Wednesday, January 21, 2009

ക്ലഫ് ക്രോസിംഗ് റോഡ് (കവിത)

ബോസ്റ്റണില്‍ ബോട്ടിറങ്ങി I93-N വഴി
മഞ്ഞുപാടത്തില്‍ കോറിയിട്ട ചാലിലൂടെ
സേലത്തേക്ക് സഞ്ചാരം.
മദ്രാസില്‍ നിന്ന് വാങ്ങിയ മൃഗത്തോലിന്റെ ജാക്കറ്റിന്റെ മണം
എയര്‍‌പോര്‍ട്ട് ടാക്സിയിലെ സഹയാത്രികര്‍ക്ക് അഹസ്യമായി അവര്‍ മുഖം കോട്ടിയപ്പോള്‍
നിറങ്ങളും മണങ്ങളും ഇല്ലാത്ത ലോകത്താണല്ലോ എത്തിച്ചേര്‍ന്നതെന്ന
വ്യാകുലത അഥവാ കള്‍ച്ചര്‍ ഷോക്ക്.
വഴികള്‍ക്കിരുവശവും വെളുത്തകുഴിമാടങ്ങളുടെ തലക്കല്‍ നാട്ടിയ
കുരിശുകള്‍ പോലെ ഇലപോഴിച്ചു നില്‍ക്കുന്ന വൃക്ഷച്ചില്ലകള്‍.
നിരവധി റൈറ്റും ലെഫ്റ്റും സ്റ്റോപ്പ് സൈനുകളും കടന്ന്
യെലോ ലൈറ്റും റെഡ് ലൈറ്റും ഗ്രീന്‍ ലൈറ്റും കണ്ട്
ക്ലഫ് ക്രോസിംഗ് റോഡില്‍ നിന്ന് ലെഫ്റ്റ് തിരിഞ്ഞ്
മഞ്ഞില്‍ ആരോ ഉപേക്ഷിച്ചുപോയപോലെ അനാഥമായി നില്‍ക്കുന്ന
അപ്പാര്‍ട്ട്‌മെന്റ് ബില്‍‌ഡിംഗിന്റെ ഡോര്‍‌നോബ്‍
ഗ്ലൌസിടാതെ പിടീച്ചുതിരിച്ചപ്പോള്‍‍
സ്റ്റാറ്റിക്ക് കറന്റിന്റെ ഒരു സ്പാര്‍ക്ക് കൈവെള്ളയിലും
സ്നേഹത്തോടെയൊരടി ചുമലിലും തന്നുകൊണ്ട് അമേരിക്ക
എന്നെ ജറ്റ് ലാഗില്‍ കുഴഞ്ഞ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ത്തി.

ബീയര്‍, ഷ്രിങ് റാപ്പില്‍ പൊതിഞ്ഞ പലവിധ ഡേലി സാന്റ്വിച്ചുകള്‍,
കൈപ്പ് കാപ്പി‍, സിഗരറ്റ് തുടങ്ങി അടുത്ത 7/11-ലെ എല്ലാ സാധനങ്ങളും
വലിച്ചും കുടിച്ചും തിന്നും ബോറടിച്ചപ്പോള്‍,
ഗ്യാര്‍‌ബേജ് കൊണ്ടിടാനും മെയിലെടുക്കാനും പോകുന്നവരുടെ എണ്ണമെടുത്തും
അവരില്‍ പെണ്ണുങ്ങളുടെ സ്വെറ്റ് പാന്റ്/ഷര്‍ട്ട്‌-ല്‍ പൊതിഞ്ഞ ആകാരങ്ങളുടെ കണക്കെടുത്തും
എന്റെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയിരുന്ന് ‍
അമേരിക്കയെ ആര്‍ക്കു ഭാഗിക്കാതെ ആസ്വദിച്ചു.
അതിന്നിടയില്‍ വല്ലപ്പോഴും സഹപ്രവര്‍ത്തകനായ
ഷാവോബാവോ‍ ഷൂയിയുടെ അപ്പാര്‍ട്ട്മെന്റില്‍ കിടന്നുറങ്ങുമ്പോള്‍
അവിടത്തെ ക്വില്‍‌റ്റുകളില്‍ തങ്ങി നിന്നിരുന്ന
ചീനക്കാരികളുടെ പറഞ്ഞുകേട്ട മണവും
ടാക്സിക്കാരനായ പോളണ്ടുകാരന്‍ വീട്ടുകാരെപ്പറ്റി ചോദിക്കാറുള്ളതും
ഞാനും ജോണ്‍ പോള്‍ രണ്ടാമന്റെ ആളാണെന്ന് പറഞ്ഞ് അയാളെ സുഖിപ്പിച്ചതും
ബാണ്‍‌സ് & നോബിളില്‍ നിന്ന് എം.കൃഷ്ണന്‍ നായര് പലതവണ എഴുതിക്കണ്ട പുസ്തകങ്ങള്‍
തപ്പിയെടുത്ത് പുറംചട്ടയില്‍ നോക്കി വിസ്മയിച്ചു നില്‍ക്കുന്നതും
മാത്രം മഞ്ഞിന്റെ മരവിപ്പല്ലാതെ മറക്കാതെ പോയ
ചില ചെറിയ കാര്യങ്ങള്‍.

പിന്നെ മഞ്ഞുമാഞ്ഞ് വസന്തം വന്നെത്തിയപ്പോള്‍
കൂടെ ഭാര്യയും മകനും എത്തിയതിന്റെ സന്തോഷം‍;
കൊറോള വാങ്ങിയതിന്റെ പ്രൌഢി; പാരലല്‍ പാര്‍ക്കെന്ന ദുര്‍ഘടം;
ബ്രോഡ്ബാന്റും, ബ്ലോഗും ഒന്നുമില്ലാത്ത ലോകത്ത്
കമ്പ്യൂട്ടറില്‍ മകനോടോത്ത് സോളിറ്റയര്‍ കളിക്കുന്നതിന്റെ സന്തോഷം.
അവന്‍ കളി പ്ലേ സ്റ്റേഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോള്‍
ബസ്സ് വിട്ടുപോയവന്റെ വൈക്ലബ്യത്തോടെ നോക്കി നില്‍ക്കേണ്ട വന്ന വിഷമങ്ങള്‍.
പിന്നെ അങ്ങനെ പലതും മിസ്സ് ചെയ്ത് ലിവിംഗ് റൂമിലെ സോഫയിലെ സ്വസ്ഥതയിലേക്ക്
മാറി ഇരുന്നത് ഇന്നലെ കഴിഞ്ഞതുപോലെ.
അതിന്നിടയില്‍,
കൊറോളക്ക് പകരം ബീമര്‍;
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചെം‌സ്‌ഫോര്‍ഡിലെ ഒരേക്കറിലിരിക്കുന്ന വീട്;
ബിയറില്‍ നിന്ന് വൈന്‍;
പബ്ലിക് പാര്‍ക്കിലെ ടെന്നീസില്‍ നിന്ന് ഗോള്‍ഫ് ക്ലബിലെ സായാഹ്നങ്ങള്‍.

* * * * * * * * * * * * * * * * * * * * * * *

ശരത്‌കാലത്തിന്റെ നിറഭംഗിയില്‍ കുളിച്ച് മെറിമാക്ക് നദിയിലെ പാലവും കടന്ന്
യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ ഓരോ പഴയ ചിന്തകള്‍.
നദികള്‍ പകുത്തിടുന്ന രണ്ടു പട്ടണങ്ങള്‍- ലോയും ആലുവയും.
ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പുരാണങ്ങളില്‍ രമിച്ച് അലസമായി കിടക്കുന്ന രണ്ട് പഴയസ്ഥലങ്ങള്‍
ഒന്ന് ജന്മസ്ഥലം, മറ്റേത് ഇപ്പോള്‍ മകന്റെ പഠനസ്ഥലം,
എന്നൊക്കെയാലോചിച്ച് പുഴക്കരയിലൂടെ പിള്ളേര്‍ കറങ്ങിനടക്കുന്നത് കണ്ടിരുന്നു.

ഭാര്യ വണ്ടിയോടിക്കുകയാണ്.
അടുപ്പിച്ച് രണ്ടുതവണ ടിക്കറ്റ് കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു:
ചിലപ്പോള്‍ നിങ്ങള്‍ക്ക് കണ്ണുപിടിക്കുന്നുണ്ടാവില്ല,
കമ്പ്യൂട്ടറില്‍ പണി തുടങ്ങിയിട്ട് ഇത്ര കാലമായില്ലേ.
പാസഞ്ചര്‍ സീറ്റിലിരിക്കുമ്പോള്‍ പണ്ട് കാണാത്ത പലതും ഇപ്പോള്‍ കണ്ണില്‍ തടയുന്നുണ്ട്.
ഒരു ടേം പേപ്പറ് കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് മകന്‍ തിരക്കു കൂട്ടിയപ്പോള്‍
ഭാര്യ പെട്ടന്ന് ഇറങ്ങി; അവള്‍ക്ക് അവന്റെ പഠിത്തം തന്നെയാണ് ഇപ്പോഴും പ്രധാനം.
എന്നാലും തിരിച്ച് പോരുമ്പോള്‍ അവള്‍ വണ്ടിയെടുത്തില്ല.
ഒന്നും പറയാതെ പുറത്തുനോക്കി ഒരേയിരിപ്പ്.

ലോ,നാഷ്വാ,സേലം പിന്നെ ബ്രോഡ്‌വേയില്‍ നിന്ന് ക്ലഫ് ക്രോസിംഗ് റോഡ്
ലൈറ്റ് ഗ്രീനായപ്പോള്‍ ലെഫ്റ്റോ റൈറ്റോ എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി.
പഴയ വഴികളില്‍ എത്തുന്നത് വഴി തെറ്റുന്നതാണോ എന്ന് അതിന്നിടയില്‍ ചിന്തിക്കുകയും ചെയ്തു.
ഭാര്യ ഇപ്പോള്‍ ഒന്നും പറയാറില്ല.
ഇതൊക്കെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളാണെന്ന് അവള്‍ ഒരു പക്ഷേ ആശ്വസിച്ചിരിക്കുകയായിരിക്കാം.
അല്ലെങ്കില്‍ അവളുടെ ഓര്‍‌മകളിലെ പരിചിതമായ ഒരു നാല്‍‌ക്കവലയില്‍
ലെഫ്റ്റോ റൈറ്റോ അതോ മുന്നോട്ടോ എടുക്കേണ്ടത് എന്ന ശങ്കയില്‍
ഒരു നിമിഷം ചിലവഴിച്ച് ഇരിക്കുകയായിരിക്കാം.

1 comment:

t.k. formerly known as thomman said...

ഇതിന് ടിപ്പണി എഴുതണെമെന്ന് ആദ്യം വിചാരിച്ചു; പിന്നെ അത് കവിതയെക്കാള്‍ വലുതാകുമോ എന്ന് തോന്നിയതിനാല്‍ വേണ്ടന്നു കരുതി. സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ ചോദിക്കുക.