എല്ലാ ഇനം മുന്തിരികള്‍കൊണ്ട് വീഞ്ഞുണ്ടാക്കാന്‍ പറ്റില്ല. വീഞ്ഞുണ്ടാക്കാന്‍ പറ്റിയ മുന്തിരി ഇനങ്ങള്‍ തന്നെ ഉണ്ട്. പഴമായി കഴിക്കുന്ന മുന്തിരി ഇനങ്ങളെ ടേബിള്‍ ഗ്രേപ്പ് എന്നാണ് പറയുക. കൂടുതല്‍ വലിപ്പമുള്ളവയും മാംസമുള്ളവയുമായിരിക്കും അവ. ചിലത് കുരു ഇല്ലാത്തതുമാകും. പഴമായി കഴിക്കുന്ന അമേരിക്കയിലെ ഒരു പ്രധാന ഇനം മുന്തിരി തോംസണ്‍ ഗ്രേപ്പ് ആണ്. വീഞ്ഞുണ്ടാക്കുന്ന മുന്തിരി ഇനങ്ങള്‍ (ഞാന്‍ കണ്ടിട്ടുള്ളവയില്‍) വലിപ്പം കുറഞ്ഞതായിട്ടാണ് കണ്ടിട്ടുള്ളത്; അവയില്‍ കുരുവും കാണും.
നേരത്തേ പറഞ്ഞതുപോലെ, വൈറ്റ്-റെഡ് വൈനുകളുടെ ഉപവിഭാഗങ്ങള്‍ മിക്കവാറും അവ ഉണ്ടാക്കുന്ന മുന്തിരി ഇനത്തെ, വെറൈയറ്റലിനെ(varietel), സൂചിപ്പിക്കുന്നതായിരിക്കും. താഴെ കൊടുക്കുന്നവയാണ് അമേരിക്കയില്‍ സാധാരണയായി കാണുന്ന മുന്തിരി വെറൈയറ്റലുകള്‍:
റെഡ് - കാബര്‍നേ സോവിന്‍യോണ്‍ (Cabernet Sauvignon),മെര്‍ലോ(Merlot),സിന്‍ഫാന്‍ഡല്‍(Zinfandel),പീനോ ന്വാര്‍(Pinot Noir),ഷിറാസ്/സിറാ/സിറാ(Shiraz/Sirah/Syrah)
വൈറ്റ് - ഷാര്‍ഡണെ(Chardonnay), സോവിന്‍യോണ്‍ ബ്ലോങ്ക്(Sauvignon Blanc), റീസ്‌ലിംഗ്(Riesling), ഗുവര്‍ട്ട്‌സ്ട്രാമിനര്‍(Gewurztraminer).
റോസ് - വൈറ്റ് സിന്‍ഫാന്‍ഡല്‍(White Zinfandel)
ഡിസേര്‍ട്ട് - മസ്‌കാറ്റ്/മസ്‌കാറ്റോ(Muscat/Muscato)
കാബര്‍നേ സോവിന്‍യോണ്‍ - ഇതാണ് റെഡ് വൈനുകളുടെ രാജാവ്. ഇത്തരം മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയ വൈന്‍ നല്ല ‘കട്ടി’യുള്ളതും ചവര്‍പ്പ് കൂടിയതുമാണ്. തണുപ്പിക്കാതെയാണ് ഇത് സാധാരണ കുടിക്കുക. കൂടെ കഴിക്കുവാന്‍ റോസ്റ്റോ ഗ്രില്ലോ ചെയ്ത റെഡ് മീറ്റ് വിഭവങ്ങള്‍ ഇതിനൊപ്പം നന്നായി ചേരും. എന്നാല്‍ അധികം ഉപ്പും മസാലയുമുള്ളവ ഭക്ഷണങ്ങള്‍ ചേരുകയുമില്ല. സാല്‍മണ്‍ അധികം മസാല ചേര്‍ക്കാതെ ബാര്‍ബിക്യൂ ചെയ്തത് എനിക്ക് ഇതിന്റെ കൂടെ കഴിക്കുന്നത് ഇഷ്ടമാണ്.
മെര്‍ലോ - വളരെയധികം വിളവ് ഉണ്ടാകുന്ന ഒരു മുന്തിരി ഇനമായതുകൊണ്ട് ഇതില്‍ നിന്നുണ്ടാക്കുന്ന വൈനുകള്‍ പൊതുവേ വിലക്കുറവാണ്. (Sideways-എന്ന പ്രസിദ്ധമായ തെക്കന്‍ കാലിഫോര്‍ണിയ വൈന്‍ സിനിമയില്‍ ഇതിനെ താറടിക്കുകയും, പീനോ ന്വാറിനെ പൊക്കുകയും ചെയ്യുന്നത് ഓര്‍ക്കുക.) ഗ്രില്ല്/ബ്രോയില്‍/ബേക്ക് ചെയ്ത മത്സ്യം, കോഴി എന്നിവയുടെ കൂടെ ഇത് നന്നായി ചേരും. ഇതും കട്ടന്‍ ചായയും ഒരേ അളവില്‍ ചേര്‍ത്ത്, പാകത്തിന് മധുരവുമിട്ട കോക്ക്ടെയില്‍ എനിക്ക് ഭഷണത്തിനു ശേഷം കുടിക്കാന്‍ വളരെ ഇഷ്ടമുള്ള ഒരു ഡ്രിങ്കാണ്.
സിന്‍ഫാന്‍ഡല്‍ - ഇത് ഏകദേശം മെര്‍ലോ പോലെ തന്നെയാണ്. കാലിഫോര്‍ണിയയില്‍ മാത്രം പ്രധാനമായി കൃഷി ചെയ്യുന്ന ഒരു മുന്തിരി ഇനം എന്ന പ്രത്യേകത ഇതിനുണ്ട്.
പീനോ ന്വാര്‍ - കനം കുറഞ്ഞതും പൊതുവേ വില കൂടിയതുമായ വൈനുകളാണ് ഈ ഇനതില്‍ നിന്ന് ഉണ്ടാക്കുന്നത്. വില കൂടുവാനുള്ള പ്രധാനകാരണം ഈ മുന്തിരി കൃഷി ചെയ്യാനുള്ള ബുദ്ധിമുട്ടാണ്. ചില ഏഷ്യന്‍ ഭക്ഷണങ്ങളുടെ കൂടെ ഇത് യോജിച്ചുപോകും. പൊതുവേ, ഗ്രില്ല് ചെയ്ത പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസങ്ങള്‍ എന്നിവയുടെ കൂടെയാണ് ഇത് കുടിക്കാന്‍ നല്ലത്.
ഷിറാസ്/സിറാ - ഗുണങ്ങളില്‍ ഇത് കാബര്‍നേ സോവിന്‍യോണ്‍ പോലെയാണ്. പൊതുവേ ഓസ്ട്രേലിയയില്‍ നിന്ന് വരുന്ന ഷിറാസ് വൈനുകളാണ് എനിക്കിഷ്ടം; അവയ്ക്ക് നേരിയ മധുരവും കാണും.
ഷാര്‍ഡണെ - ഏറ്റവും പ്രധാനപ്പെട്ട വൈറ്റ് വൈന്‍ വെറൈയറ്റല്‍. പൊതുവേ മധുരമില്ലാത്ത(dry) ഈ വൈന്‍, പോര്‍ക്ക്,പോള്‍ട്രി എന്നിവയുടെ കൂടെ നല്ലതാണ്. ബട്ടറോ ക്രീമോ ചേര്‍ത്ത് ഉണ്ടാക്കിയ ഭക്ഷണസാധനങ്ങളും യോജിക്കും. ഇന്ത്യന്‍ ഭക്ഷണങ്ങള്‍, അധികം ഉപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ ഇതിന്റെയൊപ്പം ഒട്ടും ചേരില്ല.
സോവിന്‍യോണ്‍ ബ്ലോങ്ക് - ഷാര്‍ഡണെ പോലെ തന്നെ. പക്ഷേ,കുറച്ചുകൂടി അമ്ലാംശം കൂടുതല്‍ ഇത്തരം വൈനുകളില്‍ ഉള്ളതായി തോന്നിയിട്ടുണ്ട്.
റീസ്‌ലിംഗ് - കനം കുറഞ്ഞ, നേരിയ മധുരമുള്ള ഈയിനം വൈനുകള്‍ ഇന്ത്യന്‍ ഭക്ഷണത്തിന്റെ കൂടെ യോജിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. (എരിവുള്ളവ മാത്രം; പൊതുവേ പുളിയുള്ള ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വൈനുകള്‍ക്കൊപ്പം യോജിക്കില്ല.) ഗ്രില്ല് ചെയ്ത മീന്‍, ചിക്കന്‍ കബാബ്, ബാര്‍ബിക്യൂ ചെയ്ത പച്ചക്കറികള്‍ തുടങ്ങിയവ ഇത്തരം വൈനുകള്‍ക്കൊപ്പം കഴിക്കാം. നല്ലവണ്ണം തണുപ്പിച്ച് വെറുതെ കുടിക്കാനും ഇത് നല്ലതാണ്.
ഗുവര്‍ട്ട്‌സ്ട്രാമിനര്‍ - നല്ല മണവും മധുരവുമുള്ള ഈയിനത്തില്‍ പെട്ട വൈന്‍ ഇന്ത്യന്‍ അടക്കമുള്ള ഏഷ്യന്‍ ഭക്ഷണങ്ങളുടെ കൂടെ യോജിച്ചുപോകുന്നതാണ്.
മസ്‌കാറ്റ്/മസ്‌കാറ്റോ - ഗുവര്‍ട്ട്‌സ്ട്രാമിനര്‍ പോലെയാണ് ഈ വൈന്‍ വെറൈയറ്റലും; കുറച്ചുകൂടി നല്ല സുഗന്ധം ഇതിന് ഉണ്ടെന്ന് തോന്നുന്നു. പക്ഷേ, അതിമധുരമുള്ള ഡിസേര്‍ട്ട് വൈന്‍ ആയിട്ടാണ് ഇത് അധികവും ഞാന്‍ ഇവിടെ മാര്‍ക്കറ്റില്‍ കണ്ടിട്ടുള്ളത്.
വൈറ്റ് സിന്‍ഫാന്‍ഡല്‍ - ഇത് യഥാര്‍ഥത്തില്‍ ഒരു മുന്തിരി വെറൈയറ്റല്‍ അല്ല. സിന്‍ഫാന്‍ഡല്‍ മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന റോസ് വൈനിനെ ആണ് ഈ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. സിന്‍ഫാന്‍ഡലിന്റെ ചുവപ്പ് നിറം അധികം വരാതെ നോക്കി ഉണ്ടാക്കുന്ന റോസ് വൈന്‍, നേരിയ മധുരമുള്ളതും ആള്‍ക്കഹോളിന്റെ അംശം കുറഞ്ഞതുമാണ്. പൊതുവേയുള്ള വീഞ്ഞിന്റെ ഉപയോഗത്തില്‍ നിന്ന് വ്യത്യസ്തമായി, തണുപ്പിച്ച് വെറുതെ കുടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയിലാണ് ഇത് ആദ്യമായി നിര്‍മിച്ചത്.
കുറച്ചുകൂടി സങ്കീര്‍ണമായ തരംതിരിവാണ് യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ച് ഫ്രാന്‍സ്‌സില്‍ നിന്ന്, വരുന്ന വൈനുകളില്‍ കാണുന്നത്. മുന്തിരി വളരുന്ന ബോര്‍ഡോ(Bordeaux), ബര്‍ഗണ്ടി(Burgundy) തൂടങ്ങിയ പ്രസിദ്ധമായ പ്രദേശങ്ങളും, അവിടങ്ങളിലെ കാലാവസ്ഥയും മണ്ണും മറ്റും വ്യത്യാസപ്പെടുന്നതനുസരിച്ചുള്ള വ്യത്യസ്ത അപ്പലേഷനുകളും(appellations) -- ഒരു തരം ഉപജില്ലകള്‍ -- ഉപയോഗിച്ചാണ് വൈനുകള്‍ തരം തിരിക്കുന്നത്. ഓരോ അപലേഷനും ഒരു പ്രത്യേകതരം മുന്തിരിയിനം വളര്‍ത്താന്‍ പറ്റിയ ഇടമാണെന്നതാണ് ഇത്തരത്തിലുള്ള തരംതിരിവിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ ഒരു പ്രത്യേക അപലേഷനില്‍ നിന്ന് വരുന്ന വൈനിന്റെ വെറൈയറ്റല്‍ സാധാരണ കൊടുക്കാറില്ല- റെഡ് എന്നോ വൈറ്റെന്നോ ഉള്ള തരംതിരിവേ വൈനില്‍ കാണൂ. (യൂറോപ്പില്‍ നിന്നുള്ള വൈന്‍ എനിക്ക് അധികം പരീചയമില്ല; അതുകൊണ്ട് പ്രധാനമായും അവയെപ്പറ്റി വായിച്ചുള്ള വിവരമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.)
പൊതുവേ വീഞ്ഞുണ്ടാക്കിയ വര്‍ഷം (വിന്റേജ്), ഉല്‍പ്പാദകര്‍ (ലേബല്‍), മുന്തിരി വെറൈയറ്റല്‍(varietel), മുന്തിരി ഉണ്ടായ പ്രദേശം എന്നീ കാര്യങ്ങളാണ് വൈന്‍ കുപ്പിയില്‍ കാണാറ്. ഉദാഹരണത്തിന് 2006 Roberto Mondavi Chardonney Napa Valley എന്ന് കുപ്പിയില്‍ കണ്ടാല്‍ അത്, റോബര്‍ട്ടോ മൊണ്ടാവി നാപ്പ വാലിയില്‍ ഉണ്ടായ ഷാര്‍ഡോണെ മുന്തിരി ഉപയോഗിച്ച് 2006-ല്‍ ഉണ്ടാക്കിയ വൈനാണെന്ന് അര്‍ത്ഥം. മൊത്തം മുന്തിരിയും നാപ്പ വാലിയില്‍ തന്നെ ഉണ്ടായതാകണമെന്നില്ല. ഒരു പ്രദേശത്തിന്റെ പേര് വൈന്‍ ലേബലില്‍ ഉപയോഗിക്കണമെങ്കില്‍ കുറഞ്ഞത് എത്ര ശതമാനം മുന്തിരി ആ പ്രദേശത്തുനിന്ന് ഉപയോഗിക്കണമെന്നതിന്ന് നിയമങ്ങള്‍ ഉണ്ട്. അതുപോലെ വൈന്‍ ഉല്‍പ്പാദകര്‍ മുന്തിരി വളര്‍ത്തണമെന്നും നിര്‍ബന്ധമില്ല. വൈനറികള്‍ മുന്തിരി കൃഷിക്കാരില്‍ നിന്ന് പഴം വാങ്ങി അവര്‍ക്ക് വേണ്ട പോലെ വൈനുകള്‍ നിര്‍മ്മിക്കാറുണ്ട്.
വൈന്‍ ലേബലില്‍ കാണുന്ന മറ്റൊരു വാക്ക് Reserve ആണ്. പ്രത്യേക ശ്രദ്ധയെടുത്ത് ഉണ്ടാക്കിയതാണെന്ന പൊതുവായ അര്‍ത്ഥം അതിനുണ്ടെങ്കിലും, ആ വൈന്‍ എപ്പോഴും ഗുണമേന്മയുള്ളത് ആയിക്കൊള്ളണമെന്നില്ല. ചില രാജ്യങ്ങളില്‍ ഈ വാക്ക് ഉപയോഗിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
വീഞ്ഞിന്റെ തരംതിരിവിനെപ്പറ്റി വളരെ ചെറിയ ഒരു മുഖവുരയാണ് ഇത്. പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത് മുന്തിരിയുടെ വെറൈയറ്റലുകളും, പിന്നെ അവ കൃഷി ചെയ്യുന്ന അപലേഷനുകളും ഉപയോഗിച്ചുള്ള രണ്ടുംതരം ക്ലാസിഫിക്കേഷന്‍ നിലവില്‍ ഉണ്ടെന്നുള്ളതാണ്. പൊതുവേ വീഞ്ഞിന്റെ പുതിയ ലോകത്ത് (അമേരിക്കകള്‍, ഓസ്ട്രേലിയ) ആദ്യത്തേതും യൂറോപ്പില്‍ രണ്ടാമത്തെ രീതിയുമാണ് ഉപയോഗീക്കുന്നത്. പക്ഷേ, പലപ്പോഴും രണ്ടു രീതികള്‍ കൂട്ടിക്കുഴക്കുന്നതും ഓരോരോ രാജ്യങ്ങളിലെ നിയമങ്ങളും വൈന്‍ ക്ലാസിഫിക്കേഷന്‍ വളരെ സങ്കീര്‍ണമാക്കാം.
അടുത്ത ഭാഗം എന്റെ മുന്തിരി കൃഷിയെയും വൈനുണ്ടാക്കലിനെയും പറ്റിയാണ്.
Thursday, February 19, 2009
മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും - 2
Posted by t.k. formerly known as thomman at Thursday, February 19, 2009 11 comments
Labels: വൈന്‍
Monday, February 16, 2009
മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും - 1
സാധാരണ അച്ചന്‍ മൊത്തം വീഞ്ഞും കുടിച്ചിട്ട് ഓസ്തി മാത്രമാണ് എന്റെ ചെറുപ്പകാലത്ത് പള്ളിയില്‍ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. ചില നല്ല അച്ചന്മാര്‍ ഓസ്തിയുടെ അറ്റം വീഞ്ഞില്‍ ചെറുതായൊന്നു നനച്ച് തരും. തിരുശരീരം തൊണ്ടയില്‍ ഒട്ടാതെ ഇറങ്ങിപ്പോകാന്‍ അത് വളരെ സഹായിച്ചിരുന്നു. വീഞ്ഞിന്റെ ഒരു രുചി അങ്ങനെയാണ് ആദ്യം അറിഞ്ഞതെന്നു തോന്നുന്നു. പിന്നെ ക്രിസ്മസിന് വീടിന്നടുത്തുള്ള കോണ്‍വെന്റില്‍ പാതിരാകുര്‍ബാനയ്ക്ക് പോവുകയാണെങ്കില്‍ ചടങ്ങിന്റെ അവസാനം ഒരു ചെറിയ ഗ്ലാസില്‍ വൈനും കേക്കും കിട്ടുമായിരുന്നു. ബാല്യകാലത്തുനിന്ന് വൈനിനെക്കുറീച്ചുള്ള ഓര്‍മകള്‍ അവ മാത്രമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടുത്ത ചുവപ്പു നിറത്തിലുള്ള ഒരു പാനീയം എന്നാണ് അക്കാലത്ത് ഞാന്‍ വീഞ്ഞീനെപ്പറ്റി ധരിച്ചിരുന്നത്.
വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിന്നെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയ മലയാളസാഹിത്യകാരന്മാരുടെ വിജ്ഞാനം ധാരാളം സ്കൂളില്‍ പഠിക്കുമ്പോള്‍ അകത്താക്കിയത് എന്റെ മുന്‍കൂര്‍ ധാരണകളെ മാറ്റാന്‍ വൈകിക്കുകയും ചെയ്തു.
വീഞ്ഞ് കുപ്പികണക്കിന് അകത്താക്കുന്നത് ഗോവയില്‍ ഒരു സ്റ്റഡിടൂറിന്ന് പോയപ്പോഴാണ്. വിലക്കുറഞ്ഞ, അതിമധുരമുള്ള പോര്‍ട്ട് വൈന്‍ കുടിച്ചശേഷം തൊട്ടടുത്തുകാണുന്ന ഷാക്കില്‍ നിന്ന് 5 രൂപയുടെ ചോറും അണ്‍ലിമിറ്റഡ് ഫിഷ്ഫ്രൈയും മൂക്കുമുട്ടെ തിന്ന് ബീച്ചിലൂടെ കുറെദിവസങ്ങള്‍ തെണ്ടിനടന്നു. കോളജ് ഹോസ്റ്റലില്‍ പൊതുവേയുള്ള അര്‍ദ്ധപട്ടിണിയില്‍ നിന്ന് ഗോവയിലെ സമ്പല്‍സമൃദ്ധിയും ആസ്വദിച്ച് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ഞാന്‍ സുന്ദരക്കുട്ടപ്പനായിട്ടുണ്ടെന്ന് പറഞ്ഞു. വീഞ്ഞിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ അങ്ങനെ ആദ്യമേ എന്റെ ജീവിതത്തില്‍ തെളിയിക്കപ്പെട്ടു :-)
അമേരിക്കയില്‍ എത്തിയശേഷം മധുരമുള്ള വീഞ്ഞ് നോക്കി പല കടകളിലും പോയിട്ടുണ്ട്. ചിലപ്പോള്‍ കിട്ടിയത് കടുത്ത ചവര്‍പ്പുള്ള ചില സാധനങ്ങള്‍. വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരിയെടുക്കാന്‍ പ്രത്യേക ഉപകരണം തന്നെയുണ്ടെന്ന് കുറച്ചുകാലം പിടിച്ചു മനസ്സിലാക്കാന്‍. (കോര്‍ക്ക് ഊരാന്‍ മാത്രമല്ല, അതിന്റെ ഫോയില്‍ മുറിക്കാന്‍ പോലും പ്രത്യേക ഉപകരണം ഉണ്ടെന്നുള്ളത് വേറെ കാര്യം.) ചവര്‍പ്പുള്ള വൈന്‍ കുടി രസകരമാകുന്നത് കുറെ പരിശീലിച്ചാല്‍ മാത്രമാണ്. മധുരമുണ്ടെന്ന് തീര്‍ച്ചയുള്ളതുകൊണ്ട് മിക്കവാറും പോര്‍ട്ടില്‍ അന്നൊക്കെ എന്റെ വീഞ്ഞ് കുടി അവസാനിച്ചിരുന്നു. ഒരു കുപ്പി വൈന്‍ എടുക്കുന്നതിന്നു പകരം ഒരു സിക്സ്-പാക്ക് ബീയറാണ് അന്നൊക്കെ പാര്‍ട്ടികളിലേക്ക് എടുത്തിരുന്നത്.
പക്ഷേ, ഇപ്പറഞ്ഞ വീഞ്ഞുകളെല്ലാം വീഞ്ഞിന്റെ മഹാലോകത്തെ പാര്‍ശ്വവര്‍ത്തികളാണെന്നും, യഥാര്‍ഥ വീഞ്ഞ് അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത് കാലിഫോര്‍ണിയയില്‍ എത്തിയശേഷമാണ്. പള്ളിയില്‍ കൊടുക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന വകുപ്പീല്‍ പെട്ടതാണ്. അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഗോവയില്‍ വച്ച് കൂടിച്ചത് പോര്‍ട്ട് വൈന്‍ ആണ്; പലപ്പോഴും വീഞ്ഞിന്റെ കൂട്ടത്തില്‍ പോലും പെടുത്താത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഒന്നാണ്, പോര്‍ച്ചുഗീസ് സംസ്ക്കാരത്തിന്റെ ഭാഗമായ പോര്‍ട്ട്. സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍ അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അവിടങ്ങളില്‍ പിന്നെ വീഞ്ഞ് വ്യവസായത്തിന് അത് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗം തന്നെ. കാലിഫോര്‍ണിയയും ചിലെയും പോലുള്ള വൈനിന്റെ പുതിയ ലോകങ്ങള്‍ക്ക് തുടക്കമിട്ടത് സ്പാനിഷ് മിഷനറിമാരാണ്.
വീഞ്ഞ് എന്ന് പറയുമ്പോള്‍ പൊതുവേ ചുവപ്പിന്റെ വകഭേദങ്ങളാണ് അതിന്റെ നിറമായി ആദ്യം മനസ്സിലേക്ക് വരിക. പക്ഷേ, വൈറ്റ് വൈന്‍ (യഥാര്‍ഥത്തില്‍ ഇളംപച്ച നിറം) വീഞ്ഞുകളിലെ ഒരു പ്രധാന വിഭാഗമാണ്. പൊതുവേ, തുടക്കക്കാര്‍ വീഞ്ഞിനെ രണ്ടു വിഭാഗത്തിലാണ് പെടുത്തുക: റെഡ് വൈനും വൈറ്റ് വൈനും. ഈ രണ്ട് ഇനങ്ങളിലും അനേകം ഉപവിഭാഗങ്ങള്‍ ഉണ്ട്. പ്രധാനമായും വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച മുന്തിരിയുടെ ഇനം നോക്കിയാണ് ഉപവിഭാഗം നിശ്ചയിക്കുക. ഫ്രാന്‍സ് പോലെ പഴയലോകത്തുനിന്നുള്ള വീഞ്ഞുകള്‍, മുന്തിരി ഏത് സ്ഥലത്ത് ഉണ്ടായി എന്നതിനെ നോക്കിയും തിരിക്കാറുണ്ട്.
നിറം നോക്കിയുള്ള ഈ രണ്ട് തരംതിരിവിന്നൊപ്പം ഇപ്പോള്‍ റോസും ചേര്‍ക്കാമെന്നു തോന്നുന്നു. പൊതുവേ, ആള്‍ക്കഹോള്‍ കുറഞ്ഞ, റോസ് നിറത്തിലുള്ള, നേരിയ മധുരമുള്ള വീഞ്ഞുകളാണവ. സാധാരണ വീഞ്ഞിന് മധുരം ഇല്ല എന്നു തന്നെ പറയാം; ഇളം മധുരമുള്ള ചില ഇനങ്ങള്‍ ഉണ്ടെങ്കിലും അത്ര ജനപ്രീതിയുള്ളവയല്ല അവ. നല്ല മധുരമുള്ള, ഭക്ഷണത്തിനുശേഷം കഴിക്കുന്ന വീഞ്ഞുകളെയാണ് ഡിസേര്‍ട്ട് വൈനുകള്‍ എന്ന് പറയുന്നത്. ഇവയില്‍ വെള്ളയും ചുവപ്പും കാണും. പോര്‍ട്ട് ഈ വകുപ്പില്‍ പെട്ടതാണെങ്കിലും അത് പലപ്പോഴും ഒരു പ്രത്യേക മദ്യമായി തന്നെയാണ് തരം തിരിക്കുക. കാരണം,മറ്റുള്ള വീഞ്ഞുകളുടെ നിര്‍മാണത്തില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ആള്‍ക്കഹോള്‍ ചേര്‍ക്കുന്നതുകൊണ്ടാണ് പോര്‍ട്ടിനെ കൂട്ടത്തില്‍ കൂട്ടാതെ ചിലപ്പോള്‍ പുറത്തു നിറുത്തുന്നത്. വൈറ്റ് വൈനില്‍ ഗാസ് നിറഞ്ഞാല്‍ സ്പാര്‍ക്ക്ലിംഗ് വൈന്‍ ആയി; ഷാമ്പേന്‍ അതേ പേരിലുള്ള ഫ്രാന്‍സിലെ ഒരു സ്ഥലത്തുനിന്ന് വരുന്ന സ്പാര്‍ക്ക്ലിംഗ് വൈന്‍ ആണ്.
പ്രധാനപ്പെട്ട വിഭാഗങ്ങളെപ്പറ്റി കുറെ പറഞ്ഞു കഴിഞ്ഞു: സാക്രമെന്റല്‍ വൈന്‍,റെഡ്,വൈറ്റ്,റോസ്,ഡിസേര്‍ട്ട്,പോര്‍ട്ട്, സ്പാര്‍ക്ക്ലിംഗ്. ഇനി അവ കഴിക്കുന്നതിന്റെ ഒരു രീതി രസകരമായി അവതരിപ്പിക്കാം: പള്ളിയില്‍ നിന്ന് സാക്രമെന്റല്‍ വൈന്‍ കഴിച്ചുവരിക; വീട്ടില്‍ വന്ന് ഒരു സ്പാര്‍ക്ക്ലിംഗ് വൈന്‍ പൊട്ടിച്ച് ആഘോഷം തുടങ്ങുക; സീ ഫുഡ് സാലഡും ചെറുതായി തണുപ്പിച്ച വൈറ്റ് വൈനും ആദ്യം; അപ്പോള്‍ സ്ത്രീകള്‍ ചില്‍ഡ് റോസ് അടിക്കട്ടേ; നല്ല മാട്ടിറച്ചിയൂടെ കൂടെ റൂം ടെമ്പറേച്ചറില്‍ റെഡ് അടിക്കുക; അവസാനം ഒരു ചെറിയ കഷ്ണം കേക്കും ചെറിയ ഒരു ഗ്ലാസ് പോര്‍ട്ടോ ഡിസേര്‍ട്ട് വൈനോ അടിച്ച് അവസാനിപ്പിക്കുക.
അവസാനത്തെ ഖണ്ഡിക മനസ്സിലായെങ്കില്‍ നിങ്ങള്‍ക്ക് വീഞ്ഞിനെക്കുറിച്ച് സംസാരിച്ചു തുടങ്ങാം.
വൈന്‍ പൊതുവേ ഭക്ഷണത്തിന് ഒപ്പമാണ് കഴിക്കുന്നത്. (ചാരായമടിച്ചശേഷം നൂലുകൊണ്ട് പുഴുങ്ങിയ മുട്ട മുറിച്ച് മുളകുപൊടിയിലും പിന്നെ ഒന്ന് ഉപ്പിലും മുക്കി തിന്ന് വായിലെ അരുചി മാറ്റുന്നതുപോലെയുള്ള കാര്യമല്ല ഉദ്ദേശിച്ചത്.) 14% വരെ ആള്‍ക്കഹോള്‍ വൈനില്‍ കാണും; അതുകൊണ്ട് വെറുതേ പൂസാവാനും അതു കുടിച്ചാല്‍ മതി. പക്ഷേ, ചേരുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം കഴിച്ചാലെ വീഞ്ഞുപാനത്തിന്റെ യഥാര്‍ഥസുഖം അനുഭവിക്കാന്‍ പറ്റൂ.
വീഞ്ഞിനെക്കുറിച്ചുള്ള ഈ പരമ്പര ഇവിടെ അവസാനിക്കുന്നില്ല. അടുത്ത പോസ്റ്റില്‍ വീഞ്ഞിന്റെയും മുന്തിരിയുടെയും പല ഉപവിഭാഗങ്ങളെക്കുറിച്ച് പറയാം. അതിനടുത്ത പോസ്റ്റില്‍ എന്റെ മുന്തിരി വളര്‍ത്തലിനെയും വീഞ്ഞുണ്ടാക്കലിലെപ്പറ്റിയും എഴുതുന്നതായിരിക്കും.
ഭാഗം 2
Posted by t.k. formerly known as thomman at Monday, February 16, 2009 7 comments
Labels: വൈന്‍
Friday, February 06, 2009
ഇരുളില്‍ ഒരു കറുത്ത പട്ടി (കഥ)
മഴ തൊടിയില്‍ നില്‍ക്കുന്ന വാഴകളുടെ ഇലകളില്‍ വന്നിരുന്ന് നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോഴാണ് കറമ്പനച്ചന്‍ പെട്ടന്ന് മയക്കത്തില്‍ നിന്നുണര്‍ന്നത്. മേലാകെ കുളിരുകോരിയപ്പോള്‍ പുതപ്പ് കാല്‍പ്പാദം മൂടുന്നതുവരെ വലിച്ചിട്ടു. എന്നിട്ട് വരാന്തയില്‍ ഇട്ടിരുന്ന കട്ടിലില്‍ കിടന്ന് കറമ്പനച്ചന്‍ പുറത്തേക്കു നോക്കി. പടിയും കമ്പിക്കാലും മാത്രമേ ഒരു പാടല്‍ പോലെയെങ്കിലും ആ വൃദ്ധനേത്രങ്ങളില്‍ പെടുന്നുള്ളൂ. എങ്കിലും കുമാരന്‍ ഇങ്ങോട്ട് വരുന്നുണ്ടോ എന്നാണ് ആ നോട്ടം. അവന്‍ വന്നിട്ടേ എന്തെങ്കിലും കഴിക്കാന്‍ കിട്ടുകയുള്ളൂ. വിശപ്പുണ്ടായിട്ടല്ല; ഈ തണുപ്പത്ത് ഇത്തിരി ചൂടുള്ള കഞ്ഞിവെള്ളം കിട്ടിയാല്‍ മതിയായിരുന്നു. കുമാരന്റെ പെണ്ണിനെ പേറ്റിന് കൂട്ടിക്കൊണ്ടു പോയതു മുതല്‍ ആഹാരത്തിന് സമയവും സന്ദര്‍ഭവും ഒന്നും ഇല്ലാതായി. അവനെ കുറ്റം പറയാന്‍ പറ്റ്വോ; ഇടയ്ക്കൊക്കെ ബന്ധുവീട്ടില്‍ ചെന്നില്ലെങ്കില്‍ നാട്ടുകാരെന്തു പറയും.
കറമ്പനച്ചന്‍ ഒന്നുകൂടി ചുരുണ്ടു കിടന്നു. ഇനിയിപ്പോള്‍ പെട്ടന്നൊന്നും ഉറക്കം വരില്ല. ഉറക്കം തെളിഞ്ഞാല്‍ പിന്നെ കണ്ണടഞ്ഞു കിട്ടാന്‍ വലിയ പ്രയാസമാണ്. ചിലപ്പോള്‍ ആ കിടപ്പ് നേരം വെളുക്കുന്നതു വരെ തുടരും. ഈ തണുപ്പൊന്നും കറമ്പനച്ചന് ഒരു പ്രശ്നമേയല്ല. കിടപ്പിലായപ്പോള്‍ മകന്‍ പറഞ്ഞു: “അച്ഛനെന്തിനാ വയ്യാത്തകാലത്തും ഈ ഇറയത്തു കിടക്കണേ? അകത്ത് കിടന്നൂടേ?” കറമ്പനച്ചന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മകന്റെ മുഖത്തടിച്ചപോലെ പറഞ്ഞു: “നിന്റെയീ വീടും കുടീം ഒക്കെ എന്നാ ഇണ്ടായേ? എണീറ്റ് നടക്കാന്‍ പാങ്ങുണ്ടായിരുന്ന കാലത്ത് മഴേത്തും കാറ്റത്തും അല്ലാര്ന്നോ എന്റെ ജീവിതം. ഇനീപ്പോ അങ്ങോട്ട് ഇറങ്ങിച്ചെല്ലാന്‍ പറ്റീലെങ്കിലും അതൊക്കെ കണ്ട്‌വ്‌ടെ കെടക്കാലോ.”
മകനും അവന്റെ ഭാര്യയും അകത്ത് കിടക്കും. താന്‍ ഒറ്റക്ക് എന്തിനാ ആ സുഖമൊക്കെ അനുഭവിക്കണെ. ഒരു പച്ചപിടിക്കണതിനുമുമ്പ് അവള് പോയി. ഏത് മഴയില്‍ നിന്ന് കേറി വന്നാലും ഇത്തിരി ചൂടുവെള്ളം തിളപ്പിച്ചതും കൊണ്ട് അവള്‍ കാത്തിരിപ്പുണ്ടാകുമായിരുന്നു. പാവം, താനെന്തൊക്കെ ചെയ്തിട്ടും മൂന്നുനേരം അടുപ്പിച്ച് കഞ്ഞികുടിക്കാന്‍ അവള്‍ക്കായിട്ടില്ല... ഇടയ്ക്കിടെ അതാലോചിക്കുമ്പോള്‍ കറമ്പനച്ചന്റെ കണ്‍കുഴികളിലെ ഉറവകള്‍ തെളിയും.
കറമ്പനച്ചന്‍ ആ കിടപ്പ് കുറെനേരം കിടന്നു, ഒന്നുമാലോചിക്കാനാവാതെ. പിന്നെ തിരിഞ്ഞുകിടന്ന് തൊടിക്കപ്പുറത്തുള്ള വയലിനെ മൂടിയിരിക്കുന്ന ഇരുട്ടിലേക്ക് കണ്ണുകള്‍ പായിച്ചു. പെട്രോമാക്സിന്റെ വെളിച്ചമല്ലേ ആ കാണുന്നത്? കറമ്പനച്ചന്റെ ഹൃദയം ദ്രുതഗതിയില്‍ ഇടിക്കാന്‍ തുടങ്ങി. വയല്‍വരമ്പിലൂടെ പെട്രോമാക്സുകൊണ്ട് ആള്‍ നീങ്ങുന്നതനുസരിച്ച്, ഒരു ചലച്ചിത്രത്തിലെന്നപോലെ ചെടികളുടെ നിഴലുകള്‍ ചുമരില്‍ മാറിമാറി പതിഞ്ഞു.
മഴവെള്ളത്തില്‍ കളിച്ചുനടക്കുന്ന മത്സ്യങ്ങളെയും നോക്കി വയലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ വെളിച്ചം എത്ര പഴയ കാര്യങ്ങളെയാണ് കറമ്പനച്ചനെയിപ്പോള്‍ കാണിച്ചുകൊടുക്കുന്നത്. ഇതുപോലെ മഴയുള്ള ദിവസങ്ങളില്‍ രാത്രിയാകുമ്പോള്‍ പാനീസ് വിളക്കും പിടിച്ച് കണ്ണന്‍ വീടിന്റെ പടിക്കല്‍ വന്നുനിന്ന് വിളിക്കും: “കര്‍മ്പനച്ചോ, ഇന്നെറങ്ങണില്ലേ? കണ്ടത്തിലിപ്പോ മീന്‍ പെയ്യാരിക്കും.” താന്‍ വെറുതേ അവന്റെകൂടെ ചെന്നാല്‍ മതി. തന്നേക്കാള്‍ പ്രായക്കുറവും ആരോഗ്യവുമൊക്കെ ഉണ്ടെങ്കിലും കണ്ണന് ഒറ്റയ്ക്ക് പാടത്ത് പോകാന്‍ വലിയ പേടിയായിരുന്നു. അവനാ പേടി പറ്റിയ കാര്യം എപ്പോഴും പറയും. ചാലയ്ക്കലെ വലിയ തോട്ടില്‍ക്കൂടി അവനൊറ്റക്ക് മീന്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞുകാണും. ചാറ്റല്‍മഴയിലൂടെ പെയ്തിറങ്ങിയപോലെയാണ് മീന്‍ കാണുന്നത്. അവന്റെ കൈയിലെ വാളിന് ഒഴിവില്ലാതെ വെട്ടോടുതന്നെ വെട്ട്. മീന്‍കൂട കെട്ടിയിരുന്ന കയറ് മീനിന്റെ ഭാരംകൊണ്ട് അവന്റെ അരക്കെട്ടില്‍ വരിഞ്ഞുമുറുങ്ങി വേദനിച്ചു തുടങ്ങി. ചാക്കുണ്ണി മാപ്ലയുടെ മോട്ടര്‍പ്പെരയും കഴിഞ്ഞ് കുറച്ചിട ചെന്നപ്പോഴാണ് എതിരേനിന്നും ഓരോളം വരുന്നത് കണ്ണന്‍ കണ്ടത്. വലിയ മത്സ്യങ്ങള്‍ ആ ഓളത്തിനൊപ്പം പുളച്ചുവരുന്നുണ്ടായിരുന്നു. പക്ഷേ, ഒരുതരം മൂടല്‍മഞ്ഞുമൂലം കണ്ണന് വ്യക്തമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. പെട്ടന്ന് ആ മൂടല്‍ അവന്റെ മുമ്പില്‍ വച്ച് ആകാശം മുട്ടോളം വളര്‍ന്നു; എന്നിട്ട് വലിയ ശബ്ദത്തില്‍ വെള്ളത്തിലേക്കൊരു വീഴ്ച. പേടിച്ച് വിറങ്ങലിച്ച്, എന്തുചെയ്യണമെന്നറിയാതെ നിന്ന നില്‍പ്പില്‍ തന്നെ കണ്ണന്‍ കുറെനേരം അവിടെ നിന്നു. പിന്നെ ഒരുവിധത്തില്‍ തപ്പിത്തടഞ്ഞ് പുരയിലെത്തിയതേ ഓര്‍മയുള്ളൂ; ഒരാഴ്ചയോളം പനിച്ചുവിറച്ച് അവര്‍ കിടന്നു.
കണ്ണന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ കറമ്പനച്ചന് മനസ്സിലായി അതാരാണെന്ന്. തെണ്ടനാണത്. അവനാണ് അങ്ങനെ പേടിപ്പിക്കാറുള്ളത്. തെണ്ടന്‍ മീന്‍ മാത്രമേ തിന്നുകയുള്ളൂ. മീനുകളെ ഓടിച്ചുകൊണ്ടുവരുന്ന അവന്റെ വഴിയിലായിരിക്കും കണ്ണന്‍ ചെന്നുപെട്ടത്. തെണ്ടന്‍ ഓരോ വിദ്യകള്‍ കാട്ടി പേടിപ്പിക്കുകയേയുള്ളൂ. പക്ഷേ, മനസ്സിനുറപ്പില്ലാത്തവര്‍ ആണെങ്കില്‍ ചിലപ്പോള്‍ ചങ്ങാട്ടം നിന്നു പോയെന്നിരിക്കും. ഏതായാലും ആ സംഭവത്തിന്നു ശേഷം രാത്രികളില്‍ കണ്ണന്‍ ഒറ്റയ്ക്ക് പാടത്തേക്ക് പോയിട്ടില്ല.
കണ്ണന്‍ മീനുകളെ വെട്ടിപ്പിടിക്കുമ്പോള്‍ കറമ്പനച്ചന്‍ മീന്‍കൂടയും പിടിച്ച് കൂടെ നില്‍ക്കുകയേ ഉള്ളൂ. എങ്കിലും മീന്‍ പങ്കിടുമ്പോള്‍ കണ്ണന്‍ കൃത്യം രണ്ടായി ഭാഗിക്കും. ഏതുവേണമെങ്കിലും കറമ്പനച്ചന് എടുക്കാം. പക്ഷേ, തന്റെ പങ്കില്‍ നിന്ന് രണ്ടോ മൂന്നോ വലിയ വരാലുകളെ കണ്ണനിട്ട് കൊടുത്തിട്ട് ബാക്കിയുള്ളതേ കറമ്പനച്ചന്‍ എടുക്കുകയുള്ളൂ.
ആകാശത്തു നിന്നും മഴക്കാറു നീങ്ങി വെയിലിന് ചൂടുപിടിച്ചാല്‍ തോടുകള്‍ വറ്റിത്തുടങ്ങും. ചിറയിലെയും കുളങ്ങളിലെയും വെള്ളം വയലിലേക്ക് കയറാനാവാത്തവണ്ണം താഴും. പിന്നെ രാത്രി എങ്ങും മീന്‍ പിടിക്കാന്‍ പോകാന്‍ പറ്റില്ല. അപ്പോള്‍ കറമ്പനച്ചന്റെ കാലമായി. കുളം കലക്കി, അള തപ്പി വലിയ വരാലുകളെ പിടിക്കുന്നതിനും ചൂണ്ടയിടുന്നതിനും വെട്ടിടുന്നതിനും കറമ്പനച്ചനെക്കഴിഞ്ഞേ ഒരാള്‍ ആ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ണനും കറമ്പനച്ചനും തേവാനൊത്തുകൂടിയാല്‍പ്പിന്നെ ഒഴിവുസമയങ്ങളില്‍ മീന്‍പിടുത്തമാണവരുടെ വിനോദം.
തെളിഞ്ഞ നീരുറവകളില്‍ കൂട്ടമായി നില്‍ക്കുന്ന മുണ്ടിപ്പരലുകളെ കൊട്ടകൊണ്ട് കോരിയെടുക്കും. അവയെ വെട്ടില്‍ കൊളുത്തി ഇരട്ടക്കുളത്തിലും തുമ്പിച്ചാലിലുമിട്ടാല്‍ നോക്കി നില്‍ക്കുമ്പോള്‍ കാണാം വരാലുകള്‍ വെട്ടും വലിച്ചുകൊണ്ട് നെട്ടോട്ടമോടുന്നത്. വെട്ടിന്റെ പനങ്കയ്യ് ഏതെങ്കിലും കരയിലടുക്കുമ്പോഴേക്കും മീന്‍ ക്ഷീണിച്ചിട്ടുണ്ടാകും. അങ്ങനെ പത്തും ഇരുപതും വരാലുകളെ കിട്ടിയ ദിവസങ്ങളുണ്ട്. പുളിയിട്ട് വറ്റിച്ചാല്‍ വരാല്‍ നുറുക്ക് കല്ലുപോലെയിരിക്കും. പുഴുങ്ങിയ കപ്പ അതിന്റെ കുറുകിയ ചാറില്‍ മുക്കി തിന്നുന്ന രസമോര്‍ക്കുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളമൂറുന്നു.
കറമ്പനച്ചന്‍ ഒന്നുകൂടി തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു. അപ്പോഴാണ് മുറ്റത്ത് എന്തോ അനങ്ങുന്നത് കണ്ടത്. കറമ്പനച്ചന്‍ സൂക്ഷിച്ചു നോക്കി. ഉയരം കൊണ്ട് ഒരു പട്ടിയെപ്പോലെയുണ്ട് ആ ജന്തു. ഇരുട്ടിന്റെ നിറമാണതിന്. അതുകൊണ്ട് ഒന്നും ശരിക്ക് വ്യക്തമാകുന്നില്ല. എങ്കിലും അത് വരാന്തയിലേക്ക് നോക്കി നില്‍ക്കുന്നതുപോലെ കറമ്പനച്ചന് തോന്നി. ഈ മഴകൊണ്ട് എന്തിനാണത് പുറത്ത് നില്‍ക്കുന്നത്; ആ കോലായിലേക്ക് കേറി നിന്നുകൂടെ?
കറമ്പനച്ചന് ടിപ്പുവിനെ ഓര്‍മ വന്നു. അവനും തന്നെപ്പോലെയായിരുന്നു; ഏതു മഴയും വെയിലും കൊള്ളും. മീന്‍ വെട്ടാന്‍ വേണ്ടി താന്‍ പുറത്തു കടന്നാല്‍ അവനും കൂടെ വരും. കണ്ണന്‍ ഓടിക്കാന്‍ എത്ര ശ്രമിച്ചാലും തിരിച്ചു പോകില്ല. നിശബ്ദനായി ഏറ്റവും പിന്നിലവന്‍ നടക്കും. വിളക്കിന്റെ വെട്ടമേറ്റ് വയല്‍ വരമ്പിനുള്ളിലെ ഏതെങ്കിലും മാളത്തില്‍ നിന്ന് ഒരു പെരുച്ചാഴി പുറത്തിറങ്ങാതിരിക്കില്ലെന്ന് അവന് അറിയാം. അവന്റെ കണ്‍മുമ്പില്‍ പെട്ടാല്‍ അതിന്റെ കഥ കഴിഞ്ഞതു തന്നെ. പിന്നെ അതിനെയും കടിച്ചെടുത്തുകൊണ്ട് അവന്‍ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോള്ളും. ആള്‍ മഹാശൂരനായിരുന്നു; സന്ധ്യ മയങ്ങിയാല്‍ ഒരാളെ ആ പരിസരത്തുകൂടി അവന്‍ വിടുമായിരുന്നില്ല. അവസാനം ശല്യം സഹിക്ക വയ്യാതെ ഏത്തക്കുലയും കപ്പയും മോഷ്ടിക്കാന്‍ നടക്കുന്ന ആരോ അവന് ചോറില്‍ വിഷം വച്ചുകൊടുത്തു കൊന്നു. കറമ്പനച്ചന്‍ പിന്നെ പട്ടിയെ വളര്‍ത്തിയിട്ടില്ല; മിണ്ടാപ്രാണികള്‍ കണ്‍മുമ്പില്‍ കിടന്ന് ചാകുന്നത് കാണാന്‍ വയ്യ.
വീണ്ടും വീണ്ടും കണ്ണന്റെ ഓര്‍മകളാണ് മനസ്സില്‍ തികട്ടി വരുന്നത്. മഴത്തുള്ളികളുടെ കിരുകിരുപ്പ് ശബ്ദം അവന്‍ ‘കര്‍മ്പനച്ചോ, കര്‍മ്പനച്ചോ’ എന്ന് തുടരെ വിളിക്കുമ്പോള്‍ ഉരുത്തിരിയുന്നതാണെന്ന് തോന്നി. അവനെ എങ്ങനെയാണ് മറക്കാനാവുക. എവിടെയായാലും ഒരു താങ്ങും തണലുമായിരുന്നു. വരമ്പു കിളയ്ക്കാനും വയ്ക്കാനും രണ്ടുപേരും ചേര്‍ന്ന് കരാറെടുക്കും. താന്‍ ഉച്ചച്ചൂടില്‍ നിന്ന് കിളച്ച് അവശനാകുമ്പോള്‍ അവന് മുഖം കണ്ടാല്‍ മനസ്സിലാകും. ഉടനെ പറയും: “കര്‍മ്പനച്ചന്‍ ആ തണലത്ത് കേറി ഇര്ന്നോ. വെയില് ചാഞ്ഞിട്ട് ഇങ്ങോട്ടെറങ്ങ്യാ മതി.” ഒരു മകനേക്കാല്‍ സ്നേഹം അവന്‍ തന്നോട് പ്രകടിപ്പിച്ചിരുന്നു. കുമാരന്‍ അപ്പോള്‍ പള്ളിക്കൂടത്തിലോ കവലയില്‍ അവന്റെ കൂട്ടുകാരുടെ കൂടെയോ ആയിരിക്കും. അവന്‍ പണിക്ക് വരാന്‍ സമ്മതിച്ചാല്‍ തന്നെ താന്‍ കൊണ്ടുവരികയില്ലായിരുന്നു. പഠിക്കാന്‍ നടക്കുന്നവരുടെ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിഞ്ഞുപോകരുത്. പക്ഷേ, ഒരിക്കല്‍ പോലും മകന്‍ തന്റെ അരികത്തുവന്നുനിന്ന് കണ്ണന്‍ പറയുന്നതുപോലെ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
കണ്ണന് താനുമായിട്ട് നല്ല വയസ്സിന് ഇളപ്പമുണ്ടായിരുന്നെങ്കിലും ആ ചങ്ങാത്തം സുദൃഢമായിരുന്നു. പണിക്ക് വിളിക്കാന്‍ വരുന്നവര്‍ക്ക് പോലും അതറിയാം. അവര്‍ പറയും: “കറമ്പനെ മാത്രം പണിക്കു വിളിച്ചാല്‍ പോരല്ലോ. വരുമ്പോള്‍ കണ്ണനേം കൂട്ടിക്കൊള്ളൂ.” ദേവകി പോയശേഷം ഉള്ളുതുറന്നൊന്നു സംസാരിക്കാന്‍ അവന്‍ മാത്രമേ അവശേഷിച്ചുള്ളൂ. കുമാരന് താന്‍ പറയുന്നതൊന്നും അത്ര പിടിക്കില്ല. എന്തെങ്കിലും പഴയ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ അവര്‍ ഈര്‍ഷ്യയോടെ എഴുന്നേറ്റ് പോകും. സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇപ്പോഴാര്‍ക്കാ ഈ പഴങ്കഥകളൊക്കെ കേട്ടിരിക്കാനിഷ്ടം.
അവന്‍ കൂടി പോയപ്പോള്‍ ഇവിടെപ്പിന്നെ ജീവിക്കണമെന്ന ആശ കൂടി നഷ്ടപ്പെട്ടു. ആരും അടുത്തില്ലാതാകുമ്പോള്‍ കൂട്ടിനിരിക്കുന്ന ഓര്‍മകളെ ഇടയ്ക്കൊന്ന് തട്ടിക്കുടഞ്ഞു വയ്ക്കാന്‍ പോലും ആളില്ലാതാകുന്ന അവസ്ഥ.
കറമ്പനച്ചന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീണ്ടും ആ കറുത്ത പട്ടിയെ കണ്ടു. അതിങ്ങനെ മഴയും കൊണ്ട് അവിടത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഒരു സംശയം തോന്നാത്തത്? കറമ്പനച്ചന്റെ മനസ്സിലൂടെ കുറെ അരുതാത്ത ചിന്തകള്‍ കടന്നുപോയി. ആ കരച്ചിലും വിഷമവുമൊക്കെ ഇപ്പോഴും മായാതെ ഉള്ളിലുണ്ട്. മീനച്ചൂട് കത്തിനില്‍ക്കുമ്പോഴാണ് കൊരളിക്കാവിലെ ഉത്സവം. കാവടിയാട്ടവും കണ്ട് കണ്ണനുമൊരുമിച്ച് തിരിച്ചുപോരുകയായിരുന്നു. വൈദ്യരുടെ വീടിനടുത്തുള്ള വേലിപ്പടര്‍പ്പിനടുത്ത് വന്നപ്പോഴാണ് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കണ്ണന്‍ റോഡരുകിലേക്ക് മാറിയത്. പെട്ടന്ന് ‘കര്‍മ്പനച്ചോ, ഓടിവായോ’ എന്നവന്‍ നിലവിളിക്കുന്നതു കേട്ടു. അടുത്തുചെന്നപ്പോള്‍ അവന്‍ നിലത്ത് കിടന്നുരുളുന്നതാണ് കണ്ടത്. താങ്ങിയെടുക്കുമ്പോള്‍ അവന്‍ പേടിച്ച് വിറച്ചുകൊണ്ട് പറഞ്ഞു: “കര്‍മ്പനച്ചാ, എന്നെ പാമ്പ് കടിച്ച് മറച്ചിട്ടു; എന്നെ ഏതെങ്കിലും ആശുത്രിയില്‍ കൊണ്ടുപോകൂ. ഇല്ലെങ്കില്‍ ഞാന്‍...” ഉടനെ വൈദ്യരുടെ വീട്ടിലേക്കാണ് അവനെ എത്തിച്ചത്. വെളിച്ചത്തില്‍ കടിയേറ്റ കാലുകണ്ടു. മൂന്നോ നാലോ മുറിവുകള്‍. അവ കണ്ടപ്പോള്‍ തന്നെ വൈദ്യര്‍ പറഞ്ഞു: “ചേനത്തണ്ടനാണ്, അവനേ ഇങ്ങനെ പട്ടിയെപ്പോലെ കടിക്കുകയുള്ളൂ. ഉടനെ ആശുപത്രിയിലെത്തിച്ചോളൂ. ഇവിടെ ഇരുത്തി ഭാഗ്യം പരീക്ഷിക്കേണ്ട.” ഇന്നത്തെപ്പോലെയാണോ, പട്ടണത്തില്‍ നിന്ന് ഒരു വണ്ടിയെത്താന്‍ അന്ന് എത്ര നേരം പിടിക്കും. അവസാനം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവന്റെ അനക്കമറ്റിരുന്നു; ഓരോ രോമകൂപത്തിലും ചോരപ്പാടും.
അവന്റെ നിലവിളിയുടെയും സംഭ്രമത്തിന്റെയും മുഴക്കമിപ്പോഴും ചെവിയില്‍ കിടന്ന് വട്ടം തിരിയുകയാണ്. ഇവിടെ ഭൂമിപ്പുറത്ത് കുറെ ജീവിക്കണമെന്നായിരുന്നു അവന്റെ ആശ; അതിനുള്ള കരുത്തും അവനുണ്ടായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ ത്രാണിയില്ലാത്തതിനെ ഏതെങ്കിലും ഒരിടത്ത് കെട്ടിയിടും; അവിടെക്കിടന്ന് നരകിച്ചോട്ടെ. ആര്‍ക്കും വേണ്ടല്ലോ. എത്ര നാളായി ഇത്?
ഒരു വിമ്മിട്ടത്തോടെ കറമ്പനച്ചന്‍ ഇരുളിലേക്ക് നോക്കി. കണ്ണിലുരുണ്ടുകൂടിയ ജലകണത്തിനുള്ളിലൂടെ കല്‍ത്തൂണും ചെടികളും മറ്റും കറമ്പനച്ചന്‍ രണ്ടായി കണ്ടു.
പുതപ്പിന്റെയറ്റം കൊണ്ട് കണ്ണ് തുടച്ചിട്ട് ആ കറുത്ത പട്ടി അവിടെത്തന്നെയുണ്ടോയെന്ന് കറമ്പനച്ചന്‍ വീണ്ടും നോക്കി. ഉവ്വ്, ഏതാണ്ടൊരേ നില്പുതന്നെയാണത്. കറമ്പനച്ചന്‍ ‘ശ്’ എന്ന് ശബ്ദമുണ്ടാക്കി ഒരു കൈ കൊണ്ട് പട്ടിയെ ആട്ടി നോക്കി. കുറച്ചിട അത് മുന്നോട്ട് നടന്നിട്ട് വീണ്ടും പഴയ സ്ഥാനത്ത് വന്ന് നോക്കി നിന്നു തുടങ്ങി. തന്നെയാണോ അതിങ്ങനെ നോക്കുന്നത്, കറമ്പനച്ചന് സംശയമായി. കറമ്പനച്ചന്‍ ഒന്നുകൂടി പട്ടിയെ ആട്ടിനോക്കി. അത് നടന്നപ്പോള്‍ കറമ്പനച്ചന്‍ ഒരു കാര്യം ശ്രദ്ധിച്ചു: അതിന് വാല് കാണുന്നില്ല.
തന്റെ സംശയങ്ങള്‍ എല്ലാം ശരിയാവുകയാണോ? അതെ. ആ കറുത്ത പട്ടി വീണ്ടും വന്ന് തന്നെ ഉറ്റുനോക്കി നില്‍ക്കുന്നു. കറമ്പനച്ചന്റെ മനസ്സില്‍ കുളിരു പെയ്യുകയായി. ജ്വരബാധക്കടിമപ്പെട്ടപോലെ കറമ്പനച്ചന്‍ പറഞ്ഞു തുടങ്ങി: “നീ അവസാനം വന്നു, അല്ലേ? നീയെന്താ ഇത്രയും വൈകിയത്? ഏതെങ്കിലും ഒരു ദിവസം നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇതുപോലെ എത്രയോ മഴകള്‍ നാമൊന്നിച്ചു കൊണ്ടു. എന്നു മഴ പെയ്താലും ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കാറുണ്ട്. ഈ വരാന്തയിലേക്ക് കേറി നില്‍ക്കൂ; വെറുതേ മഴ കൊള്ളണ്ട.” കറമ്പനച്ചന്‍ വരാന്ത കൈകൊണ്ട് ചൂണ്ടിക്കാണിച്ചു. പട്ടിയപ്പോള്‍ ഒന്നിളകിയിട്ട് അതേ നില്പു തുടര്‍ന്നു.
“നീ ആരെയാണ് പേടിക്കുന്നത്? ഇവിടെ ആരുമില്ല. ആരുമില്ലാത്ത തക്കം നോക്കിയല്ലേ നീ വന്നിരിക്കുന്നത്. അതോ, നിനക്കറപ്പ് തോന്നിയിട്ടോ? മഴവെള്ളത്തില്‍ തറ കുതിരുമ്പോഴുയരുന്ന ചാണകത്തിന്റെ ഗന്ധവും ശ്വസിച്ച് എത്രയോ ദിവസങ്ങള്‍ നാം ഈ ഇറയത്ത് കിടന്നിരിക്കുന്നു. നീ അതൊക്കെ മറന്നു കാണും, അല്ലേ? കാലമെത്ര കഴിഞ്ഞു. പക്ഷേ, അതിന്നിടയില്‍ നാമൊന്നും മറന്നുകൂട. നിന്നെ കാണുമ്പോള്‍ എനിക്കെല്ലാം ഓര്‍മ വരുന്നുണ്ട്. ഓരോ ചെറിയ സംഭവങ്ങള്‍ വരെ. എന്നാലും നീയിത്ര വൈകേണ്ട കാര്യമില്ലായിരുന്നു. ങും, ഈ തെരക്കൊക്കെ ഒന്ന് ഒഴിയട്ടേ എന്ന് കര്തി ഇരുന്നതാവും, അല്ലേ? പക്ഷേ, അതിനിടക്ക് ഞാനെത്ര നരകിച്ചൂന്ന് അറിയാമോ നിനക്ക്? നീ പോയ ഒടനെ തൊടങ്ങീതാ ഈ കെടപ്പ്. കട്ടിലിന്റെ അടീന്ന് വരുന്ന മലത്തിന്റേം മൂത്രത്തിന്റേം മണം ശ്വസിച്ച് എത്രനേരം കെടന്നേക്കണു. അവരാരെങ്കിലും വരണ്ടേ എടുത്തു കളയാന്‍. ഞാനെന്തിനാ ഇതൊക്കെ പറയണെ. എല്ലാം നിനക്കറിയാലോ.”
“നീ ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാവണില്ല.” എന്തു ചെയ്യണമെന്നറിയാതെ വന്നപ്പോള്‍ കറമ്പനച്ചന് സങ്കടം വന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു: “ഉവ്വ്, ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. നിന്നെ ഞാന്‍ വെറും പട്ടിയെ വിളിക്കണപോലെ കൈകാട്ടി വിളിച്ചു, അല്ലേ? എനിക്ക് അബദ്ധം പറ്റിയതാണ്. എല്ലാം അറിഞ്ഞു ചെയ്യാനൊന്നും ഇപ്പോള്‍ ആവുന്നില്ല. അങ്ങനെ പറ്റുന്ന ഒരു കാലമുണ്ടായിരുന്നപ്പോള്‍ നീ വന്നില്ലല്ലോ.”
“എന്റെ കണ്ണാ, നീ വാ.” കറമ്പനച്ചന്‍ പട്ടിയെ പേര്‍ ചൊല്ലി വിളിച്ചു. “ദേ, ആ നടക്കല്ലിലൂടെ ഇങ്ങോട്ട് കേറി വന്ന്, എന്നെയുമെടുത്തിട്ട് നിനക്കങ്ങ് പോകാലോ.” അത്രയും പറഞ്ഞുതീരുമ്പോഴേക്കും കറമ്പനച്ചന്‍ കരഞ്ഞുപോയി.
മഴ വീണ്ടും കനത്തു പെയ്തു തുടങ്ങി. കറുത്ത പട്ടി നടന്നുവന്ന് ഒരു നിമിഷം നടക്കല്ലില്‍ നിന്നു. പിന്നെ ഉടല്‍ വിറപ്പിച്ച് അത് പതുക്കെ വരാന്തയിലേക്ക് കയറി.
(1987-88 സമയത്ത് ഈ കഥ ആദ്യം ‘കഥ ദ്വൈവാരിക’ യില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.)
Posted by t.k. formerly known as thomman at Friday, February 06, 2009 12 comments
Labels: കഥ
Wednesday, January 21, 2009
ക്ലഫ് ക്രോസിംഗ് റോഡ് (കവിത)
ബോസ്റ്റണില്‍ ബോട്ടിറങ്ങി I93-N വഴി
മഞ്ഞുപാടത്തില്‍ കോറിയിട്ട ചാലിലൂടെ
സേലത്തേക്ക് സഞ്ചാരം.
മദ്രാസില്‍ നിന്ന് വാങ്ങിയ മൃഗത്തോലിന്റെ ജാക്കറ്റിന്റെ മണം
എയര്‍പോര്‍ട്ട് ടാക്സിയിലെ സഹയാത്രികര്‍ക്ക് അഹസ്യമായി അവര്‍ മുഖം കോട്ടിയപ്പോള്‍
നിറങ്ങളും മണങ്ങളും ഇല്ലാത്ത ലോകത്താണല്ലോ എത്തിച്ചേര്‍ന്നതെന്ന
വ്യാകുലത അഥവാ കള്‍ച്ചര്‍ ഷോക്ക്.
വഴികള്‍ക്കിരുവശവും വെളുത്തകുഴിമാടങ്ങളുടെ തലക്കല്‍ നാട്ടിയ
കുരിശുകള്‍ പോലെ ഇലപോഴിച്ചു നില്‍ക്കുന്ന വൃക്ഷച്ചില്ലകള്‍.
നിരവധി റൈറ്റും ലെഫ്റ്റും സ്റ്റോപ്പ് സൈനുകളും കടന്ന്
യെലോ ലൈറ്റും റെഡ് ലൈറ്റും ഗ്രീന്‍ ലൈറ്റും കണ്ട്
ക്ലഫ് ക്രോസിംഗ് റോഡില്‍ നിന്ന് ലെഫ്റ്റ് തിരിഞ്ഞ്
മഞ്ഞില്‍ ആരോ ഉപേക്ഷിച്ചുപോയപോലെ അനാഥമായി നില്‍ക്കുന്ന
അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ഡോര്‍നോബ്‍
ഗ്ലൌസിടാതെ പിടീച്ചുതിരിച്ചപ്പോള്‍
സ്റ്റാറ്റിക്ക് കറന്റിന്റെ ഒരു സ്പാര്‍ക്ക് കൈവെള്ളയിലും
സ്നേഹത്തോടെയൊരടി ചുമലിലും തന്നുകൊണ്ട് അമേരിക്ക
എന്നെ ജറ്റ് ലാഗില്‍ കുഴഞ്ഞ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ത്തി.
ബീയര്‍, ഷ്രിങ് റാപ്പില്‍ പൊതിഞ്ഞ പലവിധ ഡേലി സാന്റ്വിച്ചുകള്‍,
കൈപ്പ് കാപ്പി, സിഗരറ്റ് തുടങ്ങി അടുത്ത 7/11-ലെ എല്ലാ സാധനങ്ങളും
വലിച്ചും കുടിച്ചും തിന്നും ബോറടിച്ചപ്പോള്‍,
ഗ്യാര്‍ബേജ് കൊണ്ടിടാനും മെയിലെടുക്കാനും പോകുന്നവരുടെ എണ്ണമെടുത്തും
അവരില്‍ പെണ്ണുങ്ങളുടെ സ്വെറ്റ് പാന്റ്/ഷര്‍ട്ട്-ല്‍ പൊതിഞ്ഞ ആകാരങ്ങളുടെ കണക്കെടുത്തും
എന്റെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയിരുന്ന്
അമേരിക്കയെ ആര്‍ക്കു ഭാഗിക്കാതെ ആസ്വദിച്ചു.
അതിന്നിടയില്‍ വല്ലപ്പോഴും സഹപ്രവര്‍ത്തകനായ
ഷാവോബാവോ ഷൂയിയുടെ അപ്പാര്‍ട്ട്മെന്റില്‍ കിടന്നുറങ്ങുമ്പോള്‍
അവിടത്തെ ക്വില്‍റ്റുകളില്‍ തങ്ങി നിന്നിരുന്ന
ചീനക്കാരികളുടെ പറഞ്ഞുകേട്ട മണവും
ടാക്സിക്കാരനായ പോളണ്ടുകാരന്‍ വീട്ടുകാരെപ്പറ്റി ചോദിക്കാറുള്ളതും
ഞാനും ജോണ്‍ പോള്‍ രണ്ടാമന്റെ ആളാണെന്ന് പറഞ്ഞ് അയാളെ സുഖിപ്പിച്ചതും
ബാണ്‍സ് & നോബിളില്‍ നിന്ന് എം.കൃഷ്ണന്‍ നായര് പലതവണ എഴുതിക്കണ്ട പുസ്തകങ്ങള്‍
തപ്പിയെടുത്ത് പുറംചട്ടയില്‍ നോക്കി വിസ്മയിച്ചു നില്‍ക്കുന്നതും
മാത്രം മഞ്ഞിന്റെ മരവിപ്പല്ലാതെ മറക്കാതെ പോയ
ചില ചെറിയ കാര്യങ്ങള്‍.
പിന്നെ മഞ്ഞുമാഞ്ഞ് വസന്തം വന്നെത്തിയപ്പോള്‍
കൂടെ ഭാര്യയും മകനും എത്തിയതിന്റെ സന്തോഷം;
കൊറോള വാങ്ങിയതിന്റെ പ്രൌഢി; പാരലല്‍ പാര്‍ക്കെന്ന ദുര്‍ഘടം;
ബ്രോഡ്ബാന്റും, ബ്ലോഗും ഒന്നുമില്ലാത്ത ലോകത്ത്
കമ്പ്യൂട്ടറില്‍ മകനോടോത്ത് സോളിറ്റയര്‍ കളിക്കുന്നതിന്റെ സന്തോഷം.
അവന്‍ കളി പ്ലേ സ്റ്റേഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോള്‍
ബസ്സ് വിട്ടുപോയവന്റെ വൈക്ലബ്യത്തോടെ നോക്കി നില്‍ക്കേണ്ട വന്ന വിഷമങ്ങള്‍.
പിന്നെ അങ്ങനെ പലതും മിസ്സ് ചെയ്ത് ലിവിംഗ് റൂമിലെ സോഫയിലെ സ്വസ്ഥതയിലേക്ക്
മാറി ഇരുന്നത് ഇന്നലെ കഴിഞ്ഞതുപോലെ.
അതിന്നിടയില്‍,
കൊറോളക്ക് പകരം ബീമര്‍;
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചെംസ്‌ഫോര്‍ഡിലെ ഒരേക്കറിലിരിക്കുന്ന വീട്;
ബിയറില്‍ നിന്ന് വൈന്‍;
പബ്ലിക് പാര്‍ക്കിലെ ടെന്നീസില്‍ നിന്ന് ഗോള്‍ഫ് ക്ലബിലെ സായാഹ്നങ്ങള്‍.
* * * * * * * * * * * * * * * * * * * * * * *
ശരത്‌കാലത്തിന്റെ നിറഭംഗിയില്‍ കുളിച്ച് മെറിമാക്ക് നദിയിലെ പാലവും കടന്ന്
യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ ഓരോ പഴയ ചിന്തകള്‍.
നദികള്‍ പകുത്തിടുന്ന രണ്ടു പട്ടണങ്ങള്‍- ലോയും ആലുവയും.
ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പുരാണങ്ങളില്‍ രമിച്ച് അലസമായി കിടക്കുന്ന രണ്ട് പഴയസ്ഥലങ്ങള്‍
ഒന്ന് ജന്മസ്ഥലം, മറ്റേത് ഇപ്പോള്‍ മകന്റെ പഠനസ്ഥലം,
എന്നൊക്കെയാലോചിച്ച് പുഴക്കരയിലൂടെ പിള്ളേര്‍ കറങ്ങിനടക്കുന്നത് കണ്ടിരുന്നു.
ഭാര്യ വണ്ടിയോടിക്കുകയാണ്.
അടുപ്പിച്ച് രണ്ടുതവണ ടിക്കറ്റ് കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു:
ചിലപ്പോള്‍ നിങ്ങള്‍ക്ക് കണ്ണുപിടിക്കുന്നുണ്ടാവില്ല,
കമ്പ്യൂട്ടറില്‍ പണി തുടങ്ങിയിട്ട് ഇത്ര കാലമായില്ലേ.
പാസഞ്ചര്‍ സീറ്റിലിരിക്കുമ്പോള്‍ പണ്ട് കാണാത്ത പലതും ഇപ്പോള്‍ കണ്ണില്‍ തടയുന്നുണ്ട്.
ഒരു ടേം പേപ്പറ് കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് മകന്‍ തിരക്കു കൂട്ടിയപ്പോള്‍
ഭാര്യ പെട്ടന്ന് ഇറങ്ങി; അവള്‍ക്ക് അവന്റെ പഠിത്തം തന്നെയാണ് ഇപ്പോഴും പ്രധാനം.
എന്നാലും തിരിച്ച് പോരുമ്പോള്‍ അവള്‍ വണ്ടിയെടുത്തില്ല.
ഒന്നും പറയാതെ പുറത്തുനോക്കി ഒരേയിരിപ്പ്.
ലോ,നാഷ്വാ,സേലം പിന്നെ ബ്രോഡ്‌വേയില്‍ നിന്ന് ക്ലഫ് ക്രോസിംഗ് റോഡ്
ലൈറ്റ് ഗ്രീനായപ്പോള്‍ ലെഫ്റ്റോ റൈറ്റോ എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി.
പഴയ വഴികളില്‍ എത്തുന്നത് വഴി തെറ്റുന്നതാണോ എന്ന് അതിന്നിടയില്‍ ചിന്തിക്കുകയും ചെയ്തു.
ഭാര്യ ഇപ്പോള്‍ ഒന്നും പറയാറില്ല.
ഇതൊക്കെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളാണെന്ന് അവള്‍ ഒരു പക്ഷേ ആശ്വസിച്ചിരിക്കുകയായിരിക്കാം.
അല്ലെങ്കില്‍ അവളുടെ ഓര്‍മകളിലെ പരിചിതമായ ഒരു നാല്‍ക്കവലയില്‍
ലെഫ്റ്റോ റൈറ്റോ അതോ മുന്നോട്ടോ എടുക്കേണ്ടത് എന്ന ശങ്കയില്‍
ഒരു നിമിഷം ചിലവഴിച്ച് ഇരിക്കുകയായിരിക്കാം.
Posted by t.k. formerly known as thomman at Wednesday, January 21, 2009 1 comments
Labels: കവിത
Sunday, March 30, 2008
വീട് - ഒരു റേഡിയോ നാടകം
കഥാപാത്രങ്ങള്‍
ഗോപി
അമ്മ
രഘു (അനിയന്‍)
അശ്വതി (അനിയത്തി)
ശ്രീദേവി (ഭാര്യ)
ശോഭ (പൂര്‍വ്വ കാമുകി)
രംഗം 1
(കാര്‍ വന്ന് നിറുത്തുന്നു. ഡോറും ഡിക്കിയും മറ്റും തുറക്കുന്ന ശബ്ദങ്ങള്‍.)
ഗോപി: (വിളിക്കുന്നു) അമ്മേ... അമ്മേ.
അമ്മ: (അകത്തുനിന്നുള്ള ശബ്ദം) ആരാ... ഗോപ്യാണോ?
(വാതില്‍ തുറക്കുന്ന ശബ്ദം.)
അമ്മ: നിന്നെ ഇത്ര നേരായിട്ടും കാണാതായപ്പോള്‍ ഊണുകഴിച്ച് ഞാനൊന്നു മയങ്ങാന്‍ നോക്കുവാരുന്നു. വരുന്ന ദിവസം കൂടി വച്ച് എഴുതാമായിരുന്നല്ലോ മോനെ. എന്നാല്‍ രഘൂന് വിമാനത്താവളത്തിലെങ്കിലും വന്ന് നില്‍ക്കായിരുന്നു. ഇപ്പൊ, ഈ പെട്ടീം ഭാണ്ഡോം ഒക്കെ നീ തന്നെ കെട്ടി പൊക്കേണ്ടി വന്നില്ലേ? രഘു ഇപ്പൊ പൊറത്തേക്ക് പോയതേയുള്ളൂ.
ഗോപി: അതിനല്ലേ അമ്മേ ഞാന്‍ കാറ് വിളിച്ചത്. എനിക്ക് ബോംബെയില്‍ ഇറങ്ങിയിട്ട് ഒരു കാര്യമുണ്ടായിരുന്നു. അവിടെ നിന്ന് എന്ന് തിരിക്കാനാവിമെന്നും നിശ്ചയമില്ലായിരുന്നു. അതാണ് ഇവിടെ എത്തുന്ന ദിവസം കൃത്യമായി അറിയിക്കാനാവാഞ്ഞത്. ഞാനിപ്പൊ വരാം. ഈ കാറുകാരനെ ഒന്നു പറഞ്ഞു വിട്ടോട്ടെ.
അമ്മ: അശ്വതീ.. നീയവിടെ എന്തെടുക്കാ? ഗോപ്യേട്ടന്‍ എത്തി.
(കാര്‍ വിട്ടുപോകുന്നു. അകത്തുനിന്നും ഓടിവരുന്നതിന്റെ ശബ്ദം.)
അശ്വതി: എന്റെ ഗോപ്യേട്ടാ, കാത്തിരുന്നു മടുത്തു. ഗോപ്യേട്ടന്‍ വരുന്നുണ്ടെന്നറിഞ്ഞേപ്പിന്നെ എനിക്കെന്തായിരിക്കും കൊണ്ടുവരുന്നതെന്ന് ആലോചിച്ച് തല പുണ്ണാക്കായിരുന്നു.
ഗോപി: ദാ, ആ പെട്ടിയില്‍ നിനക്കൊരു ചെറുക്കനെ കൊണ്ടുവന്നിട്ടുണ്ട്.
അശ്വതി: പോ, ഗോപ്യേട്ടാ. ഇത്രേം നാള്‍ കളിയാക്കാന്‍ വേറെ ആരെ കിട്ട്യേ?
ഗോപി: ഞാന്‍ ഇവിടെ നിന്ന് പോയതിനു ശേഷം ഒരു മാറ്റവും വന്നില്ലല്ലോ നിനക്ക്.
അശ്വതി: അതു ശരി. ഗോപ്യേട്ടന്‍ പോകുമ്പോള്‍ ഞാന്‍ ഫുള്‍ടൈം പാവാടക്കാരി അല്ലായിരുന്നോ? ഇപ്പോള്‍ ഞാന്‍ വീട്ടില്‍പ്പോലും സാരിയാണ് ഉടുക്കുന്നത്.
ഗോപി: ഉം, കമ്പില്‍ തുണി ചുറ്റിയ പോലുണ്ട്.
അശ്വതി: ഗോപ്യേട്ടന് വിവരമില്ലാഞ്ഞിട്ടാ. എന്നെപ്പോലെ സ്ലിം ആകാന്‍ എത്രപേര്‍ ആഹാരമുപേക്ഷിച്ച് വയറുംപുകച്ച് നടക്കുന്നുണ്ടെന്ന് അറിയാമോ?
അമ്മ: നീയൊന്ന് മാറുന്നുണ്ടോ അശ്വതി? അവനകത്തേക്ക് കയറി ഒന്ന് ഇരുന്നോട്ടെ. നീയാ പെട്ടിയൊക്കെ എടുത്ത് വയ്ക്ക്.
ഗോപി: അമ്മേ,ശ്രീദേവിയെവിടെ? അവള്‍ ഇവിടെയുള്ള യാതൊരു ലക്ഷണവുമില്ലല്ലോ.
അമ്മ: അവളെ മിണ്ടാനും പറയാനുമൊക്കെ വളരെ കുറച്ചേ കിട്ടാറുള്ളൂ. അശ്വതി കൊണ്ടുവരുന്ന പുസ്തകങ്ങളുമെടുത്ത് ആ പറമ്പില്‍ എവിടെയെങ്കിലും പോയി ഇരിക്കുന്നതു കാണാം. വായന തന്നെ ശരണം.
ഗോപി: ഞാനിതൊക്കെ ഒന്ന് അഴിച്ചിടട്ടെ. ഭരങ്കര ചൂട്.
രംഗം 2
ഗോപി: ശ്രീദേവി, നീയെന്തായിങ്ങനെ ഒന്നും മിണ്ടാതെയിരിക്കുന്നത്. ഗള്‍ഫ് വിശേഷങ്ങള്‍ കേട്ട് ബോറടിച്ചു കാണും. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന് നിനക്കറിയില്ലേ. ആ ഏഴു ദിവസത്തെ ദാമ്പത്യജീവിതത്തിനിടയില്‍ നമുക്കൊന്നും ഓര്‍ക്കാനുണ്ടായില്ല. തികച്ചും അപരിചിതര്‍. അതിനിടയില്‍ എന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകളുടെ തിരക്ക്. ഇനിയതൊന്നും ഉണ്ടാവില്ല മോളെ, ഞാനിനി എങ്ങും പോകുന്നില്ല. നമ്മുടെ ഈ കൊച്ചുവീട്. അതിനുള്ളില്‍ നമ്മുടെ കൊച്ചുസ്വപ്നങ്ങളുമായി ശേഷിക്കുന്ന കാലം.
ശ്രീദേവി: എനിക്ക് ഉണര്‍ത്താനാവുന്നതിലധികം മരവിച്ചുപോയി ഗോപ്യേട്ടാ എന്റെ മനസ്സ്. മൂന്നു വര്‍ഷക്കാലം എനിക്കുകൂട്ടായി ഞാന്‍ മാത്രമേ ഇവിടെ ഉണ്ടായുള്ളൂ; പിന്നെ കഥകളിലെ കുറെ കഥാപാത്രങ്ങളും. മറ്റൊരു കഥയ്ക്കിടയിലൂടെ കടന്നുപോകുന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍. ആ അപരിചിതത്വത്തിന്റെ ദൈര്‍ഘ്യം ഗോപ്യേട്ടന്റെ അടുത്തേക്ക് ഇപ്പോഴുമുള്ളതുപോലെ.
ഗോപി: നീ നല്ലൊരു വായനക്കാരിയല്ലേ. നല്ലൊരു കഥ വായിക്കുകയാണെന്ന് വിചാരിച്ചാല്‍ മതി. നമ്മുടെ മനസ്സിലേക്ക് ചൂഴ്ന്നു കയറുന്ന ചില കഥകളില്ലേ; അവയെപ്പോലെ ഒന്ന്. പിന്നെ നമുക്ക് കഥാപാത്രങ്ങളുടെ രീതിയില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും പറ്റും. ഒരു കണക്കിന് അതുതന്നെയല്ലേ ദേവി നമ്മുടെ ജീവിതവും.
ശ്രീദേവി: ഐ ഷാള്‍ ട്രൈ മൈ ബെസ്റ്റ് ഉണ്ണ്യെട്ടാ. (ചിരിക്കുന്നു.) ഈ രാത്രി തത്വചിന്ത പറഞ്ഞ് കളയാനുള്ളതല്ല. പക്ഷേ, ഭയങ്കര ചൂട്, അല്ലേ ഉണ്ണ്യേട്ടാ?
ഗോപി: ശരിയാണ്. ഞാനും നല്ലവണ്ണം വിയര്‍ക്കുന്നുണ്ട്. ദേവി ആ ഫാനൊന്നിടൂ.
(അല്പസമയം കഴിഞ്ഞ്)
ശ്രീദേവി: ഗള്‍ഫിലെ കുറെ വിശേഷങ്ങള്‍ പറഞ്ഞിട്ടും എനിക്കറിയാനാഗ്രഹമുള്ള ഒരു കാര്യം ഗോപ്യേട്ടന്‍ പറഞ്ഞില്ല.
ഗോപി: എന്താ അത്? നില്ക്ക്, ഞാനൊന്ന് ആലോചിച്ചോട്ടെ. ഉം...ഉം... ഇല്ല. പറയാന്‍ പ്രത്യേകിച്ച് ഇനിയൊന്നുമില്ല. ഓര്‍മയുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.
ശ്രീദേവി: എല്ലാം പറഞ്ഞോ?
ഗോപി: പറഞ്ഞു. പറഞ്ഞില്ലെങ്കില്‍ എന്താത്? കേള്‍ക്കട്ടെ.
ശ്രീദേവി: ഉണ്ണ്യേട്ടന്‍ സുഖായിരുന്നോ?
ഗോപി: ഹ...ഹ...ഹ... (ഉറക്കെ ചിരിക്കുന്നു.) പരമാന്ദസുഖം. എ.സി. റൂം; പ്രതീക്ഷിച്ചതിലധികം ശമ്പളം; നല്ല ഭക്ഷണം. (പതുക്കെ) പക്ഷേ, സന്തോഷം മാത്രമില്ലായിരുന്നു, മാസത്തിലൊരു ദിവസമൊഴിച്ച്.
ശ്രീദേവി: എന്നാണത്?
ഗോപി: ദേവിക്കറിയില്ലേ? ദേവിയുടെ കത്തുകിട്ടുമ്പോള്‍.
ശ്രീദേവി: അതിനു നമ്മള്‍ പെന്‍ ഫ്രെണ്ട്സ് പോലെയല്ലായിരുന്നോ; ലോകത്തിന്റെ രണ്ടുഭാഗത്തിരുന്ന് കത്തുകള്‍ എഴുതിക്കൂട്ടുക. കുറച്ചുദിവസം നേരില്‍ കണ്ടിട്ടുണ്ടെന്നു മാത്രം.
ഗോപി: (പെട്ടന്ന് സ്വരമുയര്‍ത്തി) ദേവീ ?!
ശ്രീദേവി: ഓ,എന്താ ഗോപ്യേട്ടാ? ഞാനൊരു തമാശ പറഞ്ഞതല്ലേ.
ഗോപി: (ഉറക്കെ ചിരിച്ചുകൊണ്ട്) തമാശ, ഉഗ്രന്‍ തമാശ. (വീണ്ടും വീണ്ടും ചിരിക്കുന്നു.)
ശ്രീദേവി: ഗോപ്യേട്ടാ, എന്താത്? തലക്ക് സ്ഥിരതയില്ലാത്തവരെപ്പോലെ; എന്തോ കേട്ടതിന് ചിരി തന്നെ ചിരി.
ഗോപി: (ചിരി നിറുത്തി ഇടറുന്ന കണ്ഠത്തോടെ) ഞാന്‍ ചിരിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ എല്ലാം ഓര്‍ത്തുപോയാലോ ദേവീ ?
ശ്രീദേവി: നമുക്കിനി വേറെയെന്തെങ്കിലും പറയാം ഗോപ്യേട്ടാ. അതൊക്കെപ്പോട്ടേ. ങ്ഹാ... പിന്നെ ഗോപ്യേട്ടാ, രഘു എന്നെ ഒരു കാര്യം പറയാന്‍ ഏല്‍പ്പിച്ചിരുന്നു.
ഗോപി: ഉം, എന്താ? പണത്തിന്റെ വല്ല കാര്യവുമായിരിക്കും.
ശ്രീദേവി: ചെറുപ്പക്കാരെല്ലേ ഗോപ്യേട്ടാ, മനസ്സില്‍ പല ആശയങ്ങളും കാണും. വേറെ രണ്ടുപേരുമായി ചേര്‍ന്ന് കട തുടങ്ങാനെന്നാ പറഞ്ഞത്. ചേട്ടനെ നേരിടാന്‍ വലിയ പേട്യാ. അതിനുമുമ്പ് എന്നോടൊന്ന് പറഞ്ഞുവച്ചേക്കാന്‍ പറഞ്ഞു.
ഗോപി: കാശ്...കാശ്...കാശ്. അവനെപ്പോഴും കാശിന്റെ വിചാരമേയുള്ളൂ. എന്നെ നേരിടാനും പേടികാണും. അന്ന് എഴുതി വരുത്തിയ പണമൊക്കെ അവനെന്താ ചെയ്തേ?
ശ്രീദേവി: തന്റെ കൈയിലുണ്ടായിരുന്ന പണം വരെ നമ്മുടെയീ വീടിനുവേണ്ടി ചിലവാക്കിയെന്നാ രഘു പറയുന്നത്. പാവം! വീടുപണിക്കു വേണ്ടി വളരെ ബുദ്ധിമുട്ടി.
ഗോപി: ബുദ്ധിമുട്ടിയെങ്കിലെന്താ? അതിനുതക്ക പ്രതിഫലവും അവന്‍ ഈടാക്കിയിട്ടുണ്ടാവും. ഒരന്യനെ ഏല്പിച്ചിരുന്നെങ്കില്‍ ഇത്രയധികം പണം ഈ വീടിനുവേണ്ടി ചിലവാകുമായിരുന്നില്ല.
ശ്രീദേവി: അങ്ങനെ പറയരുത് ഗോപ്യേട്ടാ. ഗോപ്യേട്ടന്‍ പോയതിനുശേഷം വീട്ടുകാര്യങ്ങള്‍ നോക്കിനടത്തേണ്ടിയിരുന്നതുകൊണ്ട് സ്വന്തം കാര്യം പോലും രഘുവിന് നോക്കാനായോ?
ഗോപി: അവനെന്തിന് കഷ്ടപ്പെടാന്‍ പോണം ദേവി. എന്റെ വിയര്‍പ്പിന് അവിടെ പൊന്നിന്റെ വിലയല്ലേ കിട്ടിക്കൊണ്ടിരുന്നത്. ഇവിടെയുള്ള അവന്റെ കൂട്ടുകെട്ടും പണംപോകുന്ന വഴിയുമെല്ലാം എനിക്കറിയാം. എന്റെ ഓരോ ചില്ലിപ്പൈസക്കും എനിക്ക് കണക്കുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് ഇത്രപ്പെരുത്ത് പണം ചിലവാക്വോ? ദേവിക്കറിയാമോ, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് അവനെനിക്ക് രണ്ടേരണ്ട് കത്താണ് വിട്ടത്. അതുരണ്ടും പണമാവശ്യപ്പെട്ടുകൊണ്ടുള്ളതും. അതിനിവിടെ എന്തടിയന്തിരമാണ് അവന്‍ നടത്തിക്കൊണ്ടിരുന്നത്. ഇനിയിപ്പൊ കടയ്ക്ക് കാശുവേണം പോലും, ഇങ്ങുവരട്ടെ.
ശ്രീദേവി: അതൊക്കെ നിങ്ങള്‍ ചേട്ടനനിയന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കിയേക്കൂ.
ഗോപി: ദേവി ഓര്‍പ്പിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞുപോയെന്നേയുള്ളൂ. എന്റെ മനസ്സിലുള്ളതൊക്കെയൊന്ന് പറഞ്ഞുതീര്‍ക്കണമായിരുന്നു. പുറത്തുള്ളവരോട് പറഞ്ഞാല്‍ അവരെന്തോര്‍ക്കും.
ശ്രീദേവി: (കുറച്ച് കൃത്രിമത്വത്തോടെ) എന്തോ, എനിക്കിതിലൊന്നും തീരെ താല്പര്യം തോന്നുന്നില്ല.
(അല്പനേരം നിശബ്ദത. ഫാന്‍ കറങ്ങുന്ന ശബ്ദം തുടങ്ങിയവ.)
ഗോപി: (പ്രേമപൂര്‍വ്വം) ദേവീ...
ശ്രീദേവി: ഗോപ്യേട്ടന്റെ മുഖം ഇപ്പോള്‍ ഒരു കുട്ടിയുടേതാണ്; മനസ്സിലെ വികാരങ്ങള്‍ മുഴുവന്‍ മുഖത്ത്‌കൊണ്ടുനടക്കുന്ന ഒരു ആണ്‍കുട്ടിയുടെ.
ഗോപി: ദേവി, നമുക്കീ രാവി സ്വന്തമാക്കേണ്ടേ? നമ്മുടെയോര്‍മള്‍ക്ക് വേണ്ടി സൂക്ഷിക്കാന്‍.
ശ്രീദേവി: (ഈര്‍ഷ്യയോടെ) ഇങ്ങനെ പിടിച്ചമര്‍ത്താതെ ഗോപ്യേട്ടാ. ഭയങ്കര ഉഷ്ണം. നമുക്ക് പുറത്തേക്കിരിക്കാം. നല്ല നിലാവുണ്ട്, തണുത്തകാറ്റും.
ഗോപി: (ഉല്‍ക്കണ്ഠയോടെ) ദേവീ...
രംഗം 3
ഗോപി: ഉം, എന്താ?
രഘു: ഏട്ടനോട് ഏടത്തിയമ്മയെന്തെങ്കിലും പറഞ്ഞോ?
ഗോപി: എന്നോട് അവള്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരുക്കുന്നു. ഇപ്പോള്‍ ഏതു കാര്യമാണെന്നാണ് ഞാന്‍ ഊഹിക്കുക?
രഘു: എന്നെക്കുറിച്ചെന്തെങ്കിലും...?
ഗോപി: നിന്നെക്കുറിച്ച് നീയല്ലേ പറയേണ്ടത്, ഏടത്തിയമ്മയല്ലല്ലോ.
രഘു: ഏട്ടനെന്താ മനുഷ്യനെ കാണാത്തതുപോലെ.
ഗോപി: നീ മനുഷ്യനല്ലാത്തതുകൊണ്ടു തന്നെ. നിനക്ക് നാണമുണ്ടോ എന്നോട് പണം ചോദിക്കാന്‍? നിനക്ക് തന്ന പണമൊക്കെ നീയെന്തു ചെയ്തു?
രഘു: അപ്പോള്‍ ഏട്ടനെല്ലാം മനസ്സിലാക്കിക്കൊണ്ടാണ്. പിന്നെയീ നാടകത്തിന്റെ അര്‍ത്ഥം?
ഗോപി: ഞാന്‍ നിന്റെ വളച്ചുകെട്ടലുകളെങ്ങനെയെന്നു നോക്കുകയായിരുന്നു. മന:സാക്ഷിക്കുത്തുകൊണ്ടല്ലേ നീയെന്റെ നേരെ വന്ന് പണം ആവശ്യപ്പെടാത്തത്? മറ്റുള്ളവരുടെ ഒത്താശ തേടുന്നത്? പിന്നെ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഞാനയച്ചുതന്ന പണമൊക്കെ നീയെന്തുചെയ്തെന്ന് എനിക്കറിയണം.
രഘു: (സ്വരമുയര്‍ത്തി) പണമെന്തു ചെയ്തെന്നോ? മൂന്നുകൊല്ലം വീടുനടത്തി. പിന്നെയൊരു വീട് പണിതു തന്നില്ലേ?
ഗോപി: ഉവ്വാടാ, അതിനൊക്കെ എത്ര ചിലവു വരുമെന്ന് നീയെന്നെ പഠിപ്പിക്കണ്ട. നിന്റെ കൂട്ടുകെട്ടും പണം പോകുന്ന വഴിയും എനിക്കറിയാം.
രഘു: (സ്വരമുയര്‍ത്തിക്കൊണ്ടു തന്നെ) അങ്ങനെയാണെങ്കിത്തന്നെ ഏട്ടനെന്തായിത്ര കോപിക്കാന്‍? എനിക്കുകൂടി അവകാശപ്പെട്ട സ്വത്തുകൊണ്ടല്ലേ പഠിച്ചതും വലിയ ആളായതുമൊക്കെ. ഞാനതിന്റെ പലിശ ചിലവാക്കിയെന്ന് കരുതിയാല്‍ മതി. പിന്നെയൊരു കാര്യം. എനിക്കെന്റെ ന്യായമായ അവകാശം കിട്ടണം. എനിക്കെന്റെ വഴി; ഏട്ടന് ഏട്ടന്റെ വഴി. ഞാന്‍ പോകുന്നു.
ശ്രീദേവി: എന്നാലും രഘൂനോട് ഇങ്ങനെയൊന്നും പറയേണ്ടായിരുന്നു, ഇത്ര കടിച്ചുപിടിച്ച്.
ഗോപി: ദേവി അകത്തു പോ. ആരെ എങ്ങനെയൊക്കെ നേരിടണമെന്ന് എനിക്കറിയാം.
രംഗം 4
ഗോപി: (വാതിലില്‍ മുട്ടിക്കൊണ്ട് വിളിക്കുന്നു) ദേവീ...ദേവീ
(അകത്ത് തിടുക്കത്തില്‍ പെരുമാറുന്നതിന്റെ സൂചനകള്‍. കുശുകുശുക്കലുകള്‍. പിന്നെ വാതില്‍ തുറക്കുന്ന ശബ്ദം.)
ഗോപി: ദേവീ, യു ആര്‍ നോട്ട് സോ കെയര്‍ഫുള്‍. ബ്ലൌസിന്റെ ഹുക്കിടാന്‍ പോലും നീ മറന്നിരിക്കുന്നു.
ശ്രീദേവി: അത്...അത്...
ഗോപി: (ഉറക്കെ) ഈ സമയത്തെന്നെ പ്രതീക്ഷിച്ചില്ല അല്ലേ? ഇത് വ്യഭിചാരശാലയാക്കിയത് ഞാനറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ വരില്ലായിരുന്നു.
(അകത്തുനിന്ന് ആരോ നടന്നടുക്കുന്ന ശബ്ദം.)
ഗോപി: ഓഹോ, ഇതെന്റെ പൊന്നനുജന്‍ തന്നെയാണല്ലോ. (മുഖത്തടിക്കുന്ന ശബ്ദം.) ആരുപറഞ്ഞെടാ പട്ടീ നിന്നോടിവിടെ വരാന്‍? (നിശബ്ദത) എന്താടാ മുനിഞ്ഞു നില്‍ക്കുന്നത്? (വീണ്ടും അടിക്കുന്ന ശബ്ദം.) നിന്റെ നാക്കിറങ്ങിപ്പോയോ?
ശ്രീദേവി: ഗോപ്യേട്ടാ, ഇനി രഘുവിനെ അടിക്കരുത്, ഞാന്‍ പറഞ്ഞിട്ടാ അവന്‍ വന്നത്.
ഗോപി: (അവിശ്വസിനീയഭാവം സ്വരത്തില്‍) അപ്പോള്‍ നീ...
ശ്രീദേവി: ഉം, സംശയിക്കേണ്ട. ഞാന്‍ തന്നെ ശ്രീദേവി. മൂന്നുവര്‍ഷം മുമ്പ് നിങ്ങള്‍ ഇവിടെ കെട്ടിയിട്ടിട്ട് പോയില്ലേ, അവള്‍ തന്നെ.
രഘു: ശ്രീദേവി, ഞാന്‍ പോകുന്നു.
ഗോപി: അപ്പോള്‍ നീ ഒരുമ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ശ്രീദേവി: കുറെ കനലുകള്‍ വിതറിയിട്ടല്ലേ ഗോപ്യേട്ടന്‍ പോയത്. ഈ വേനലില്‍ അതാളിപ്പടര്‍ന്നെങ്കില്‍ എന്താണിത്ര അത്ഭുതം?
ഗോപി: ഛീ, വേദം പ്രസംഗിക്കുന്നോ? കടക്കെടീ പടിക്കുപുറത്ത്.
ശ്രീദേവി: ഗോപ്യേട്ടന്‍ ആരുടെ വീട്ടില്‍ നിന്നാണീ പറയുന്നതെന്ന് അറിയാമോ?
ഗോപി: ഉവ്വാടീ, നിന്റെ തന്തേടെ വകയല്ലേ ഇത്.
ശ്രീദേവി: എന്റെ അച്ഛന്റെ വകയല്ല, എന്റെയാണ്. എനിക്ക് എഴുതിതന്നിരിക്കുന്ന പുരയിടത്തില്‍ വയ്ക്കുന്ന വീടും നിയമപരമായി എന്റേതാണ്. പിന്നെ ഞാന്‍ വെറും കൈയോടെയൊന്നുമല്ലല്ലോ ഇങ്ങോട്ടു വന്നത്. അതും കൊണ്ടല്ലേ എല്ലായിടത്തും പോയതും സമ്പാദിച്ചതുമൊക്കെ.
ഗോപി: അപ്പോള്‍ ഞാന്‍ കണ്ടത് ആകസ്മികമല്ല.
ശ്രീദേവി: കരുതിക്കൂട്ടിയാണെന്ന് വിചാരിച്ചോളൂ. പുറത്തുള്ളവര്‍ക്കും അറിയാം കുറേശ്ശെ. പക്ഷേ, കൃഷ്ണമേനോന്റെ മകളെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ആരറിഞ്ഞാലെന്ത്? തക്കം കിട്ടിയാല്‍ ഇതിലും വലുത് കാട്ടിക്കൂട്ടാന്‍ മടിക്കാത്തവരാണ് എല്ലാവരും. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ?
ഗോപി: അപ്പോള്‍ ഞാന്‍ പലരില്‍ ഒരാള്‍ മാത്രം. എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ.
ശ്രീദേവി: ഗുഡ് ലക്ക്.
(പുറത്ത് ഇടിവെട്ടിന്റെയും മഴ പെയ്യുന്നതിന്റെയും ശബ്ദങ്ങള്‍.)
രംഗം 5
(മഴ തിമര്‍ത്ത് പെയ്യുന്ന ശബ്ദം. ഇടയ്ക്കിടെ ഇടിവെട്ടുന്നുമുണ്ട് ഈ രംഗത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവനും.)
(കതകില്‍ മുട്ടുന്ന ശബ്ദം.)
അകത്തുനിന്നും സ്ത്രീശബ്ദം: ആരാത്?
ഗോപി: (സ്വരം താഴ്ത്തി) ഞാനാ ശോഭേ, പെരിഞ്ചേരിയിലെ ഗോപി.
(കതകു തുറക്കുന്ന ശബ്ദം.)
ശോഭ: ഗോപ്യേട്ടാ, വാതില്‍പ്പടിയില്‍ കാലുതട്ടാതെ സൂക്ഷിക്കണം. വിളക്കിന് തീരെ വെട്ടം കിട്ടണില്ല. ദാ,ഇവിടെ തുണിയുണ്ട്, തല തുവര്‍ത്തിക്കൊള്ളൂ.
(നീണ്ടുനില്ക്കുന്ന വലിയൊരു ഇടിവെട്ടിന്റെ ശബ്ദം.)
ശോഭ: ഗോപ്യേട്ടന്‍ മഴ കൊള്ളാതിരിക്കാന്‍ ഇങ്ങോട്ട് കയറിയതാണോ?
ഗോപി: അല്ല, ഞാന്‍ ഇങ്ങോട്ടു തന്നെ പോന്നതാണ്.
ശോഭ: വന്നെന്നു കേട്ടപ്പോള്‍ ഒന്നു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ചിതലെടുക്കുന്ന താളുകള്‍ എന്തിന് തട്ടിക്കുടഞ്ഞ് എടുക്കണമെന്നു തോന്നി. അവ തന്നെ ഭക്ഷിച്ചു തീര്‍ക്കുന്നതല്ലേ ഭംഗി.
ഗോപി: (വെപ്രാളത്തോടെ) ഹൊ... ഉവ്വ്... മുത്തശ്ശിയെവിടെ ശോഭേ?
ശോഭ: അടുത്ത മുറിയിലുണ്ട്. ആദ്യമൊക്കെ പുറത്തുള്ളവരുടെ ശബ്ദം കേട്ടാല്‍ ആരാണെന്നു വിളിച്ചു ചോദിക്കുമായിരുന്നു. പിന്നെ അതു പരിചയായി. വയസ്സേറെ ആയിട്ടും ബുദ്ധിക്കു യാതൊരു ക്ഷതവുമില്ല. തന്റെ പൊടിയരിക്കഞ്ഞിക്കാണെങ്കിലും വേറെ വഴിയൊന്നുമില്ലെന്ന് അവര്‍ക്കറിയാം. വലിയമംഗലത്തെ നാറാണന്‍ നായരുടെ കൊച്ചുമകള്‍ക്ക് പുറത്ത് കൂലിപ്പണിക്ക് പോകാനൊക്ക്വോ?
ഗോപി: അപ്പോള്‍ ഞാന്‍ കേട്ടത്...?
ശോഭ: മിക്കവാറും തെറ്റാന്‍ സാധ്യതയില്ല.
ഗോപി: ഞാന്‍ ചിലത് ആലോചിച്ചുറപ്പിച്ചാണ് വന്നിരിക്കുന്നത്. (ദൃഢമായ ശബ്ദത്തില്‍) അവരുടെയൊക്കെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ എനിക്ക് നിന്റെ തുണ വേണം.
ശോഭ: ഞാനത് എത്രവട്ടം കേട്ടിരിക്കുന്നു ഗോപ്യേട്ടാ. (തേങ്ങുന്നു) മുത്തശ്ശിയുടെ മുമ്പില്‍ വച്ചുപോലും എത്രയോ വാഗ്ദാനങ്ങള്‍ നല്‍കി. ഇനിയിപ്പോള്‍ ഗോപ്യേട്ടനൊരു കുടുംബമായി, ചുറ്റുപാടായി. പിന്നെ എന്തിനെന്നെ അങ്ങോട്ട് വലിച്ചിഴക്കുന്നു?
ഗോപി: അരുതാത്തതു പലതും സംഭവിച്ചു കഴിഞ്ഞു...
ശോഭ: അപ്പോള്‍ ഗോപ്യേട്ടന്‍ ഇത്ര പെട്ടന്ന് എല്ലാം അറിഞ്ഞു കഴിഞ്ഞോ?
ഗോപി: ശോഭയ്ക്ക് നേരത്തേ അറിയാമായിരുന്നോ?
ശോഭ: അതിവിടത്തെ വെറുമൊരു നാട്ടുവിശേഷം മാത്രമാണ്. പക്ഷേ, ഗോപ്യേട്ടാ എന്നെ ആ അരക്കുകൂടാരത്തിലേക്ക് വലിച്ചിഴക്കരുത്.
ഗോപി: (ദീര്‍ഘനിശ്വാസം വിടുന്നു) ഹൊ, ശോഭ ആ വിളക്കൊന്നു നീക്കി വക്കൂ. ഈ സിഗരറ്റൊന്നു ചൂടാക്കട്ടെ. എല്ലാം തണുത്തുമരവിച്ചിരിക്കുന്നു.
ശോഭ: ഗള്‍ഫ് ജീവിതം സുഖമായിരുന്നോ?
ഗോപി: സുഖം. ഒരു കാര്യം ചോദിക്കുന്നതില്‍ വിഷമം തോന്നരുത്. ഇതിനിടയില്‍ ശോഭയ്ക്ക് ആലോചനകളൊന്നും വന്നില്ലേ?
ശോഭ: അതു ശരി. (പരുക്കനായി) പെരിഞ്ചേരിയിലെ ഗോപിയുടെ വെപ്പാട്ടിയായിരുന്നവള്‍ക്ക് ആരാ കല്യാണാലോചന കൊണ്ടു വരുന്നത്?
ഗോപി: നീയെന്നോട് പൊറുക്കണം. ഞാന്‍ പ്രായശ്ചിത്വം ചെയ്യാനാണ് എത്തിയിട്ടുള്ളത്. നമുക്കിനി ഒത്തു നീങ്ങാം.
ശോഭ: വേണ്ട ഗോപ്യേട്ടാ. എനിക്കെന്റെ മനസ്സ് ആര്‍ക്കും കൊടുക്കാനാവില്ല. ഞാനത്രത്തോളം സ്വാര്‍ത്ഥമതിയായി കഴിഞ്ഞു.
ഗോപി: ശോഭ അങ്ങനെ പറയരുത്. നമ്മുടെയൊക്കെ മനസ്സുകള്‍ മെഴുകുപോലെയല്ലേ, ഏതു രീതിയിലും രൂപപ്പെടുത്തിയെടുക്കാവുന്നവ.
ശോഭ: ഗോപ്യേട്ടാ എന്നെ നിര്‍ബന്ധിക്കരുത്. ഇന്നെനിക്ക് ഒരഭിസാരികയുടെ പേരേയുള്ളൂ. നാളെയതൊരു കുടുംബം തകര്‍ത്തവളുടേതാകാന്‍ ഞാനിഷ്ടപ്പെടുന്നില്ല.
ഗോപി: ഞാനൊരിക്കല്‍ കൂടി നിന്നോട് ക്ഷമ ചോദിക്കുന്നു. നിനക്കറിയാലോ; ഒരു കുടുംബം പുനരുദ്ധരിക്കാന്‍ വേണ്ടിയാണ് എനിക്ക് നിന്നെ ത്യജിക്കേണ്ടി വന്നത്.
ശോഭ: (പെട്ടന്ന്) പക്ഷേ, അത് മറ്റൊന്ന് തകര്‍ത്തുകൊണ്ട് വേണ്ടിയിരുന്നില്ല. അന്ന് പണത്തിന്റെ കുറവേ നമുക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. ഇന്നോ?
ഗോപി: ങ്ഹാ (ദീര്‍ഘനിശ്വാസത്തോടെ)... കഴിഞ്ഞകാലം.
ശോഭ: അത് ഗോപ്യേട്ടനെ വേട്ടയാടുന്നുണ്ടോ?
ഗോപി: ഉവ്വ് ശോഭാ, (പാതി കരച്ചിലോടെ) കൂര്‍ത്തുമൂര്‍ത്ത കുന്തം കൊണ്ടാണ് എന്നെയത് ഓടിക്കുന്നത്; ഇടയ്ക്കിടെ കുത്തിക്കുത്തി നോവിച്ച്. അവസാനം ഞാന്‍ ഇവിടെയെത്തി. നീയും എനിക്കഭയം തരുന്നില്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേക്കും ശോഭാ (തൊണ്ട ഇടറുന്നു).
ശോഭ: എനിക്കതിന് സാധിക്കില്ല ഗോപ്യേട്ടാ, എന്നെ വെറുതെ വിട്ടേക്കൂ. ഗോപ്യേട്ടനെന്നെ ആവശ്യമുള്ളപ്പോഴൊക്കെ ഈ കതകിലൊന്ന് മുട്ടിയാല്‍ മതി. ഞാനേതു സമയത്തും തുറന്നു തരാം.
ഗോപി: (വികാരധീനനായി) ശോഭാ...
ശോഭ: മനസ്സിന്റെ ശാപമാണെന്നു വിചാരിച്ചോളൂ. അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. (തേങ്ങലോടെ) അവിടെ മിന്നുകെട്ടുമ്പോള്‍ ഈ മനസ്സെരിയുകയായിരുന്നു, ഒപ്പം ഗോപ്യേട്ടന്‍ തന്ന കുറെ ആശകളും.
ഗോപി: ശോഭ, എനിക്കിവിടവും ചുടുകാടാവുകയാണ്. ഞാന്‍ പോകട്ടെ.
ശോഭ: മഴ ഇനിയും തോര്‍ന്നിട്ടില്ല; കൂരിരുട്ടും.
ഗോപി: പുറത്ത് കൊള്ളിയാന്‍ മിന്നുന്നുണ്ട് ശോഭാ. ഈ പാപിക്കതിന്റെ വെട്ടം ധാരാളമാണ്. (കുറച്ചുനേരത്തെ നിശബ്ദത) പോട്ടെ.
(ശുഭം)
Posted by t.k. formerly known as thomman at Sunday, March 30, 2008 5 comments
Labels: കഥ