗിച്ച് നെരെ റ്റയ്പ്പ് ചെയ്താല്‍ പ്രശ്നം ഒന്നുമില്ല.

തൊമ്മന്‍.

t.k. formerly known as തൊമ്മന്‍ said...

ഈയിടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “അമേരിക്കന്‍ മലയാള കവിതകള്‍“ എന്ന സമാഹാരത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.