Friday, February 06, 2009

ഇരുളില്‍ ഒരു കറുത്ത പട്ടി (കഥ)

മഴ തൊടിയില്‍ നില്‍‌ക്കുന്ന വാഴകളുടെ ഇലകളില്‍ വന്നിരുന്ന് നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴാണ് കറമ്പനച്ചന്‍ പെട്ടന്ന് മയക്കത്തില്‍ നിന്നുണര്‍ന്നത്. മേലാകെ കുളിരുകോരിയപ്പോള്‍ പുതപ്പ് കാല്‍‌പ്പാദം മൂടുന്നതുവരെ വലിച്ചിട്ടു. എന്നിട്ട് വരാന്തയില്‍ ഇട്ടിരുന്ന കട്ടിലില്‍ കിടന്ന് കറമ്പനച്ചന്‍ പുറത്തേക്കു നോക്കി. പടിയും കമ്പിക്കാലും മാത്രമേ ഒരു പാടല്‍ പോലെയെങ്കിലും ആ വൃദ്ധനേത്രങ്ങളില്‍ പെടുന്നുള്ളൂ. എങ്കിലും കുമാരന്‍ ഇങ്ങോട്ട് വരുന്നുണ്ടോ എന്നാണ് ആ നോട്ടം. അവന്‍ വന്നിട്ടേ എന്തെങ്കിലും കഴിക്കാന്‍ കിട്ടുകയുള്ളൂ. വിശപ്പുണ്ടായിട്ടല്ല; ഈ തണുപ്പത്ത് ഇത്തിരി ചൂടുള്ള കഞ്ഞിവെള്ളം കിട്ടിയാല്‍ മതിയായിരുന്നു. കുമാരന്റെ പെണ്ണിനെ പേറ്റിന് കൂട്ടിക്കൊണ്ടു പോയതു മുതല്‍ ആഹാരത്തിന് സമയവും സന്ദര്‍ഭവും ഒന്നും ഇല്ലാതായി. അവനെ കുറ്റം പറയാന്‍ പറ്റ്വോ; ഇടയ്ക്കൊക്കെ ബന്ധുവീട്ടില്‍ ചെന്നില്ലെങ്കില്‍ നാട്ടുകാരെന്തു പറയും.

കറമ്പനച്ചന്‍ ഒന്നുകൂടി ചുരുണ്ടു കിടന്നു. ഇനിയിപ്പോള്‍ പെട്ടന്നൊന്നും ഉറക്കം വരില്ല. ഉറക്കം തെളിഞ്ഞാല്‍ പിന്നെ കണ്ണടഞ്ഞു കിട്ടാന്‍ വലിയ പ്രയാസമാണ്. ചിലപ്പോള്‍ ആ കിടപ്പ് നേരം വെളുക്കുന്നതു വരെ തുടരും. ഈ തണുപ്പൊന്നും കറമ്പനച്ചന് ഒരു പ്രശ്നമേയല്ല. കിടപ്പിലായപ്പോള്‍ മകന്‍ പറഞ്ഞു: “അച്ഛനെന്തിനാ വയ്യാത്തകാലത്തും ഈ ഇറയത്തു കിടക്കണേ? അകത്ത് കിടന്നൂടേ?” കറമ്പനച്ചന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മകന്റെ മുഖത്തടിച്ചപോലെ പറഞ്ഞു: “നിന്റെയീ വീടും കുടീം ഒക്കെ എന്നാ ഇണ്ടായേ? എണീറ്റ് നടക്കാന്‍ പാങ്ങുണ്ടായിരുന്ന കാലത്ത് മഴേത്തും കാറ്റത്തും അല്ലാര്ന്നോ എന്റെ ജീവിതം. ഇനീപ്പോ അങ്ങോട്ട് ഇറങ്ങിച്ചെല്ലാന്‍ പറ്റീലെങ്കിലും അതൊക്കെ കണ്ട്‌വ്‌ടെ കെടക്കാലോ.”

മകനും അവന്റെ ഭാര്യയും അകത്ത് കിടക്കും. താന്‍ ഒറ്റക്ക് എന്തിനാ ആ സുഖമൊക്കെ അനുഭവിക്കണെ. ഒരു പച്ചപിടിക്കണതിനുമുമ്പ് അവള് പോയി. ഏത് മഴയില്‍ നിന്ന് കേറി വന്നാലും ഇത്തിരി ചൂടുവെള്ളം തിളപ്പിച്ചതും കൊണ്ട് അവള്‍ കാത്തിരിപ്പുണ്ടാകുമായിരുന്നു. പാവം, താനെന്തൊക്കെ ചെയ്തിട്ടും മൂന്നുനേരം അടുപ്പിച്ച് കഞ്ഞികുടിക്കാന്‍ അവള്‍ക്കായിട്ടില്ല... ഇടയ്ക്കിടെ അതാലോചിക്കുമ്പോള്‍ കറമ്പനച്ചന്റെ കണ്‍‌കുഴികളിലെ ഉറവകള്‍ തെളിയും.

കറമ്പനച്ചന്‍ ആ കിടപ്പ് കുറെനേരം കിടന്നു, ഒന്നുമാലോചിക്കാനാവാതെ. പിന്നെ തിരിഞ്ഞുകിടന്ന് തൊടിക്കപ്പുറത്തുള്ള വയലിനെ മൂടിയിരിക്കുന്ന ഇരുട്ടിലേക്ക് കണ്ണുകള്‍ പായിച്ചു. പെട്രോമാക്സിന്റെ വെളിച്ചമല്ലേ ആ കാണുന്നത്? കറമ്പനച്ചന്റെ ഹൃദയം ദ്രുതഗതിയില്‍ ഇടിക്കാന്‍ തുടങ്ങി. വയല്‍‌വരമ്പിലൂടെ പെട്രോമാക്സുകൊണ്ട് ആള്‍ നീങ്ങുന്നതനുസരിച്ച്, ഒരു ചലച്ചിത്രത്തിലെന്നപോലെ ചെടികളുടെ നിഴലുകള്‍ ചുമരില്‍ മാറിമാറി പതിഞ്ഞു.

മഴവെള്ളത്തില്‍ കളിച്ചുനടക്കുന്ന മത്സ്യങ്ങളെയും നോക്കി വയലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ വെളിച്ചം എത്ര പഴയ കാര്യങ്ങളെയാണ് കറമ്പനച്ചനെയിപ്പോള്‍ കാണിച്ചുകൊടുക്കുന്നത്. ഇതുപോലെ മഴയുള്ള ദിവസങ്ങളില്‍ രാത്രിയാകുമ്പോള്‍ പാനീസ് വിളക്കും പിടിച്ച് കണ്ണന്‍ വീടിന്റെ പടിക്കല്‍ വന്നുനിന്ന് വിളിക്കും: “കര്‍‌മ്പനച്ചോ, ഇന്നെറങ്ങണില്ലേ? കണ്ടത്തിലിപ്പോ മീന്‍ പെയ്യാരിക്കും.” താന്‍ വെറുതേ അവന്റെകൂടെ ചെന്നാല്‍ മതി. തന്നേക്കാള്‍ പ്രായക്കുറവും ആരോഗ്യവുമൊക്കെ ഉണ്ടെങ്കിലും കണ്ണന് ഒറ്റയ്ക്ക് പാടത്ത് പോകാന്‍ വലിയ പേടിയായിരുന്നു. അവനാ പേടി പറ്റിയ കാര്യം എപ്പോഴും പറയും. ചാലയ്ക്കലെ വലിയ തോട്ടില്‍ക്കൂടി അവനൊറ്റക്ക് മീന്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞുകാണും. ചാറ്റല്‍മഴയിലൂടെ പെയ്തിറങ്ങിയപോലെയാണ് മീന്‍ കാണുന്നത്. അവന്റെ കൈയിലെ വാളിന് ഒഴിവില്ലാതെ വെട്ടോടുതന്നെ വെട്ട്. മീന്‍‌കൂട കെട്ടിയിരുന്ന കയറ് മീനിന്റെ ഭാരംകൊണ്ട് അവന്റെ അരക്കെട്ടില്‍ വരിഞ്ഞുമുറുങ്ങി വേദനിച്ചു തുടങ്ങി. ചാക്കുണ്ണി മാപ്ലയുടെ മോട്ടര്‍പ്പെരയും കഴിഞ്ഞ് കുറച്ചിട ചെന്നപ്പോഴാണ് എതിരേനിന്നും ഓരോളം വരുന്നത് കണ്ണന്‍ കണ്ടത്. വലിയ മത്സ്യങ്ങള്‍ ആ ഓളത്തിനൊപ്പം പുളച്ചുവരുന്നുണ്ടായിരുന്നു. പക്ഷേ, ഒരുതരം മൂടല്‍‌മഞ്ഞുമൂലം കണ്ണന് വ്യക്തമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. പെട്ടന്ന് ആ മൂടല്‍ അവന്റെ മുമ്പില്‍ വച്ച് ആകാശം മുട്ടോളം വളര്‍ന്നു; എന്നിട്ട് വലിയ ശബ്ദത്തില്‍ വെള്ളത്തിലേക്കൊരു വീഴ്ച. പേടിച്ച് വിറങ്ങലിച്ച്, എന്തുചെയ്യണമെന്നറിയാതെ നിന്ന നില്‍പ്പില്‍ തന്നെ കണ്ണന്‍ കുറെനേരം അവിടെ നിന്നു. പിന്നെ ഒരുവിധത്തില്‍ തപ്പിത്തടഞ്ഞ് പുരയിലെത്തിയതേ ഓര്‍മയുള്ളൂ; ഒരാഴ്ചയോളം പനിച്ചുവിറച്ച് അവര്‍ കിടന്നു.

കണ്ണന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ കറമ്പനച്ചന് മനസ്സിലായി അതാരാണെന്ന്. തെണ്ടനാണത്. അവനാണ് അങ്ങനെ പേടിപ്പിക്കാറുള്ളത്. തെണ്ടന്‍ മീന്‍ മാത്രമേ തിന്നുകയുള്ളൂ. മീനുകളെ ഓടിച്ചുകൊണ്ടുവരുന്ന അവന്റെ വഴിയിലായിരിക്കും കണ്ണന്‍ ചെന്നുപെട്ടത്. തെണ്ടന്‍ ഓരോ വിദ്യകള്‍ കാട്ടി പേടിപ്പിക്കുകയേയുള്ളൂ. പക്ഷേ, മനസ്സിനുറപ്പില്ലാത്തവര്‍ ആണെങ്കില്‍ ചിലപ്പോള്‍ ചങ്ങാട്ടം നിന്നു പോയെന്നിരിക്കും. ഏതായാലും ആ സംഭവത്തിന്നു ശേഷം രാത്രികളില്‍ കണ്ണന്‍ ഒറ്റയ്ക്ക് പാടത്തേക്ക് പോയിട്ടില്ല.

കണ്ണന്‍ മീനുകളെ വെട്ടിപ്പിടിക്കുമ്പോള്‍ കറമ്പനച്ചന്‍ മീന്‍‌കൂടയും പിടിച്ച് കൂടെ നില്‍‌ക്കുകയേ ഉള്ളൂ. എങ്കിലും മീന്‍ പങ്കിടുമ്പോള്‍ കണ്ണന്‍ കൃത്യം രണ്ടായി ഭാഗിക്കും. ഏതുവേണമെങ്കിലും കറമ്പനച്ചന് എടുക്കാം. പക്ഷേ, തന്റെ പങ്കില്‍ നിന്ന് രണ്ടോ മൂന്നോ വലിയ വരാലുകളെ കണ്ണനിട്ട് കൊടുത്തിട്ട് ബാക്കിയുള്ളതേ കറമ്പനച്ചന്‍ എടുക്കുകയുള്ളൂ.

ആകാശത്തു നിന്നും മഴക്കാറു നീങ്ങി വെയിലിന് ചൂടുപിടിച്ചാല്‍ തോടുകള്‍ വറ്റിത്തുടങ്ങും. ചിറയിലെയും കുളങ്ങളിലെയും വെള്ളം വയലിലേക്ക് കയറാനാവാത്തവണ്ണം താഴും. പിന്നെ രാത്രി എങ്ങും മീന്‍ പിടിക്കാന്‍ പോകാന്‍ പറ്റില്ല. അപ്പോള്‍ കറമ്പനച്ചന്റെ കാലമായി. കുളം കലക്കി, അള തപ്പി വലിയ വരാലുകളെ പിടിക്കുന്നതിനും ചൂണ്ടയിടുന്നതിനും വെട്ടിടുന്നതിനും കറമ്പനച്ചനെക്കഴിഞ്ഞേ ഒരാള്‍ ആ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ണനും കറമ്പനച്ചനും തേവാനൊത്തുകൂടിയാല്‍പ്പിന്നെ ഒഴിവുസമയങ്ങളില്‍ മീന്‍പിടുത്തമാണവരുടെ വിനോദം.

തെളിഞ്ഞ നീരുറവകളില്‍ കൂട്ടമായി നില്‍ക്കുന്ന മുണ്ടിപ്പരലുകളെ കൊട്ടകൊണ്ട് കോരിയെടുക്കും. അവയെ വെട്ടില്‍ കൊളുത്തി ഇരട്ടക്കുളത്തിലും തുമ്പിച്ചാലിലുമിട്ടാല്‍ നോക്കി നില്‍ക്കുമ്പോള്‍ കാണാം വരാലുകള്‍ വെട്ടും വലിച്ചുകൊണ്ട് നെട്ടോട്ടമോടുന്നത്. വെട്ടിന്റെ പനങ്കയ്യ് ഏതെങ്കിലും കരയിലടുക്കുമ്പോഴേക്കും മീന്‍ ക്ഷീണിച്ചിട്ടുണ്ടാകും. അങ്ങനെ പത്തും ഇരുപതും വരാലുകളെ കിട്ടിയ ദിവസങ്ങളുണ്ട്. പുളിയിട്ട് വറ്റിച്ചാല്‍ വരാല്‍ നുറുക്ക് കല്ലുപോലെയിരിക്കും. പുഴുങ്ങിയ കപ്പ അതിന്റെ കുറുകിയ ചാറില്‍ മുക്കി തിന്നുന്ന രസമോര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളമൂറുന്നു.

കറമ്പനച്ചന്‍ ഒന്നുകൂടി തിരിഞ്ഞും‌ മറിഞ്ഞുമൊക്കെ കിടന്നു. അപ്പോഴാണ് മുറ്റത്ത് എന്തോ അനങ്ങുന്നത് കണ്ടത്. കറമ്പനച്ചന്‍ സൂക്ഷിച്ചു നോക്കി. ഉയരം കൊണ്ട് ഒരു പട്ടിയെപ്പോലെയുണ്ട് ആ ജന്തു. ഇരുട്ടിന്റെ നിറമാണതിന്. അതുകൊണ്ട് ഒന്നും ശരിക്ക് വ്യക്തമാകുന്നില്ല. എങ്കിലും അത് വരാന്തയിലേക്ക് നോക്കി നില്‍ക്കുന്നതുപോലെ കറമ്പനച്ചന് തോന്നി. ഈ മഴകൊണ്ട് എന്തിനാണത് പുറത്ത് നില്‍ക്കുന്നത്; ആ കോലായിലേക്ക് കേറി നിന്നുകൂടെ?

കറമ്പനച്ചന് ടിപ്പുവിനെ ഓര്‍മ വന്നു. അവനും തന്നെപ്പോലെയായിരുന്നു; ഏതു മഴയും വെയിലും കൊള്ളും. മീന്‍ വെട്ടാന്‍ വേണ്ടി താന്‍ പുറത്തു കടന്നാല്‍ അവനും കൂടെ വരും. കണ്ണന്‍ ഓടിക്കാന്‍ എത്ര ശ്രമിച്ചാലും തിരിച്ചു പോകില്ല. നിശബ്ദനായി ഏറ്റവും പിന്നിലവന്‍ നടക്കും. വിളക്കിന്റെ വെട്ടമേറ്റ് വയല്‍ വരമ്പിനുള്ളിലെ ഏതെങ്കിലും മാളത്തില്‍ നിന്ന് ഒരു പെരുച്ചാഴി പുറത്തിറങ്ങാതിരിക്കില്ലെന്ന് അവന് അറിയാം. അവന്റെ കണ്‍‌മുമ്പില്‍ പെട്ടാല്‍ അതിന്റെ കഥ കഴിഞ്ഞതു തന്നെ. പിന്നെ അതിനെയും കടിച്ചെടുത്തുകൊണ്ട് അവന്‍ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോള്ളും. ആള്‍ മഹാശൂരനായിരുന്നു; സന്ധ്യ മയങ്ങിയാല്‍ ഒരാളെ ആ പരിസരത്തുകൂടി അവന്‍ വിടുമായിരുന്നില്ല. അവസാനം ശല്യം സഹിക്ക വയ്യാതെ ഏത്തക്കുലയും കപ്പയും മോഷ്ടിക്കാന്‍ നടക്കുന്ന ആരോ അവന് ചോറില്‍ വിഷം വച്ചുകൊടുത്തു കൊന്നു. കറമ്പനച്ചന്‍ പിന്നെ പട്ടിയെ വളര്‍ത്തിയിട്ടില്ല; മിണ്ടാപ്രാണികള്‍ കണ്‍‌മുമ്പില്‍ കിടന്ന് ചാകുന്നത് കാണാന്‍ വയ്യ.

വീണ്ടും വീണ്ടും കണ്ണന്റെ ഓര്‍മകളാണ് മനസ്സില്‍ തികട്ടി വരുന്നത്. മഴത്തുള്ളികളുടെ കിരുകിരുപ്പ് ശബ്ദം അവന്‍ ‘കര്‍മ്പനച്ചോ, കര്‍മ്പനച്ചോ’ എന്ന് തുടരെ വിളിക്കുമ്പോള്‍ ഉരുത്തിരിയുന്നതാണെന്ന് തോന്നി. അവനെ എങ്ങനെയാണ് മറക്കാനാവുക. എവിടെയായാലും ഒരു താങ്ങും തണലുമായിരുന്നു. വരമ്പു കിളയ്ക്കാനും വയ്ക്കാനും രണ്ടുപേരും ചേര്‍ന്ന് കരാറെടുക്കും. താന്‍ ഉച്ചച്ചൂടില്‍ നിന്ന് കിളച്ച് അവശനാകുമ്പോള്‍ അവന് മുഖം കണ്ടാല്‍ മനസ്സിലാകും. ഉടനെ പറയും: “കര്‍മ്പനച്ചന്‍ ആ തണലത്ത് കേറി ഇര്ന്നോ. വെയില് ചാഞ്ഞിട്ട് ഇങ്ങോട്ടെറങ്ങ്യാ മതി.” ഒരു മകനേക്കാല്‍ സ്നേഹം അവന്‍ തന്നോട് പ്രകടിപ്പിച്ചിരുന്നു. കുമാരന്‍ അപ്പോള്‍ പള്ളിക്കൂടത്തിലോ കവലയില്‍ അവന്റെ കൂട്ടുകാരുടെ കൂടെയോ ആയിരിക്കും. അവന്‍ പണിക്ക് വരാന്‍ സമ്മതിച്ചാല്‍ തന്നെ താന്‍ കൊണ്ടുവരികയില്ലായിരുന്നു. പഠിക്കാന്‍ നടക്കുന്നവരുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിഞ്ഞുപോകരുത്. പക്ഷേ, ഒരിക്കല്‍ പോലും മകന്‍ തന്റെ അരികത്തുവന്നുനിന്ന് കണ്ണന്‍ പറയുന്നതുപോലെ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.

കണ്ണന് താനുമായിട്ട് നല്ല വയസ്സിന് ഇളപ്പമുണ്ടായിരുന്നെങ്കിലും ആ ചങ്ങാത്തം സുദൃഢമായിരുന്നു. പണിക്ക് വിളിക്കാന്‍ വരുന്നവര്‍ക്ക് പോലും അതറിയാം. അവര്‍ പറയും: “കറമ്പനെ മാത്രം പണിക്കു വിളിച്ചാല്‍ പോരല്ലോ. വരുമ്പോള്‍ കണ്ണനേം കൂട്ടിക്കൊള്ളൂ.” ദേവകി പോയശേഷം ഉള്ളുതുറന്നൊന്നു സംസാരിക്കാന്‍ അവന്‍ മാത്രമേ അവശേഷിച്ചുള്ളൂ. കുമാരന് താന്‍ പറയുന്നതൊന്നും അത്ര പിടിക്കില്ല. എന്തെങ്കിലും പഴയ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ അവര്‍ ഈര്‍ഷ്യയോടെ എഴുന്നേറ്റ് പോകും. സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇപ്പോഴാര്‍ക്കാ ഈ പഴങ്കഥകളൊക്കെ കേട്ടിരിക്കാനിഷ്ടം.

അവന്‍ കൂടി പോയപ്പോള്‍ ഇവിടെപ്പിന്നെ ജീവിക്കണമെന്ന ആശ കൂടി നഷ്ടപ്പെട്ടു. ആരും അടുത്തില്ലാതാകുമ്പോള്‍ കൂട്ടിനിരിക്കുന്ന ഓര്‍മകളെ ഇടയ്ക്കൊന്ന് തട്ടിക്കുടഞ്ഞു വയ്ക്കാന്‍ പോലും ആളില്ലാതാകുന്ന അവസ്ഥ.

കറമ്പനച്ചന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീണ്ടും ആ കറുത്ത പട്ടിയെ കണ്ടു. അതിങ്ങനെ മഴയും കൊണ്ട് അവിടത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഒരു സംശയം തോന്നാത്തത്? കറമ്പനച്ചന്റെ മനസ്സിലൂടെ കുറെ അരുതാത്ത ചിന്തകള്‍ കടന്നുപോയി. ആ കരച്ചിലും വിഷമവുമൊക്കെ ഇപ്പോഴും മായാതെ ഉള്ളിലുണ്ട്. മീനച്ചൂട് കത്തിനില്‍‌ക്കുമ്പോഴാണ് കൊരളിക്കാവിലെ ഉത്സവം. കാവടിയാട്ടവും കണ്ട് കണ്ണനുമൊരുമിച്ച് തിരിച്ചുപോരുകയായിരുന്നു. വൈദ്യരുടെ വീടിനടുത്തുള്ള വേലിപ്പടര്‍പ്പിനടുത്ത് വന്നപ്പോഴാണ് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കണ്ണന്‍ റോഡരുകിലേക്ക് മാറിയത്. പെട്ടന്ന് ‘കര്‍‌മ്പനച്ചോ, ഓടിവായോ’ എന്നവന്‍ നിലവിളിക്കുന്നതു കേട്ടു. അടുത്തുചെന്നപ്പോള്‍ അവന്‍ നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. താങ്ങിയെടുക്കുമ്പോള്‍ അവന്‍ പേടിച്ച് വിറച്ചുകൊണ്ട് പറഞ്ഞു: “കര്‍‌മ്പനച്ചാ, എന്നെ പാമ്പ് കടിച്ച് മറച്ചിട്ടു; എന്നെ ഏതെങ്കിലും ആശുത്രിയില്‍ കൊണ്ടുപോകൂ. ഇല്ലെങ്കില്‍ ഞാന്‍...” ഉടനെ വൈദ്യരുടെ വീട്ടിലേക്കാണ് അവനെ എത്തിച്ചത്. വെളിച്ചത്തില്‍ കടിയേറ്റ കാലുകണ്ടു. മൂന്നോ നാലോ മുറിവുകള്‍. അവ കണ്ടപ്പോള്‍ തന്നെ വൈദ്യര്‍ പറഞ്ഞു: “ചേനത്തണ്ടനാണ്, അവനേ ഇങ്ങനെ പട്ടിയെപ്പോലെ കടിക്കുകയുള്ളൂ. ഉടനെ ആശുപത്രിയിലെത്തിച്ചോളൂ. ഇവിടെ ഇരുത്തി ഭാഗ്യം പരീക്ഷിക്കേണ്ട.” ഇന്നത്തെപ്പോലെയാണോ, പട്ടണത്തില്‍ നിന്ന് ഒരു വണ്ടിയെത്താന്‍ അന്ന് എത്ര നേരം പിടിക്കും. അവസാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ അനക്കമറ്റിരുന്നു; ഓരോ രോമകൂപത്തിലും ചോരപ്പാടും.

അവന്റെ നിലവിളിയുടെയും സംഭ്രമത്തിന്റെയും മുഴക്കമിപ്പോഴും ചെവിയില്‍ കിടന്ന് വട്ടം തിരിയുകയാണ്. ഇവിടെ ഭൂമിപ്പുറത്ത് കുറെ ജീവിക്കണമെന്നായിരുന്നു അവന്റെ ആശ; അതിനുള്ള കരുത്തും അവനുണ്ടായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ ത്രാണിയില്ലാത്തതിനെ ഏതെങ്കിലും ഒരിടത്ത് കെട്ടിയിടും; അവിടെക്കിടന്ന് നരകിച്ചോട്ടെ. ആര്‍ക്കും വേണ്ടല്ലോ. എത്ര നാളായി ഇത്?

ഒരു വിമ്മിട്ടത്തോടെ കറമ്പനച്ചന്‍ ഇരുളിലേക്ക് നോക്കി. കണ്ണിലുരുണ്ടുകൂടിയ ജലകണത്തിനുള്ളിലൂടെ കല്‍‌ത്തൂണും ചെടികളും മറ്റും കറമ്പനച്ചന്‍ രണ്ടായി കണ്ടു.

പുതപ്പിന്റെയറ്റം കൊണ്ട് കണ്ണ് തുടച്ചിട്ട് ആ കറുത്ത പട്ടി അവിടെത്തന്നെയുണ്ടോയെന്ന് കറമ്പനച്ചന്‍ വീണ്ടും നോക്കി. ഉവ്വ്, ഏതാണ്ടൊരേ നില്പുതന്നെയാണത്. കറമ്പനച്ചന്‍ ‘ശ്’ എന്ന് ശബ്ദമുണ്ടാക്കി ഒരു കൈ കൊണ്ട് പട്ടിയെ ആട്ടി നോക്കി. കുറച്ചിട അത് മുന്നോട്ട് നടന്നിട്ട് വീണ്ടും പഴയ സ്ഥാനത്ത് വന്ന് നോക്കി നിന്നു തുടങ്ങി. തന്നെയാണോ അതിങ്ങനെ നോക്കുന്നത്, കറമ്പനച്ചന് സംശയമായി. കറമ്പനച്ചന്‍ ഒന്നുകൂടി പട്ടിയെ ആ‍ട്ടിനോക്കി. അത് നടന്നപ്പോള്‍ കറമ്പനച്ചന്‍ ഒരു കാര്യം ശ്രദ്ധിച്ചു: അതിന് വാല് കാണുന്നില്ല.

തന്റെ സംശയങ്ങള്‍ എല്ലാം ശരിയാവുകയാണോ? അതെ. ആ കറുത്ത പട്ടി വീണ്ടും വന്ന് തന്നെ ഉറ്റുനോക്കി നില്‍ക്കുന്നു. കറമ്പനച്ചന്റെ മനസ്സില്‍ കുളിരു പെയ്യുകയായി. ജ്വരബാധക്കടിമപ്പെട്ടപോലെ കറമ്പനച്ചന്‍ പറഞ്ഞു തുടങ്ങി: “നീ അവസാനം വന്നു, അല്ലേ? നീയെന്താ ഇത്രയും വൈകിയത്? ഏതെങ്കിലും ഒരു ദിവസം നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇതുപോലെ എത്രയോ മഴകള്‍ നാമൊന്നിച്ചു കൊണ്ടു. എന്നു മഴ പെയ്താലും ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കാറുണ്ട്. ഈ വരാന്തയിലേക്ക് കേറി നില്‍ക്കൂ; വെറുതേ മഴ കൊള്ളണ്ട.” കറമ്പനച്ചന്‍ വരാന്ത കൈകൊണ്ട് ചൂണ്ടിക്കാണിച്ചു. പട്ടിയപ്പോള്‍ ഒന്നിളകിയിട്ട് അതേ നില്പു തുടര്‍ന്നു.

“നീ ആരെയാണ് പേടിക്കുന്നത്? ഇവിടെ ആരുമില്ല. ആരുമില്ലാത്ത തക്കം നോക്കിയല്ലേ നീ വന്നിരിക്കുന്നത്. അതോ, നിനക്കറപ്പ് തോന്നിയിട്ടോ? മഴവെള്ളത്തില്‍ തറ കുതിരുമ്പോഴുയരുന്ന ചാണകത്തിന്റെ ഗന്ധവും ശ്വസിച്ച് എത്രയോ ദിവസങ്ങള്‍ നാം ഈ ഇറയത്ത് കിടന്നിരിക്കുന്നു. നീ അതൊക്കെ മറന്നു കാണും, അല്ലേ? കാലമെത്ര കഴിഞ്ഞു. പക്ഷേ, അതിന്നിടയില്‍ നാമൊന്നും മറന്നുകൂട. നിന്നെ കാണുമ്പോള്‍ എനിക്കെല്ലാം ഓര്‍മ വരുന്നുണ്ട്. ഓരോ ചെറിയ സംഭവങ്ങള്‍ വരെ. എന്നാലും നീയിത്ര വൈകേണ്ട കാര്യമില്ലായിരുന്നു. ങും, ഈ തെരക്കൊക്കെ ഒന്ന് ഒഴിയട്ടേ എന്ന് കര്തി ഇരുന്നതാവും, അല്ലേ? പക്ഷേ, അതിനിടക്ക് ഞാനെത്ര നരകിച്ചൂന്ന് അറിയാമോ നിനക്ക്? നീ പോയ ഒടനെ തൊടങ്ങീതാ ഈ കെടപ്പ്. കട്ടിലിന്റെ അടീന്ന് വരുന്ന മലത്തിന്റേം മൂത്രത്തിന്റേം മണം ശ്വസിച്ച് എത്രനേരം കെടന്നേക്കണു. അവരാരെങ്കിലും വരണ്ടേ എടുത്തു കളയാന്‍. ഞാനെന്തിനാ ഇതൊക്കെ പറയണെ. എല്ലാം നിനക്കറിയാലോ.”

“നീ ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാവണില്ല.” എന്തു ചെയ്യണമെന്നറിയാതെ വന്നപ്പോള്‍ കറമ്പനച്ചന് സങ്കടം വന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു: “ഉവ്വ്, ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. നിന്നെ ഞാന്‍ വെറും പട്ടിയെ വിളിക്കണപോലെ കൈകാട്ടി വിളിച്ചു, അല്ലേ? എനിക്ക് അബദ്ധം പറ്റിയതാണ്. എല്ലാം അറിഞ്ഞു ചെയ്യാനൊന്നും ഇപ്പോള്‍ ആവുന്നില്ല. അങ്ങനെ പറ്റുന്ന ഒരു കാലമുണ്ടായിരുന്നപ്പോള്‍ നീ വന്നില്ലല്ലോ.”

“എന്റെ കണ്ണാ, നീ വാ.” കറമ്പനച്ചന്‍ പട്ടിയെ പേര്‍ ചൊല്ലി വിളിച്ചു. “ദേ, ആ നടക്കല്ലിലൂടെ ഇങ്ങോട്ട് കേറി വന്ന്, എന്നെയുമെടുത്തിട്ട് നിനക്കങ്ങ് പോകാലോ.” അത്രയും പറഞ്ഞുതീരുമ്പോഴേക്കും കറമ്പനച്ചന്‍ കരഞ്ഞുപോയി.

മഴ വീണ്ടും കനത്തു പെയ്തു തുടങ്ങി. കറുത്ത പട്ടി നടന്നുവന്ന് ഒരു നിമിഷം നടക്കല്ലില്‍ നിന്നു. പിന്നെ ഉടല്‍ വിറപ്പിച്ച് അത് പതുക്കെ വരാന്തയിലേക്ക് കയറി.

(1987-88 സമയത്ത് ഈ കഥ ആദ്യം ‘കഥ ദ്വൈവാരിക’ യില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.)

12 comments:

t.k. formerly known as thomman said...

എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കഥകളിലൊന്ന്. വാര്‍ദ്ധക്യത്തെയും മരണത്തെയൂം പഴങ്കഥകളെയും സുഹൃത്‌ബന്ധവുമൊക്കെ, എനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ ഈ കഥയിലൂടെ നോക്കിക്കണ്ടത്, ഇപ്പോള്‍ വീണ്ടും എടുത്തുവായിക്കുമ്പോള്‍ രസം തോന്നുന്നു.

Calvin H said...

ആഹാ, ഇങ്ങനെ ഒരു കഥാകാരന്‍ ഇവിടെ ഉള്ളതറിഞ്ഞില്ലല്ലോ.
നല്ല കഥ തൊമ്മാ...
വാലില്ലാതെ വരാന്‍ കണ്ണന് ഓടിയന്‍ സേവ ഉണ്ടായിരുന്നോ എന്നൊരു സംശയം ബാക്കിയായി.

Sapna Anu B.George said...

കഥയും കഥാകാരന്റെ പേരും കൊള്ളാം,,, എനിക്കൊരു മകനുണ്ട് തൊമ്മന്‍.കണ്ടതില്‍ സന്തോഷം.

t.k. formerly known as thomman said...

ശ്രീഹരി,
ഞാന്‍ കഥയെഴുത്തില്‍ വളരെമുമ്പ് നിന്ന് വിരമിച്ചയാളാ‍ണ് :-) കൈയിലിരിപ്പുള്ളത് ചിലതൊക്കെ സമയം കിട്ടുമ്പോള്‍ പോസ്റ്റുന്നു.

വാലില്ലാത്ത കറുത്ത പട്ടി നാട്ടുമ്പുറത്തെ പ്രേതകഥകളിലെ സ്ഥിരം കഥാപാത്രമാണ്. ഈ കഥയില്‍ പറയുന്നതെല്ലാം ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടും കേട്ടിട്ടുള്ളതും തന്നെ. കഥ വായിച്ചതിന് നന്ദി.

സപ്‌ന,
ഇതിലേ വന്നതിന്നും കഥ വായിച്ചതിനും നന്ദി.

Compassionate Capitalist said...

Niiiiccceee!!!! I lost u in-between, but still felt it.

t.k. formerly known as thomman said...

കുട്ടപ്പാ/ദീപൂ,
കഥ വായിക്കാനെത്തിയതിന് നന്ദി!

Kankettu said...

Very good story

Anonymous said...

Is it your athma-katha ?
Didn't bother to read after the first paragraph !!

Compassionate Capitalist said...

Now, why would you want to anonymously 'abuse' a person's creation, without even saying what was that you did not like? That is sad!! Hope the new year shines some light on that dark soul!!

t.k. formerly known as thomman said...

Compassionate Capitalist,
Thanks for the defending comments :-) Some people are sick beyond our comprehension, and there is no way we can brighten their dark souls, and it is better to stay away from those folks as far as we could.

Anonymous said...

വളരെ നാളുകൾക്കു ശേഷമാണ് ഇത്ര നല്ലൊരു കഥ വായിക്കുന്നത്.
എഴുത്തുകാരൻ ഇപ്പോൾ ഒന്നും എഴുതാറില്ല എന്ന് പറഞ്ഞു .
എഴുത്ത് എല്ലാവര്ക്കും കിട്ടുന്ന ഒരു കഴിവല്ല. അത് കൊണ്ട് ഇനിയും എഴുതണം

Anonymous said...

വൈൻ ഉണ്ടാക്കൽ എവിടെ?