Thursday, September 14, 2006

അറിവിന്റെ നിലാവ്‌

ഈ കവിത ഞാന്‍ 24-02-1988 -ല്‍ ആണ്‌ എഴുതിയത്‌. കുറെ ആഴ്ചകള്‍ക്കു ശേഷം ഇത്‌ "ദേശാഭിമാനി" ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നു. അതിന്റെ കോപ്പിയൊക്കെ കളഞ്ഞു പോയി. (ആരുടെയെങ്ങിലും കൈയില്‍ ഇതിന്റെ പ്രതി ഉണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കുക.)

അല്‍പജ്ഞന്റെ കൈയിലെ അറിവ്‌ നാശത്തിന്റെ തീപ്പൊരിയാകുന്നു
അത്‌ വരണ്ട പുല്‍മേടുകളെത്തേടി പോയെങ്കില്‍ അത്ഭുതപ്പെടേണ്ട.
-- ആരോ എങ്ങോ പറഞ്ഞത്‌.


അറിവിന്റെ നിലാവ്‌

നോക്കൂ:
നമുക്കീ നിലാവെട്ടത്ത്‌ അല്‍പനേരം വിശ്രമിക്കാം,
ഈ പാലൊളിയില്‍ ഇരുളിന്റെ ഗര്‍ത്തങ്ങള്‍
കണ്ടറിഞ്ഞു നീയെത്തുക.

അവന്‍, മുടി നീട്ടി വളര്‍ത്തിയ ആ യഹൂദന്‍, ഐന്‍സ്റ്റൈന്‍
നിലാവിലലിഞ്ഞ ഹൃദയവുമായി
ഈ പൂപ്പന്തലിനടിയില്‍ കിടന്നപ്പോള്‍
അതു ചെവിയില്‍ പിറുപിറുത്തത്രേ,
'നീയെന്തറിയുന്നു മനുഷ്യാ?
നിന്‍ മുമ്പിലീ വെളിച്ചം മാത്രം സത്യം.'
അവനതിന്റെ പൊരുള്‍ തേടി
കുളിര്‍ പെയ്യുന്ന പാതയിലൂടെ, നക്ഷത്രങ്ങളെക്കണ്ട്‌
നിലാവിന്റെ തിരുമുറ്റത്തെത്തി.
അവിടന്ന്‌ സൂര്യന്റെ വിങ്ങുന്ന മാറിലേക്ക്‌.
അഗ്നിയുടെ നാളം പൊലിയാതെ നീളുമ്പോള്‍
അവിടത്തെ സ്ഫോടനങ്ങളുടെ വിഷധൂളികള്‍
ഗതികിട്ടാപ്രേതങ്ങളെപ്പോലെ ചോരയും നീരും തേടി അലയുമ്പോള്‍
ആ നീളന്‍മുടിക്കാരന്റെ നെഞ്ചിലും നെരിപ്പോടെരിഞ്ഞു.
താന്‍ കണ്ടരിഞ്ഞ സൂര്യന്റെ വദനത്തിലെ
അരിമ്പാറകള്‍ പോലെ അത്‌ അവനെ വേട്ടയാടിക്കൊണ്ടിരുന്നു.
പിന്നെ അതവന്റെ ഹൃത്തിലൊരു അരിമ്പാറയായി കിടന്നു.

ഒരു പഴഞ്ചൊല്ലുണ്ട്‌:
മുത്തപ്പന്‌ കുരുമുളക്‌ നേര്‍ന്ന്‌ നിലാവുകൊണ്ടാല്‍
അരിമ്പാറ കൊഴിഞ്ഞു പോകുമെന്ന്‌.
ആ നീളന്‍മുടിക്കാരന്റെ ആത്മാവ്‌ ഒരു പക്ഷെ
അതിലെ കറുത്ത കലകളേക്കാട്ടി മേഘങ്ങളില്‍
ശീതകിരണങ്ങളാല്‍ തിളങ്ങുന്ന ആ പഞ്ഞിക്കെട്ടുകളില്‍
അവയ്ക്കും മുകളിലുള്ള ആകാശത്ത്‌ ദൃഷ്ടിയൂന്നി കിടപ്പുണ്ടാകും.
തമോദ്വാരങ്ങളെപ്പോലെ പ്രകാശം മോന്തി വറ്റിക്കുന്ന
ആ ഇരുള്‍പ്പൊട്ടുകളുടെ പള്ളയില്‍
നിലാവ്‌ നിറഞ്ഞ്‌ തുടിക്കും;
അതിന്റെ ഭിത്തികള്‍ അതിലോലമാകും;
പിന്നെയാ ഗര്‍ഭം ഭേദിച്ച്‌ അമ്പിളികള്‍ സ്വതന്ത്രരാകും.

ശേഷം നിലാവിന്റെ ദിനങ്ങളാകുന്നു:
ഇരുളിന്റെ അനിശ്ചിതത്വമില്ലാതെ
മധ്യാഹ്നസൂര്യന്റെ നീറ്റലില്ലാതെ
എങ്ങും നിലാവ്‌, മധുവൂറുന്ന നിലാവ്‌
ജീവനമന്ത്രം നിറച്ചെത്തുന്ന നിലാവ്‌
മേദിനിയെ പൊന്നണിയിക്കുന്ന നിലാവ്‌
നെന്മണികള്‍ക്ക്‌ നിറമേകുന്ന നിലാവ്‌
അറിവിന്റെ നിലാവ്‌.

2 comments:

വിനയന്‍ said...

പ്രിയപ്പെട്ട തൊമ്മന്‍

ഈ പോസ്ട് വായിച്ചിട്ട് സുഹ്യത്തെ എനിക്ക് ഒന്നും മനസ്സിലായില്ല .പക്ഷെ എന്തൊക്കെയോ താങ്കളുടെ മനസ്സില്‍ ഒളിണ്‍ജിരിപ്പുണ്ട് എന്തായാലും എഴുതി ത്തെളിയട്ടെ.
ഭാവുകങ്ങള്‍

ന്വിനയന്‍

t.k. formerly known as thomman said...

പ്രിയ വിനയന്‍,
കവിത ദുര്‍ഗ്രഹമായി തോന്നി എന്നറിയുന്നതില്‍ നേരിയ വിഷമം ഉണ്ട്. കാരണം എന്റെ മനസ്സിലുള്ളതെല്ലാം അതില്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു.

എനിക്ക് ഈ കവിത കൂടുതല്‍ വിശദീകരിച്ചു തരാന്‍ പറ്റുമായിരിക്കും. പക്ഷേ, അത് കവിത വായിച്ചെടുക്കുന്ന അനുഭുതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണല്ലോ. കവിതയെ അക്കാദമിക്ക് മനസ്ഥിതിയോടെ സമീപിക്കുന്നത് എനിക്കു വലിയ ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് സ്വന്തം കവിത വിശകലനം ചെയ്യാന്‍ ഞാന്‍ ഇവിടെ മുതിരുന്നുമില്ല.

സ്നേഹപൂര്‍വ്വം
തൊമ്മന്‍