Monday, September 18, 2006

ചിലന്തി വല

ഇനിയൊരു കഥയാണ്. ഇത് എന്റെ ആദ്യത്തെ പ്രസിദ്ധീകരിക്കപ്പെട്ട, സീരിയസ്സ് സ്ര്‌ഷ്ടിയാണിത്. അതിന്നു മുമ്പ് ചില പൊടിക്കവിതകള്‍ പല മാസികകളിലും വന്നിട്ടുണ്ടെന്നല്ലാതെ. പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം കളമശ്ശേരി സെയ്ന്റ് പോള്‍സില്‍ പഠിക്കുമ്പോഴാണ് ഇതെഴുന്നത്, 1983-ല്‍. പിറ്റെ കൊല്ലത്തെ "The Paulist '84" - ല്‍ പ്രകാശം കണ്ടു.

ഞാന്‍ ഈ കഥയെഴുതുന്നതിന് മുമ്പ് കടമ്മനിട്ടയും സക്കറിയയുടെ ഒരിടത്തും ഒക്കെ വായിച്ചിട്ടുണ്ടെന്നു മനസ്സിലാകും അതു വായിക്കുമ്പോള്‍. (ഞങ്ങളുടെ ഗ്രാമീണ വായനശാലയിലെ കീറിയ പുസ്തകങ്ങളുടെ അലമാരിയില്‍ നിന്ന് ഒരിടത്ത് കണ്ടെത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. സക്കറിയ അന്ന് അത്ര വലിയ പുള്ളിയൊന്നുമായിരുന്നില്ല എന്നു തോന്നുന്നു. കാരണം ഞാന്‍ അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ചു അതിന്നുമുമ്പ് കേട്ടിട്ടില്ലായിരുന്നു.)


ചിലന്തി വല


മനസ്സിനെ കടലാസ്സിലേക്കു പകര്‍ത്താനുള്ള ശ്രമത്തില്‍ ‘എ’ പേന ഒന്നു കൂടി കുടഞ്ഞു. മഷി തീരെയില്ല. മഷിക്കുപ്പിയിലെ അവസാനതുള്ളിയും ഉപയോഗിക്കുവാനുള്ള ശ്രമത്തില്‍ ചേര്‍ത്തിരുന്ന കുറച്ചു വെള്ളത്തിന്റെ മങ്ങല്‍ കൂടിക്കൂടി അവസാനം ഒന്നും കാണാനാവാതെയായിരിക്കുന്നു.

കടലാസ്സിലെ ഒരു ബിന്ദുവില്‍ ‘എ’ സൂക്ഷിച്ചുനോക്കി, അടിയിലേക്ക്... അടിയിലേക്ക്. നീല വര്‍ണ്ണത്തിന്റെ ലാഞ്ചന. ബിന്ദു മുകളിലേക്ക് തുളച്ചുകയറിക്കയറി നെറ്റിയിലെങ്ങോ വേദന ഉളവാക്കിയപ്പോള്‍ ചുമരിലേക്ക് നോക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോ ഇട്ടിരുന്ന കലണ്ടറില്‍ ഒരു വിടരാറായ പുഷ്പം. അതിനിയും വിടര്‍ന്നിട്ടില്ല! കലണ്ടറിന്നു മുകളില്‍ ഒരു ചിലന്തി വല. അതിലെ അന്തേവാസിയുടെ കാലുകള്‍ ധ്ര്‌തഗതിയില്‍ ചലിക്കുന്നുണ്ട്. വീണ്ടും സൂക്ഷിച്ചു നോക്കി. വലയിലൊരു ഇരപെടുവാന്‍ പോകുന്നു. പക്ഷേ, ശക്തനായിരുന്ന ആ വണ്ട് വല പൊളിച്ച് സ്വതന്ത്രനായി.

ഇന്നലെ ചിലന്തി ഉപയോഗിച്ച ഏഴു പ്രാണികളുടെ ഗോളാകാര മ്ര്‌തദേഹങ്ങള്‍ മേശക്കടിയില്‍ കിടപ്പുണ്ട്. ഇന്നത്തെ ആദ്യത്തെ ശ്രമമാണ് പരാജയപ്പെട്ടത്. അടുത്ത ഇര ഒരു പക്ഷെ ബലഹീനനായിരിക്കും. ഏകപക്ഷീയമായ ഇര പിടുത്തം ദുസ്സഹമാകുന്നു.

വണ്ട് പൊളിച്ച വല നന്നാക്കുവാന്‍ ചിലന്തി ശ്രമിക്കുകയാണ്. വലപ്പശകൊണ്ട് ചുമരിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കു ചാടുവാന്‍ ശ്രമിക്കുമ്പോള്‍ അത് താഴെ വീണു, ‘എ’-യുടെ കൈയില്‍. നഷ്ടബോധം പ്രശ്നമാക്കാത്ത ആ പോരളിയെ ‘എ’ അനക്കാതെ ചുമരിലേക്കാക്കി. കുറച്ചു സമയത്തിനുള്ളില്‍ ചിലന്തി വല പൂര്‍ത്തിയാക്കി ഇരയെ കാത്തിരിക്കുവാന്‍ തുടങ്ങി.

ബ്രൂസ് രാജാവിന്റെയും പടയാളികളുടെയും ഞരക്കം; പിന്നെ ഹുറേ വിളികളുടെ ആരവം. ബ്രൂസ് രാജാവ് ത്ന്റെ പ്രതിയോഗികളെ ആഞ്ഞു വെട്ടി. ഇളം കാറ്റിന്റെ മര്‍മ്മരവും പറമ്പില്‍ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയുടെ ഞരക്കവും കുടി കുഴഞ്ഞ് യുദ്ധപ്രതീതി ജനിപ്പിച്ചു. പരിസരബോധം വന്നപ്പോള്‍ കീറിപ്പൊളിഞ്ഞ കടലാസും മുനയൊടിഞ്ഞ പേനയും ‘എ’ മാറ്റിവച്ചു. മുകളില്‍ ചിലന്തിയുടെ ചെകുത്താന്‍ കണ്ണുകള്‍. താഴെ കടലാസിലെ കറുത്ത ഗര്‍ത്തങ്ങളുടെ വിളി.

ജ്വരബാധയില്‍ ലയിച്ചുപോയ ‘എ’-യുടെ കൈകാലുകള്‍ സാവധാനത്തില്‍ കുറുകി ശോഷിച്ച് ശുഷ്ക്കിച്ച് ചിലന്തിയുടെ കാലുകളായി മാറി. ശിരസ്സും പ്ര്‌ഷ്ഠവും നെഞ്ഞിലേക്ക് വലിഞ്ഞ് വലിഞ്ഞ് അവസാനം ശരീരം ഒരു ചിലന്തിയുടേതുപോലെയായി. കൈകാലുകള്‍ക്കിടയില്‍ ഓരോ കാലുകള്‍‍ക്കുകൂടി മുള വന്നപ്പോള്‍ ‘എ’ ഒരു പൂര്‍ണ്ണനായ എട്ടുകാലിയായി. അത് ചുമരിന്റെ മറ്റേ മൂലയിലേക്ക് ഓടിക്കയറി. ഒരു പക്ഷെ ‘എ’-യുടെ ഇരിപ്പിടത്തില്‍ പിന്നീട് ഇരുന്നേക്കാവുന്ന ഏതൊരള്‍ക്കും മാത്ര്‌ക കാട്ടുന്നതിന്നു വേണ്ടി ചിലന്തി തന്റെ വല കെട്ടാനാരംഭിച്ചു.

വേറൊരു ബ്രൂസ് രാ‍ജാവ് അവിടെ വരുന്നതിന്നുമുമ്പുതന്നെ ചിലന്തി നിര്‍ഭാഗ്യവശാല്‍ തന്റെ പണിതീരാത്ത വലയില്‍ കുടുങ്ങി മരിച്ചു. അത് സ്രവിപ്പിച്ച വെളുത്ത വലപ്പശ അതിന്റെ ദേഹത്ത് ഒട്ടിപ്പിടിച്ച് ഒരു ശവക്കച്ചപോലെ കാണപ്പെട്ടു. പറമ്പില്‍ കെട്ടിയിരുന്ന പശുക്കുട്ടിയും ഏതാണ്ടിതേ സമയത്തുതന്നെ ചത്തുപോയി. പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളിരുന്ന് ഏതോ ഒരു തവള വിലപിച്ചതുപോലെ, “സ്വന്തം കയറില്‍ കുരുങ്ങി, സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ് ....”.

---
കുറിപ്പ്:
1. ബ്രൂസ് രാജാവ് - സ്ഥിരോത്സാഹത്തിന്റെ പ്രതീകമെന്ന നിലയില്‍ കരുതപ്പെടുന്ന ഒരാളാണ് ബ്രൂസ് രാജാവ്.

4 comments:

manjady said...

നല്ല കഥ.
അഹങ്കാരം മൂത്ത്ചിലന്തിയായി മാറിയ യവനസുന്ദരിയെ ഓര്‍ത്തുപോയി

ഏറനാടന്‍ said...

തൊമ്മച്ചാ.. നന്നായിരിക്കുന്നു. ഇനിയും ഒത്തിരി കഥകള്‍ പ്രതീക്ഷിക്കുന്നു.

kaithamullu - കൈതമുള്ള് said...

ആദ്യ ശ്രമമെന്ന നിലയില്‍ പ്രോത്സാഹനമര്‍ഹിക്കുന്നു.
ഇനിയും എഴുതുക....

കുട്ടന്മേനൊന്‍::KM said...

കഥ നന്നായിരിക്കുന്നു.