Wednesday, December 05, 2007

അനിയത്തിക്കൊരു ക്രിസ്മസ് ഗാനം

നിന്റെ സാമീപ്യം
ചെമ്മണ്‍ നിറമാര്‍ന്ന ചെറുപ്പം
എന്നില്‍ വീണ്ടും നിറക്കുന്നു.
സ്വച്ഛന്ദമായ ഒരു രാത്രിയിലെ നക്ഷത്രങ്ങള്‍ മുഴുവന്‍
എന്റെ മനസ്സിലേക്ക് പൊഴിഞ്ഞു വീഴുന്നു.
എന്റെ നിശബ്ദതയുടെ കോണുകളിലെവിടെയോ
ഒരു പക്ഷിയിരുന്ന് മധുരമായി പാടുന്നു.
നിന്റെ മുഖം ഒരു പൂര്‍ണ്ണചന്ദ്രനായി ഉദിച്ചുയരുന്നു.
ഗൃഹാതുരത്വത്തിന്റെ തുരുത്തുകളിലേക്ക്
ഓര്‍മയുടെ തോണിയില്‍ എന്നെയിരുത്തി
നീ തുഴഞ്ഞുപോകുന്നു.

അവിടെ:
നെല്ലിന്‍ പൂവിന്റെ ശുഭ്രതയോടെ നീ;
പള്ളിയങ്കണത്തിലെ കാറ്റാടി മരത്തില്‍ നിന്ന്
കാറ്റില്‍ അടര്‍ന്നു വീണൊരു ദ്രുതതാളം;
കൊയ്തൊഴിഞ്ഞ വയലിലാരോ മറന്നുപോയൊരു
പഴമ്പാട്ടിന്റെ ഈരടികള്‍;
കുന്നിന്‍ ചരിവിവില്‍ വിളഞ്ഞ കാട്ടുപഴത്തിന്റെ ചവര്‍പ്പ്;
പൂക്കുലയുടെ ചുവപ്പ്, സുഗന്ധം;
ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ പുതയ്ക്കാന്‍ നീ തുന്നിയ
സ്ക്കാര്‍ഫിലെ വെള്ളത്താടിക്കാരന്റെ ചിത്രം.

നിന്റെ സ്നേഹവും വാത്സല്യവും
എന്നെ വീര്‍പ്പുമുട്ടിക്കുന്നു.
എന്റെ മനസ്സിലൊരു മാലാഖ
ചിറകടിച്ചാര്‍ത്തുയരുന്നു.
സമാധാനത്തിന്റെ വെണ്മേഘങ്ങളിലേറിവന്ന്
ദൈവദൂതന്മാര്‍ നമ്മുടെ ഹൃദയങ്ങളില്‍
കൂടാരങ്ങള്‍ തീര്‍ക്കട്ടെ.

2 comments:

t.k. formerly known as thomman said...

IIT Bombay-യിലെ മലയാളി അസോസിയേഷന്റെ സുവനീറില്‍ അച്ചടിച്ചുവന്ന എന്റെയൊരു കവിത. ആ സുവനീര്‍ എഡിറ്റു ചെയ്തതും ഞാനാണ്‍. കൃതികള്‍ അധികമൊന്നും കിട്ടാത്തതുകൊണ്ടാണ്‍ ഞാന്‍ ഇതെഴുതിയത്; അല്ലാതെ എഡിറ്ററുടെ സ്ഥാനം വൃഥാ ഉപയോഗിച്ചതല്ല :-)

ഞാന്‍ IIT-യില്‍ ജോലിക്കാരനായിരുന്ന സമയത്താണ്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നത്. 1993 അല്ലെങ്കില്‍ 1994 ഡിസമ്പര്‍ സമയത്ത്.

t.k. formerly known as thomman said...

ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കഥയും കവിതയും വിവര്‍ത്തനമൊക്കെയായി കുറച്ച് പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുക.

(മറുമൊഴിയിലേക്ക് കമന്റയക്കുന്നത് ടെസ്റ്റ് ചെയ്യാനും കൂടിയാണ്‍ ഇതിടുന്നത്.)